ന്യൂഡൽഹി: സാധാരണക്കാരേക്കാൾ കോർപ്പറേറ്റുകളെ തഴുകികൊണ്ട് നരേന്ദ്ര മോദി സർക്കാറിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് ധനമന്ത്രി അരൺ ജയറ്റ്‌ലി പാർലമെന്റിൽ അവതരിപ്പിച്ചു. കോർപ്പറേറ്റ് നികുതിയിൽ ഇളവു പ്രഖ്യാപിച്ച സർക്കാർ ആദായനികുതി പരിധി ഉയർത്തണമെന്ന ആവശ്യന്നെ നിരാകരിച്ചു. കൂടാതെ സേവന നികുതി 14 ശതമാനമാക്കി വർധിപ്പിച്ചു. യുപിഎ സർക്കാറിന്റെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിലനിർത്തിയ ബജറ്റിൽ യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ നിരവധി പ്രഖ്യാപനങ്ങളുമുണ്ട്. മേക്ക് ഇൻ ഇന്ത്യ പദ്ധതിക്കും സ്വച്ഛ് ഭാരത് പദ്ധതിക്കും കൂടുതൽ ഊന്നൽ നൽകികൊണ്ടുള്ള ബജറ്റാണ് അരുൺ ജയ്റ്റ്‌ലി അവതരിപ്പിച്ചത്. ആദായനികുതി പരിധിയിൽ മാറ്റമില്ലെന്ന് ബജറ്റിൽ പ്രഖ്യാപനമുണ്ട്. 4.45 ലക്ഷം രൂപ വരെ ആദായനികുതിയിൽ ഇളവും അനുവദിച്ചിട്ടുണ്ട്. നികുതി ചോർച്ച തടയുന്നതിനും കള്ളപ്പണ നിക്ഷേപം തടയുന്നതിനുമുള്ള നടപടികളും ബജറ്റിൽ പ്രഖ്യാപിച്ചു. കോർപ്പറേറ്റുകൾക്കുള്ള നികുതിയിലും ഇളവ് അനുവദിച്ചിട്ടുണ്ട്. കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽ നിന്നു 25 ശതമാനമായാണ് കുറച്ചിരിക്കുന്നത്. മറ്റു രാജ്യങ്ങളിലെ കണക്കുകൾ നോക്കുമ്പോൾ രാജ്യത്തെ കോർപ്പറേറ്റ് നികുതി അധികമാണ്. കൂടുതൽ നിക്ഷേപ സൗഹൃദമാക്കാനാണ് ഈ നടപടി.

ഏപ്രിൽ ഒന്ന് മുതൽ ചരക്കു സേവന നികുതി നടപ്പിലാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. സംസ്ഥാനങ്ങൾ വികസിക്കുന്നതിലൂടെ രാജ്യം വികസിക്കുമെന്നാണ് ജയ്റ്റിലുടെ പരാമർശം. സംസ്ഥാനങ്ങളുടെ നികുതി വിഹിതം 62 ശതമാനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഉത്പാദനകേന്ദ്രമാക്കി മാറ്റുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഗ്രാമനഗര വ്യത്യാസമില്ലാതാക്കും. ജി.ഡി.പി എട്ടു മുതൽ 8.5 ശതമാനം വരെയാക്കാൻ ലക്ഷ്യമിടുന്നു.

രാജ്യം സാമ്പത്തിക വളർച്ചയുടെ പാതയിലാണെന്ന് ജയ്റ്റ്‌ലി ബജറ്റ് അവതരണത്തിൽ പറഞ്ഞു. ഏറ്റവും അനിവാര്യമായ അവസരത്തിലാണ് പൊതുബജറ്റ് അവതരിപ്പിക്കുന്നത്. 7.5 ശതമാനം സാമ്പത്തിക വളർച്ചാ നിരക്കാണ് ലക്ഷ്യമിടുന്നത്. സ്ത്രീകളുടെയും കുട്ടികളുടെ ക്ഷേമമാണ് സർക്കാറിന്റെ ലക്ഷ്യം. ക്ഷേമബജറ്റാണ് അവതരിപ്പിക്കുന്നത്. സംസ്ഥാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഒരു കുടുംബത്തിലെ ഒരാൾക്ക് തൊഴിൽ ഉറപ്പാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

സാധാരണക്കാരന് കൂടുതൽ ആനുകൂല്യം നൽകുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. സ്വച്ഛ് ഭാരത് പദ്ധതി കൂടുതൽ ഫലപ്രദമാി നടപ്പിലാക്കും, ആറ് കോടി കക്കൂസുകൾ നിർമ്മിക്കും. ജൻധന യോജന വിജയകരമാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ഉത്പാദനകേന്ദ്രമാക്കി മാറ്റുമെന്നും അരുൺ ജയ്റ്റ്‌ലി പറഞ്ഞു പറഞ്ഞു. ഒരു ലക്ഷം കിലോമീറ്റർ റോഡ് നിർമ്മിക്കും.

