- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാദുരന്തങ്ങൾ കാണുമ്പോഴൊക്കെ ഞാൻ ഓർക്കും നമ്മൾ എത്ര ഭാഗ്യവാന്മാരാണെന്ന്; വെള്ളത്തിന് ദൗർലഭ്യമില്ലാത്ത ഹെയ്തിയിൽ കൊടുങ്കാറ്റ് വീശിയപ്പോൾ ഒരു ദിവസം ഒരു കുപ്പി വെള്ളം കൊണ്ട് ജീവിച്ചത് മറക്കാൻ വയ്യ; കേരളത്തെ ഓർത്ത് എനിക്ക് വല്ലാതെ ഭയം തോന്നുന്നത് അതുകൊണ്ടാണ്: മുരളി തുമ്മാരുകുടി എഴുതുന്നു
ദുരന്തഭൂമികളിലും യുദ്ധരംഗത്തും പലപ്പോഴും പോകുകയും അവിടുത്തെ വിശേഷങ്ങൾ എഴുതുകയും ചെയ്തിട്ടുണ്ടെങ്കിലും, എന്റെ വ്യക്തിപരമായ അസൗകര്യങ്ങൾ ഞാൻ അപൂർവമായേ മറ്റുള്ളവരുമായി പങ്കുവെക്കാറുള്ളു. കാരണം മൂന്നാഴ്ചയോ മൂന്നു മാസമോ എന്റെ അസൈന്മെന്റ് കഴിഞ്ഞാൽ എനിക്കു തിരിച്ചുവരാൻ ഒരു ജോലിയും വീടുമൊക്കെയുണ്ട്. ഇതൊക്കെ നഷ്ടപ്പെട്ട, തീർത്തും ആശങ്കാകുലരായ ആളുകളുമായാണ് ഞാനിടപെടുന്നത്. അങ്ങനെ ദുരന്തത്തിൽപ്പെട്ടു കിടക്കുന്ന ജനങ്ങളുടെ ബുദ്ധിമുട്ട് ഓർക്കുമ്പോൾ നമ്മുടേത് ഒന്നുമല്ല. എന്നാലും വൻ ദുരന്തങ്ങളിൽ ഒരു നാട് മുഴുവൻ തകർന്നു കിടക്കുന്ന കാണുമ്പോഴും യുദ്ധം കഴിഞ്ഞ നാട്ടിൽ അനാഥരായ അനവധി കുട്ടികളെ കാണുമ്പോഴും ഒക്കെ ഞാൻ ഓർക്കാറുണ്ട് കേരളത്തിലെ ജനങ്ങൾ എത്ര ഭാഗ്യവാന്മാരാണ്!, എന്റെ ബാല്യം എത്ര സുരക്ഷിതമായിരുന്നു!, എന്നൊക്കെ. ഇത്തവണ മാത്യു കൊടുങ്കാറ്റിനു ശേഷം ഹെയ്തിയിൽ എത്തിയ ഞാൻ പഠിച്ചത് വെള്ളത്തിന്റെ വിലയാണ്. സാധാരണഗതിയിൽ ജലദൗർലഭ്യമുള്ള ഒരു പ്രദേശമല്ല ഹെയ്ത്തി. 1500 മി.മീറ്ററിൽ കൂടുതൽ മഴയുണ്ട്, മഴ എല്ലാം മലകളിൽ ഊർന്നിറ
