ന്യൂഡൽഹി: വിരമിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ജസ്റ്റിസ് അരുൺ മിശ്ര പുറപ്പെടുവിച്ചത് അദാനി ​ഗ്രൂപ്പിന് 8000 കോടി രൂപ ലഭിക്കുന്ന വിധി. രാജസ്ഥാനിലെ പൊതു മേഖല വൈദ്യുതി വിതരണ കമ്പനികളുമായുള്ള തർക്കത്തിലാണ് അദാനിഗ്രൂപ്പിലെ ഒരു കമ്പനിക്ക് അനുകൂലമായി ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിച്ചത്. ജസ്റ്റിസ് വിനീത് സരൺ, എം.ആർ ഷാ എന്നിവരുൾപ്പെട്ട ബെഞ്ച്ഓഗസ്റ്റ് 31നാണ് വിധി പുറപ്പെടുവിച്ചത്.

2019 മുതൽ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് അദാനിക്കനുകൂലമായി വിധിക്കുന്ന ഏഴാമത്തെ വിധിയാണിത്. മൊത്തം 8000 കോടി രൂപയാണ് അദാനി ഗ്രൂപ്പിന് നൽകാനായി ഉത്തരവിട്ടിരിക്കുന്നത്. വൈദ്യുതി വിതരണകമ്പനികളുടെയും ഓൾ ഇന്ത്യ പവർ എഞ്ചിനീയേഴ്‌സ് ഫെഡറേഷന്റെയും അപേക്ഷകൾ തള്ളി, അപ്പല്ലേറ്റ് ട്രിബ്യൂണലിന്റെ വിധി ശരിവെക്കുകയായിരുന്നു സുപ്രീം കോടതി ചെയ്തത്. കവായി, ബാരൺ ജില്ലകളിലായി 1320 മെഗാവാട്ട് കപാസിറ്റിയുള്ള തെർമൽ പവർ സ്റ്റേഷന് നഷ്ടപരിഹാര തുക നൽകാനാണ് ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. 5000 കോടി രൂപയും പിഴയും പലിശയുമടക്കം 3000 കോടി വെറെയുമാണ് നൽകേണ്ടത്. ജയ്പൂർ, ജോധ്പൂർ, അജ്മീർ എന്നീ നഗരങ്ങളിലെ വൈദ്യുതി ഉപഭോക്താക്കളിൽ നിന്നായിരിക്കും ഈ നികുതി ഈടാക്കുക.

2019 സെപ്റ്റംബറിലെ അപ്പെല്ലേറ്റ് ട്രിബ്യൂണൽ ഫോർ ഇലക്ട്രിസിറ്റി പുറപ്പെടുവിച്ച വിധിക്കെതിരെ മൂന്ന് നഗരങ്ങളിലെ വൈദ്യുതി വിതരണകമ്പനികളും പൊതു മേഖലാ വൈദ്യുതി കമ്പനികളുടെ ജീവനക്കാരുടെ പ്രതിനിധി സംഘടനയായ ഓൾ ഇന്ത്യ പവർ എഞ്ചിനീയേഴ്‌സ് ഫെഡറേഷനും അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ച് കൊണ്ടാണ് സുപ്രീം കോടതി വിധിപുറപ്പെടുവിച്ചത്.

രാജസ്ഥാൻ സർക്കാരും അദാനി പവറും തമ്മലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് കവായ് വൈദ്യുത നിലയം സ്ഥാപിച്ചത്. കേന്ദ്ര സർക്കാരിൽ നിന്ന് കൽക്കരി എത്തിച്ച് നൽകുമെന്നും ഉറപ്പ് നൽകിയിരുന്നു. ഈ കരാർ ഒപ്പു വെച്ചത് 2010ലാണ്. പ്ലാന്റ് കമ്മീഷൻ ചെയ്തത് 2013ലാണ്. എന്നാൽ 2017ലെ ശക്തി പോളിസി പ്രകാരം ആഭ്യന്തര ഇന്ധനം ലഭിക്കുന്നതിനായി കോൾ ഇന്ത്യയുമായുള്ള കരാറിൽ ഔദ്യോഗികമായി ഒപ്പ് വെക്കുന്നത് 2018ൽ മാത്രമാണ്. ഉത്പാദനത്തിന്റെ അപര്യാപ്തത കാരണം രാജസ്ഥാനിലെ ക്യാപ്റ്റീവ് പാഴ്‌സ ഈസ്റ്റ്, കാന്റെ ബാസൻ എന്നീ ഖനികളിൽ നിന്ന് കൽക്കരി വിതരണം ചെയ്യാൻ സാധിച്ചിരുന്നില്ല. അതിൽ കമ്പനിക്ക് നഷ്ടമുണ്ടായെന്ന് കാണിച്ചാണ് അദാനി ഗ്രൂപ്പ് കോടതിയെ സമീപിച്ചത്.

