- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രിയിലെ 'അജ്ഞാതവാസം'; ജയലളിതയ്ക്ക് ആൻജിയോഗ്രാം തടഞ്ഞത് ആരെന്ന ചോദ്യം ഉയർത്തി അന്നത്തെ നിയമമന്ത്രി; ചൂണ്ടുവിരൽ ശശികലയ്ക്കെതിരെ; മരണത്തിലും ദുരൂഹത; ജുഡിഷ്യൽ അന്വേഷണം യാഥാർത്ഥ്യമാക്കി ഒപിഎസ്-ഇപിഎസ് കൂട്ടുകെട്ട്; ഒടുവിൽ റിപ്പോർട്ട് സ്റ്റാലിന്റെ കൈകളിലേക്ക്
ചെന്നൈ: അഭിനേത്രിയിൽ നിന്ന് രാഷ്ട്രീയ പ്രവർത്തകയായി, ആറ് തവണ തമിഴ് നാടിന്റെ മുഖ്യമന്ത്രിയായ ജെ.ജയലളിത മരിച്ചിട്ട് ആറ് വർഷത്തോളം ആകുമ്പോഴും മരണത്തിനു പിന്നിലെ ദുരൂഹത ഇപ്പോഴും നീങ്ങിയിട്ടില്ല. 2016 ഡിസംബർ അഞ്ചിനു രാത്രി പതിനൊന്നരയോടെയായിരുന്നു അപ്പോളോ ആശുപത്രിയിൽ ജയലളിതയുടെ മരണം. 75 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിലായിരുന്നു അന്ത്യം.
2016 സെപ്റ്റംബർ 22ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതു മുതലുള്ള പല അഭ്യൂഹങ്ങളും ഇപ്പോഴും തമിഴകത്തെ വിട്ടുമാറിയിട്ടില്ല. വലിയ മാർജിനിൽ കഴിഞ്ഞ തവണ അധികാരത്തിലെത്തിയ അണ്ണാഡിഎംകെയെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ കൈവിട്ടത് പോലും ജയ ഉയിരു നൽകി വളർത്തിയ പാർട്ടിയിലെ ചില നേതാക്കൾക്ക് എതിരെ ഉയർന്ന സംശയങ്ങളാണ്.
ചെന്നൈയെന്ന ദക്ഷിണേന്ത്യൻ നഗരത്തിലിരുന്ന് ഇന്ത്യൻ രാഷ്ട്രീയത്തെ നിയന്ത്രിച്ച ഉരുക്കുവനിതയായി ചരിത്രം രേഖപ്പെടുത്തുമ്പോഴും ആ മരണത്തിന്റെ പേരിലുള്ള ഊഹാപോഹങ്ങളുടെ ചുരുൾ ഇനിയും അഴിഞ്ഞിട്ടില്ല. ഇത്തരം ദുരൂഹതകൾക്കെല്ലാം വൈകാതെ വിരാമമാകുമെന്ന സൂചനയാണ് ജയയുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് ആറുമുഖ സ്വാമി കമ്മിഷന്റെ ഭാഗത്തു നിന്നുമുള്ള നീക്കങ്ങൾ നൽകുന്ന സൂചന.
ഡൽഹി എയ്‌സിൽനിന്നുള്ള വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടെ കമ്മിഷനെ സഹായിക്കാനായെത്തിയതോടെ അന്വേഷണം ടോപ് ഗിയറിലാണ്. ഏതാനും ചിലരിൽനിന്നു കൂടി മൊഴിയെടുക്കുന്നതോടെ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ കയ്യിലെത്തുമെന്നാണ് സൂചന.
ജയലളിതയുടെ മരണം ദുരൂഹമാണെന്ന് ആരോപിച്ച് രംഗത്തെത്തിയവരിൽ അന്നത്തെ നിയമമന്ത്രി സി.വി.ഷൺമുഖവുമുണ്ടായിരുന്നു. അദ്ദേഹം ഉയർത്തിയ ചില ചോദ്യങ്ങൾ ഏറെ കോളിളക്കമുണ്ടാക്കി.
