ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷം രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ഏഴു ശതമാനത്തിൽ താഴെയാകുമെന്നു വിലയിരുത്തൽ. ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതും കഴിഞ്ഞ വർഷം നോട്ട് റദ്ദാക്കിയതും വളർച്ചാ നിരക്കു കുറയുന്നതിനു കാരണമാകുമെന്ന് വിദഗ്ദ്ധർ പറയുന്നു. നികുതി രംഗത്തു വന്ന മാന്ദ്യമാണ് വളർച്ചാ നിരക്കിലെ കുറവിനു കാരണമെന്നാണ് വിലയിരുത്തൽ.

201617ലെ മൊത്തം ആഭ്യന്തര ഉൽപാദനം (ജിഡിപി) 7.1% രേഖപ്പെടുത്തിയിരുന്നു. 201415ലെ നിരക്ക് 7.5 ശതമാനത്തിൽ നിന്ന് 201516ൽ എട്ടു ശതമാനമായി ഉയർന്നിരുന്നു. ഈ നിരക്ക് ഏഴു ശതമാനത്തിൽ താഴേക്കു പോകും. നടപ്പു വർഷത്തെ വളർച്ചാ നിരക്കിന്റെ റിപ്പോർട്ട് കേന്ദ്ര സ്ഥിതിവിവര ഓഫിസ് നാളെ പുറത്തു വിട്ടേക്കും. വളർച്ച ഏകദേശം 6.3 ശതമാനമാകുമെന്നു മുൻ ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ മൊണ്ടേക് സിങ് അലുവാലിയ പറഞ്ഞു. നിരക്ക് 6.5% ആയിരിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിസർച് വിഭാഗം മേധാവി സൗമ്യ കാന്തി ഘോഷ് പറഞ്ഞു.

കഴിഞ്ഞ വർഷത്തെ സാമ്പത്തിക വളർച്ച മുൻ വർഷത്തെ അപേക്ഷിച്ച് 0.9% കുറഞ്ഞെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ലോക്‌സഭയിൽ പറഞ്ഞിരുന്നു. ആഗോള സാമ്പത്തിക വളർച്ചാ നിരക്കിന്റെ കുറവ്, മൊത്ത സ്ഥിര നിക്ഷേപവും ജിഡിപിയുമായുള്ള അനുപാതത്തിലെ കുറവ്, കോർപറേറ്റ് മേഖലയിലെ തളർച്ച, വ്യവസായ മേഖലയിലെ വായ്പ നിരക്കിലെ കുറവ് തുടങ്ങിയവയാണു വളർച്ചാ നിരക്കിലെ കുറവിനു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.