മറയൂർ:ഒരുവർഷം മുൻപ് മറ്റൊരു യുവാവുമായി വിവാഹം നിശ്ചയം നടത്തി. ചടങ്ങുകൾ പൂർത്തിയായി അധികം താമസിയാതെ ഇയാൾ അപകടത്തിൽ മരണപ്പെട്ടു.തുടർന്ന് വീട്ടുകാർ ജോത്സ്യനെ കണ്ടപ്പോൾ വിവാഹം നടന്നാൽ വീട്ടിൽ മരണം ഉറപ്പാണെന്നും'വിധിച്ചു'. ഭയപ്പാടിലായ മാതാപിതാക്കൾ വിരട്ടൽ തുടങ്ങിയതോടെ അസ്വസ്ഥനായി. പിന്നെ അരുൺ കാറുമെടുത്ത് പാഞ്ഞു, ഭാവി വധുവായ മഞ്ജുളയ്‌ക്കൊപ്പം മരണത്തെ പുൽകാൻ.

സംസ്ഥാനത്തിന്റെ അതിർത്തി ഗ്രാമമായ തമിഴ്‌നാട് ഉദുമൽപേട്ട ഏരിപ്പാളയം സ്റ്റേറ്റ് ബാങ്ക് കോളനി സ്വദേശി ഗുരുസ്വാമിയുടെ മകൻ അരുൺ ശങ്കർ(35)റും ഉദുമൽപേട്ട ബോഡിപെട്ടി റവന്യൂ നഗർ രാമചന്ദ്രന്റെ മകൾ മഞ്ജുള (30)യും മരണപ്പെട്ടത് സംബന്ധിച്ച് പരക്കെ പ്രചരിച്ചിട്ടുള്ള വിവരങ്ങൾ ഇങ്ങിന. എന്നാൽ ഇക്കാര്യത്തിൽ ഇനിയും കുടംബാംഗങ്ങളുടെ സ്ഥിരീകരണമായിട്ടില്ല. മരണത്തിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നാണ് ഉദുമൽപേട്ട പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.

ഉദുമൽപേട്ടയ്ക്ക് സമീപത്തെ ചിന്നപപ്പനൂത്ത് ഭാഗത്ത് കനാലിൽ കാറിനുള്ളിൽ മരിച്ച നിലയിലാണ് ഇരവരുടെയും മൃതദ്ദേഹങ്ങള്ൾ കണ്ടെത്തിത്. കനാലിൽ മുങ്ങിയ കാറിനുള്ളിൽ നിന്നും ജീർണ്ണിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. ഈ മാസം 20 മുതൽ ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ ഉദുമൽപേട്ട പൊലീസിൽ പരാതി നൽകിയിരുന്നു അന്വേഷണം നടത്തി വരുന്നതിനിടെയാണ് ചിന്നപാപ്പനൂത്ത് ഭാഗത്തുള്ള പറമ്പിക്കുളം ആളിയാർ പ്രോജക്റ്റ് കനാലിലെ വെള്ളത്തിൽ കാർ മുങ്ങി കിടക്കുന്നതായി വിവരം ലഭിച്ചത്.

തുടർന്ന് പൊലീസും ഫയർ ഫോഴ്‌സും എത്തി കാർ കനാലിൽ നിന്നും ക്രെയിൻ ഉപയോഗിച്ച് ഉയർത്തി പരിശോധിച്ചപ്പോഴാണ് ഒരാഴ്ച്കയോളം പഴക്കമുള്ള മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉദുമൽപേട്ടയിൽ വീൽ അലയ്‌മെന്റ് സ്ഥപനം നടത്തിവന്നിരുന്ന അരുൺ ശങ്കറിന്റെയും ഇവിടുത്തെ ശ്രീനിവാസ സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയായ മഞ്ജുളയുടെയും വിവാഹം ഇരുവരുടേയും വീട്ടുകാർ ഇടപെട്ട് നേരത്തെ നിശ്ചയിച്ചിരുന്നു. ഒരേ സമുദായത്തിൽ പെട്ടവരായിരുന്നു ഇരുവരും. വിവാഹ നിശ്ചയ ശേഷം ഇരുവരും നിരന്തരം ഫോണിൽ സംസാരിച്ച് കൂടുതൽ അടുത്തു.ഇരുവരും പിരിയാൻ വയ്യാത്തത്ര പ്രണയ ബദ്ധരായിരുന്നു എന്നാണ് അടുപ്പക്കാരിൽ നിന്നും പൊലീസിന് ലഭിച്ച വിവരം.

ഇതിനിടെയാണ് മഞ്ജുളയ്ക്ക് മുമ്പ് വിവാഹ നിശ്ചയം നടന്നിരുന്നെന്നും പ്രതിശ്രുത വരൻ അപകടത്തിൽ മരണപ്പെട്ടതായും ബന്ധു അരുണിന്റെ വീട്ടുകാരെ അറിയിക്കുന്നത്. പിന്നാലെ വീട്ടുകാർ ജോത്സ്യനെ കണ്ടെന്നും വിവാഹം നടന്നാൽ കുടുംബത്തിലെ ഒരംഗത്തിന് ജീവഹാനി ഉണ്ടാവുമെന്ന് ഇയാൾ വെളിപ്പെടുത്തിയെന്നുമാണ് നാട്ടിൽ പ്രചരിച്ചിട്ടുള്ള വിവരം.

ഇതുമൂലം അന്ധവിശ്വസത്തിന്റെ നിറവിൽ കഴിഞ്ഞിരുന്ന കുടുംബം അരുണിനോട് വിവാഹത്തിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടെന്നും തുടർന്ന് അരുൺ വിവരം മഞ്ജുളയുമായി പങ്കുവച്ചിരിക്കാമെന്നും ഒന്നച്ച് ജീവിക്കാൻ കഴിയുന്നില്ലങ്കിൽ മരിക്കാമെന്ന ധാരണയിൽ ഇരുവരും കാറിൽ യാത്ര പുറപ്പെട്ടിരിക്കാമെന്നാണ് പ്രദേശവാസികളിൽ ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. വരും ദിവസങ്ങളിലെ തെളിവെടുപ്പിന് ശേഷമേ ഇത് സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്താനാവു എന്നാണ് ഉദമൽപെട്ട പൊലീസിന്റെ നിലപാട്.