ന്യൂഡൽഹി: ആരുഷി തൽവാർ വധക്കേസിൽ മാതാപിതാക്കളായ രാജേഷ് തൽവാർ നൂപുർ തൽവാർ എന്നിവരെ അലഹാബാദ് ഹൈക്കോടതി വെറുടെവിട്ടുവെങ്കിലും ഇരുവർക്കും പുറത്തിറങ്ങാനായില്ല. വെറുതെ വിട്ടുകൊണ്ടുള്ള വിധിപ്പകർപ്പ് ജയിലിൽ എത്താത്തതിനെ തുടർന്നാണ് തൽവാർ ദമ്പതികളുടെ ജയിൽവാസം നീളുന്നത്. യു.പിയിലെ ദസ്ന ജയിലിലാണ് തൽവാർ ദമ്പതികളെ പാർപ്പിച്ചിരിക്കുന്നത്. ഇവരെ മോചിപ്പിക്കുന്നതിന് അഹലാബാദ് ഹൈക്കോടതിയുടെ ഉത്തരവ് ദസ്ന ജയിലിൽ എത്തേണ്ടതുണ്ട്.

വ്യാഴാഴ്ചയാണ് കേസിൽ ഹൈക്കോടതി വിധി വന്നത്. ഇന്ന് വിധിപ്പകർപ്പ് ജയിലിൽ എത്തിയില്ല. ഇനി നാളെയും മറ്റന്നാളും ശനി, ഞായർ അവധി ദിവസങ്ങളായതിനാൽ തിങ്കളാഴ്ച വരെ തൽവാർ ദമ്പതികൾക്ക് ജയിലിൽ തുടരേണ്ടി വരും. ഫാക്സ്, ഇമെയിൽ മുഖേന വരുന്ന വിധിപ്പകർപ്പ് ജയിൽ അധികൃതർ സ്വീകരിക്കില്ല. വിധിപ്പകർപ്പിന്റെ ഒറിജിനൽ തന്നെ ജയിലിൽ എത്തിയാൽ മാത്രമേ തടവുകാരെ മോചിപ്പിക്കൂ എന്നാണ് ജയിൽ അധികൃതരുടെ നിലപാട്

വിധിപ്പകർപ്പ് എത്താൻ വൈകുന്നത് കോടതിയുടെ വീഴ്ചയാണെന്നും ജയിൽ അധികൃതർ ചൂണ്ടിക്കാട്ടുന്നു. തൽവാർ ദമ്പതികളുടെ മകൾ ആരുഷി, വീട്ടുജോലിക്കാരൻ ഹോംരാജ് എന്നിവരുടെ കൊലപാതകക്കേസിലാണ് ഇരുവരേയും വെറുതെവിട്ടത്. ആരുഷിയെ നോയിഡയിലെ വീട്ടിൽ കിടപ്പുമുറിയിലും ഹേംരാജിനെ വീടിന്റെ ടെറസിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തെളിവില്ലാത്ത കേസിൽ സംശയത്തിന്റെ ആനുകൂല്യം നല്കിയാണ് ഇവരെ വെറുതേ വിട്ടത്.