കാസർകോഡ്: ചീമേനിയിലെ ജാനകി ടീച്ചറെ ശിഷ്യർ കൊലപ്പെടുത്തിയ കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.ഗൾഫിൽ നിന്ന് പ്രവാസി മലയാളികൾ പിടികൂടി നാട്ടിലെത്തിച്ച കൊലയുടെ സൂത്രധാരനും, മുഖ്യപ്രതിയുമായ അരുണിന്റെ മൊവിയാണ് പുറത്തുവന്നത്. കൊല നടന്ന നാൾ താൻ കാമുകിയുടെ വീട്ടിലായിരുന്നുവെന്നാണ് അരുൺ പൊലീസിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്.

നാട്ടുകാരിൽ പലരെയും പൊലീസ് ചോദ്യംചെയ്യുന്ന കൂട്ടത്തിൽ പ്രതികൾ മൂന്നുപേരുമുണ്ടായിരുന്നു. കൊല നടന്ന ഡിസംബർ 13-ന് രാത്രി എവിടെയായിരുന്നെന്ന് ചോദിച്ചപ്പോഴാണ് അരുൺ ഇങ്ങനെ പറഞ്ഞത്. സംശയം തോന്നിയവരുടെ പട്ടിക പൊലീസ് ആദ്യം തയ്യാറാക്കിയിരുന്നു. ഒൻപതുപേരാണ് അതിലുണ്ടായിരുന്നത്. പ്രതികളായ അരുണും വിശാഖും റെനീഷും ഈ പട്ടികയിലുണ്ടായിരുന്നു.

താൻ വീട്ടിൽതന്നെ ഉണ്ടായിരുന്നെന്നാണ് വിശാഖ് നൽകിയ മൊഴി. ഉത്സവം കഴിഞ്ഞ് പാതിരാത്രിയോടെ താൻ വീട്ടിലെത്തിയെന്ന് റെനീഷും പറഞ്ഞു. ആദ്യാവസാനം പ്രതികളെ തിരയാനും മറ്റും പൊലീസിനും നാട്ടുകാർക്കുമൊപ്പം നിന്നതിനാൽ ഇവരെ കുറിച്ച് അധിക സംശയം നാട്ടുകാർക്കും അന്വേഷണ ഉദ്യോഗസ്ഥർക്കുമുണ്ടായിരുന്നില്ല. സംഭവം നടക്കുന്ന സമയത്ത് പ്രതികളുടെ മൊബൈൽഫോൺ സ്വിച്ച് ഓഫ് ആയിരുന്നില്ല. അതേസമയം ഫോൺകോളുകൾ വന്നിട്ടുമില്ല. കൊല നടന്നതിന്റെ പിറ്റേനാൾ നാട്ടുകാരുടെ തിരച്ചിലിനൊപ്പം ഇല്ലാതിരുന്നതിനാൽ, വിശാഖിനെയാണ് ആദ്യം സംശയിച്ചത്.

വിശാഖിന്റെ സുഹൃത്തുക്കളാണ് അരുണും റനീഷും എന്നതിനാലും ഇവരെയും സംശയിച്ചു. വിരലടയാളമെടുക്കാൻ വരാതിരുന്നതിനാൽ പൊലീസിന്റെ സംശയം ഇരട്ടിച്ചു. സിനിമയ്ക്ക് പോയതിനാലാണ് വിരലടയാള ക്യാമ്പിൽ പങ്കെടുക്കാതിരുന്നതെന്നായിരുന്നു അരുണിന്റെ മൊഴി. ക്യാമ്പിൽ വരാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് റെനീഷും വിശാഖും പൊലീസിനെ തക്കതായ കാരണങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്തു. സംശയം മാറാത്തതുകൊണ്ട് ഒൻപതംഗപട്ടികയിൽ ഈ മൂന്നുപേരെയും പൊലീസ് ഉൾപ്പെടുത്തി.

