തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി എം.വിജയകുമാറിന് നേരിയ മുൻതൂക്കമെന്ന് പ്രവചനം. സെൻട്രൽ ഫോർ ഇലക്ട്രൽ സ്റ്റഡീസ് നടത്തിയ പോസ്റ്റ് പോൾ സർവ്വേ സൂചനകളുടെ അടിസ്ഥാനത്തിലാണ് നിഗമനം. കൈരളി-പീപ്പിൾ ടിവിയാണ് സർവ്വേ പുറത്തുവിട്ടത്. നാളെ രാവിലെ എട്ട് മണിക്കാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങുന്നത്. അതിന് തൊട്ട് മുമ്പാണ് വിജയകുമാറിന് വിജയം നൽകി സിപിഐ(എം) ആഭിമുഖ്യമുള്ള കൈരളി-പീപ്പിൾ ടിവി സർവ്വെ ഫലം പുറത്തുവിടുന്നത്.

എം.വിജയകുമാർ വിജയിക്കുമെന്ന് 37.8ശതമാനവും യുഡിഎഫ് സ്ഥാനാർത്ഥി കെഎസ് ശബരീനാഥ് വിജയിക്കുമെന്ന് 37.6ശതമാനവും അഭിപ്രായപ്പെടുന്നു. ബിജെപി സ്ഥാനാർത്ഥി ഒ.രാജഗോപാൽ വിജയിക്കുമെന്ന് 17.1ശതമാനവും സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നു. സർവ്വേയിൽ ഒരു ശതമാനം പിശകുണ്ടാവാൻ സാധ്യതയെന്നും പ്രവചനം. മൂന്ന് ശതമാനത്തോളം പേർ സർവ്വേയുമായി സഹകരിച്ചിട്ടുമില്ല. യുഡിഎഫിന് അനുകൂലമായി വർഗ്ഗീയ ധ്രുവീകരണം ഉണ്ടായെന്നാണ് സർവ്വെയുടെ പ്രധാന കണ്ടെത്തൽ. അതുകൊണ്ട് തന്നെ അഴിമതി വിരുദ്ധ വികാരം വേണ്ട വിധത്തിൽ ഇടതുമുന്നണിയെ സഹായിച്ചിട്ടില്ലെന്നാണ് നിഗമനം. പിഡിപിയെ പിന്തുണച്ച വോട്ടർമാർ 0.8ശതമാനവും പിസി ജോർജ്ജ് നേതൃത്വം നൽകുന്ന അഴിമതി വിരുദ്ധ ജനധിപത്യ മുന്നണിക്ക് കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിക്കില്ലെന്നും സർവ്വേ വ്യക്തമാക്കുന്നു.

തൊളിക്കോട് പഞ്ചായത്തിൽ യുഡിഎഫ് മേൽക്കൈ നേടും. ഇവിടെ യുഡിഎഫിന് 39.0ശതമാനവും എൽഡിഎഫിന് 35.5ശതമാനവും പിന്തുണ ലഭിക്കും. ബിജെപിക്ക് തൊളിക്കോട് പഞ്ചായത്തിൽ 15.5% വോട്ടുകിട്ടുമെന്നും സർവ്വേയിൽ വ്യക്തമാകുന്നു. വിതുര പഞ്ചായത്തിൽ യുഡിഎഫിന് 41.9ശതമാനവും എൽഡിഎഫിന് 37.2ശതമാനവും ബിജെപിക്ക് 10.5ശതമാനം പിന്തുണ ലഭിക്കുമെന്നും സർവ്വേ പറയുന്നു. ആര്യനാട് പഞ്ചായത്തിൽ എൽഡിഎഫിനാണ് മുൻതൂക്കം. എൽഡിഎഫിന് 42.9%, യുഡിഎഫിന് 30.4%, ബിജെപിക്ക് 17.9ശതമാനം വോട്ടുകൾ ലഭിക്കും. ഉഴമലക്കൽ പഞ്ചായത്തിൽ എൽഡിഎഫിന് 42.2%, യുഡിഎഫിന് 39.2%, ബിജെപിക്ക് 16.7ശതമാനം പിന്തുണയും ലഭിക്കുമെന്ന് സർവ്വേ വ്യക്തമാക്കുന്നു. പഞ്ചായത്തിൽ ഒരുശതമാനമാളുകൾ നോട്ട രേഖപ്പെടുത്തിയെന്നും സർവേ വ്യക്തമാക്കുന്നു.

വെള്ളനാട് പഞ്ചായത്തിൽ യുഡിഎഫിന് 43.8%, എൽഡിഎഫിന് 32.10%, ബിജെപിക്ക് 12.7ശതമാനവും ലഭിക്കും. അരുവിക്കര പഞ്ചായത്തിൽ എൽഡിഎഫിനാണ് മേൽക്കൈയെന്ന് സിഇഎസ് സർവ്വേ വ്യക്തമാക്കുന്നു. എൽഡിഎഫിന് 42.3%, യുഡിഎഫിന് 31.9%, ബിജെപിക്ക് 18.8ശതമാനവും ലഭിക്കും. പൂവച്ചൽ പഞ്ചായത്തിൽ യുഡിഎഫിന് 36.4%, എൽഡിഎഫിന് 32.3%, ബിജെപിക്ക് 27.1% ലഭിക്കും. കുറ്റിച്ചൽ പഞ്ചായത്തിൽ എൽഡിഎഫിന് 41.8%, യുഡിഎഫിന് 35.7%, ബിജെപിക്ക് 7.9ശതമാനവും ലഭിക്കുമെന്ന് സർവ്വേയിലൂടെ വ്യക്തമാകുന്നു.

ജൂൺ 27, 28 തീയതികളിലാണ് തിരുവനന്തപുരം സെന്റർ ഫോർ ഇലക്ട്രൽ സ്റ്റഡീസ് എന്ന ഗവേഷണ സ്ഥാപനം അഭിപ്രായ സർവേ നടത്തിയത്. തെരഞ്ഞെടുപ്പു കമ്മീഷന്റെ പുതുക്കിയ വോട്ടർപട്ടികയിൽനിന്നുള്ളവരായിരുന്നു ഇവർ. വിവിധ സാമൂഹികശാസ്ത്ര പഠന സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളെയാണ് വിവരശേഖരണത്തിനായി നിയോഗിച്ചത്. സെൻട്രൽ ഫോർ ഇലക്ട്രൽ സ്റ്റഡീസിന്റെ നേതൃത്വത്തിൽ 20,21,22 തീയതികളിൽ നടന്ന അഭിപ്രായസർവ്വേയിൽ നേരിയ ഭൂരിപക്ഷത്തിന് ഇടതുമുന്നണി സ്ഥാനാർത്ഥി വിജയകുമാർ വിജയിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

വിജയകുമാറിന് 37.65ശതമാനം വോട്ടും യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ് ശബരീനാഥിന് 37.25ശതമാനവും ബിജെപി സ്ഥാനാർത്ഥി ഒ.രാജഗോപാലിന് 12.9ശതമാനം വോട്ടും ലഭിക്കുമെന്ന് സിഇഎസ് ഫലങ്ങൾ വ്യക്തമാക്കുന്നു. മറ്റുള്ളവർക്ക് 5.3ശതമാനം വോട്ട് ലഭിക്കുമെന്നുമായിരുന്നു അഭിപ്രായ സർവ്വേയിലെ കണ്ടെത്തൽ.