കേന്ദ്ര കൽക്കരി മന്ത്രാലയത്തോട് ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും വൈദ്യുത നിലയത്തിന് സിഐഎല്ലുമായി ദീർഘകാല ഇന്ധന വിതരണ കരാർ വാങ്ങാൻ കഴിഞ്ഞിരുന്നില്ല. നേരത്തെ രാജസ്ഥാൻ സർക്കാർ 2400 കോടിയിലേറെ തുക അദാനി ഗ്രൂപ്പിന് താത്കാലിക നഷ്ടപരിഹാരമായി നൽകിയിട്ടുണ്ട്. അതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ വിധി.

കഴിഞ്ഞ വർഷം അവസാനം, അദാനി ഗ്രൂപ്പ് കമ്പനികളുടെ രണ്ട് കേസുകൾ സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് വ്യവസ്ഥാവിരുദ്ധമായി പരിഗണിച്ചു തീർപ്പാക്കിയെന്ന് ആരോപിച്ച് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ രം​ഗത്തെത്തിയിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കും സുപ്രീം കോടതിയിലെ മറ്റു ജഡ്ജിമാർക്കുമുള്ള കത്തിലാണ് ദുഷ്യന്ത് ദവെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നത്. അദാനി ഗ്രൂപ്പിന് ആയിരക്കണക്കിനു കോടി രൂപയുടെ നേട്ടമുണ്ടാക്കുന്നതാണു നടപടിയെന്നും തിരുത്തൽ നടപടി വേണമെന്നുമായിരുന്നു ദവെ ആവശ്യപ്പെട്ടത്.

ദവെയുടെ ആരോപണം

 അദാനി ഗ്രൂപ്പ് സ്ഥാപനമായ പാഴ്സ കെന്റ കൊളിയറീസും രാജസ്ഥാൻ രാജ്യ വിദ്യുത് ഉൽപാദൻ നിഗമും തമ്മിലുള്ള കേസ് ജഡ്ജിമാരായ റോഹിന്റൻ നരിമാനും ഇന്ദു മൽഹോത്രയും ഉൾപ്പെട്ട ബെഞ്ച് കഴിഞ്ഞ വർഷം ഓഗസ്റ്റ് 24നു പരിഗണിച്ചു ഫയലിൽ സ്വീകരിച്ചതാണ്. അടിയന്തര സ്വഭാവമില്ലാത്തതും അവധിക്കാല െബഞ്ച് പരിഗണിക്കാൻ നിർദ്ദേശമില്ലാത്തതുമായിരുന്നു കേസ്. എന്നാൽ, അവധിക്കാല ബെഞ്ചിലെ കേസുകളുടെ പട്ടികയിൽ പാഴ്സ കെന്റയും ഉൾപ്പെട്ടു. മെയ്‌ 21നും 22നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിച്ചു വാദം കേട്ട് വിധി പറയാൻ മാറ്റി. അപ്പീൽ ഭാഗികമായി അനുവദിച്ച് മെയ്‌ 29നു വിധിയും നൽകി.

അദാനി പവറും ഗുജറാത്ത് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷനും തമ്മിലുള്ള കേസ് അടിയന്തരമായി പരിഗണിക്കണമെന്ന അപേക്ഷ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് മെയ്‌ 23നു പരിഗണിച്ചു. പിറ്റേന്നുതന്നെ വാദം കേട്ട് വിധി പറയാൻ മാറ്റി. ഈ കേസ് അതിനു മുൻപു പരിഗണിച്ചത് 2017 ഫെബ്രുവരി ഒന്നിനാണ്. അടുത്തയാഴ്ച പരിഗണിക്കാനെന്നാണ് അന്ന് ഉത്തരവുണ്ടായതെങ്കിലും എന്തോ കാരണത്താൽ പിന്നീടു പരിഗണിച്ചില്ല. അവധിക്കാല ബെഞ്ച് പരിഗണിക്കരുതെന്ന എതിർകക്ഷിയുടെ അഭിഭാഷകന്റെ വാദം അവഗണിച്ചാണു ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് കേസ് പരിഗണിച്ചത്. േകസ് പട്ടികയിലുൾപ്പെടുത്താൻ ചീഫ് ജസ്റ്റിസിന്റെ അനുമതി രജിസ്റ്റ്രി തേടിയോയെന്നു വ്യക്തമല്ല.

നേരത്തേ, അദാനി ഗ്രൂപ്പിന്റെ 2 കേസുകൾ സുപ്രീം കോടതിയിൽ നിലവിലുള്ള മാർഗനിർദ്ദേശങ്ങൾക്കു വിരുദ്ധമായി ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് പരിഗണിച്ചു വിധി പറഞ്ഞിട്ടുണ്ട്.