ചാത്തന്നൂർ: ചിത്രരചനയ്ക്ക് വേറിട്ടവഴി സ്വീകരിച്ച കലാകാരനെയാണ് ആശാജിയുടെ വിയോഗത്തിലുടെ കലാലോകത്തിന് നഷ്ടമായത്.ജലാശയത്തിൽ മലർന്നുകിടന്നും ശീർഷാസനം ചെയ്തുമൊക്കെ ചിത്രരചന നടത്തിയാണ് ശ്രദ്ധേയനായത്.എന്നും വേറിട്ട വഴികൾ തന്നെയായിരുന്നു തന്റെ ചിത്രകലാമണ്ഡലത്തിൽ ആശാജി സ്വീകരിച്ചത്.അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ശീർഷാസനത്തിൽ നിന്നും ഉയരത്തിൽ നിന്നു വെള്ളത്തിലേക്ക് ചാടുന്നതിനിടെ വായുവിൽ നിന്നും ആഴമുള്ള ജലാശയത്തിൽ മലർന്നുകിടന്നും മുങ്ങിക്കിടന്നും ചിത്രരചന നടത്തിയത്.

ചാത്തന്നൂർ കോയിപ്പാട് പാണാഞ്ചേരി വീട്ടിൽ ജി.വിശ്വനാഥൻ ' ആശാജി ' എന്ന പേര് സ്വീകരിച്ചതിലും ഉണ്ട് ഒട്ടേറെ ഇത്തരത്തിലൊരു കൗതുകം.ചിത്രരചനയിലൂടെ തന്റെ ആശയങ്ങൾ പ്രചരിപ്പിക്കണമെന്ന മോഹത്തോടെയാണ് വിശ്വനാഥൻ 'ആശാജി' എന്ന പേരു സ്വീകരിച്ചത്. ഏതാനും സിനിമകളുടെ കലാസംവിധായകനായി. നാടകങ്ങൾക്കു വേണ്ടി രംഗപടവും ഒരുക്കിയിട്ടുണ്ട്.ശിൽപ നിർമ്മാണത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു. നൂറുകണക്കിനു ശിഷ്യരുണ്ട്. രാജ്യത്തിനകത്തും വിദേശത്തും ഒട്ടേറെ ചിത്രപ്രദർശനങ്ങളും നടത്തി.

ചണ്ഡാലഭിക്ഷുകി ദലിത് ഭാഷ്യം (കാവ്യദർശനം), സൂത്രം (നോവൽ), ആത്മീയം (തത്വചിന്ത), കുടുലാംഗി (ചെറുകഥകൾ), ചൊൽവിളി (നാടൻപാട്ട്), ആർട്ട് (ഡിവിഡി പെയിന്റിങ്), ആശാജിയുടെ ആശന്തിയുടെ നേർവര തുടങ്ങിയവയാണ് പ്രധാന കൃതികൾ.കഴിഞ്ഞദിവസം വീടിനു സമീപത്തെ പഞ്ചായത്ത് ശ്മശാനത്തിലെ കെട്ടിടത്തിനുള്ളിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഭാര്യ: സുധർമ. മക്കൾ: നിഖിൽ, നിമ്മി, നിമ്‌ന. മരുമക്കൾ: രശ്മി, സതീഷ്, ജലാൽ.