മൂന്നു വിദഗ്ധ ഡോക്ടർമാർ ജയലളിതയ്ക്ക് ആൻജിയോഗ്രാം ചെയ്യണമെന്നു നിർദ്ദേശിച്ചിരുന്നു. ഇത് ആരാണ് തടഞ്ഞത്? ആരുടെ നിർദ്ദേശപ്രകാരമാണു തടഞ്ഞത്? ജയ ആശുപത്രിയിൽ കിടന്ന 75 ദിവസം അന്നത്തെ മുഖ്യമന്ത്രി പനീർസെൽവത്തെയോ മന്ത്രിമാരെയോ പാർട്ടി നേതാക്കളെയോ കാണാൻ അനുവദിച്ചില്ല. ജയയെ വിദേശത്തു ചികിൽസയ്ക്കു കൊണ്ടുപോകേണ്ടതില്ലെന്നു സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചുവെന്ന അന്നത്തെ ചീഫ് സെക്രട്ടറി രാമമോഹനറാവുവിന്റെ വാദം പച്ചക്കള്ളം. ജയ ആശുപത്രിയിലിരിക്കെ മന്ത്രിസഭാ യോഗം ചേർന്നിട്ടില്ല. ജയയെ വിദേശത്തു ചികിൽസയിൽ കൊണ്ടുപോകുന്നതു ഇന്ത്യൻ ഡോക്ടർമാരുടെ കഴിവിനെക്കുറിച്ച് ചോദ്യമുയർത്തുമെന്നാണ് ആരോഗ്യ സെക്രട്ടറി പറഞ്ഞത്. ഇത് എവിടുത്തെ ന്യായമാണ്? ആരോഗ്യ സെക്രട്ടറിയുടെ പിന്നിലാരെന്ന് അന്വേഷിക്കണം. ശശികല കുടുംബം അപ്പോളോ ആശുപത്രിയെ സുഖവാസ കേന്ദ്രമാക്കി. ജയയുടെ ആശുപത്രി വാസത്തിനിടെ 1.17 കോടിയുടെ ഇഡലിയും ദോശയും കഴിച്ചതാരെന്നു കണ്ടെത്തണം എന്നിങ്ങനെ ചോദ്യരൂപത്തിൽ സി.വി.ഷൺമുഖൻ ഉയർത്തിവിട്ട സംശയങ്ങളാണ് ജുഡീഷ്യൽ കമ്മീഷന്റെ രൂപീകരണത്തിലേക്ക് വഴിതെളിച്ചത്.
ആരോഗ്യ നില മോശമായതിനെത്തുടർന്നാണ് 2016 സെപ്റ്റംബർ 22ന് ജയലളിതയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസംബർ അഞ്ചിനു ജയലളിത അന്തരിച്ചു. ഇതിനിടെ, അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പല അഭ്യൂഹങ്ങളും പരന്നു. ഹൃദയസ്തംഭനമാണു മരണ കാരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ, അവസാനകാലത്തെ ആശുപത്രിവാസത്തിനിടെ ജയലളിതയെ ആരും കണ്ടിട്ടില്ലെന്നും തോഴി വി.കെ.ശശികലയും കുടുംബവുമാണു ജയലളിതയുടെ മരണത്തിന് ഉത്തരവാദികളെന്നും ആരോപിച്ച് അന്നത്തെ അണ്ണാഡിഎംകെ മന്ത്രി ഡിണ്ടിഗൽ ശ്രീനിവാസൻ തുറന്നടിച്ചു.
ശശികലയെ പേടിച്ചു താനുൾപ്പെടെയുള്ള മന്ത്രിമാർ ജയയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു കള്ളം പറഞ്ഞതായും ശ്രീനിവാസൻ വെളിപ്പെടുത്തി. ജയലളിതയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിവിധ കോണുകളിൽനിന്ന് അഭിപ്രായ പ്രകടനങ്ങളുയർന്നിരുന്നു. എല്ലാ ആരോപണങ്ങളും വിരൽ ചൂണ്ടിയതു ശശികല കുടുംബത്തിനു നേരെയാണ്. എന്നാൽ, അപ്പോളോ ആശുപത്രി അധികൃതർ വാർത്താ സമ്മേളനം വിളിച്ച് ആരോപണങ്ങളെല്ലാം നിഷേധിച്ചു.
