കൊച്ചി: പ്രശസ്ത ചിത്രകാരനും ശില്പിയുമായ അശാന്ത(മഹേഷ് - 50)ന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയിട്ടില്ല എന്ന് എറണാകുളത്തപ്പൻ ക്ഷേത്ര പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് മറുനാടൻ മലയാളിയോട്. ക്ഷേത്ര നടയുടെ മുന്നിലൂടെ മൃതദേഹം കൊണ്ട് പോകരുതെന്നും നടയുടെ മുന്നിൽ മൃതദേഹം കിടത്തരുതെന്നും മാത്രമേ പറഞ്ഞിട്ടുള്ളൂ എന്നും അദ്ദേഹം  പറഞ്ഞു.

'ജാതിപരമായി അധിക്ഷേപിക്കാൻ നോർത്ത് ഇൻ്ഡ്യ അല്ലല്ലോ കേരളമല്ലേ ഇത്. അഥവാ അങ്ങനെ ഒരു സംഭവമുണ്ടായാൽ തന്നെ അതിന്റെ വരുംവരായ്കകൾ ചിന്തിക്കാൻ കഴിയുന്ന ഒരു വ്യക്തിയാണ് ഞാൻ. അശാന്തൻ എന്ന കലാകാരനോട് അങ്ങേയറ്റം ബഹുമാനം മാത്രമേയുള്ളു. അദ്ദേഹം മരിച്ച ദിവസം ദർബാർ ഹാളിന് മുന്നിൽ പന്തൽ ഉയർന്നപ്പോൾ തന്നെ ഭക്ത ജനങ്ങളാണ് അശാന്തന്റെ മൃതദേഹം ഇവിടെ പൊതു ദർശനത്തിന് വയ്ക്കുന്നുണ്ട് എന്ന് പറഞ്ഞത്. അതിനെ പറ്റി അന്വഷിച്ചപ്പോഴാണ് ക്ഷേത്ര നടയുടെ മുന്നിൽ തന്നെയാണ് മൃതദേഹം വയ്ക്കുന്നതെന്ന്. 

ഹൈന്ദവ ആചാര പ്രകാരം ഒരു ക്ഷേത്രത്തിന്റെ മുന്നിലും മൃതദേഹങ്ങൾ കിടത്താറില്ല. മാത്രമല്ല ക്ഷേത്രത്തിന് സമീപം ഒരു മരണം നടന്നിട്ടുണ്ടെങ്കിൽ തന്നെ മരണാനന്തര ചടങ്ങുകൾ പൂർത്തിയായതിന് ശേഷം മാത്രമെ നട തുറക്കാറുമുള്ളൂ.. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോഴാണ് ദർബാർ ഹാൾ സെക്രട്ടറി ചന്ദ്രൻ ഇവിടെ തന്നെ മൃതദേഹം വയ്ക്കുമെന്ന് വാശി പിടിച്ചത്. എന്നാൽ മൃതദേഹം ദർബാർ ഹാളിൽ കയറ്റുന്നതിന് ഞങ്ങൾ എതിരല്ലെന്നും ക്ഷേത്രത്തിന് മുന്നിൽകൂടി കൊണ്ടു പോകരുതെന്നുമാണ് പറഞ്ഞത്. ഇത് തർക്കമായതോടെയാണ് ഭക്ത ജനങ്ങൾ ചേർന്ന് പ്രതിഷേധിച്ചത്. ക്ഷേത്രാചരങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ ചെയ്യരുത് എന്ന് പറഞ്ഞതിനാണ് എല്ലാവരും ചേർന്ന് അദ്ദേഹത്തിന്റെ മൃതദേഹത്തോട് ജാതി അവഹേളനം നടത്തി എന്ന് ആക്ഷേപിക്കുന്നത്'-: രാജേന്ദ്ര പ്രസാദ് പറയുന്നു.

