- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രം പിടിമുറുക്കിയതോടെ പുതിയ റിക്രൂട്ട്‌മെന്റ് നിലച്ചു; നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് അഞ്ച് ശതമാനം നികുതി ഈടാക്കാൻ ആലോചിച്ച് ജിസിസി രാജ്യങ്ങളും; മലയാളിയുടെ ഗൾഫ് സ്വപ്നം നിലയ്ക്കുമോ? ആശങ്കയോടെ കേരള സമൂഹം
തിരുവനന്തപുരം: ചന്ദ്രനിൽ പോയാൽ അവിടെയും കാണും മലയാളിയുടെ തട്ടുകട! ഏറെ അഭിമാനത്തോടെ മലയാളികൾ ഏറ്റുപറഞ്ഞ വാചകം. കളിയാക്കലാണെങ്കിലും അഭിമാനമായിരുന്നു ഈ ചൊല്ല് പകർന്ന് നൽകിയത്. അന്യനാട്ടിൽ പോയി കഷ്ടപ്പെട്ട് കുടുംബം പോറ്റുന്ന മലയാളിയുടെ നേർ ചിത്രമായിരുന്നു വരച്ചുകാട്ടിയത്. ലോകത്തിന്റെ മുക്കിനും മൂലയിലും മലയാളിയെത്തി. ചായത്തട്ടു
തിരുവനന്തപുരം: ചന്ദ്രനിൽ പോയാൽ അവിടെയും കാണും മലയാളിയുടെ തട്ടുകട! ഏറെ അഭിമാനത്തോടെ മലയാളികൾ ഏറ്റുപറഞ്ഞ വാചകം. കളിയാക്കലാണെങ്കിലും അഭിമാനമായിരുന്നു ഈ ചൊല്ല് പകർന്ന് നൽകിയത്. അന്യനാട്ടിൽ പോയി കഷ്ടപ്പെട്ട് കുടുംബം പോറ്റുന്ന മലയാളിയുടെ നേർ ചിത്രമായിരുന്നു വരച്ചുകാട്ടിയത്. ലോകത്തിന്റെ മുക്കിനും മൂലയിലും മലയാളിയെത്തി. ചായത്തട്ടും നേഴ്‌സിന്റെ കുപ്പായത്തിലുമെല്ലാം മലയാളി എല്ലായിടത്തും നിറഞ്ഞു. ഇത് പഴങ്കഥയാകുമോ? അങ്ങനെ വേണം കരുതാൻ. പെട്രോളിന്റെ വിലത്തകർച്ചയും മോദി സർക്കാരിന്റെ നയങ്ങളുമെല്ലാം ആകുമ്പോൾ കാര്യങ്ങൾ നീങ്ങുന്നത് ആ വഴിക്കാണ്. കേരളത്തിന്റെ സാമ്പത്തിക കരുത്തിന്റെ നെടുത്തൂണുകളായ പ്രവാസികൾ ഒന്നടങ്കം നാട്ടിലേക്ക് മടങ്ങിവന്നാലുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതങ്ങളും ചെറുതല്ല. അന്യ രാജ്യത്ത് കഷ്ടപ്പെ്്്ട്ട് കുടുംബം പോറ്റാമെന്ന മോഹം മലയാളികൾ ഉപേക്ഷിക്കേണ്ടി വരുമെന്ന സൂചനകൾ കേരളീയ സമൂഹത്തിന് നൽകുന്നത് ആശങ്ക തന്നെയാണ്.
വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തണമെന്ന ആവശ്യത്തിനും ഗൾഫ് രാജ്യങ്ങളിൽ ശക്തിയേറുകയാണ്. കുവൈത്ത് ഈ തീരുമാനം നടപ്പാക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിന് അഞ്ചു ശതമാനം നികുതിയേർപ്പെടുത്തണമെന്നാണ് നിർദ്ദേശം. ഇതിനുവേണ്ടി സെൻട്രൽ ബാങ്ക് നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്താനാണ് കുവൈത്തിന്റെ നീക്കം. രാജ്യത്തെ സമ്പത്ത് അന്യ നാട്ടുകാർ കൊണ്ടു പോകുന്നതിന് തടയിടാനാണ് ഇത്. ഇതിനൊപ്പം ഗൾഫ് രാജ്യങ്ങളിൽ നിന്ന് സമ്പാദിക്കുന്നത് അവിടെ തന്നെ ചെലവഴിക്കാൻ നിയമം കൊണ്ടു വരണമെന്ന ആലോചനയും സജീവമാണ്. ഇതോടു കൂടി കേരളത്തിലേക്ക് ഒഴുകുന്ന ഗൾഫ് പണത്തിന്റെ അളവും വലിയ തോതിൽ കുറയും.