2022 ഓടെ രാജ്യത്ത് എല്ലാവർക്കും വീട് എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. അതിനായി നഗരങ്ങളിൽ രണ്ട് കോടി കുടുംബങ്ങൾക്കും ഗ്രാമങ്ങളിൽ നാല് കോടി കുടുംബങ്ങൾക്കും വീടുകൾ നിർമ്മിച്ച് നൽകും. അഞ്ച് കിലോമീറ്റർ പരിധിയിൽ ഹയർസെക്കൻഡറി സ്‌കൂളുകൾ ആരംഭിക്കുമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. സ്ത്രീസുരക്ഷാ പദ്ധതികൾക്ക് കൂടുതൽ ഊന്നൽ ബജറ്റിലുണ്ട്. നിർഭയ പദ്ധതിക്ക് ആയിരം കോടി രൂപകൂടി വകയിരുത്തു. എല്ലാ പൗരന്മാർക്കും സമൂഹ്യ സുരക്ഷാ പദ്ധതി പ്രഖ്യാപിച്ചു. 12 രൂപ പ്രീമിയത്തിൽ രണ്ട് ലക്ഷം രൂപ വരയുള്ള ഇൻഷുറൻസ് പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചു.

കള്ളപ്പണം നിക്ഷേപിക്കുന്നവർക്ക് 10 വർഷം വരെ തടവ് ശിക്ഷ വ്യവസ്ഥചെയ്യുന്ന സമഗ്രനിയമം ഈ പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞു. കള്ളപ്പണം നിക്ഷേപിക്കുന്നവർക്ക് ചുമത്തുന്ന പിഴ 300 ശതമാനമാക്കും. കൂടാതെ ന്യൂനപക്ഷ യുവാക്കൾക്ക് തൊഴിൽ നേടാനുള്ള പ്രത്യേക പദ്ധതിയും അരുൺ ജയ്റ്റ്‌ലിയുടെ പദ്ധതിയിൽ പ്രഖ്യാപിച്ചു. പെൺകുട്ടികൾക്കുള്ള സുകന്യ സമൃദ്ധി ാേജനയിലെ നിക്ഷപങ്ങൾക്ക് പൂർണ നികുതിയിളവ് നൽകി. സ്വഛ് ഭാരത്, ഗംഗാ ശുചീകരണ പദ്ധതികൾക്കുള്ള സംഭാവനകൾക്ക് 100 ശതമാനം നികുതിയിളവ് പ്രഖ്യാപിച്ചു.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ ഇങ്ങനെ:

