തിരുവനന്തപുരം: കേരളം വീണ്ടും ഉപതെരഞ്ഞെടുപ്പിലേക്ക്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം സ്‌ഫോടനാത്മകമാകുമ്പോഴാണ് സ്പീക്കർ കാർത്തികേയന്റെ അകാല വിയോഗം രാഷ്ട്രീയ പോരാട്ടത്തിന് വേദിയൊരുക്കുന്നത്. കോൺഗ്രസിന് സിറ്റിങ് സീറ്റാണ് അരുവിക്കര. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അരുവിക്കരയിലേത് അഭിമാന പോരാട്ടമാകും. പക്ഷേ അരുവിക്കരയിലെ മണ്ണ് ഇടതുപക്ഷ രാഷ്ട്രീയത്തിന് അനുകൂലമാണ്. ആർഎസ്‌പിയുടെ കെ പങ്കജാക്ഷൻ ഇടത് കോട്ടയാക്കി മാറ്റിയ ആര്യനാടിന്റെ പുതിയ രൂപമായ അരുവിക്കരയെ വലതു പക്ഷത്തുറപ്പിച്ചത് കാർത്തികയേന്റെ വ്യക്തിപ്രഭാവമാണ്. അതുകൊണ്ട് തന്നെ ഇടത് കോട്ടയാക്കി അരുവിക്കരയെ വീണ്ടും മാറ്റാൻ സിപിഐ(എം) എത്തുമെന്നും ഉറപ്പാണ്.

അരുവിക്കരയെ സിപിഐ(എം) പ്രതീക്ഷയോടെ കാണുന്നതിനും കാരണമുണ്ട്. ആർഎസ്‌പിയാണ് എന്നും ആര്യനാട് മത്സരിച്ചിരുന്നത്. മണ്ഡലം അരുവിക്കരയായതോടെ ഇടതുമുന്നണി ആർഎസ്‌പിക്ക് വീണ്ടും സീറ്റ് നൽകി. പങ്കജാക്ഷന്റെ മരണത്തോടെയും ആർഎസ്‌പിയിലെ പിളർപ്പും ഈ പാർട്ടിയുടെ തിരുവനന്തപുരത്തെ സ്വാധീനത്തിന് വലിയ കുറവുണ്ടാക്കി. അതുകൊണ്ട് തന്നെ പങ്കജാക്ഷന് ശേഷം മികച്ചൊരു എതിരാളി പോലും കാർത്തികേയന് കിട്ടിയില്ല. പ്രതാപവുമായി ചന്ദ്രചൂഡൻ മത്സരിക്കാൻ എത്തിയപ്പോൾ സിപിഐ(എം) പാലവും വലിച്ചു. എല്ലാത്തിനുമപരി കാർത്തികേയന്റെ വ്യക്തി പ്രഭാവം കൂടിയപ്പോൾ കാര്യങ്ങൾ ഇടതിന് എതിരായി. ഇതൊന്നും ഇനി അവർക്കുമുന്നിൽ ഇല്ല.

ആർഎസ്‌പി ഇടതു പക്ഷം വിട്ട് യുഡിഎഫിലെത്തി. അതുകൊണ്ട് തന്നെ പകുതി പ്രശ്‌നം തീർന്നു. ഉപതെരഞ്ഞെടുപ്പിന്റെ റിസ്‌ക് അറിയാവുന്നതിനാൽ സിപിഐയും ഇറങ്ങില്ല. പ്രത്യേകിച്ച് തിരുവനന്തപുരം ലോക്‌സഭയിൽ ബെനറ്റ് എബ്രഹാമിന്റെ സ്ഥാനാർത്ഥിത്വവും കോഴ വിവാദവും കൊഴുത്തതിനാൽ കൈപൊള്ളിക്കാൻ സിപിഐ എത്തില്ല. മറ്റ് ഘടകക്ഷികൾക്ക് സീറ്റ് ചോദിക്കാൻ എടുത്തു പറയാനായി അരുവിക്കരയിൽ ഒന്നുമില്ല. അതിനാൽ അരുവിക്കര സിപിഎമ്മിന് സ്വന്തമാകും. കാട്ടക്കട, വിതുര, ആര്യനാട് മേഖലകളിൽ വ്യാപിക്കുന്നതാണ് അരുവിക്കര മണ്ഡലം. ചിറയൻകീഴ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ എ സമ്പത്തിന് വൻഭൂരിപക്ഷമാണ് ഇവിടെ നിന്നും ലഭിച്ചത്. അതുകൊണ്ട് തന്നെ കാർത്തികേയന്റെ മരണമുയർത്തുന്ന സഹതാപ തരംഗത്തിലും ജയിക്കാമെന്ന വിശ്വാസം സിപിഎമ്മിനുണ്ട്. കാർത്തികേയൻ രോഗശയ്യയിലായപ്പോഴെ സ്ഥാനാർത്ഥി ചർച്ചകളും തുടങ്ങി.

