കേരളത്തെ സംബന്ധിച്ചിടത്തോളം അതിശയകരമായ ഒരു സംഭവം ആണ് കൊച്ചി മെട്രോ. പ്ലാൻ ചെയ്ത പോലെ തന്നെ ഒരു പ്രോജെക്റ്റ് പുരോഗമിക്കുന്നു, അതിന്റെ തൂണും പാലവും റെയിലും ട്രെയിനും എല്ലാം ഒരുമിച്ച് തന്നെ മുന്നോട്ടുപോകുന്നു. ഒരു മേൽപ്പാലം ഉണ്ടാക്കാൻ പത്തു വർഷവും, പാലം ഉണ്ടാക്കിയിട്ട് അപ്രോച്ച് റോഡുണ്ടാക്കാൻ വീണ്ടും പത്തു വർഷവും ബൈപാസ് പ്ലാൻ ചെയ്തു ഉണ്ടാക്കാതിരിക്കാൻ നാല്പതു വർഷവും ഒക്കെ എടുക്കുന്ന സ്ഥലത്താണ് ഇത് സംഭവിക്കുന്നത് എന്നതാണ് ഏവരേയും അതിശയിപ്പിക്കുന്നത്.

ഇതിന്റെയെല്ലാം ക്രെഡിറ്റ് ഇ ശ്രീധരൻ എന്ന ഒറ്റ വ്യക്തിയിൽ ഒതുക്കി നാം സന്തോഷിപ്പിക്കുന്നതിനും അദ്ദേഹത്തെ വിഗ്രഹം ഒക്കെ ആക്കുന്നതിലും നല്ലത് അദ്ദേഹത്തിന്റെ എന്ത് മാനേജ്‌മെന്റ് തന്ത്രങ്ങൾ ആണ് ഇത് സാധ്യമാക്കിയത് എന്ന് നാം മനസ്സിലാക്കാൻ ശ്രമിക്കുന്നതാണ്. അഴിമതി ഇല്ലാത്ത ടെൻ!ഡർ സംവിധാനം ആണോ, കോൺട്രാക്ടർമാർ ജോലി ചെയ്തുകഴിഞ്ഞ് പണം കിട്ടാൻ മാസങ്ങൾ എടുക്കേണ്ട സ്ഥിതിയില്ലാതായതാണോ, ഒന്നിൽ കൂടുതൽ കമ്പനികൾക്ക് ജോലി വീതിച്ചു നൽകിയതാണോ, ഇതെല്ലാം കൂടിയതോ അതോ മറ്റെന്തൊക്കെയോ ആണോ കൊച്ചി മെട്രോയുടെ വിജയരഹസ്യങ്ങൾ? ഈ കാര്യങ്ങൾ മനസ്സിലാക്കി അദ്ദേഹത്തിന്റെ രീതി നമ്മുടെ സംവിധാനത്തിന്റെ ഭാഗമാക്കാനാണ് നാം ഇനി ശ്രദ്ധിക്കേണ്ടത്. ശ്രീധരന് എല്ലാ ആദരങ്ങളും സ്വാഭാവികമായും കൊടുക്കണം. പക്ഷെ, കേരളത്തിലെ ഒരു ശരാശരി എൻജിനീയർക്ക് ഇതുപോലെ പ്രോജക്ടുകൾ തീർക്കാനുള്ള ചട്ടക്കൂട് ഉണ്ടാക്കുകയാണ് കൂടുതൽ പ്രധാനം.

പ്രോജക്ട് മാനേജ്‌മെന്റിൽ എന്നപോലെ സുരക്ഷാ കാര്യങ്ങളിലും കൊച്ചി മെട്രോ കേരളത്തിൽ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും നല്ല സംവിധാനങ്ങൾ ആണ് നടപ്പിലാക്കിയത്. അതുകൊണ്ടാണ് ആയിരത്തി മുന്നൂറു തൂണുകൾ ഉള്ള കൊച്ചി മെട്രോ കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുപോലും പണി ചെയ്തിട്ടും എം.ജി. റോഡിൽ കേബിൾ ഇടുന്നതിന്റെ അത്രപോലും ഗതാഗത തടസം ഉണ്ടാക്കാതെ കാര്യങ്ങൾ ചെയ്യാനായത്. ഞാൻ ശ്രദ്ധിച്ച ചില കാര്യങ്ങൾ പറയാം.