ദുരന്തഭൂമികളിലും യുദ്ധരംഗത്തും പലപ്പോഴും പോകുകയും അവിടുത്തെ വിശേഷങ്ങൾ എഴുതുകയും ചെയ്തിട്ടുണ്ടെങ്കിലും, എന്റെ വ്യക്തിപരമായ അസൗകര്യങ്ങൾ ഞാൻ അപൂർവമായേ മറ്റുള്ളവരുമായി പങ്കുവെക്കാറുള്ളു. കാരണം മൂന്നാഴ്ചയോ മൂന്നു മാസമോ എന്റെ അസൈന്മെന്റ് കഴിഞ്ഞാൽ എനിക്കു തിരിച്ചുവരാൻ ഒരു ജോലിയും വീടുമൊക്കെയുണ്ട്. ഇതൊക്കെ നഷ്ടപ്പെട്ട, തീർത്തും ആശങ്കാകുലരായ ആളുകളുമായാണ് ഞാനിടപെടുന്നത്. അങ്ങനെ ദുരന്തത്തിൽപ്പെട്ടു കിടക്കുന്ന ജനങ്ങളുടെ ബുദ്ധിമുട്ട് ഓർക്കുമ്പോൾ നമ്മുടേത് ഒന്നുമല്ല. എന്നാലും വൻ ദുരന്തങ്ങളിൽ ഒരു നാട് മുഴുവൻ തകർന്നു കിടക്കുന്ന കാണുമ്പോഴും യുദ്ധം കഴിഞ്ഞ നാട്ടിൽ അനാഥരായ അനവധി കുട്ടികളെ കാണുമ്പോഴും ഒക്കെ ഞാൻ ഓർക്കാറുണ്ട് കേരളത്തിലെ ജനങ്ങൾ എത്ര ഭാഗ്യവാന്മാരാണ്!, എന്റെ ബാല്യം എത്ര സുരക്ഷിതമായിരുന്നു!, എന്നൊക്കെ.
ഇത്തവണ മാത്യു കൊടുങ്കാറ്റിനു ശേഷം ഹെയ്തിയിൽ എത്തിയ ഞാൻ പഠിച്ചത് വെള്ളത്തിന്റെ വിലയാണ്. സാധാരണഗതിയിൽ ജലദൗർലഭ്യമുള്ള ഒരു പ്രദേശമല്ല ഹെയ്ത്തി. 1500 മി.മീറ്ററിൽ കൂടുതൽ മഴയുണ്ട്, മഴ എല്ലാം മലകളിൽ ഊർന്നിറങ്ങി ഉണ്ടാകുന്ന ഉറവകളിൽ നിന്നും താഴെ എത്തിക്കാനുള്ള സംവിധാനം മിക്കവാറും നഗരങ്ങളിൽ ഉണ്ട്. പോരാത്തതിന് പുഴകൾ ഏറെ ഉണ്ട്. ഹെയ്തിയിൽ പ്രശ്‌നങ്ങൾ പലതും ഉണ്ടെങ്കിലും വെള്ളം സാധാരണ വിഷയം അല്ല.
പക്ഷെ കൊടുങ്കാറ്റ് ജലസുരക്ഷയെ അട്ടിമറിച്ചു. ഉറവകളിൽ നിന്നും താഴേക്ക് വെള്ളം കൊണ്ടുവരുന്ന പൈപ്പെല്ലാം മരങ്ങൾ മറിഞ്ഞുവീണ് പൊട്ടിപ്പോയി. നഗരത്തിലേക്കുള്ള ശുദ്ധജലവിതരണസംവിധാനം പാടെ തകർന്നു. പുഴകൾ ഉണ്ടെങ്കിലും ഉറവയിലെ വെള്ളം കിട്ടാതായതോടെ പുഴയിൽ ആണ് മലമുകളിലുള്ളവർ മുഴുവൻ കുളിക്കുകയും അലക്കുകയും മൃഗങ്ങളെ കുളിപ്പിക്കുകയും രാവിലത്തെ ബിസിനസ്സെല്ലാം കഴിഞ്ഞ് വൃത്തിയാക്കുകയുമൊക്കെ ചെയ്യുന്നത്. അപ്പോൾ കടലിന്റെ തീരത്തു താമസിക്കുന്ന നഗരത്തിൽ ഉള്ളവർക്ക് പുഴയിൽ പോയി കുളിക്കുന്നതോ, വെള്ളമെടുത്ത് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതോ റിസ്‌ക്കാണ്.
