അരുവിക്കര: രാഷ്ട്രീയ കേരളത്തിന്റെ ഭാവി തന്നെ നിർണ്ണയിക്കുന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ വീറും വാശിയും ഏറിയ പോളിങ്. കനത്ത മഴയെയും അവഗണിച്ച് അരുവിക്കരയിൽ വോട്ടർമാർ ബൂത്തിലെത്തിയപ്പോൾ പോളിങ് ശതമാനം കഴിഞ്ഞ തവണത്തെക്കാൾ ഉയർന്നു. വോട്ടർമാരെ ബൂത്തിലെത്തിക്കാൻ രാഷ്ട്രീയപാർട്ടികൾ മത്സരിച്ചതോടെ പോളിങ് ശതമാനം 76.31ലെത്തി.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രാഥമിക കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രാത്രിയോടെയേ അന്തിമ കണക്കുകൾ പുറത്തുവരികയുള്ളൂ. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 70.21 ശതമാനവും 2014 ലോക്‌സഭാതെരഞ്ഞെടുപ്പിൽ 69.25 ശതമാനവുമായിരുന്നു പോളിങ്. ഇത്തവണ മഴ ശക്തമായിരുന്നിട്ടും പ്രചാരണ രംഗത്തെ ആവേശം വോട്ടെടുപ്പ് ദിനത്തിലും പ്രതിഫലിപ്പിക്കാൻ പാർട്ടികൾക്കും മുന്നണികൾക്കുമായി. സർക്കാരിന്റെ കാലാവധി തീരാൻ ഏതാനും മാസമേ ബാക്കിയുള്ളൂവെങ്കിലും വോട്ടർമാരിൽനിന്നും നല്ല പ്രതികരണമാണ് തെരഞ്ഞെടുപ്പിന് ലഭിച്ചത്.

ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് ആര്യനാട് പഞ്ചായത്തിലാണ് 78.9 ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് തൊളിക്കോട് പഞ്ചായത്തിലും (74.12%). പൂവച്ചൽ- 76.28, വെള്ളനാട്- 76.73, വിതുര- 75.88, ഉഴമലയ്ക്കൽ- 75.54, കുറ്റിച്ചൽ- 74.29, അരുവിക്കര- 77.34 എന്നിങ്ങനെയാണ് മറ്റു പഞ്ചായത്തുകളിലെ വോട്ടിങ് ശതമാനം.

അഞ്ചുമണിയോടെ തന്നെ വോട്ടു രേഖപ്പെടുത്തിയവർ 75 ശതമാനത്തിൽ എത്തിയിരുന്നു. പതിവിന് വിരുദ്ധമായി ഉച്ചയോട് കൂടി തന്നെ 50 ശതമാനത്തിലധികം ആളുകൾ വോട്ട് രേഖപ്പെടുത്തി. എട്ട് പഞ്ചായത്തുകളിലും വോട്ടർമാർ സമ്മതിദാന അവകാശം വിനിയോഗിക്കാൻ ക്യൂ നിൽക്കുന്ന കാഴ്ചയാണ് ഇന്നു കണ്ടത്. കനത്ത മഴ തിരിച്ചടിയായെങ്കിലും വോട്ടർമാരെ പ്രത്യേക വാഹനങ്ങളിലും മറ്റുമായി എത്തിച്ചു. വൈകുന്നേരം മൂന്നരയോടെ നാല് ശതമാനം പോളിംഗാണ് രേഖപ്പെടുത്തിത്. പതിവിന് വിരുദ്ധമായി പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് രാവിലെ കൂടുതലായി വോട്ട് ചെയ്യാനെത്തിയത്.

സമയം അവസാനിച്ചിട്ടും പോളിങ് സ്റ്റേഷനുമുന്നിൽ നൂറിലേരെപ്പേർ കാത്തുനിൽക്കുന്ന കാഴ്ചയും അരുവിക്കര മണ്ഡലത്തിൽ കണ്ടു. വിവിധ പഞ്ചായത്തുകളിലെ ബൂത്തുകളിലെല്ലാം ഈ കാഴ്ച കാണാനുണ്ടായിരുന്നു. യന്ത്രത്തകരാറും വൈദ്യുതി തടസവും പോളിങ്ങ് വൈകുന്നതിന് ഇടയാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. മഴയും വോട്ടിങ്ങിനുണ്ടായ തടസവും പോളിങ് ശതമാനം കുറച്ചാൽ ആരെ ബാധിക്കുമെന്നറിയാതെ ഉഴലുകയാണ് ഇരുപക്ഷവും.