പ്രധാനമന്ത്രിയായി നരേന്ദ്ര മോദി എത്തിയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിനാണ് കേരളം നോട്ടമിടുന്നത്. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ ഒ രാജഗോപാലിനെ നിറുത്തി 30,000 വോട്ടാണ് ബിജെപി നേടിയത്. സംസ്ഥാനത്തെ മുഴുവൻ സംഘടനാ സംവിധാനവും നെയ്യാറ്റിൻകരിയിൽ കേന്ദ്രീകരിച്ചാണ് ഇത് സാധ്യമാക്കിയത്. ഈ തന്ത്രം അരുവിക്കരയിലും ബിജെപി പരീക്ഷിക്കും. ശ്ക്തനായ സ്ഥാനാർത്ഥിയും എത്തിയേക്കും. തിരുവനന്തപുരത്ത് ഏറെ സ്വാധീനമുള്ള രാജഗോപാലിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ഒരു വിഭാഗം വാദിക്കും. പക്ഷേ പ്രായത്തിന്റെ ആകുലതകളുള്ളതിനാൽ രാജഗോപാൽ മത്സരിക്കാൻ എത്തില്ലെന്നാണ് സൂചന. കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ എന്നീ ബിജെപി നേതാക്കൾക്കൊപ്പം സുരേഷ് ഗോപിയുടെ പേരും പോലും അരുവിക്കരയിലേക്ക് ബിജെപി പരിഗണിക്കാൻ സാധ്യതയുണ്ട്. ത്രികോണ മത്സരത്തിന് കേരളത്തിൽ ഏത് മണ്ഡലത്തിലും ബിജെപിക്ക് കഴിയുമെന്ന് തെളിയിക്കാനുള്ള സാഹചര്യം കൂടിയാണ് അരുവിക്കരയിൽ ബിജെപി കാണുന്നത്.

സാമൂദായിക പരിഗണനകൾക്കപ്പുറമുള്ള രാഷ്ട്രീയ പോരാട്ടമാണ് സിപിഐ(എം) ലക്ഷ്യമിടുന്നത്. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിലും തിരുവനന്തപുരം ലോക്‌സഭയിലും സാമുദായിക പരിഗണനകൾക്ക് മുൻതൂക്കം നൽകിയപ്പോൾ പാർട്ടി ശക്തി കേന്ദ്രങ്ങൾ പോലും കൈവിട്ടു. അതുകൊണ്ട് തന്നെ കരുതലോടെ സ്ഥാനാർത്ഥി നിർണ്ണയമാണ് പരിഗണനയിൽ. പ്രാദേശീകനായ സിപിഐ(എം) നേതാവ് തന്നെ മത്സരിക്കാൻ എത്തും. മുൻ മന്ത്രിയും സ്പീക്കറുമൊക്കെയായിരുന്ന എം വിജയകുമാറിന് തന്നെയാകും പ്രധാന പരിഗണന. പക്ഷേ ജില്ലയിലെ സിഐടിയു നേതാവും അരുവിക്കര മണ്ഡലത്തിൽ നിർണ്ണാക സ്വാധീനവുമുള്ള വികെ മധുവും സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടും. ഡിവൈഎഫ്‌ഐയുടെ സുനിൽകുമാർ, കാട്ടക്കട ശശി, കാട്ടാക്കട ഏര്യാ കമ്മറ്റി സെക്രട്ടരി ഐ.ബി. സതീഷ് എന്നീ പേരുകളും ചർച്ചയാകും.