[BLURB#1-VL]കടലിന്റെ തീരത്താണ് ഞാൻ താമസിക്കുന്ന ഹോട്ടൽ. ഒരു ഹോട്ടൽ ഒഴിച്ച് മറ്റെല്ലാം കാറ്റിൽ തകർന്നുകിടക്കുകയാണ്. ടൂറിസ്റ്റുകൾ ഒന്നും വരുന്നില്ലെങ്കിലും എന്നെപ്പോലെയുള്ള കുറച്ചുപേർ ഹോട്ടലിലുണ്ട്. അവരെ പരമാവധി സഹായിക്കാൻ ഹോട്ടലുടമയായ സ്ത്രീ ശ്രമിക്കുന്നുണ്ട്. പക്ഷെ എല്ലാം റേഷൻ പോലെയേ പറ്റൂ. ഒരുദിവസം ഒരു കുപ്പി വെള്ളമാണ് എനിക്ക് കിട്ടുന്നത്. വെറും ഒന്നര ലിറ്റർ.
ഹോട്ടലിന്റെ തൊട്ടുമുന്നിൽ സമുദ്രമാണ്. വെള്ളത്തിന് ക്ഷാമമില്ല. പക്ഷെ വല്ലപ്പോഴുമൊക്കെ ഒന്നു കുളിക്കാമെന്നല്ലാതെ ഉപ്പൊക്കെ കഴുകിക്കളയാൻ സൗകര്യമില്ലാത്തപ്പോൾ കടലിൽ കുളി സ്ഥിരമാക്കാൻ പറ്റില്ല. കക്കൂസിൽ ഫ്‌ലഷ് ചെയ്യാനല്ലാതെ മറ്റൊന്നിനും കടലിലെ വെള്ളം ഉപയോഗിക്കാൻ പറ്റില്ല.
ശരാശരി ഒരാൾ ദിവസം 150 ലിറ്റർ വെള്ളം ഉപയോഗിക്കും എന്നാണ് കണക്ക്. വികസിത രാജ്യങ്ങളിൽ അത് മുന്നൂറിനും മുകളിൽ പോകും. അതിൽ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമൊക്കെ പത്തുശതമാനമേ വേണ്ടൂ. കുളിക്കുന്നതിനും കക്കൂസിൽ പോകുന്നതിനുമൊക്കെയാണ് ബാക്കി വെള്ളം നമ്മൾ ലാവിഷായി ചെലവാക്കുന്നത്. സാധാരണഗതിയിൽ പല്ലുതേക്കാൻ മാത്രം നാം പത്തു ലിറ്ററിൽ കൂടുതൽ വെള്ളം ഉപയോഗിക്കും, കാരണം ബ്രഷ് ചെയ്തു തുടങ്ങിയാൽ പലരും ടാപ്പ് അടക്കാറില്ല, ചിലപ്പോൾ ഞാനും. ഷേവിങ്ങും അതുപോലെ തന്നെ കുളിയുടെ കാര്യം പറയേണ്ടല്ലോ.
[BLURB#2-VR]ചെറുപ്പത്തിൽ കാര്യങ്ങൾ അങ്ങനെയല്ലായിരുന്നു. കിണറ്റിൽ നിന്നുംവെള്ളം കോരിയാണ് എല്ലാക്കാര്യങ്ങളും നടത്തുന്നത്. ബക്കറ്റും മഗ്ഗും ഉപയോഗിച്ചാണ് കക്കൂസുപയോഗവും കുളിയുമൊക്കെ. (അതൊക്കെയുണ്ടായ കാലത്ത്, അതിനു മുൻപത്തെ കാര്യം പണ്ട് പറഞ്ഞിട്ടുണ്ടല്ലോ.) അപ്പോൾ ഇത്രമാത്രം ജലം നാം ഉപയോഗിക്കില്ല. ഉപഗോഗിക്കുന്‌പോൾ ബക്കറ്റിൽ വെള്ളം കുറയുന്നത് നാം കാണും. എന്നാലിപ്പോൾ അങ്ങനെയല്ലല്ലോ. ടാപ്പ് തുറന്നാൽ ആകാശഗംഗ പോലെ ഒഴുകുകയല്ലേ !
