തിരുവനന്തപുരം: അഴിമതി നിരോധന നിയമം അനുസരിച്ച് ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യ നേതാവാണ് പിസി ജോർജ്ജ്. കൃത്യമായ രാഷ്ട്രീയ അജണ്ടയോടെ മാണിയെ വിമർശിച്ച് രംഗത്തിറങ്ങിയ ജോർജ്ജ് പക്ഷേ, ഒരു വിഭാഗം മാദ്ധ്യമപ്രവർത്തകരുടെ പിന്തുണയോടെ പെട്ടന്നാണ് കേരളത്തിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ മുഖമായി മാറിയത്. കടലാസ് സംഘടനയുടെ പേരിൽ രാഷ്ട്രീയ പാർട്ടികളെ മുൾമുനയിൽ നിർത്തി കാര്യങ്ങൾ സാധിച്ചിരുന്ന വിഷ്ണുപുരം ചന്ദ്രശേഖരൻ എന്ന സമുദായ നേതാവിനെ കൂടെ കൂട്ടി അരുവിക്കരയിൽ മത്സരിക്കാൻ പിസി ജോർജ് ഇറങ്ങിയത് യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിച്ച് ഇടത് മുന്നണിക്ക് വിജയം ഉണ്ടാക്കി അതുവഴി ഇടത് മുന്നണിയിൽ കയറിപ്പറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. എന്നാൽ അരുവിക്കര ജനങ്ങൾ ആ കാപട്യത്തിന് കനത്ത തിരിച്ചടിയാണ് നൽകിയത്.

നാടാർ വോട്ടുകൾ പോലും സ്വന്തമാക്കാൻ പിസി ജോർജ്ജിന്റെ സ്ഥാനാർത്ഥിയായ കെ ദാസിന് കഴിഞ്ഞില്ല. 1197 വോട്ട് മാത്രമാണ് കെ ദാസ് നേടിയത്. ജനകീയ വോട്ടെടുപ്പ് നടത്തി ജോർജ് കണ്ടെത്തിയ സ്ഥാനാർത്ഥിയാണ് ഇത്. സ്ഥാനാർത്ഥിയെ നിശ്ചയിക്കാനായി നടത്തിയ വോട്ടെടുപ്പിൽ ദാസിന് കിട്ടിയ വോട്ടുകൾ പോലും ഇപ്പോഴില്ല. ഇതിലെ പൊള്ളത്തരമാകും ജോർജിന് കേരള രാഷ്ട്രീയത്തിൽ ഇനി തിരച്ചടികൾ നൽകുക. ഒരു തരത്തിലും സ്വാധീനമുണ്ടാക്കാൻ ജോർജിനായില്ല. പള്ളികളുടെ ഇടപെടലാണ് എല്ലാത്തിന് കാരണമെന്ന് ജോർജ് വിശദീകരിച്ചേക്കാം. എന്നാൽ രണ്ടായിരം വോട്ട് പോലും നേടാനായില്ലെന്നത് ദയനീയ ചിത്രം തന്നെയാണ്. പിസി ജോർജ് മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് പ്രചരണത്തിന് ചുക്കാൻ പിടിച്ചത്. നാടാർ മേഖലകളിൽ പോലും ഇതൊന്നും ഗുണം ചെയ്തില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്.

അരുവിക്കരയിലും കുറ്റിച്ചലിലും പൂവച്ചലിലും നേട്ടമുണ്ടാക്കുമെന്നായിരുന്നു പിസി ജോർജിന്റെ അവകാശ വാദം. എസ് ഡി പി ഐയുടെ പിന്തുണയോടെ നേടിയ വോട്ടുകൾ മാത്രമാണ് ദാസിന് കിട്ടയതെന്നാണ് യാഥാർത്ഥ്യം. എസ് ഡി പി ഐയുടെ കേഡർ സ്വഭാവമുള്ള വോട്ടുകൾ ദാസിനെ കൈവിട്ടില്ല. ബാർ കോഴയിൽ കെഎം മാണിയുമായി പിണങ്ങി യുഡിഎഫ് വിട്ട് പുറത്തുവന്ന ജോർജിന് വലിയ തരിച്ചടി തന്നെയാണ് ഇത്. ദാസിന് മുകളിൽ നോട്ടയ്ക്ക് വോട്ട് കിട്ടിയെന്നതും ശ്രദ്ധേയമാണ്. അങ്ങനെ ഒന്നാം സ്ഥാനം മോഹിച്ച് സ്ഥാനാർത്ഥിയെ നിറുത്തിയ അഴിമതി വിരുദ്ധ മുന്നണിക്ക് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കെട്ടി വച്ച കാശു പോലും കിട്ടാതെ ജോർജിന്റെ അഴിമതി വിരുദ്ധ മുന്നണിയുടെ ആദ്യ തെരഞ്ഞെടുപ്പ് മത്സരം കണ്ണീർ കഥയായി.

