തിരുവനന്തപുരം: അരുവിക്കരയിൽ തിരഞ്ഞെടുപ്പ് ചൂടു കടുക്കുമ്പോൾ മൂന്നു മുന്നണികളും ഒരുപോലെ ശുഭാപ്തി വിശ്വാസത്തിലാണ്. യുഡിഎഫിനും എൽഡിഎഫിനും ഒരുപോലെ പ്രതീക്ഷ നിലനിർത്തുമ്പോൾ ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാലിന് പ്രതീക്ഷിച്ച മുൻതൂക്കമില്ലെന്നാണ് റിപ്പോർട്ടുകൾ.

തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ മൂന്നു സ്ഥാനാർത്ഥികളും ഒരേ പോലെ മുന്നേറുകയാണ്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ യുഡിഫിന് അനുകൂലമായിരുന്നു അരുവിക്കര മണ്ഡലമെങ്കിൽ ഇക്കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പമായിരുന്നു ഇവിടുത്തെ ജനങ്ങൾ.

2011ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ ആര്യനാട്, വെള്ളനാട്, ഉഴമലയ്ക്കൽ, പൂവച്ചൽ, അരുവിക്കര, കുറ്റിച്ചൽ, വിതുര, തൊളിക്കോട് എന്നീ എട്ട് പഞ്ചായത്തുകളിലും മുന്നിലെത്തിയാണ് ജി കാർത്തികേയൻ എംഎൽഎ ആയത്. ഇപ്പോൾ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ നാലിടത്ത് വീതം യു.ഡി.എഫും എൽ.ഡി.എഫുമാണ് അധികാരത്തിലുള്ളത്. മാസങ്ങൾക്ക് മുമ്പ് നടന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ എട്ടിൽ ആറ് പഞ്ചായത്തുകളും ഇടത് സ്ഥാനാർത്ഥി എ. സമ്പത്ത് നേടി. എന്നാൽ വെള്ളനാട്ടും പൂവച്ചലും മാത്രമാണ് യു.ഡി.എഫ് മുന്നിലെത്തിയത്.

ലോക്‌സഭാ വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫിന്റെ പ്രതീക്ഷ. ആര്യനാട്ടും ഉഴമലയ്ക്കലിലും വിതുരയിലും ശക്തമായ മുന്നേറ്റമുണ്ടാവും. തൊളിക്കോട്ടും അരുവിക്കരയിലും കുറ്റിച്ചലും ലീഡ് കിട്ടും. വെള്ളനാട്ടും പൂവച്ചലും യു.ഡി.എഫിന്റെ ലീഡ് കുറയ്ക്കാനാവുമെന്നും അവർ പറയുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി എം. വിജയകുമാർ ഇതേ നാട്ടുകാരനെന്നത് ഗുണം ചെയ്യുമെന്ന് എൽഡിഎഫ് കരുതുന്നു. സർക്കാരിന്റെ അഴിമതി ഉൾപ്പെടെ ഭരണവിരുദ്ധ വികാരവും മണ്ഡലത്തിൽ നല്ല റോഡോ കുടിവെള്ളമോ സർക്കാർകോളേജോ ഇല്ലെന്ന പ്രചാരണവും ഇവർ ആയുദ്ധമാക്കുന്നു.

കുറ്റിച്ചൽ, പൂവച്ചൽ, അരുവിക്കര, വെള്ളനാട്, തൊളിക്കോട് പഞ്ചായത്തുകളിൽ യു.ഡി.എഫിന് നല്ല ലീഡ് കിട്ടുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്. വിതുരയിലും ആര്യനാട്ടും ഉഴമലയ്ക്കലിലും എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം നിൽക്കുമെന്നും അവർ പറയുന്നു. സഹതാപത്തിൽ ഊന്നിയുള്ള വോട്ടുപിടുത്തമാണ് യുഡിഎഫ് നടത്തുന്നത്. മരിച്ചുപോയ ജി കാർത്തികേയന്റെ മകനെന്ന പരിഗണന നാട്ടുകാർ സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥന് നാട്ടുകാർ നൽകുന്നുണ്ടെന്ന് യുഡിഎഫുകാർ പറയുന്നു. യു.ഡി.എഫ് സർക്കാരിന്റെ വികസന നേട്ടങ്ങളും മുഖ്യമന്ത്രിയുടെ ജനസമ്പർക്കവുമെല്ലാം തുണയ്ക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ബിജെപിയാവട്ടെ വെള്ളനാട്, ഉഴമലയ്ക്കൽ, കുറ്റിച്ചൽ പഞ്ചായത്തുകൾ പൂർണമായി തങ്ങളെ തുണയ്ക്കുമെന്ന അവകാശവാദത്തിലാണ്. വീരണകാവ് മേഖലയിലെ ബിജെപിയുടെ സ്വാധീനം പൂവച്ചൽ പഞ്ചായത്തിലും ലീഡ് സമ്മാനിക്കുമെന്നും, വിതുരയിൽ രണ്ടാം സ്ഥാനത്തെത്തുമെന്നും തൊളിക്കോട്ട് മൂന്നാം സ്ഥാനത്തേക്ക് പോയേക്കാമെന്നും അവർ വിലയിരുത്തുന്നു. ഇരുമുന്നണികളിൽ നിന്നും വൻതോതിലുള്ള വോട്ട്‌ചോർച്ചയും ബിജെപി പ്രതീക്ഷിക്കുന്നു. ജനകീയ പ്രതിച്ഛായയുള്ള ഒ. രാജഗോപാലിലാണ് ബിജെപിയുടെ പ്രതീക്ഷ. കേന്ദ്രമന്ത്രിയായിരിക്കെ കേരളത്തിനായി ചെയ്ത സേവനങ്ങൾ, അഴിമതി വിരുദ്ധ വികാരം, ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര ഭരണം എന്നിവയും തുണയ്ക്കുമെന്ന് ബിജെപി കരുതുന്നു.