ഏതാണെങ്കിലും ഹെയ്ത്തിയിലെ രണ്ടാഴ്ച കൊണ്ട് ഞാൻ ഒരിക്കൽക്കൂടി ഒരുകാര്യം മനസ്സിലാക്കി. ആവശ്യം വന്നാൽ ഒന്നര ലിറ്റർ വെള്ളത്തിലും കാര്യങ്ങളൊക്കെ നടത്താം. ഈ ആയിരം രൂപ നിന്നുപോയപ്പോൾ നൂറുരൂപ വച്ചും നമ്മൾ മാനേജ് ചെയ്തില്ലേ?. ഏതാണ്ട് അത് പോലെ ഒക്കെ തന്നെ. ഇതൊന്നും ഞാൻ എന്റെ ബുദ്ധിമുട്ടോ ബുദ്ധിയോ അറിയിക്കാൻ വേണ്ടി എഴുതിയതല്ല. കേരളത്തിൽ നമ്മൾ വെള്ളം ഉപയോഗിക്കുന്ന കാര്യത്തിൽ കുറച്ച് ശ്രദ്ധിക്കേണ്ട സമയം ആയിരിക്കുന്നു എന്ന് പറയാൻ വേണ്ടി തുടങ്ങിയതാണ്. ഈ വർഷം കാലവർഷം കേരളത്തിൽ ചിലയിടങ്ങളിൽ നാൽപതു ശതമാനം വരെ കുറവായിരുന്നു. തുലാവർഷം ഏതാണ്ട് ഇല്ലായിരുന്നു എന്നുതന്നെ പറയാം. ഇനി മഴ പ്രതീക്ഷിക്കാവുന്നത് മെയ് മാസത്തിൽ ആണ്. കഴിഞ്ഞ വർഷം വെള്ളം ഉണ്ടായിട്ടു പോലും ജനം ഉഷ്ണിച്ചു വലഞ്ഞു. ഇത്തവണ കാര്യങ്ങൾ അതിലും കഷ്ടമാകും എന്നാണു തോന്നുന്നത്. ഇതിനു മുൻപ് 1983 ലാണ് ഇതുപോലൊരു വരൾച്ച നാട്ടിലുണ്ടായത്. പക്ഷെ ഇപ്പോൾ നമ്മളുടെ സ്ഥിതി അതുപോലെ അല്ല. അന്നത്തെക്കാളും ഏറെയാളുകൾ നഗരത്തിലെത്തി, ഫ്‌ലാറ്റുകൾ ഗ്രാമങ്ങളിൽ വരെയായി. കുഗ്രാമം എന്നൊക്കെ പറയുന്ന വെങ്ങോലയിലെ ഞങ്ങളുടെ വീട്ടിൽ പോലും സർക്കാർ വക കുടിവെള്ള പൈപ്പെത്തി (ഞങ്ങൾ ഉപയോഗിക്കുന്നില്ല എന്നത് വേറെ കാര്യം). വെള്ളത്തിന്റെ വില തീരെ കുറവായതിനാൽ യാതൊരു നിയന്ത്രണവുമില്ലാതെ വെള്ളം ഉപയോഗിച്ച് നാം ശീലിച്ചുകഴിഞ്ഞു.
