കൊച്ചി: കൊച്ചിയിൽ വാഹനാപകടത്തെ തുടർന്ന് മരിച്ച ചെറുപ്പക്കാരന്റെ അവയവങ്ങൾ ഏഴുപേരുടെ വീട്ടിൽ പുതുജീവനായി. മസ്തിഷ്‌ക മരണം സംഭവിച്ച ആലുവ വേങ്ങൂർക്കര അംബേദ്കർ കോളനി ചേരാമ്പിള്ളിൽ വീട്ടിൽ അരുൺരാജിന്റെ (29) അവയവങ്ങളാണ് ഏഴുപേരുടെ ജീവന് രക്ഷയായത്. രാജൻ സീത ദമ്പതികളുടെ മകനാണ് അരുൺരാജ്.

ഏഴ് പേർക്ക് പുതിയ ജീവിതം സമ്മാനിച്ച അരുൺരാജിന്റെ ഹൃദയം, കരൾ, രണ്ടു വൃക്കകൾ, രണ്ടു കൈകൾ, പാൻക്രിയാസ്, രണ്ടു കണ്ണുകൾ എന്നിവയാണ് ദാനം ചെയ്തത്. മൃതസഞ്ജീവനി വഴി ഇത്രയും അവയവങ്ങൾ ഒന്നിച്ച് ദാനം ചെയ്യുന്നത് ഇതാദ്യമാണ്. വേദനയ്ക്കിടയിലും ഇത്രയും പേർക്ക് ജീവിതം നൽകാൻ തയ്യാറായ അരുൺരാജിന്റെ കുടുംബത്തിന്റെ തീവ്ര ദുഃഖത്തിൽ പങ്കുചേർന്നു. ജാതിമതത്തിനും ഭാഷയ്ക്കും ദേശത്തിനും അതീതമായി മാറി എന്നതും ഈ അവയവദാനത്തിന്റെ പ്രത്യേകതയാണ്.

വേദനയ്ക്കിടയിലും ഇത്രയും പേർക്ക് ജീവിതം നൽകാൻ തയ്യാറായ അരുൺരാജിന്റെ കുടുംബത്തിന്റെ തീവ്ര ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ പറഞ്ഞു. ജാതിക്കും, മതത്തിനും, ഭാഷയ്ക്കും, ദേശത്തിനും അതീതമായി മാറി എന്നതും ഈ അവയവദാനത്തിന്റെ പ്രത്യേകതയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മസ്തിഷ്‌ക മരണം സംഭവിച്ചത് നിയമപ്രകാരം സ്ഥിരീകരിച്ചതോടെ ആശുപത്രി അധികൃതർ കേരള സർക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൺ ഷെയറിങ് (KNOS) അഥവാ മൃതസജ്ജീവനിയുമായി ബന്ധപ്പെടുകയായിരുന്നു. മുൻഗണനാ ക്രമത്തിൽ അവയവ സ്വീകർത്താക്കളെ മൃതസഞ്ജീവനി കണ്ടെത്തുകയായിരുന്നു.

ഒരു വൃക്ക കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിക്കും കൈകൾ അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കും, കരൾ അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള പത്തനംതിട്ട സ്വദേശിക്കും, ഒരു വൃക്ക, പാൻക്രിയാസ് എന്നിവ അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള എറണാകുളം സ്വദേശിക്കുമാണ് ലഭിച്ചത്. കണ്ണുകൾ ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ രോഗികൾക്കാണ് നൽകുന്നത്.

കേരളത്തിൽ അനുയോജ്യരായവരെ കണ്ടെത്താത്തതിനെ തുടർന്ന് ഹൃദയം ചെന്നൈ ഫോർട്ടിസ് മലർ ആശുപത്രിയിലെ 19കാരനാണ് നൽകിയത്. തമിഴ്‌നാട് സർക്കാരിന്റെ അവയവദാന ഏജൻസിയുമായി (TRANSTAN) ബന്ധപ്പെട്ടാണ് കണ്ടെത്തിയത്. അടിയന്തിര സൗകര്യങ്ങൾ ഒരുക്കി വിമാനത്താവളത്തെത്തിച്ച് ഹൃദയം ചെന്നൈയിലേക്ക് കൊണ്ടുപോവുകയായിരുന്നു.