ഉപതെരഞ്ഞെടുപ്പ് ആയതിനാൽ തന്നെ സംസ്ഥാന രാഷ്ട്രീയത്തിന്റെ മുഴുവൻ ശ്രദ്ധയും അരുവിക്കരയിലെത്തും. അതുകൊണ്ട് ഗ്ലാമറുള്ള വിജയകുമാറിന് സാധ്യത ഏറെയാണ്. അരുവിക്കര മണ്ഡലത്തിൽ ജനിച്ച വിജയകുമാർ ഈ പ്രദേശത്താണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. ജില്ലയിലെ ഏറ്റവും മുതിർന്ന സംസ്ഥാന സമിതി അംഗത്തെ മത്സരത്തിനിറക്കിയാൽ അത് മുൻതൂക്കം നൽകുമെന്ന് സിപിഎമ്മിലെ ഒരുവിഭാഗം കരുതുന്നു. നേരത്തെ കാർത്തികേയനെ തോൽപ്പിച്ച് നിയമസഭയിലെത്തിയ പാരമ്പര്യവും വിജയകുമാറിനുണ്ട്. കാർത്തികേയന് പകരം അതേ നിലവാമുള്ള നേതാവിനെ അരുവിക്കരയിൽ അവതരിപ്പിച്ചെന്ന് പറയുകയും ചെയ്യാം.

പക്ഷേ പ്രാദേശിക വികാരങ്ങൾ വികെ മധുവിന് അനുകൂലമാകും. സുനിൽകുമാറിനും കാട്ടക്കട ശശിക്കും എതിരായ പലഘടകങ്ങളുണ്ട്. സമുദായിക പരിഗണനയ്ക്ക് അപ്പുറമെന്ന് പറയുമ്പോഴും അരുവിക്കരയിൽ നായർ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാണ് താൽപ്പര്യം. അതുകൊണ്ട് കൂടിയാണ് കാട്ടക്കട ഏര്യാകമ്മറ്റി സെക്രട്ടറി കൂടിയായ ഐ ബി സതീഷിന് സാധ്യത കൂടുന്നത്. എസ്എഫ്‌ഐയുടെ ജില്ലയിലെ അമരക്കാരനായി തുടങ്ങിയ സതീഷ് സാമൂഹിക സാംസ്‌കാരിക മേഖലകളിലും ശ്രദ്ധേയനാണ്. അതുകൊണ്ട് കൂടിയാണ് കാട്ടക്കട ഏര്യാ സെക്രട്ടറി പദത്തിലേക്ക് ഐ ബി സതീഷിനെ നേതൃത്വം എത്തിച്ചത്. പ്രാദേശിക നേതൃത്വങ്ങളുടെ വികാരമെല്ലാം കണക്കിലെടുത്താലും സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും തന്നെയാകും അന്തിമമായ തീരുമാനം എടുക്കുക. റിസ്‌ക് എടുക്കാതെ വിജയകുമാറിന് മത്സരിക്കാൻ അവസരമൊരുക്കമെന്നാണ് പൊതുവേ ഉള്ള വിലയിരുത്തൽ.

കാർത്തികേയന്റെ മരണത്തിന്റെ ആഘാതത്തിൽ നിന്ന് കോൺഗ്രസ് നേതൃത്വം മുക്തമല്ല. സഹാതാപ തരംഗത്തിൽ ജയിക്കാമെന്ന വിശ്വാസവുമില്ല. അതിനിടെ കാർത്തികേയന്റെ ഭാര്യ സുലേഖയെ മത്സരിപ്പിക്കണമെന്ന വാദവുമുണ്ട്. കഴിഞ്ഞ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മേയർ സ്ഥാനാർത്ഥിയായ സുലേഖയെ ഉയർത്തിക്കാട്ടാൻ നീക്കം ഉണ്ടായിരുന്നു. എന്നാൽ കാർത്തികേയൻ ഇടപെട്ട് ആ നീക്കം ഇല്ലാതാക്കി. ഈ സാഹചര്യത്തിൽ കൂടിയാണ് സുലേഖയുടെ പേര് ചർച്ചയാവുന്നത്. യുത്ത് കമ്മീഷൻ ചെയർമാൻ രാജേഷ്, വിതുര ശശി തുടങ്ങിയവരും സീറ്റ് നോട്ടവുമായി രംഗത്തുണ്ട്. ആർഎസ്‌പിയും സീറ്റിനായി അവകാശ വാദം ഉന്നയിക്കും.