തിരുവനന്തപുരം: അരുവിക്കരയിൽ ജി കാർത്തികേയന് അനുകൂലമായ സഹാതാപ തരംഗം ഉണ്ടാകില്ലെന്ന കണക്കൂകൂട്ടലിലാണ് സിപിഐ(എം). സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം അനുകൂലമാക്കാൻ നേരത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങുകയാണ് സിപിഐ(എം). സാധാരണ തിരുവനന്തപുരത്ത് ഇത്തരം പ്രവർത്തനങ്ങളുടെ ചുമതല ജില്ലയിൽ നിന്നുള്ള പ്രധാന സംസ്ഥാന സമിതി അംഗമായ എം വിജയകുമാറിനെ ഏൽപ്പിക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ അതുണ്ടായില്ല. മറിച്ച് ആനാവൂർ നാഗപ്പനെയാണ് തെരഞ്ഞെടുപ്പിന് മുന്നോടിയാള്ള്ള പ്രവർത്തനങ്ങളുടെ ഏകോപന ചുമതല ഏൽപ്പിക്കുന്നത്. സാധാരണ ഗതിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷവും ആനാവൂരിന് തന്നെയാകും മേൽനോട്ട ചുമതല.

അരുവിക്കരയിലെ സ്ഥാനാർത്ഥിയായി സ്പീക്കറായിരുന്ന വിജയകുമാർ എത്തുമെന്നതിന്റെ സൂചനയായി സംഘടനാ ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള മുതിർന്ന നേതാവിന്റെ മാറ്റി നിർത്തലിനെ വിലയിരുത്തുന്നു. അരുവിക്കരയിൽ നിന്നുള്ള വികെ മധുവിനെ സ്ഥാനാർത്ഥിയാക്കാൻ ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന് താൽപ്പര്യമുണ്ടെങ്കിലും അത് നടക്കില്ലെന്നാണ് സൂചന. അരുവിക്കരയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന നേതൃത്വം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. വിജയകുമാറിന് തന്നെയാണ് മുൻതൂക്കം. രാഷ്ട്രീയ സാഹചര്യങ്ങൾ സസൂക്ഷ്മം പരിശോധിച്ചാകും തീരുമാനം എടുക്കുക.

ഈ 24ന് തന്നെ അരുവിക്കര തെരഞ്ഞെടുപ്പ് കമ്മറ്റിയെ സിപിഐ(എം) നിശ്ചയിക്കും. ബൂത്തു തല പ്രവർത്തനങ്ങളും സജീവമാക്കും. പ്രമുഖ നേതാക്കൾ തന്നെ ഇതിനായി എത്തും. പാർട്ടി കോൺഗ്രസ് കഴിയുന്നതോടെ മുഴുവൻ സമയ പ്രവർത്തനത്തിലേക്ക് സിപിഐ(എം) കടക്കും. വർഷങ്ങളായി ആർഎസ്‌പിയാണ് അരുവിക്കരയിൽ ഇടതു പക്ഷത്തിനായി മത്സരിക്കുന്നത്. സ്വന്തം ചിഹ്നത്തിൽ വോട്ട് ചെയ്യാൻ കഴിയാത്ത സിപിഎമ്മുകാർ അതുകൊണ്ട് തന്നെ ആവേശത്തിലാണെന്നാണ് സിപിഐ(എം) നേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാൽ കാർത്തികേയന്റെ ഭാര്യ ഡോക്ടർ എംടി സുലേഖ സ്ഥാനാർത്ഥിയായി നിന്നാൽ മത്സരം കടുക്കുമെന്ന് സിപിഐ(എം) കണക്കുകൂട്ടുന്നുമുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥിയിൽ വ്യക്തത വന്നാൽ മാത്രമേ അതുകൊണ്ട് തന്നെ മത്സരിക്കേണ്ടത് ആരെന്ന കാര്യത്തിൽ സിപിഐ(എം) നിലപാട് പ്രഖ്യാപിക്കൂ.

അതിനിടെ കോൺഗ്രസിൽ തർക്കം രൂക്ഷമാണ്. നെയ്യാറ്റിൻകരയിൽ പാർട്ടിക്കാരനല്ലാത്ത സെൽവരാജ് മത്സരിച്ചു. തിരുവനന്തപുരം ലോക്‌സഭയിൽ ശശി തരൂരിനെ കെട്ടിയിറക്കി. വട്ടിയൂർക്കാവിലെ കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വവും ജില്ലാ നേതൃത്വത്തിന്റെ അറിവോടെയല്ല. ഇനി അരുവിക്കരയിൽ കൂടി ജില്ലയിൽ പാർട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നതവരെ തഴയുന്നത് ശരിയല്ലെന്നാണ് ഡിസിസിയുടെ നിലപാട്. കെപിസിസി യോഗത്തിൽ ഡിസിസി പ്രസിഡന്റ് കെ മോഹൻകുമാർ ഉയർത്തിയ വികാരം ജില്ലാ തലത്തിലെ മറ്റ് നേതാക്കളും ഏറ്റെടുത്തിട്ടുണ്ട്. ഇതോടു കൂടി സുലേഖയെ സ്ഥാനാർത്ഥിയാക്കിയാൽ തിരിച്ചടി കിട്ടുമെന്ന ഭയം കോൺഗ്രസിൽ സജീവമാണ്.

എന്നാൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മനസ്സ് സുലേഖയ്ക്ക് അനുകൂലമാണ്. കാർത്തികേയന് വ്യക്തിപരമായ ബന്ധങ്ങളുള്ള മണ്ഡലമായതിനാൽ അനുകൂല തരംഗം സുലേഖയ്ക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ജില്ലാ നേതാക്കളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി സുലേഖയെ സ്ഥാനാർത്ഥിയാക്കാനാണ് നീക്കം. എന്നാൽ പലകോണുകളിൽ നിന്ന് എതിർപ്പുള്ളതിനാൽ മത്സരത്തിന് സുലേഖ വഴങ്ങില്ലെന്നും സൂചനയുണ്ട്.