നികുതി അടക്കാൻ വിസമ്മതിക്കുന്നവർക്ക് ഇരട്ടി തുക പിഴ ചുമത്തണമെന്നും കുവൈത്ത് പാർലമെന്റിൽ അവതരിപ്പിച്ച നിർദ്ദേശത്തിൽ പറയുന്നു. വിവിധ സേവനങ്ങൾ സബ്‌സിഡി നിരക്കിൽ വിദേശികൾ അനുഭവിക്കുന്ന സാഹചര്യത്തിൽ അവർ സ്വദേശത്തേക്കയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുന്നത് ന്യായമായ അവകാശമാണെന്നാണ് ഗൾഫ് രാജ്യങ്ങളുടെ പൊതു വികാരം. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും ഇന്ധന, ജല, വൈദ്യുതി രംഗങ്ങളിലും സ്വദേശികൾ സബ്‌സിഡിയുടെ ആനുകൂല്യം പറ്റുന്നതിനാൽ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഈടാക്കുന്നതിൽ തെറ്റില്ലെന്നാണ് വാദം. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് അഞ്ചു വർഷത്തിനിടെ കുവൈത്തിൽനിന്ന് വിദേശികൾ തങ്ങളുടെ രാജ്യങ്ങളിലേക്ക് 2100 കോടി ദീനാറാണ് അയച്ചത്. അതായത്, പ്രതിവർഷം ശരാശരി 420 കോടി ദീനാർ. ഈ കണക്കു തന്നെയാണ് കുവൈത്തിനെ പുതിയ നീക്കത്തിന് പ്രേരിപ്പിക്കുന്നത്.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ പ്രവാസികളുടെ സംഭാവനയ്ക്കുള്ള അപ്രമാദിത്വം വ്യക്തമാണ്. കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം പ്രവാസി മലയാളികൾ കേരളത്തിൽ എത്തിച്ചത് ഒരു ലക്ഷം കോടി രൂപയാണ്. അതായത് ഇന്ത്യയിൽ എത്തിയ ആകെ പണത്തിന്റെ നാലിൽ ഒന്നും മലയാളികളുടേതാണെന്നും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിന് മുമ്പത്തെ വർഷം പ്രവാസികൾ കേരളത്തിലെത്തിച്ച പണത്തേക്കാൾ 17 ശതമാനം വർധനവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. അതായത് ഇതിന് മുമ്പ് 93,884 കോടി രൂപയായിരുന്നു പ്രവാസിമലയാളികളിലൂടെ ഇവിടെയെത്തിയിരുന്നത്. എന്നാൽ ഇപ്പോൾ അത് കൃത്യമായി പറഞ്ഞാൽ 1.1 കോടി രൂപമായി ഉയർന്നിരിക്കുകയാണ്.
വിദേശത്ത് കനത്ത തൊഴിൽ സുരക്ഷ നിലനിൽക്കുന്ന കാലമല്ലാതിരുന്നിട്ട് കൂടി വിദേശമലയാളികൾ ഇത്തരത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചുവെന്നതാണ് ശ്രദ്ധേയമായ വസ്തുത. പടിഞ്ഞാറൻ ഏഷ്യയിലെ രാജ്യങ്ങളിൽ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ തൊഴിലുകളിൽ കനത്ത അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്. സൗദി അറേബ്യ അവിടുത്തെ പ്രവാസികൾക്ക് പകരം തദ്ദേശീയരായ തൊഴിലാളികളെ നിയമിക്കുന്നതിന് മുൻഗണന നൽകിയ വരുന്ന കാലവുമാണിത്. ഇതിനെല്ലാം കാരണം എണ്ണ വിലയിലെ തകർച്ചയാണ്. തദ്ദേശിയമായി തന്നെ തൊഴിലാളികളെ നിയോഗിച്ച് സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് എണ്ണപാടങ്ങൾ ഏറെയുള്ള അറബ് രാജ്യങ്ങളുടെ നീക്കം. ഇത് ഫലത്തിൽ ബാധിക്കുക ഉപജീവനത്തിന് ഗൾഫിനെ സ്വപ്‌നംകാമുന്ന മലയാളികളെ മാത്രമാണ്.