ശശികലയെ ജനറൽ സെക്രട്ടറിയാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട ഒ.പനീർസെൽവത്തിന്റെ (ഒപിഎസ്) പ്രധാന ആവശ്യം ജയലളിതയുടെ മരണത്തെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണമായിരുന്നു. ഒപിഎസ്-ഇപിഎസ് (എടപ്പാടി പളനിസാമി) ലയനത്തിനു വഴിയൊരുക്കി പിന്നീട് സർക്കാർ മരണത്തെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. അങ്ങനെയാണ് ജസ്റ്റിസ് ആറുമുഖസ്വാമി കമ്മിഷൻ ജയയുടെ മരണത്തിനു പിന്നിലെ ചുരുളഴിക്കാനെത്തിയത്.
ആറുമുഖസ്വാമി കമ്മിഷൻ
2017 ഓഗസ്റ്റിലാണ്, ജയയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ജസ്റ്റിസ് ആറുമുഖ സ്വാമി കമ്മിഷനെ നിയോഗിച്ചത്. ആറു മാസത്തിനകം റിപ്പോർട്ട് നൽകാനായിരുന്നു നിർദ്ദേശം. എന്നാൽ, അന്വേഷണം ഇഴഞ്ഞു. പല തവണ കമ്മിഷനു കോടതികളിൽ കയറിയിറങ്ങേണ്ടി വന്നു. ഇതിനിടെ ശശികല അടങ്ങുന്ന മന്നാർഗുഡി കുടുംബത്തെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജയലളിതയുടെ മരണം വീണ്ടും ചർച്ചയാക്കാൻ അണ്ണാഡിഎംകെ ഔദ്യോഗിക വിഭാഗം നീക്കം തുടങ്ങി.
വി.കെ.ശശികല അമിത അളവിൽ സ്റ്റിറോയ്ഡുകൾ നൽകിയതാണു ജയലളിതയുടെ മരണത്തിനു കാരണമെന്നു മുൻ മന്ത്രി സി.പൊന്നയ്യൻ ആരോപിച്ചു. ഇതോടെ മരണവുമായി ബന്ധപ്പെട്ട് അറിയാവുന്ന വിവരങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട് ആറുമുഖ സ്വാമി കമ്മിഷൻ പൊന്നയ്യനു നോട്ടിസ് അയച്ചു. പിന്നീടും പല തവണ കമ്മിഷന്റെ കാലാവധി നീട്ടിനൽകിക്കൊണ്ടേയിരുന്നു.
സുപ്രീം കോടതി കയറിയ അന്വേഷണം
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ദുരൂഹ മരണത്തെക്കുറിച്ചുള്ള അന്വേഷണം ഒരു ഘട്ടത്തിൽ സുപ്രീംകോടതിയുടെ പരിഗണനയിലും എത്തിയിരുന്നു. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ തമിഴ്‌നാട് സർക്കാർ നിയോഗിച്ച ആറുമുഖ സ്വാമി കമ്മീഷന് എതിരെ അപ്പോളോ ആശുപത്രി നൽകിയ ഹർജിയായിരുന്നു കാരണം.
അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് ജയലളിത മരിച്ചത്. ആശുപത്രിയിലെ അവസാന ദിനങ്ങളെക്കുറിച്ച് സംശയകരമായ വാർത്തകൾ ഉയർന്ന സാഹചര്യത്തിലായിരുന്നു അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. അന്വേഷണ കമ്മിഷനെതിരെ അപ്പോളോ ആശുപത്രി നേരത്തെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അന്വേഷണവുമായി കമ്മീഷന് മുന്നോട്ട് പോകാമെന്നായിരുന്നു മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. ഹൈക്കോടതി നടപടിക്കെതിരെയാണ് അപ്പോളോ ആശുപത്രി അധികൃതർ സുപ്രീംകോടതിയെ സമീപിച്ചത്.
