ന്യൂഡൽഹി: ചെക്കുകൾ വഴിയുള്ള പണമിടപാടുകൾ കൂടി സർക്കാർ നിർത്തലാക്കിയേക്കുമെന്നുള്ള സൂചനകൾ പൂർണമായും തള്ളി ധനമന്ത്രി അരുൺ ജയ്റ്റ്‌ലി രംഗത്തെത്തി. അത്തരത്തിൽ ഒരു തരത്തിലുള്ള നിർദേശവും സർക്കാരിനു മുന്നിൽവന്നിട്ടില്ലെന്ന് ധനമന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.

വൈകാതെതന്നെ സർക്കാർ ചെക്ക് ബുക്കുകൾ പിൻവലിക്കാൻ സാധ്യത ഉണ്ടെന്നു കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് സെക്രട്ടറി ജനറൽ പ്രവീൺ ഖൻഡേൽവാൾ മുന്നറിയിപ്പ് നൽകിയിരുന്നു.നോട്ടു നിരോധനത്തിനു ശേഷവും ചെക്ക് ഇടപാടുകളിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്.

ഡിജിറ്റൽ ഇടപാടുകൾ വ്യാപിക്കുന്നതിനായി സർക്കാർ അടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ പോകുന്നത് ചെക്കുകൾക്കു മേൽ ആണെന്ന് ഉറപ്പിക്കാമെന്നാണ് ഖൻഡേവാൾ വ്യക്തമാക്കിയത്.ഇത് തള്ളിയാണ് ഇപ്പോൾ ധനമന്ത്രാലയം രംഗത്തെത്തിയിട്ടുള്ളത്.എന്നാൽ ചെക്കുകൾ വ്യാപാര വ്യവസായ മേഖലയുടെ നട്ടെല്ലാണെന്നും മന്ത്രാലയം വ്യക്തമാക്കി.