തിരുവനന്തപുരം: നാലുവർഷത്തെ ഒരുപാട് പേരുടെ പ്രയത്‌നത്തിന്റെ ഫലമാണ് രാമലീലയെന്ന് സംവിധായകൻ അരുൺ ഗോപി. ജീവിതത്തിൽനിന്നും സിനിമയിൽനിന്നും അതുവരെ നേടിയെടുത്ത അറിവുകളെല്ലാം ഞാൻ സിനിമയ്ക്കായി ഉപയോഗിച്ചിട്ടുണ്ട്. റിലീസിങ് തീയതി നിർമ്മാതാവും മറ്റു പങ്കാളികളുമായെല്ലാം കൂടിയാലോചിച്ച് ഉടൻതന്നെ തീരുമാനിക്കുമെന്നും അദ്ദേഹം മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പുതിയ സംഭവവികാസങ്ങൾ ചില വിഷമങ്ങൾ ഉണ്ടാക്കി എന്നത് സത്യമാണ്. എന്നാൽ അവയ്‌ക്കൊന്നും സിനിമയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷയെ നശിപ്പിക്കാനായിട്ടില്ലെന്ന് അരുൺ ഗോപി പറയുന്നു. രാമലീലയുടെ റിലീസിങ് തീയതി നിർമ്മാതാവും മറ്റു പങ്കാളികളുമായെല്ലാം കൂടിയാലോചിച്ച് ഉടൻതന്നെ തീരുമാനിക്കും. സംവിധായകൻ എന്ന നിലയിൽ എനിക്കാവശ്യം പ്രേക്ഷകരിൽനിന്നുള്ള സഹതാപമല്ല. നല്ല സിനിമയെന്ന് അഭിപ്രായമുയർന്നാൽ അത് കാണാനുള്ള മനസ്സുണ്ടാകണം. സിനിമ നന്നായാൽ ജനം അത് ഏറ്റെടുക്കും എന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.

രാമലീല നേരിടുന്ന പ്രതിസന്ധി ഒരു യാഥാർഥ്യമാണ്, എത്ര ഇല്ലെന്നു പറഞ്ഞാലും മലയാളികൾക്ക് ആ വിഷയത്തെക്കുറിച്ച് ബോധ്യമുണ്ട്. റിലീസിങ് മാറ്റിവെച്ചതുൾപ്പെടെയുള്ള കാര്യങ്ങളെല്ലാം അവ തിരിച്ചറിഞ്ഞുകൊണ്ടുള്ള തീരുമാനങ്ങളാണ്. ജൂലായ് ഏഴിന് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് ആദ്യം ശ്രമിച്ചത് അണിയറപ്രവർത്തനങ്ങൾ പൂർത്തിയാക്കാത്തതിനാലാണ് അന്ന് മാറ്റിവെച്ചത്, എന്നാൽ 21-ന് കരുതിയ റിലീസ് മാറ്റാൻ കാരണം നിലവിലെ പ്രശ്‌നങ്ങൾതന്നെയാണ്.

ഈ കാലവും കടന്നുപോകും എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. നായകന്റെ താരമൂല്യം സിനിമയുടെ വിജയം നിശ്ചയിക്കുന്നതിൽ ഒരു ഘടകമാണ്. ആദ്യദിനകളക്ഷനെ അത് സഹായിക്കുമെന്നുറപ്പാണ്. എന്നാൽ, അതു മാത്രമാണ് വിജയത്തിന്റെ മാനദണ്ഡമെങ്കിൽ താരമൂല്യമുള്ളവർ അഭിനയിച്ച ചിത്രങ്ങളൊന്നും ഇവിടെ പരാജയപ്പെടാൻ പാടില്ലല്ലോ. വിജയസാധ്യതകൾ നിശ്ചയിക്കുന്നത് കാണുന്ന പ്രേക്ഷകരെ സിനിമ ആകർഷിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ചായിരിക്കും, രാമലീല പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമാകും എന്നാണ് എന്റെ വിശ്വാസം.

ഏതൊരു മലയാളിയെപ്പോലെയും ചെറുപ്പംമുതൽ എന്റെ മനസ്സിലും സിനിമയുണ്ടായിരുന്നു ഞാൻ. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയതോടെ ഇഷ്ടമേഖല ലക്ഷ്യമാക്കിയിറങ്ങി, കെ. മധു, ലെനിൻ രാജേന്ദ്രൻ, വി എം. വിനു തുടങ്ങി നിരവധി സംവിധായകർക്കൊപ്പം സഹകരിച്ചുപ്രവർത്തിച്ചു. തിരക്കഥാകൃത്ത് സച്ചിയുമായി ചേർന്നാണ് രാമലീല ഒരുക്കുന്നത്. 2013-ലാണ് സിനിമയുടെ കഥ ഒരുങ്ങുന്നത്, രാമനുണ്ണിയെന്ന നായകകഥാപാത്രിന് ഒരു സാധാരണക്കാരന്റെ മുഖമായിരുന്നു വേണ്ടത്. ഉറച്ച തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന മനസ്സിൽ നർമം സൂക്ഷിക്കുന്ന രാഷ്ട്രീയക്കാരന്റെ ജീവിതമായിരുന്നു സിനിമയെന്നും അദ്ദേഹം പറഞ്ഞു.

കഥ ആദ്യം പറഞ്ഞത് ദിലീപിനോടുതന്നെയായിരുന്നു. അദ്ദേഹത്തിനത് ഇഷ്ടപ്പെടുകയും അഭിനയിക്കാമെന്ന് സമ്മതിക്കുകയുമായിരുന്നു. മുകേഷ്, സിദ്ദിഖ്, വിജയരാഘവൻ, രൺജി പണിക്കർ, രാധികാ ശരത്കുമാർ, പ്രയാഗാ മാർട്ടിൻ തുടങ്ങി വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ട്. പാലക്കാടായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനെന്നും അരുൺ വ്യക്തമാക്കി.