- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർത്തികേയനുള്ള അഗാധ സ്‌നേഹം... കുറഞ്ഞ നാളുകൊണ്ട് ശബരി നേടിയ മാന്യത.... ഉമ്മൻ ചാണ്ടിയുടെ കുശാഗ്ര ബുദ്ധി.... രാജഗോപാലിന്റെ സ്ഥാനാർത്ഥിത്വം.... വിഴഞ്ഞത്തെ കുറിച്ചുള്ള വികസന സ്വപ്നം... ശബരിനാഥനെ വിജയിപ്പിച്ചത് അനേകം ഘടകങ്ങൾ
തിരുവനന്തപുരം: രാഷ്ട്രീയമായി യുഡിഎഫിന് മുന്നിൽ വെല്ലുവിളികൾ ഏറെയായിരുന്നു. അതുകൊണ്ട് തന്നെ അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ വിജയം ശബരിനാഥനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കരുത്ത് പകരുന്നതാണ്. വ്യക്തമായ തന്ത്രങ്ങളൊരുക്കി തന്നെയാണ് ശബരിനാഥന്റെ വിജയം അരുവിക്കരയിൽ ഉറപ്പിച്ചത്. സഹതാപത്തിൽ തുടങ്ങി വികസന അജണ്ട വരെ കാര്യങ്ങളെത്തിക്ക
തിരുവനന്തപുരം: രാഷ്ട്രീയമായി യുഡിഎഫിന് മുന്നിൽ വെല്ലുവിളികൾ ഏറെയായിരുന്നു. അതുകൊണ്ട് തന്നെ അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ വിജയം ശബരിനാഥനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കരുത്ത് പകരുന്നതാണ്. വ്യക്തമായ തന്ത്രങ്ങളൊരുക്കി തന്നെയാണ് ശബരിനാഥന്റെ വിജയം അരുവിക്കരയിൽ ഉറപ്പിച്ചത്. സഹതാപത്തിൽ തുടങ്ങി വികസന അജണ്ട വരെ കാര്യങ്ങളെത്തിക്കാൻ യുഡിഎഫിനായി. ഒത്തൊരുമയുടെ സന്ദേശം പ്രചരണത്തിൽ നിറച്ചു. ഇതിനൊപ്പം ഒട്ടേറെ ഘടകങ്ങൾ വന്നുവീഴുകയും ചെയ്തു. ബിജെപി ഒ രാജഗോപാലിനെ സ്ഥാനാർത്ഥിയാക്കിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. സഹതാപവും വികസനവും വോട്ടായി മാറി.
1992 മുതൽ കാർത്തികേയനാണ് ഈ മേഖലയുടെ എംഎൽഎ. ആര്യനാട് സാക്ഷാൽ കെ പങ്കജാക്ഷനെ രാജീവ് ഗാന്ധിയുടെ മരണമുണ്ടാക്കിയ സഹതാപത്തിൽ കാർത്തികേയൻ മലർത്തിയടിച്ചു. പിന്നീടൊരിക്കലും കോൺഗ്രസിലെ തിരുത്തൽവാദി നേതാവിനെ ആര്യനാട് കൈവിട്ടല്ല. ആര്യനാട് അരുവിക്കരയായപ്പോഴും കാർത്തികേയൻ തന്നെയായിരുന്നു താരം. ഇവിടെത്തെ ജനപ്രതിനിധിയെന്ന നിലയിൽ മന്ത്രിയുമായി. ഈ നിയമസഭയിൽ സ്പീക്കറും. ഇടത് വേരോട്ടമുള്ള മണ്ഡലമായിരുന്നു ആര്യനാടും ഇപ്പോഴത്തെ അരുവിക്കരയും. വ്യക്തിപ്രഭാവത്തിലൂടെ കാർത്തികേയൻ നേടിയ ജനസമ്മതി തന്നെയായിരുന്നു വിജയങ്ങളുടെ ആധാരം. ഇത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വളരെ നേരത്തെ തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ കാർത്തികേയൻ മരണത്തിനെ തുടർന്ന് ഒഴിവ് വന്ന ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ കുറിച്ച് ഉമ്മൻ ചാണ്ടിക്ക് വ്യക്തമായ ചിത്രമുണ്ടായിരുന്നു.
കാർത്തികേയന്റെ ഭാര്യ എം ടി സുലേഖയെ സ്ഥാനാർത്ഥിയാക്കാനായിരുന്നു നീക്കം. അതിന് സുലേഖ വിസമ്മതം പ്രകടിപ്പിക്കുയും മകനെ മുന്നോട്ട് വയ്ക്കുകയും ചെയ്തപ്പോൾ ഉമ്മൻ ചാണ്ടി അതിനെ പിന്തുണച്ചു. അവിടെയായിരുന്നു അരുവിക്കര പിടിക്കാനുള്ള ആദ്യ തന്ത്രം. പാർട്ടിയിലെ എതിർപ്പുപോലും ഇതിനായി അവഗണിച്ചു. കെപിസിസി അധ്യക്ഷൻ വി എം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയെ പിന്തുണച്ചു. പിന്നെ പ്രചരണ രംഗത്ത് തേരോട്ടമായിരുന്നു. വിവാദങ്ങളിൽ പെടാതെ മുന്നേറി. അച്ഛനോടുള്ള സ്‌നേഹം വോട്ടായി മാറുകയെന്ന തന്ത്രത്തോടെ ശബരിയും നിറഞ്ഞു. എല്ലാവരോടും താഴേക്ക് ഇറങ്ങിവന്നു വോട്ട് അഭ്യർത്ഥിച്ചു. സ്ത്രീ ഹൃദയങ്ങളിൽ ശബരി കാർത്തികേയന്റെ മുഖം വീണ്ടും നിറഞ്ഞു. അങ്ങനെ ജയമൊരുക്കി.