രാത്രി 9.30 ഓടെയാണ് കളത്തേരവീട്ടിൽ പ്രതികളെത്തിയത്. വാതിൽ തുറന്നയുടൻ കൃഷ്ണന്മാഷെ ചവിട്ടി നിലത്തിട്ടു. ജാനകി ടീച്ചറെ വലിച്ചിഴച്ചു. പവിത്രമോതിരവും പണവും താഴത്തെ മേശവലിപ്പിൽ നിന്ന് കിട്ടി. മുകളിലത്തെ മുറിയിലെ ഷെൽഫിലായിരുന്നു സ്വർണം. ഷെൽഫിന്റെ അടിഭാഗത്തെ ലോക്കറിലാണ് അവ സൂക്ഷിച്ചിരുന്നത്. കത്തികൊണ്ട് ഇളക്കി ലോക്കർ പൊട്ടിക്കുകയായിരുന്നു. കൃത്യം നിർവഹിച്ചശേഷം പുഴയ്ക്കരികിലേക്ക് പോയി. ഇവിടെ കുറേ സമയം ഇരുന്നു. ഇവർ പോയ വഴിയിലൂടെ പിന്നീട് പൊലീസ് നായ മണം പിടിച്ച് പോയിരുന്നു. കത്തി വലിച്ചെറിഞ്ഞ് കാലുംമുഖവും കഴുകിയശേഷം മാസ്‌ക് ഒരിടത്തും സ്വർണവും പണവും മറ്റൊരിടത്തും ഒളിപ്പിച്ചു. അതിനുശേഷമാണ് മൂന്നുപേരും വീടുകളിലേക്ക് പോയത്.

നാട്ടിൽ നിന്ന് പൊലീസ് നൽകിയ വിവരമനുസരിച്ച് പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരിന്റെ ഇടപെടലോടെയാണ് ബഹ്റൈൻ പ്രവാസിയായ അരുൺ കരുണാകരൻ എന്ന പ്രതി സ്വമേധയാ കീഴടങ്ങുകയും നാട്ടിലേയ്ക്ക് തിരിക്കുകയും ചെയ്തത്.

ഇദ്ദേഹം ബഹ്റൈനിൽ ഉണ്ടെന്ന വിവരം ലഭിച്ചതിന് ശേഷം പ്രതിയുമായി സുബൈർ കണ്ണൂർ സംസാരിക്കുകയും തുടർന്ന് തന്റെ കുറ്റം അരുൺ ഏറ്റ് പറയുകയുമായിരുന്നു. ഇന്നലെ എയർ ഇന്ത്യ വിമാനത്തിലാണ് അരുണിനെ നാട്ടിലേയ്ക്ക് അയച്ചത്. സുബൈർ കണ്ണൂരും നാട്ടിലേയ്ക്ക് തിരിച്ചിട്ടുണ്ട്. ബഹ്റൈനിൽ രണ്ട് വർഷത്തോളമായി പ്രവാസിയാണ് അരുൺ. നവംബറിൽ നാട്ടിലേയ്ക്ക് അവധിക്ക് പോയപ്പോഴാണ് അരുൺ കൊലപാതകം നടത്തിയത്. അവധി കഴിഞ്ഞ് ഫെബ്രുവരി ആദ്യവാരമാണ് അരുൺ തിരികെ ബഹ്റൈനിലെത്തിയത്.

കൊലപാതകത്തിന് പത്ത് ദിവസം മുൻപും ഇവർ പുലിയന്നൂരിലെ കളത്തേര വീട്ടിൽ കവർച്ചയ്ക്കെത്തിയിരുന്നുവെന്നാണ് പൊലീസിന് നൽകിയ മൊഴിയിൽ ആദ്യ രണ്ട് പ്രതികൾ പറഞ്ഞത്. അന്ന് റോഡിൽ ആളനക്കം കണ്ട് പിന്മാറുകയും മറ്റൊരു വഴിയിലൂടെ രക്ഷപ്പെടുകയുമായിരുന്നു. എന്നാൽ കൃത്യമായ കരുനീക്കത്തോടെയാണ് രണ്ടാം ശ്രമത്തിൽ കവർച്ചയും കൊലപാതകവും നടത്തിയത്.