31ന് പുലർച്ചെയാണ് ചിത്രകാരൻ അശാന്തൻ ഹൃദയാഘാതത്തെ തുടർന്ന് ഇടപ്പള്ളി അമൃത ആശുപത്രിയിൽ വച്ച് മരണപ്പെടുന്നത്. അശാന്തന്റെ മൃതദേഹം എറണാകുളം ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കുന്നതിനെച്ചൊല്ലി തർക്കമുണ്ടായിരുന്നു. എറണാകുളം ശിവക്ഷേത്രത്തിനു മുന്നിലൂടെ മൃതദേഹം കൊണ്ടുപോകുന്നത് ക്ഷേത്രാചാരങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്രഭാരവാഹികൾ രംഗത്തെത്തിയതാണ് തർക്കത്തിനിടയാക്കിയത്. തുടർന്ന് മറ്റൊരു വഴിയിലൂടെ മൃതദേഹം ദർബാർ ഹാളിലെത്തിക്കുകയായിരുന്നു. എറണാകുളം ശിവക്ഷേത്രത്തോടു ചേർന്നുള്ള ദർബാർ ഹാളിൽ അശാന്തന്റെ മൃതദേഹം പൊതുദർശനത്തിനു വയ്ക്കുന്നതിനെതിരെ ക്ഷേത്രഭാരവാഹികൾ എതിർപ്പുമായി രംഗത്തെത്തിയതാണ് തർക്കങ്ങളുടെ തുടക്കം.

ശിവക്ഷേത്രത്തിൽ ഉൽസവം നടന്ന് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ എന്നതിനാൽ ക്ഷേത്രനടയ്ക്കു മുന്നിലൂടെ മൃതദേഹം കൊണ്ടുപോകുന്നതും ക്ഷേത്രത്തിനു മുന്നിൽ പൊതുദർശനത്തിനു വയ്ക്കുന്നതും അനുവദിക്കാനാവില്ലെന്ന് ക്ഷേത്രഭാരവാഹികൾ നിലപാടെടുത്തു. എന്നാൽ നിശ്ചയിച്ച പോലെ ദർബാർ ഹാളിൽ പൊതുദർശനം നടത്തുമെന്ന നിലപാടിൽ അശാന്തന്റെ സുഹൃത്തുക്കളായ കലാകാരന്മാർ ഉറച്ചുനിന്നു. തർക്കം സംഘർഷത്തിലേക്ക് നീങ്ങുമെന്ന ഘട്ടമെത്തിയതോടെ സ്ഥലത്ത് പൊലീസെത്തി. തുടർന്ന് ദർബാർ ഹാളിന്റെ പിന്നിലൂടെ മൃതദേഹം എത്തിക്കാൻ ഇരുവിഭാഗങ്ങളും തമ്മിൽ ധാരണയാവുകയായിരുന്നു.

ഫോർട്ടുകൊച്ചി ഏക ആർട്ട് ഗാലറിയിലെയും ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയിലെയും ചിത്രകല-വാസ്തുകലാ അദ്ധ്യാപകനായിരുന്നു. 1998, 99, 2007 വർഷങ്ങളിലെ കേരള ലളിതാ കലാ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. വിദേശങ്ങളിൽ ഉൾപ്പടെ 200 ഓളം സ്ഥലങ്ങളിൽ ചിത്രപ്രദർശനങ്ങൾ നടത്തി. 90ലേറെ കലാക്യാമ്പുകളിലും പങ്കെടുത്തു. അമേച്വർ നാടക രംഗത്തും ഏറെക്കാലം പ്രവർത്തിച്ചു. നാടക സംവിധാനവും അഭിനയവും കലാസംവിധാനവും നിർവഹിച്ചിട്ടുണ്ട്.

ചിത്രകലയിലും ശില്പകലയിലും ഡിപ്ളോമ നേടിയ അശാന്തൻ കമേഴ്സ്യൽ ആർട്ട്സ് രംഗത്ത് നിന്ന് സമ്പൂർണമായും വിട്ടുനിന്നു. ചിത്രകലയുടെ മിക്കവാറും എല്ലാ മേഖലയിലും അസാമാന്യമായ പാടവം പ്രദർശിപ്പിച്ചയാളാണ്. ഏറെക്കാലും വൈദിക വിദ്യാഭ്യാസവും നടത്തി. ചങ്ങമ്പുഴയുടെ 'രമണൻ' പെൻസിൽ സ്‌കെച്ചുകളിലൂടെ ചിത്രരൂപത്തിലാക്കി വരികയായിരുന്നു. പോണേക്കര പീലിയാട് തമ്പിൽ പരേതരായ കുട്ടപ്പന്റെയും കുറുമ്പയുടെയും മകനാണ്. ഭാര്യ: മോളി.