  • ആദായനികുതി പരിധിയിൽ മാറ്റമില്ല
    സ്വത്ത് നികുതി വേണ്ടെന്ന് വച്ചു
    പ്രതിരോധ മേഖലയ്ക്ക് 2,46, 746 കോടി നീക്കിവച്ചു
    ചെറുകിട കർഷകർക്ക് 25000 കോടി നൽകും
    മൈക്രോ ഇറിഗേഷന് 5300 കോടി
    ഗതാഗത അലവൻസ് 800 രൂപയിൽ നിന്ന് 1600 രൂപയായി ഉയർത്തി
    ആദായ നികുതി റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ ജയിൽ ശിക്ഷ
    ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിക്ക് നികുതിയിളവ്, 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തി
    തുകൽചെരുപ്പിന് വിലകുറയും
    സാങ്കേതിക സേവന നികുതി 15 ശതമാനമാക്കി
    അതിസമ്പന്നർക്ക് 2 ശതമാനം സർചാർജ്ജ്
    ഒരു ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകൾക്ക് പാൻകാർഡ് നിർബന്ധം
    ബിനാമി ഇടപാടുകൾ തടയാൻ നടപടി
    കള്ളപ്പണത്തിന് പിഴ 300 ശതമാനവും തടവുശിക്ഷയും
    കള്ളപ്പണത്തിന്റെ ഒഴുക്കു നിയന്ത്രിക്കാൻ നടപടി സ്വീകരിക്കും
    കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽ നിന്നും 25 ശതമാനമാക്കി കുറക്കും
    പാവപ്പെട്ട വിദ്യാർത്ഥികൾക്കായി വിദ്യാലക്ഷ്മി പദ്ധതി
    ബിഹാറിനും ബംഗാളിനും പ്രത്യേക സാമ്പത്തിക സഹായം
    തിരുവനന്തപുരം നിഷിനെ സർവകലാശാലയാക്കും
    വിസ ഓൺ അറൈവൽ 150 രാജ്യങ്ങളിലുള്ളവർക്ക് വിപുലീകരിക്കും
    ജമ്മു കശ്മീർ, ഹിമാചൽപ്രദേശ്, അസം, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ പുതിയ ജലവൈദ്യുത പദ്ധതി
    ഐ.ടി ഹബ്ബുകൾ ലോകനിലവാരത്തിലാക്കാൻ 150 കോടി
    നിർഭയ ഫണ്ടിലേക്ക് 1000 കോടി കൂടി
    സ്വർണ്ണനാണയങ്ങളിൽ അശോകചിഹ്നം മുദ്രണം ചെയ്യും
    നാല് ജലവൈദ്യുതി പദ്ധതികൾക്കായി 40,000 കോടി
    പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കും
    സ്വർണ്ണ നിക്ഷേപത്തിന് പലിശ
    അഞ്ച് എയിംസുകൾ കൂടി അനുവദിച്ചു, കേരളത്തിനില്ല
    പുതിയ പദ്ധതികൾക്ക് ഏകജാലക സംവിധാനം
    കുട്ടികളുടെ സുരക്ഷയ്ക്ക് 500 കോടി
    ഇഎസ്‌ഐ പിഎഫ് നിയമങ്ങളിൽ ഭേദഗതി
    അടിസ്ഥാനസൗകര്യവികസനത്തിന് 70,000 കോടിയുടെ കേന്ദ്രഫണ്ട്
    അടിസ്ഥാനസൗകര്യ വികസനത്തിന് നികുതിയേതര ബോണ്ടുകൾ
    ന്യൂനപക്ഷ വിഭാഗങ്ങൾ പുതിയ തൊഴിൽപദ്ധതി
    വിദ്യാഭ്യാസമില്ലാത്തവർക്ക് പുതിയ നയീമൻസിൽ എന്ന പേരിൽ തൊഴിൽപദ്ധതി
    സ്റ്റാർട്ട് അപ്പ് പദ്ധതികൾക്ക് 1000 കോടി
    ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടരും
    12 രൂപ വാർഷിക പ്രീമിയത്തിൽ എല്ലാവർക്കും ഇൻഷുറൻസ്
    പാവപ്പെട്ട മുതിർന്ന പൗരന്മാർക്ക് പ്രത്യേക പദ്ധതി
    മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പേരിൽ 'അടൽ പെൻഷൻ പദ്ധതി'
    പങ്കാളിത്ത പദ്ധതികളിൽ പൊതുനിക്ഷേപം കൂട്ടും
    ജൻധൻ യോജന പോസ്റ്റ് ഓഫീസുകളിലേക്ക് വ്യാപിപ്പിക്കും
    മുദ്രാ ബാങ്ക് സംരഭത്തിന് 20,000 കോടി
    പദ്ധതികൾ വേഗത്തിലാക്കാൻ നിയമഭേദഗതി
    തൊഴിലുറപ്പ് പദ്ധതി തുടരും
    ചെറുകിട സംരഭകർക്കായി പ്രത്യേക ബാങ്ക്
    2015016 കാലത്ത് 8.5 ലക്ഷം കോടിയുടെ വായ്പ കർഷകർക്ക് നൽകും
    ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 25,000 കോടി
    കാർഷിക ചെറുകിട ജലസേചന പദ്ധതികൾക്കായി 5300 കോടി നീക്കിവച്ചു
    സബ്‌സിഡി ചോർച്ച തടയണം, എംപിമാർ സബ്‌സിഡി പാചകവാതക സിലിണ്ടറുകൾ വേണ്ടെന്ന് വയ്ക്കണം
    സംസ്ഥാനങ്ങളുടെ നികുതി വിഹിതം 62 ശതമാനമാക്കും
    5 കിലോമീറ്റർ പരിധിയിൽ ഹയർ സെക്കൻഡറി സ്‌കൂളുകൾ, 80,000 സ്‌കൂളുകൾ അപഗ്രേഡ് ചെയ്യും
    റിസർവ്വ് ബാങ്ക് നിയമഭേദഗതി വരും
    രാജ്യത്തെ ഉത്പാദന കേന്ദ്രമാക്കി മാറ്റും
    അഞ്ച് കിലോമീറ്റർ പരിധിയിൽ ഹയർസെക്കന്ററി സ്‌കൂളുകൾ
    2022ൽ എല്ലാവർക്കും വീടും വൈദ്യുതിയും
    നഗരഗ്രാമ വ്യത്യാസങ്ങൾ ഇല്ലാതാക്കും
    ഒരു ലക്ഷം കിലോമീറ്റർ റോഡ് നിർമ്മിക്കും
    സ്വച്ഛ് ഭരത് പദ്ധതി വഴി രാജ്യത്ത് കൂടുതൽ കക്കൂസുകൾ
    ഏപ്രിൽ മുതൽ ചരക്ക് സേവന നികുതി
    ജൻധൻ, യോജന, കൽക്കരി ലേലം, സ്വച്ഛ് ഭാരത് പദ്ധതികൾ സർക്കാരിന്റെ നേട്ടം
    വളർച്ച രണ്ടക്കത്തിൽ ആക്കാനാവും
    അഴിമതി അവസാനിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു
    സാധാരണക്കാരുടേയും സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിന് മുൻഗണന
    7.5 വളർച്ചാ നിരക്ക് ലക്ഷ്യം
    സമ്പത്തിക വളർച്ചയ്ക്കായി സംസ്ഥാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തും
    സാധാരണക്കാരുടെയും കുട്ടികളുടെയും ക്ഷേമത്തിന് പ്രാധാന്യം