[BLURB#3-VL]2017 ൽ വെള്ളത്തിന്റെ വില നാംവീണ്ടും അറിയാൻ പോവുകയാണ്. വെള്ളപ്പൊക്കം പോലെ പെട്ടെന്ന് വരുന്നതല്ല വരൾച്ച, അതുകൊണ്ട് അത് നേരിടാൻ സർക്കാരിന് കുറച്ചുകൂടി സമയം കിട്ടും. 2013 ലെ വരൾച്ചയൊക്കെ നാട്ടുകാരെ അധികം അറിയിക്കാതെയും ബുദ്ധിമുട്ടിക്കാതെയും ഒക്കെ തന്നെ സർക്കാർ ഏറെക്കുറെ മാനേജ് ചെയ്തതുമാണ്. പക്ഷെ ഇത്തവണ ജനങ്ങളുടെ സഹായം കൂടിയേ തീരൂ. ജലത്തിന്റെ ഉപയോഗത്തിന്റെ കാര്യത്തിൽ അൽപം നിയന്ത്രണമൊക്കെ വരുത്താൻ മാർച്ച് വരെ നോക്കിനിൽക്കേണ്ടതില്ല. പറ്റിയാൽ ഇന്നുതന്നെ തുടങ്ങുക, നിയന്ത്രണങ്ങൾ ജനങ്ങളും സർക്കാരും എടുക്കണം. വെള്ളം കുറച്ചും ശ്രദ്ധിച്ചും ഉപയോഗിക്കാൻ ജനങ്ങൾ ശ്രദ്ധിക്കുമ്പോൾ നമ്മുടെ അണക്കെട്ടുകളിൽ ഇപ്പോഴുള്ള വെള്ളം വൈദ്യുതിയുണ്ടാക്കി ചെലവാക്കണോ, അതോ വരൾച്ചക്കാലത്തെ പ്രതിരോധിക്കാൻ വേണ്ടി റേഷൻ ചെയ്യണോ എന്നൊക്കെ സർക്കാരും ശ്രദ്ധിക്കണം. വരൾച്ച നേരിടാൻ ചെയ്യേണ്ട കാര്യങ്ങൾ ഏറെ ഉണ്ട്. കേരളം ദുരന്ത നിവാരണ അഥോറിറ്റിയിൽ നിന്നും അതിനു മാർഗ്ഗ നിർദ്ദേശം ഒക്കെ ഉണ്ട്, Sekhar Lukose Kuriakose അത് ഒന്ന് ഷെയർ ചെയാമോ ?
ജലസംരക്ഷണത്തോടുള്ള നമ്മുടെ സമീപനം വരൾച്ചയുണ്ടാകുന്ന വർഷങ്ങളിൽ മാത്രമാക്കി ഒതുക്കരുത്. 2500 മി.മീറ്ററിൽ കൂടുതൽ മഴ പെയ്യുന്ന കേരളത്തിൽ സാധാരണ വർഷങ്ങളിൽ പോലും നദികളും തോടുകളും കുളങ്ങളും വരളുന്നു എന്നത് ജലവും പ്രകൃതിയും തമ്മിലുള്ള ബന്ധം നാം അറിയാത്തതിന്റെ പരിണിതഫലമാണ്. മലനാട് തൊട്ട് തീരപ്രദേശം വരെ വൃഷ്ടി പ്രദേശം തൊട്ട് തണ്ണീർത്തടങ്ങൾ വരെ സമഗ്രമായി സംരക്ഷിച്ചാൽ മാത്രമേ നമ്മുടെ സമൂഹത്തിന് ജലസുരക്ഷയുണ്ടാകൂ. അതെളുപ്പം സാധിക്കാവുന്നതാണ്. എന്നാലതിന് ശക്തമായ നയങ്ങളും അതിന്റെ നടപ്പിലാക്കലും വേണം. അതിനുപകരം ജലത്തിന് ക്ഷാമം വരുന്‌പോൾ കൊച്ചിയിലെ കടൽ ജലം ശുദ്ധീകരിക്കാനുള്ള പദ്ധതിയൊക്കെയാണ് നമുക്ക് മനസ്സിൽ വരുന്നതെങ്കിൽ, ജലസുരക്ഷക്കുള്ള യുദ്ധം നമ്മൾ തോറ്റു എന്നും, അടുത്ത തലമുറയെ നമ്മൾ കൈവിട്ടു എന്നുമാണ് കരുതേണ്ടത് !.