തമിഴ്‌നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ രാധാകൃഷ്ണനും അപ്പോളോ ആശുപത്രി അധികൃതരും തമ്മിൽ നടത്തിയ ഗൂഢാലോചനയുടെ ഫലമായി ജയലളിതയ്ക്ക് മോശം ചികിത്സയാണ് നൽകിയതെന്നായിരുന്നു അന്വേഷണ കമ്മീഷന്റെ ആരോപണം. ജയലളിത ചികിത്സയിലിരിക്കെ തമിഴ്‌നാട് ചീഫ് സെക്രട്ടറിയായിരുന്ന രാമ മോഹന റാവുവിനെതിരേയും അന്വേഷണ കമ്മീഷൻ ആരോപണം ഉന്നയിച്ചിരുന്നു. രാമ മോഹന റാവു തെറ്റായ തെളിവുകൾ ഹാജരാക്കിയെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം. കൂടാതെ ജയലളിതയെ വിദേശത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനെ ചീഫ് സെക്രട്ടറി എതിർത്തുവെന്നും അന്വേഷണ കമ്മീഷൻ ആരോപിച്ചിരുന്നു.
അന്ന് ജയ ചോദിച്ച ചോദ്യങ്ങൾ
'സിനിമയ്ക്കിടെ ഫാൻസ് വിസിലടിക്കുന്നതു പോലുള്ള ശബ്ദമാണു ഞാൻ ശ്വാസമെടുക്കുമ്പോൾ ഉണ്ടാകുന്നത്, അത് എന്തുകൊണ്ടാണ്?' ആശുപത്രിക്കിടക്കയിൽ തമിഴ്‌നാട് മുന്മുഖ്യമന്ത്രി ജയലളിത ഡോക്ടറുമായി സംസാരിക്കുന്നതിന്റേതെന്നു കരുതുന്ന ശബ്ദരേഖയിലെ അവരുടെ ചോദ്യമാണിത്. ആറുമുഖ സ്വാമി കമ്മിഷനാണ് ഈ ശബ്ദരേഖ പുറത്തുവിട്ടത്. ജയലളിതയുടെ തോഴി ശശികലയുടെ ബന്ധുവും ജയയുടെ പഴ്‌സനൽ ഡോക്ടറുമായ ശിവകുമാറായിരുന്നു ആരോഗ്യം സംബന്ധിച്ച രേഖകൾ കമ്മിഷനു കൈമാറിയത്.
2016 സെപ്റ്റംബർ 27നു ഡോക്ടർമാരും ജയലളിതയും തമ്മിൽ നടത്തിയതെന്നു കരുതുന്ന സംഭാഷണമാണ് 52 സെക്കൻഡ് ശബ്ദരേഖയിലുണ്ടായിരുന്നത്. മൂക്കടപ്പുണ്ടോയെന്നു ഡോക്ടർ ശിവകുമാർ ചോദിക്കുമ്പോൾ അവർ ചെറുതായി ദേഷ്യപ്പെടുന്നു- 'എനിക്ക് അസ്വസ്ഥത തോന്നി ഞാൻ വിളിക്കുമ്പോൾ നിങ്ങളെന്താണ് വരാത്തത്?' എന്നായിരുന്നു മറുപടി. ശ്വാസമെടുക്കാൻ പ്രയാസമുണ്ടോയെന്ന വനിതാ ഡോക്ടറുടെ ചോദ്യത്തിനു ശ്വാസം കിട്ടുന്നില്ലെന്നു മറുപടി. രക്തസമ്മർദം എത്രയുണ്ടെന്നു ചോദിക്കുമ്പോൾ ഡോക്ടറുടെ മറുപടി: 140/80. ശരി. അത് നോർമലാണ് എന്നു ജയ പറയുന്നിടത്തു ശബ്ദരേഖ അവസാനിക്കുന്നു.