ലോകത്തിന്റെ എല്ലാഭാഗത്ത് നിന്നും മലയാളികൾ ഇവിടേക്കെത്തിച്ച പണം തന്നെയാണ് കേരളത്തിന്റെ കരുത്ത്. 2014ൽ ഏകദേശം 4.2 ലക്ഷം കോടി രൂപയാണ് ഈ വകയിൽ ഇന്ത്യയിലേക്ക് ഒഴുകിയെത്തിയതെന്നാണ് വേൾഡ് ബാങ്ക് ഡാറ്റകൾ വെളിപ്പെടുത്തുന്നത്. ഇത്തരത്തിൽ വരുന്ന പണം സംസ്ഥാനത്തെ 50 ലക്ഷം പേർക്ക് നേരിട്ട് പ്രയോജനപ്പെടുന്നുണ്ടെന്നാണ് കേരള സർക്കാർ നടത്തിയ ഒരു സർവേ വെളിപ്പെടുത്തുന്നത്. ഇവിടെ 3.15 കോടി ജനങ്ങളാണുള്ളത്. മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് നിന്നാണ് ഏറ്റവും കൂടുതൽ പേർ പുറത്ത് ജോലിചെയ്യുന്നത്. അതായത് അവരുടെ എണ്ണം ഏകദേശം 2.9 ലക്ഷം വരും. കേരളത്തിൽ നിന്നുള്ള 58,500 സ്ത്രീകൾ പുറംരാജ്യങ്ങളിൽ നഴ്‌സിങ് ജോലി ചെയ്യുന്നുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന സ്ത്രീകൾ ഏറ്റവും കൂടുതലുള്ളത് കോട്ടയം ജില്ലയിലാണ്.
കേരളത്തിൽ നിന്നുള്ള 16.3 ലക്ഷം വിദേശമലയാളികളിൽ 88 ശതമാനവും പടിഞ്ഞാറൻ ഏഷ്യയിലാണ് ജോലി ചെയ്യുന്നതെന്നാണ് സംസ്ഥാന സർക്കാരിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. യുഎഇയിൽ ജോലി ചെയ്യുന്ന മലയാളികൾ 5.73 ലക്ഷമാണ്. സൗദിയിലുള്ള മലയാളികൾ ഏകദേശം 4.50 ലക്ഷമാണ്.ഐടി മേഖലിയിലും ഹെൽത്ത്‌കെയർ രംഗത്തുമുണ്ടായ വികാസത്തെ തുടർന്ന് യുറോപ്പിലേക്കും യുഎസിലേക്കും കുടിയേറുന്ന മലയാളികളുടെ എണ്ണത്തിൽ കഴിഞ്ഞ ദശകത്തിൽ കുതിച്ച് കയറ്റമുണ്ടായിട്ടുണ്ട്. യുഎസിൽ 78,000 മലയാളികൾ ഉണ്ടെന്നാണ് കേരള സർക്കാരിന്റെ കണക്കുകൾ വെളിപ്പെടുത്തുന്നത്. യൂറോപ്പിൽ 53,000 മലയാളികളാണുള്ളത്. കാനഡയിൽ 10,000 കേരളീയരാണുള്ളത്. ആഫ്രിക്കയിലേക്ക് കുടിയേറിയ മലയാളികളുടെ എണ്ണം 7000 ആണ്. ഈ കണക്കുകളെ എല്ലാം കുറയ്ക്കാനുതകുന്ന സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളാണ് അന്താരാഷ്ട്രതലത്തിൽ ഒരുങ്ങുന്നത്.
ഇതിനൊപ്പം വിദേശ ജോലിയുടെ പേരിലുള്ള തട്ടിപ്പുകൾ തടയാൻ കേന്ദ്ര സർക്കാർ റിക്രൂട്ടിങ് ചട്ടങ്ങൾ കർശനമാക്കിയതോടെ കേരളത്തിലെ വിദേശ തൊഴിൽമേഖലയും പ്രതിസന്ധിയിലായി. വിദേശ തൊഴിൽദാതാക്കൾ ഇന്ത്യൻ എംബസി വഴി വിദേശകാര്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്ന വ്യവസ്ഥ നടപ്പാക്കിത്തുടങ്ങിയതോടെ റിക്രൂട്ടിങ് കുത്തനെ കുറഞ്ഞു. ഗൾഫ് മേഖലയിൽ നിന്നുൾപ്പെടെ വൻകിട കമ്പനികൾ പലതും ഇന്ത്യയിൽ നിന്നുള്ള റിക്രൂട്ടിങ് ഉപേക്ഷിച്ചു പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കു മാറി. നഴ്‌സുമാരുടെ നിയമനം സർക്കാർ ഏജൻസികൾ വഴി മാത്രമാക്കിയതുവഴിയുണ്ടായ പ്രതിസന്ധിക്കു പുറകെ ഈ നിബന്ധനകൂടി വന്നത് ഏറ്റവും കൂടുതൽ ബാധിക്കുക കേരളത്തിൽ നിന്നുള്ള തൊഴിലന്വേഷകരെ ആയിരിക്കും.