സ്ഥാന ആസൂത്രണം (Site Planning): പണി നടക്കുന്ന സ്ഥലം കെട്ടിമറച്ച് അതിനകത്ത് ജോലി ചെയ്യാനുള്ള സ്ഥലം, വിശ്രമിക്കാനുള്ള സ്ഥലം, ടോയ്‌ലെറ്റ്‌, സാധനങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലം എന്നിങ്ങനെ കൃത്യമായി വേർതിരിച്ച് കാര്യങ്ങൾ ചെയ്യുന്നത് കൺസ്ട്രക്ഷൻ വ്യവസായത്തിന് പുതുമയല്ലെങ്കിലും നമ്മുടെ നാട്ടിൽ, അതും തലങ്ങും വിലങ്ങും വണ്ടികൾ പായുന്ന റോഡിന്റെ നടുക്ക്, സ്ഥലസൗകര്യം തീരെയില്ലാത്തയിടത്തുപോലും ചെയ്തത് മാതൃകാപരം ആണ്.

വ്യക്തിസുരക്ഷാ ഉപകരണങ്ങൾ: കേരളത്തിൽ സുരക്ഷ എന്നത് ഇപ്പോഴും ശൈശവാവസ്ഥയിൽ ആണ്. കേരളത്തിൽ പഠിച്ചിറങ്ങുന്ന ഒരു എൻജിനീയറിങ് കോളേജിലും സിവിലോ മെക്കാനിക്കലോ ഇലക്ട്രിക്കലോ ആയ എൻജിനീയർമാരെ സുരക്ഷ ഒരു വിഷയം ആയി ആരും പഠിപ്പിക്കുന്നില്ല. ചുമ്മാതല്ല നൂറു കണക്കിന് ആളുകൾ ഫ്‌ലാറ്റ് പണിയുന്നിടത്തും ഡസൻ കണക്കിന് ആളുകൾ ഇലക്ട്രിസിറ്റി ജോലിക്കിടക്കും മരിക്കുന്നത്. കേരളത്തിൽ ഇപ്പോഴും സുരക്ഷ എന്നാൽ ഹെൽമെറ്റ് ആണ്. തൊഴിലിലെ അപകട സാധ്യതയോ കോമൺസെൻസോ വച്ചിട്ടല്ല അത് തീരുമാനിക്കുന്നത്. തിളച്ച ടാർ വച്ചു ജോലി ചെയ്യുന്നവർക്ക് നല്ല കൈയുറയോ മുട്ടുവരെ നിൽക്കുന്ന ചെരുപ്പോ (Saftey Gumboot) ഇല്ല. പകരം മഞ്ഞ ഹെൽമെറ്റ് ഉണ്ട്. അതുപൊലെയാണ് റോഡരികത്ത് പണി ചെയ്യുന്നവരുടെ കാര്യവും. ദൂരെനിന്ന് കാണാവുന്ന തരത്തിലുള്ളതും റിഫ്‌ലക്ടർ ഘടിപ്പിച്ചതും ആയ ഡ്രസ് ആണ് പ്രധാനം. അല്ലാതെ തലക്ക് മുകളിൽ ഹെൽമെറ്റ് അല്ല.

ഇതിന് ഒരു മാറ്റം ഉണ്ടാക്കിയതുകൊച്ചി മെട്രോ ആണ്. ഉയർന്ന ദൃഷ്ടിഗോചരമായ മേലങ്കി (High Visibiltiy Vest) മുതൽ സേഫ്ടി ഷൂ, സേഫ്ടി ഹാർനസ് എന്നിങ്ങനെ അപകടസാധ്യതക്ക് അനുസരിച്ചുള്ള വ്യക്തിസുരക്ഷാ ഉപകരണങ്ങൾ ആണ് തൊഴിലാളികൾ ധരിച്ചിരുന്നത്. ഇതും നാം നോക്കി പഠിക്കേണ്ടതാണ്.

പരിശീലനം: കൊച്ചി മെട്രോയിൽ തൊഴിലെടുക്കുന്ന ഓരോ തൊഴിലാളിക്കും സുരക്ഷാ വിഷയങ്ങളിൽ ശരിയായ പരിശീലനം നല്കി എന്നാണ് ഞാൻ മനസ്സിലാക്കിയത്. ഇത് താഴെക്കിടയിൽ ഉള്ള തൊഴിലാളികൾ മുതൽ സൂപ്പർവൈസർമാർക്കും എൻജിനീയർമാർക്കും ഒക്കെ ബാധകമായിരുന്നു. നിർബന്ധമായും നടത്തേണ്ട സുരക്ഷാ പരിശീലനം നമ്മുടെ നിർമ്മാണരംഗത്ത് നാം മാതൃകയാക്കണം.