അരുവിക്കര ഉപതെരഞ്ഞെടുപ്പിനിടെ വിതുരയിൽ പോളിങ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണ സംഭവവും ഉണ്ടായി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിതുരയിലെ 32-ാം ബൂത്തിലെ ഉദ്യോഗസ്ഥനാണ് കുഴഞ്ഞു വീണത്. പോളിങ് തടസപ്പെട്ടില്ല. 

രാവിലെ കാര്യമായ മഴ ഇല്ലാതിരുന്നതാണ് രാവിലെ വോട്ടിങ് ശതമാനം കൂടാൻ കാരണമായത്. മഴയില്ലാതിരുന്നതിനാൽ രാവിലെ തന്നെ വോട്ട് ചെയ്യാൻ വോട്ടർമാർ തീരുമാനിക്കുകയായിരുന്നു. ആര്യനാടും വിതുരയിലുമാണ് ഏറ്റവും കൂടുതൽ പോളിങ് നടന്നത്. വെള്ളനാടും തൊളിക്കോടും പിന്നാലെയും. രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങിയപ്പോൾ മുതൽ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ ദൃശ്യമായിരുന്നു. പ്രചാരണത്തിൽ എല്ലാ പാർട്ടികളും കാഴ്ചവച്ച ആവേശം വോട്ടെടുപ്പിലും പ്രതിഫലിക്കുന്നതായാണ് ഉയർന്ന പോളിങ് ശതമാനം തെളിയിക്കുന്നത്. ആദ്യ മൂന്നു മണിക്കൂറിൽ തന്നെ 23 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 74 ാം നമ്പർ ബൂത്തിൽ ഒരു മണിക്കൂർ വോട്ടിങ് തടസ്സപ്പെട്ടു. വോട്ടിങ് യന്ത്രത്തിലെ തകരാറിനെ തുടർന്നാണ് പോളിങ് തടസ്സപ്പെട്ടത്. പിന്നീട് മറ്റൊരു വോട്ടിങ് യന്ത്രം എത്തിച്ചാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.

കെ.എസ്.ശബരീനാഥൻ (യു.ഡി.എഫ്.), എം.വിജയകുമാർ (എൽ.ഡി.എഫ്.), ഒ. രാജഗോപാൽ (ബിജെപി.) എന്നീ പ്രധാന സ്ഥാനാർത്ഥികളിൽ ആർക്കും വ്യക്തമായ ആധിപത്യം നേടാൻ പ്രചരണത്തിൽ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അരുവിക്കരക്കാരുടെ മനസ്സ് എങ്ങനെ എന്നത് വ്യക്തമല്ല. മണ്ഡലത്തിൽ മൂന്ന് സ്ഥാനാർത്ഥികൾക്കും വോട്ടില്ല. എങ്കിലും ബൂത്തുകളിൽ സന്ദർശകരായി ഇവർ എത്തി. സ്ഥാനാർത്ഥികൾ മൂവരും വിജയപ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.

രാത്രി മുഴുവൻ കനത്ത മഴയായിരുന്നെങ്കിലും രാവിലെ മഴ മാറിനിന്നത് വോട്ടർമാർക്ക് ആശ്വാസമായി. എങ്കിലും അന്തരീക്ഷം മൂടിക്കെട്ടിയതായിരുന്നു. ചിലയിടങ്ങളിൽ ചെറുതായി മഴ പെയ്തിരുന്നു. കനത്ത മഴ ഉണ്ടാകുമെന്ന ആശങ്കയിൽ പലരും രാവിലെ തന്നെ വോട്ടു ചെയ്യാനെത്തി. മഴയെ പേടിച്ച് വോട്ടർമാരെ രാവിലെ പോളിങ് ബൂത്തിലെത്തിക്കാൻ രാഷ്ട്രീയ പ്രവർത്തകരും ശ്രമിച്ചു. അത് ആദ്യമണിക്കൂറിലെ പോളിങ് വർദ്ധിക്കുകയായിരുന്നു. ചില മണ്ഡലങ്ങളിൽ സ്ത്രീ വോട്ടർമാരുടെ നീണ്ട നിര കാണാമായിരുന്നു.