ഇനി ജോർജിന് നിയമസഭാ അംഗത്വവും നഷ്ടമാകുമെന്ന് ഉറപ്പ്. മുൻ ചീഫ് വിപ്പിന് ശക്തമായ തിരിച്ചടി നൽകാൻ ആഗ്രഹിക്കുന്ന കെ എം മാണി ഉടൻ തന്നെ അയോഗ്യനാക്കാനുള്ള അപേക്ഷ സ്പീക്കർക്ക് നൽകും. നിലവിലെ സാഹചര്യത്തിൽ സ്പീക്കർ അത് അംഗീകരിക്കുകയു ചെയ്യും. അങ്ങനെ ദിവസങ്ങൾക്കുള്ളിൽ തന്നെ ജോർജ് എംഎൽഎയുമല്ലാതെയാകും. ഇതിനെതിരെ ജോർജ് കോടതിയെ സമീപിക്കും. അതും തള്ളിയാൽ പിന്നെ രാഷ്ട്രീയ വനവാസമാകും ഫലം. അയോഗ്യത വന്നാൽ അടുത്ത ആറു വർഷം മത്സരിക്കാൻ കഴയില്ല. ഇതോടെ അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയാത്ത സ്ഥിതിയും വന്നു. അങ്ങനെ സംഭവിക്കാതിരിക്കാൻ ഒരു പക്ഷേ അയോഗ്യനാക്കും മുമ്പ് ജോർജ് എംഎൽഎ സ്ഥാനം രാജിവയ്ക്കാനും സാധ്യതയുണ്ട്.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും റവന്യൂ മന്ത്രി അടൂർ പ്രകാശുമായി ചേർന്നാണ് ബാർ കോഴയിൽ മാണിയ്‌ക്കെതിരായ നീക്കങ്ങൾ ജോർജ് തുടങ്ങിയത്. എന്നാൽ പിടിക്കപ്പെട്ടപ്പോൾ ചെന്നിത്തലയും അടൂർ പ്രകാശം കൈവിട്ടു. ഈ സാഹചര്യത്തിലാണ് അരുവിക്കരയിൽ ജോർജ് സ്ഥാനാർത്ഥിയുമായെത്തിയത്. എന്നാൽ ബിജെപിയുടെ സ്ഥാനാർത്ഥി ഒ രാജഗോപാൽ എത്തിയതോടെ എല്ലാം പൊളിഞ്ഞു. ഭരണ വിരുദ്ധ വോട്ടുകൾ ഭിന്നക്കപ്പെട്ടു. സാമുദായിക വോട്ടുകൾ കോൺഗ്രസ് കൈയിലാക്കി. ജോർജിന്റെ സ്ഥാനാർത്ഥിക്ക് വോട്ട് കിട്ടാതിരിക്കാൻ ആവുന്നതെല്ലാം മുഖ്യമന്ത്രി ചെയ്തു. അതിന്റെ ഫലമാണ് അരുവിക്കര തെരഞ്ഞെടുപ്പിൽ ഉണ്ടായത്.

ബിജെപി വോട്ട് പിടിച്ചതുകൊണ്ടാണ് തോൽവിയുണ്ടായതെന്ന് ഇടതു പക്ഷത്തിന് പറയാം. ബേയ്‌സ് വോട്ടുകൾ നഷ്ടമായില്ലെന്നും പറയാം. ബിജെപിക്കും ന്യായങ്ങൾ ഏറെ. പക്ഷേ ഇതൊന്നും ജോർജിന് പറയാനാകില്ല. കാരണം ജോർജിന്റെ എല്ലാ വാദങ്ങളും പൊളിയുകയാണ്. 2000 വോട്ട് പോലും കാടിളക്കി പ്രചരണം നടത്തിയിട്ടും ജോർജിന്റെ സ്ഥാനാർത്ഥിക്കായില്ല. ഇതു തന്നെയാകും കേരള രാഷ്ട്രീയത്തിൽ പിസി ജോർജിന്റെ പ്രസക്തിക്ക് മങ്ങലേൽക്കാനുള്ള കാരണവും