തൊടുപുഴ: തൊടുപുഴ കുമാരമംഗലത്ത് അമ്മയുടെ കാമുകന്റെ മർദനമേറ്റ് കൊല്ലപ്പെട്ട ഏഴുവയസുകാരന്റെ പിതാവിന്റെ മരണവും കൊലപാതകമെന്ന് ക്രൈംബ്രാഞ്ച്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് റീ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. ഈ കേസിലും കുറ്റക്കാരന്റെ സ്ഥാനത്തുള്ളത് അരുൺ ആനന്ദാണ്.

2019 ഏപ്രിൽ ആറിനാണ് തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഏഴുവയസുകാരൻ മരിക്കുന്നത്. ഇതിന് പിന്നാലെയാണ് കുട്ടിയുടെ പിതാവിന്റെ മരണവും ചർച്ചയാകുന്നത്. കുട്ടി കൊല്ലപ്പെടുന്നതിന് ഒരു വർഷം മുമ്പായിരുന്നു പിതാവിന്റെ മരണം. പിന്നാലെ ബന്ധുകൂടിയായ സുഹൃത്തിനൊപ്പം കുട്ടിയുടെ അമ്മ താമസം ആരംഭിക്കുകയായിരുന്നു.

കുട്ടിയുടെ വല്യച്ചൻ നൽകിയ പരാതിയെ തുടർന്നാണ് ക്രൈംബ്രാഞ്ച് ഇടുക്കി യൂനിറ്റ് അന്വേഷണം നടത്തിയത്. അരുൺ ആനന്ദാണ് ഈ കേസിലും സംശയ നിഴലിൽ ഉള്ളത്. പോസ്റ്റുമോർട്ടത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞെന്നും അന്വേഷണം തുടരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഭാര്യയും അമ്മയും ചേർന്നു കൊലപ്പെടുത്തിയെന്നാണ് യുവാവിന്റെ കുടുംബം ആരോപിക്കുന്നത്. യുവാവ് മരിച്ചു മൂന്നാം നാൾ യുവതി അരുൺ ആനന്ദിനൊപ്പം പോകണമെന്നു പറഞ്ഞിരുന്നു. ഇതോടെയാണ് അരുൺ ആനന്ദിന് ഈ കൊലപാതകത്തിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നത്.

യുവതി കുടുംബം എതിർത്തിട്ടും യുവതി കുട്ടികളുമായി അരുണിനൊപ്പം പോയതാണ് കുടുംബത്തിനു സംശയം ഉണ്ടാക്കിയത്. കുട്ടികൾ തുടർച്ചയായി പീഡനത്തിനിരയായതും സംശയം വർധിപ്പിച്ചു. ഹൃദയാഘാതമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. എന്നാൽ, ആരോഗ്യപ്രശ്‌നങ്ങളില്ലായിരുന്നത് കുടുംബത്തിന് സംശയം ഉണ്ടാക്കി. യുവതി അരുണിനൊപ്പം താമസം ആരംഭിച്ചതിനുശേഷമാണ് കുടുംബം മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതി നൽകിയത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

ഏഴ് വയസുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ സഹോദരനായ നാല് വയസുകാരൻ ലൈംഗികാതിക്രമത്തിന് ഇരയായതായി പൊലീസ് കണ്ടെത്തുന്നത്. കേസിൽ പ്രതിയായ അമ്മയുടെ അരുൺ ആനന്ദിന് കോടതി 21 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. കുട്ടികളുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടികളുടെ അമ്മയെ നുണപരിശോധനക്ക് വിധേയമാക്കും.