അത്യന്തം വാശിയേറിയ പ്രചാരണ കോലാഹലങ്ങൾക്ക് സാക്ഷ്യം വഹിച്ച തിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം മുമ്പത്തെക്കാൾ കുതിച്ചുയരുമെന്ന് തന്നെയാണ് കണക്കുകൂട്ടൽ. ജി.കാർത്തികേയൻ മത്സരിച്ച കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 70.02 ശതമാനമായിരുന്നു പോളിങ്. സംഘർഷ സാധ്യത കണക്കിലെടുത്ത് കേന്ദ്രസേന ഉൾപ്പടെ കനത്ത സുരക്ഷാ സന്നാഹങ്ങൾ ഒരുക്കുകയുമുണ്ടായി. എന്നാൽ കാര്യമായ സംഘർഷം എവിടെയും ഉണ്ടായില്ല. ആകെ 154 ബൂത്തുകളാണുള്ളത്. ആകെ 1,84,223 വോട്ടർമാർ. 97,535 സ്ത്രീകളും 86,688 പുരുഷന്മാരും. കഴിഞ്ഞ തവണ പോൾ ചെയ്തത് 1,16,436 വോട്ട് . ഇത്തവണ ഇതിന് മേൽ ആളുകൾ വോട്ടു ചെയ്യുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. വോട്ടിങ് മെഷീനിൽ ഇതാദ്യമായി ചിഹ്നത്തിന് പുറമെ സ്ഥാനാർത്ഥികളുടെ ചിത്രവും പതിഞ്ഞിട്ടുണ്ടെന്ന കാര്യവും ശ്രദ്ദേശമാണ്. 16 സ്ഥാനാർത്ഥികളും 'നോട്ടോ' ബട്ടണും ഉള്ളതിനാൽ ഓരോ ബൂത്തിലും രണ്ട് വോട്ടിങ് യന്ത്രങ്ങൾ.

ബിജെപി സ്ഥാനാർത്ഥി ഒ.രാജഗോപാൽ വോട്ടിങ് മെഷീനിലെ ആദ്യത്തെ പേരുകാരൻ. സിപിഐ(എം) സ്ഥാനാർത്ഥി എം.വിജയ കുമാർ രണ്ടാമനും കോൺഗ്രസ് സ്ഥാനാർത്ഥി കെ.എസ്.ശബരീനാഥൻ മൂന്നാമനുമാണ്. തിരഞ്ഞെടുപ്പ് ഫലം ആർക്ക് അനുകൂലമായാലും ഭരണതലത്തിലും മുന്നണിതലത്തിലും കാതലായ മാറ്റങ്ങൾ അനിവാര്യമാകും. അതുകൊണ്ടുതന്നെ, തോൽവി ആരും സമ്മതിക്കുന്നില്ല. ഭൂരിപക്ഷത്തിൽ ഏറ്റക്കുറച്ചിലുണ്ടാവുമെങ്കിലും വിജയം സുനിശ്ചിതമെന്ന് ഇരുമുന്നണികളും ബിജെപി.യും തിരഞ്ഞെടുപ്പ് തലേന്നും തറപ്പിച്ചുപറയുന്നു.

ആവനാഴിയിലെ സകല ആയുധങ്ങളും പ്രയോഗിക്കപ്പെട്ട പ്രചാരണം യുദ്ധലക്ഷണങ്ങൾ കാണിച്ചു. യുദ്ധത്തിൽ രണ്ടാംസ്ഥാനം എന്നൊന്നില്ല; സമനിലയുമില്ല. േതാൽവി ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ മരണതുല്യമാണ് മുന്നണികൾക്ക്. അരുവിക്കരയിൽ ആര് ജയിച്ചാലും ആ വിജയത്തിന്റെ പകിട്ട് ഉടനെ മങ്ങില്ല. ആ തിളക്കത്തിൽ ആസന്നമായ തദ്ദേശതിരഞ്ഞെടുപ്പും അടുത്തവർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും തലയെടുപ്പോടെ നേരിടാം.

എൽ.ഡി.എഫിനെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് സിപിഎമ്മിന് ഒരു വിജയം അനിവാര്യമാണ്. 2006ന് ശേഷം ഒരു ഉപതിരഞ്ഞെടുപ്പും മുന്നണിയോ പാർട്ടിയോ വിജയിച്ചിട്ടില്ല. മുൻ ഉപതിരഞ്ഞെടുപ്പുകളിലെ തോൽവികൾക്ക് ജനങ്ങളോട് പറയാൻ, ന്യായങ്ങളുണ്ടായിരുന്നു. ഉൾപ്പാർട്ടി പ്രശ്‌നങ്ങളല്ലാതെ, മറ്റ് പ്രതിസന്ധികളില്ലാതെയാണ് സിപിഐ(എം). തിരഞ്ഞെടുപ്പിനെ അരുവിക്കരയിൽ നേരിടുന്നത്. അതുകൊണ്ട് സിപിഎമ്മിന് ജയിച്ചേ മതിയാവൂ.