ജോലി തട്ടിപ്പുകൾ തടയാൻ റിക്രൂട്ടിങ് അനുമതി പൂർണമായും ഓൺലൈൻ വഴിയാക്കി കഴിഞ്ഞ വർഷം തന്നെ കേന്ദ്ര വിദേശ മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിനായി ഇ-മൈഗ്രന്റ് എന്ന വെബ്‌സൈറ്റിനു രൂപം നൽകി. ഈ സൈറ്റ് വഴി രജിസ്റ്റർ ചെയ്ത് അതതു രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെ അംഗീകാരം നേടുന്നവർക്കു മാത്രമേ ഇന്ത്യയിൽനിന്നുള്ള റിക്രൂട്ട്‌മെന്റിന് അനുമതി നൽകൂ എന്നായിരുന്നു വ്യവസ്ഥ. ചട്ടങ്ങൾ കർശനമാക്കിത്തുടങ്ങിയതോടെ വൻകിട റിക്രൂട്ട്‌മെന്റുകളൊന്നും നടക്കുന്നില്ലെന്നാണു പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് വൃത്തങ്ങൾ നൽകുന്ന സൂചന. നേരത്തേ വാഗ്ദാനം ചെയ്തിരുന്ന അവസരങ്ങൾ പോലും നഷ്ടപ്പെടുന്നതായി അംഗീകൃത ഏജൻസികളും ചൂണ്ടിക്കാട്ടുന്നു. തട്ടിപ്പുകൾ കുറയ്ക്കാനാണു ചട്ടങ്ങൾ കർശനമാക്കുന്നതെങ്കിലും അതോടൊപ്പം അവസരങ്ങളും നഷ്ടപ്പെടുമെന്ന ആശങ്ക വ്യാപകമാണ്.
ഇതിനൊപ്പമാണ് നേഴ്‌സിങ് മേഖലയിലെ കടുത്ത റിക്രൂട്ട്‌മെന്റ് വ്യവസ്ഥകൾ. നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് നോർക്കയും ഒഡെപെകും തമിഴ്‌നാട് സർക്കാരിന്റെ ഏജൻസിയും വഴി മാത്രമാക്കിയതോടെ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സ്തംഭിച്ചു. 18 രാജ്യങ്ങളിലേക്കു നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള അനുമതിയാണു മൂന്നു സർക്കാർ ഏജൻസികൾക്കു മാത്രമായി പരിമിതപ്പെടുത്തിയത്. എന്നാൽ കുവൈത്തുമായി മാത്രമാണ് ഇതു സംബന്ധിച്ചു ചർച്ചയെങ്കിലും തുടങ്ങിയിട്ടുള്ളത്. ഈ ചർച്ച തന്നെ എവിടെയുമെത്തിയിട്ടില്ല. യുഎഇയിൽനിന്നു സ്വകാര്യ മെഡിക്കൽ സർവീസ് ഗ്രൂപ്പ് നഴ്‌സുമാരെ ആവശ്യപ്പെട്ടു നോർക്കയെ സമീപിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ നടപടികളും പൂർത്തിയായിട്ടില്ല. ഈ നൂലാമാലകൾക്ക് ഗൾഫ് രാജ്യങ്ങൾക്ക് താൽപ്പര്യമില്ല. ഇഷ്ടക്കാരെ കൊണ്ട് ആളുകളെ റിക്രൂട്ട് ചെയ്യിക്കുന്നതാണ് പതിവ്. ഇതിന് മാറ്റം വരുമ്പോൾ ഇന്ത്യയിലേക്ക് റിക്രൂട്ട്‌മെന്റിന് എത്തുന്നവരുടെ എണ്ണവും കുറയും.