റോത്തക്: ഹരിയാനയിൽ കാണാതായ നാടൻ പാട്ടുകാരിയെ കഴുത്തറുത്തുകൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഞായറാഴ്ച കാണാതായ മമത ശർമ് എന്ന കലാകാരിയുടെ മൃതദേഹമാണ് വ്യാഴാഴ്ച കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. റോത്തക്കിലെ ബനിയാനിയിലെ പാടത്ത് നിന്നാണ് കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തിയത്.

സോനിപത്തിലെ പരിപാടിയിൽ പങ്കെടുക്കുന്നതിനായി സുഹൃത്ത് മോഹിത് കുമാറിനൊപ്പമാണ് മമത ശർമ പോയത്. രാവിലെ എട്ടു മണിയോടെയാണ് ഇവർ വീട്ടിൽനിന്നു പോയത്. 10.30 ആയപ്പോഴേക്കും വീട്ടിലേക്കു വിളിച്ച മോഹിത് മമത മറ്റൊരു സംഘത്തിന്റെ കൂടെ പോയെന്ന് അറിയിച്ചു. പരിപാടി നടക്കുന്ന സ്ഥലത്തുവച്ച് കാണാമെന്ന് അറിയിച്ചാണ് മമത സംഘത്തിനൊപ്പം പോയത്. എന്നാൽ പിന്നീട് മമത സ്ഥലത്തെത്തിയില്ല. വിളിച്ചപ്പോൾ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നുവെന്നും അവർ പറഞ്ഞു.

മമതയെ കാണാതായെന്നു പരാതി നൽകിയിട്ടും അന്വേഷണം നടത്തിയില്ലെന്ന് കുടുംബം ആരോപിച്ചു. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ ഗ്രാമത്തിൽ നടന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാണ്.

അതേസമയം, തിങ്കളാഴ്ച വിളിച്ചപ്പോൾ മമതയുടെ ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നുവെന്ന് അവരുടെ മകൻ ഭരത് പറഞ്ഞു. തുടർന്ന് പൊലീസിൽ സമീപിച്ചെങ്കിലും അവർ നടപടിയെടുക്കാൻ തയാറായില്ലെന്നും മകൻ ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബറിൽ മറ്റൊരു ഹരിയാന നാടൻപാട്ടുകാരിയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. പാനിപ്പത്തിൽ പരിപാടിക്കുശേഷം തിരികെ വരുമ്പോൾ ഹർഷിത ധാഹിയ എന്ന ഇരുപത്തിരണ്ടുകാരിയെ അക്രമികൾ വെടിവച്ചു കൊല്ലുകയായിരുന്നു.