മാന്യനായ യുവാവ് എന്ന പ്രതിച്ഛായയും ശബരി ഉണ്ടാക്കിയെടുത്തു. എതിർസ്ഥാനാർത്ഥിയായ രാജഗോപാലിന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയതും വിജയകുമാറിനെ അങ്കിളെന്ന് വിളിച്ചതുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു. അഹങ്കാരിയല്ല താനെന്ന് അരുവിക്കരയെ ബോധ്യപ്പെടുത്താൻ ഇതിലൂടെ കഴിഞ്ഞു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ തന്ത്രപരമായ നീക്കം കൂടി ഇതിലെല്ലാം പ്രതിഫലിച്ചു. ഇലക്ഷൻ ക്യാംമ്പയിനിൽ അങ്ങനെ ശബരി താരമായി. അമ്മ എം ടി സുലേഖയുടെ വാക്കുകളും ശബരിയെ ജനഹൃദങ്ങളിലേക്ക് എത്തിച്ചു. ഇതിനെല്ലാം ഒപ്പമാണ് രാജഗോപാലെന്ന ബിജെപി സ്ഥാനാർത്ഥി ഒരുക്കിയ അനുകൂല സാഹചര്യം.
ഉപതെരഞ്ഞെടുപ്പിൽ രാജഗോപാൽ സ്ഥാനാർത്ഥിയായെത്തുമെന്ന് ആരും കരുതിയില്ല. അത്തരമൊരു തീരൂമാനം വന്നതും യുഡിഎഫിനാണ് ഗുണം ചെയ്തത്. ഇടത് വോട്ടുകളിൽ വലിയ തോതിൽ വിള്ളൽ വീണു. ഭരണ വിരുദ്ധ വോട്ടുകൾ ഭിന്നിച്ചു. ഈ സാഹചര്യത്തിൽ കാർത്തികേയനോടുള്ള സഹതാപവും ഉമ്മൻ ചാണ്ടിയുടെ വികസന മുദ്രാവാക്യവും വോട്ടായി. ബിജെപിയുടെ വരവോടെ ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിൽ വീണു. പിസി ജോർജിന്റെ അഴിമതി വിരുദ്ധ മുന്നണി അപ്രസക്തമായി. ഇതും ശബരിക്ക് തുണയായി.
എല്ലാത്തിനും നേതൃത്വം നൽകി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മണ്ഡലത്തിൽ തമ്പടിച്ചു. കരുതലോടെയായിരുന്ന നീക്കങ്ങൾ. പരമാവധി സ്ത്രീ വോട്ടർമാരെ നേരിട്ട് കണ്ട് മുഖ്യമന്ത്രി ശബരിക്കായി വോട്ട് അഭ്യർത്ഥിച്ചു. കുടുംബ യോഗങ്ങളിലായിരുന്നു ശ്രദ്ധ. ഇതിലൂടെ വി എസ് അച്യുതാനന്ദൻ പ്രചരണ യോഗത്തിലുണ്ടാക്കുന്ന ആൾക്കൂട്ടവുമായുള്ള താരതമ്യവും ഇല്ലാതാക്കി. വിശ്വസ്തരായ തമ്പാനൂർ രവിയേയും പാലോട് രവിയേയും കാര്യങ്ങൾ ഏൽപ്പിച്ചു. കെപിസിസി ഭാരവാഹികളായ വിശ്വസ്തരെ മണ്ഡലത്തിൽ നിറഞ്ഞു. എ കെ ആന്റണിയെ മുൻനിർത്തി വി എസ് അച്യുതാനന്ദൻ ഫാക്ടറിനേയും മറികടന്നു.
ഇതിനൊപ്പമാണ് വികസന സ്വപ്‌നമായി വിഴിഞ്ഞമെത്തിയത്. ഇടതു പക്ഷം വിഴിഞ്ഞത്തെ അദാനിയുടെ സാന്നിധ്യത്തെ എതിർത്തു. ഇതോടെ തിരുവനന്തപുരത്തിന്റെ വികാരം സിപിഎമ്മിന് എതിരായി. ഇത് വ്യക്തമായി തന്നെ ഉപയോഗിക്കാൻ അരുവിക്കരയിൽ മുഖ്യമന്ത്രിക്കായി. അതു ശബരിക്ക് വോട്ടായി മാറി. വികസനം ബിജെപിയും ഉയർത്തിയതോടെ യുഡിഎഫിന് എതിരാകേണ്ട വോട്ടുകളും ഇടത് മുന്നണിക്ക് നഷ്ടമായി. അങ്ങനെ ശബരിനാഥ് അരുവിക്കര കയറി. സോളാറും ബാർ കോഴയിലും മുങ്ങി നിൽക്കുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സർക്കാരിനും ആശ്വാസമാണ്. അങ്ങനെ കേരള രാഷ്ട്രീയത്തിൽ പ്രതിപക്ഷം പ്രതിരോധത്തിലാകുന്നു.