സേഫ്ടി വിദഗ്ദ്ധന്മാർ: സാധാരണ തൊഴിലാളികൾക്ക് സുരക്ഷാ പരിശീലനം കൊടുത്തതു കൂടാതെ സുരക്ഷാ കാര്യങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ആയി സുരക്ഷാ ഉദ്യോഗസ്ഥരേയും നിയമിച്ചിരുന്നു. കേരളത്തിൽ സുരക്ഷാ പരിശീലനം നേടുന്ന ഭൂരിഭാഗം ആളുകളും കേരളത്തിന് പുറത്ത് ജോലിക്ക് പോവുകയാണ് പതിവ്. ഇതു മാറി കേരളത്തിൽ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ആവാനുള്ള ഒരവസരവും മെട്രോ ഉണ്ടാക്കി.

ഗതാഗതനിയന്ത്രണം: ഞാൻ പലപ്പോഴും പറയാറുള്ളതുപോലെ, ഓരോ അപകടത്തിനും പ്രത്യക്ഷമായ കാരണങ്ങളും അടിസ്ഥാനമായ കാരണങ്ങളും ഉണ്ടാകും. മെട്രോ പണി തുടങ്ങി യാത്രാസമയം അനിയന്ത്രിതമായും പ്രവചനാതീതമായും കൂടുകയായിരുന്നുവെങ്കിൽ ഓരോ ഡ്രൈവർമാരും സമയത്തിന് ലക്ഷ്യത്തിലെത്താൻ സ്പീഡിൽ ഓടിക്കുകയോ, നിയമം തെറ്റി ഓടിക്കുകയോ ഊടുവഴി തേടുകയോ ഒക്കെ ചെയ്യുമായിരുന്നു. ഇതോരോന്നും അപകടം ഉണ്ടാക്കുകയും ചെയ്യും.

 പക്ഷെ, അനവധി ആളുകളെ ജോലിക്കുവച്ച് ഗതാഗതം നിയന്ത്രിച്ചതോടൊപ്പം നഗരത്തിൽ പല ചെറിയ വഴികൾ നന്നാക്കി തുറന്നു കൊടുത്ത് പ്രധാന റോഡിലെ തിരക്ക് കുറക്കുകയും ചെയ്തു. ഇതുകൊണ്ടൊക്കെയാണ് പണ്ട് പത്തടിപ്പാലത്തിൽ അറ്റകുറ്റപ്പണി നടന്നപ്പോൾ ഉണ്ടായ അത്രയും അലോസരം മെട്രോ ഉണ്ടാക്കാതിരുന്നത്.

കൊച്ചി മെട്രോയുടെ പണിയിലെ സുരക്ഷാ കാര്യങ്ങൾ എല്ലാം ശരിയായിരുന്നുവെന്നോ ലോകോത്തരം ആയിരുന്നുവെന്നോ അല്ല ഞാൻ പറയുന്നത്. കേരളത്തിൽതന്നെ റിഫൈനറിയിലും ഫാക്ടിലും എല്ലാം സുരക്ഷിതമായ നിർമ്മാണ പ്രവർത്തനങ്ങളുടെ മാതൃകകൾ ഉണ്ട്. പക്ഷെ ആദ്യമായിട്ടാണ് നഗരത്തിന്റെ നടുക്ക് ഇത്തരം പുതിയ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തി ഒരു നിർമ്മാണപ്രവർത്തനം നടക്കുന്നത്. ഇതിൽ പരിശീലിപ്പിക്കപ്പെട്ട അനവധി തൊഴിലാളികൾ ഉണ്ട്. ഇവിടെ ജോലി ചെയ്ത അനവധി സുരക്ഷാ വിദഗ്ദ്ധർ ഉണ്ട്. കൊച്ചി മെട്രോയിലെ സുരക്ഷാരീതികളും അവിടെ ജോലി ചെയ്തവരുടെ സേവനവും കേരളത്തിലെ മൊത്തം നിർമ്മാണ മേഖലക്ക് ഉപയോഗിക്കാൻ നമുക്ക് കഴിയണം.

(അന്താരാഷ്ട്രതലത്തിൽ ഏറ്റവും അറിയപ്പെടുന്ന ദുരന്ത നിവാരണ വിദഗ്ധനാണ് മുരളീ തുമ്മാരുകുടി. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണ് മലയാളിയായ മുരളി തുമ്മാരുകുടി)