പൂർണ ബോധത്തോടെയാണു ജയലളിത ആശുപത്രിയിലെത്തിയതെന്ന ശശികലയുടെ വാദം ശരിവയ്ക്കുന്നതാണു ശബ്ദരേഖ. ജയലളിത ആശുപത്രിയിൽ ജ്യൂസ് കുടിക്കുന്ന വിഡിയോ ദൃശ്യം നേരത്തെ ശശികലയും സംഘവും പുറത്തുവിട്ടിരുന്നു. ആശുപത്രിയിലാകുന്നതിന്റെ തലേമാസം ജയ സ്വന്തം കൈപ്പടയിലെഴുതിയ ആഹാരക്രമത്തിന്റെ പകർപ്പും രോഗവുമായി ബന്ധപ്പെട്ട രേഖ എന്ന നിലയിൽ ശിവകുമാർ സമർപ്പിച്ചു. 2016 ഓഗസ്റ്റ് 2 എന്ന തീയതി എഴുതിയ കുറിപ്പിൽ പ്രമേഹനില, ശരീരഭാരം, വിശദമായ ആഹാരക്രമം എന്നിവയുണ്ട്.
ഡിഎംകെയുടെ വാഗ്ദാനം, ഇനി സ്റ്റാലിൻ തീരുമാനിക്കും
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഡിഎംകെയുടെ പ്രധാന തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നു ജയയുടെ മരണത്തിനു പിന്നിലെ ദുരൂഹത മറനീക്കി പുറംലോകത്തിനു മുന്നിലെത്തിക്കുമെന്നായിരുന്നു. അണ്ണാഡിഎംകെയെയും ജയയെയും ആത്മാർഥമായി സ്‌നേഹിച്ചിരുന്ന ജനങ്ങൾ പോലും ഇതോടെ ഡിഎംകെയ്ക്ക് അനുകൂലമായി ചിന്തിച്ചു, വോട്ടു ചെയ്തു. അധികാരത്തിലെത്തിയ സ്റ്റാലിൻ നിയമക്കുരുക്കിലും നൂലാമാലകളിലും പെട്ടുകിടന്ന ആറുമുഖ സ്വാമി കമ്മിഷനെ മോചിപ്പിച്ചു. വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കിയതോടെ കമ്മിഷനും ഉഷാറായി.
അതു വരെ ചോദ്യങ്ങളിൽനിന്നു തെന്നിമാറി നടന്ന, എന്നാൽ, ജയയുടെ മരണത്തിൽ ഏറ്റവും കൂടുതൽ ദുരൂഹത ആരോപിച്ച് ജൂഡിഷ്യൽ അന്വേഷണത്തിനായി ധർമയുദ്ധം നടത്തിയ അണ്ണാഡിഎംകെയുടെ പാർട്ടി കോഓർഡിനേറ്റർ ഒ.പനീർസെൽവം അടക്കം കമ്മിഷനു മുന്നിൽ മൊഴി നൽകാനായി എത്തേണ്ടി വന്നു. രണ്ടു ദിവസം നീണ്ട ചോദ്യംചെയ്യലിൽ പക്ഷേ, ഒപിഎസ് മലക്കം മറിഞ്ഞു. ജയയുടെ മരണത്തിൽ തനിക്ക് ഒരു സംശയവുമില്ലെന്നും വി.കെ.ശശികലയ്ക്ക് ജയയുടെ മരണത്തിൽ ഒരു പങ്കുമില്ലെന്നും ഏറ്റുപറഞ്ഞു.
ഇതിനോടകം 150ലേറെപ്പേർ കമ്മിഷനു മുന്നിലെത്തിക്കഴിഞ്ഞു. ഇനി ശശികലയെ അടക്കം വിളിച്ചു വരുത്താനും കമ്മിഷനു പദ്ധതിയുണ്ട്. മറ്റ് അദ്ഭുതങ്ങളൊന്നും നടന്നില്ലെങ്കിൽ ഈ വർഷം തന്നെ കമ്മിഷന്റെ റിപ്പോർട്ട് ഡിഎംകെ സർക്കാരിന്റെ മുന്നിലെത്തും. അതു തമിഴകത്തുണ്ടാക്കുന്ന വിസ്‌ഫോടനത്തിന്റെ ശക്തി എത്രയായിരിക്കുമെന്ന് പ്രവചിക്കുക പോലും അസാധ്യം. പൊതുജന താൽപര്യം മുൻനിർത്തിയാണ് മരണത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
ന്യൂസ് ഡെസ്ക്