തിരുവനന്തപുരം: അരുവിക്കരയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ജി കാർത്തികേയന്റെ ഭാര്യ ഡോക്ടർ എംടി സുലേഖ തന്നെ മത്സരിക്കണമെന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആഗ്രഹം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും നിർദ്ദേശത്തെ പിന്താങ്ങി. ഇടതുപക്ഷത്ത് സി.പിഎം സ്ഥാനാർത്ഥിയായി എം വിജയകുമാറിനെ അവതരിപ്പിക്കാനാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആഗ്രഹം. അതുകൊണ്ട് സുലേഖയും വിജയകുമാറും തമ്മിലെ പോരാട്ടത്തിന് അരുവിക്കര വേദിയാകുമെന്ന് ഉറപ്പിക്കാൻ കഴിയില്ല. കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനുള്ള താൽപ്പര്യക്കുറവ് സുലേഖ തന്നെ പങ്കുവിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് കോൺഗ്രസിനുള്ളിലെ പുതിയ കലാപം. സിപിഎമ്മിൽ വിജയകുമാറിനെതിരെ പ്രത്യക്ഷ എതിർപ്പില്ലെങ്കിലും പാർട്ടി ജില്ലാ സെക്രട്ടറി കടകംപള്ളിയുടെ മനസ്സിലെ കണക്കുകൂട്ടൽ മറ്റു ചിലതാണെന്നാണ് സൂചന.

സുലേഖയെ മത്സരിപ്പിക്കുന്നതിനെ ഡിസിസി പ്രസിഡന്റ് കെ മോഹൻകുമാർ തുറന്ന് എതിർക്കുകയാണ്. പക്ഷേ പരസ്യമായി സുലേഖയുടെ പേരു പറയുന്നില്ല. എന്നാൽ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നടത്തുന്ന നീക്കങ്ങൾ രാഷ്ട്രീയത്തിന് ഗുണകരമല്ലെന്നാണ് ഡിസിസി പ്രസിഡന്റിന്റെ വാദം. കെപിസിസി നിർവ്വാഹക സമിതിയിൽ ഇക്കാര്യങ്ങൾ മോഹൻകുമാർ തുറന്ന് പറയുകയും ചെയ്തു. പാർട്ടിക്ക് വേണ്ടി പത്തും മുപ്പതും കൊല്ലം പണിയെടുക്കുന്നവരെ അവഗണിക്കുന്നത് ശരിയല്ല. പാർട്ടിയെ അരാഷ്ട്രീയവൽക്കരിക്കുകയാണ് ഇത്തരം നടപടികളിലൂടെയെന്ന് മോഹൻകുമാർ കുറ്റപ്പെടുത്തി. ഇത് കേട്ട് മുഖ്യമന്ത്രി അടക്കമുള്ളവർ പ്രതിസന്ധിയിലായി. ഇതുകൂടിയാകുമ്പോൾ അരുവിക്കരയിൽ മത്സരത്തിന് സുലേഖ തയ്യാറാകില്ലെന്ന് മുഖ്യമന്ത്രി അടുപ്പക്കാരോട് വ്യക്തമാക്കുകയും ചെയ്തു.

ഇടതു പക്ഷത്തിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് അരുവിക്കര. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിനൊപ്പം സഹതാപവുമുണ്ടെങ്കിൽ ഉറപ്പായി ജയിച്ചു കയറാം. ജി കാർത്തികേയന് മണ്ഡലത്തിൽ വ്യക്തമായ സ്വാധീനമുണ്ട്. ഈ സ്വാധീനമെല്ലാം സുലേഖയെ നിറുത്തിയാൽ വോട്ടാക്കി മാറ്റാം. ഈ ഉദ്ദേശ്യത്തോടെയാണ് സുലേഖയ്ക്ക് അനുകൂലമായി തീരുമാനം ഉമ്മൻ ചാണ്ടി എടുത്തത്. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മത്സരിക്കാനില്ലെന്ന സൂചന സുലേഖ മുഖ്യമന്ത്രിക്ക് നൽകി കഴിഞ്ഞു. സുലേഖ മത്സരിക്കണമെന്നത് കോൺഗ്രസിന്റെ പൊതു വികാരമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നതിനിടെയാണ് മോഹൻകുമാർ എതിർപ്പുമായി എത്തിയത്. സ്വാഭാവികമായും അരുവിക്കരയിലേക്ക് പരിഗണിക്കേണ്ട സ്ഥാനാർത്ഥികളിൽ പ്രമുഖനാണ് മോഹൻകൂമാർ. എന്നാൽ താൻ മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയാണ് വിമർശനങ്ങൾ മോഹൻകുമാർ ഉയർത്തിയതെന്നതും ശ്രദ്ധേയമാണ്. ഇതോടെ സുലേഖയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരായ എതിർപ്പ് പല കോണിൽ നിന്നുയരുമെന്ന് ഉറപ്പാണ്.

ഇതിന് സമാനമായ സാഹചര്യമാണ് സിപിഎമ്മിലുമുള്ളത്. ജില്ലയിൽ നിന്നുള്ള സിപിഐ(എം) സംസ്ഥാന സമിതിയിലെ പ്രധാന അംഗമായി എംവിജയകുമാറിനെ സ്ഥാനാർത്ഥിയാക്കാനാണ് സംസ്ഥാന നേതൃത്വത്തിന് താൽപ്പര്യം. വിജയുമാറിന്റെ സ്വന്തം നാടാണ് അരുവിക്കര. അതിലുപരി സംസ്ഥാന നേതാവെന്ന പ്രതിശ്ചായയുമുണ്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഏറെ അടുപ്പമുള്ള നേതാവുമാണ്. വിദ്യാർത്ഥി രാഷ്ട്രീയ സമയത്ത് തന്നെ ഇരുവരും ഒരുമിച്ചായിരുന്നു പ്രവർത്തനം. സവിശേഷ രാഷ്ട്രീയ സാഹചര്യത്തിൽ ജില്ലയിലെ പ്രധാന നേതാവിനെ തന്നെ അരുവിക്കരയിൽ സ്ഥാനാർത്ഥിയാക്കാനാണ് കോടിയേരിക്ക് താൽപ്പര്യം. ഏറ്റവും മികച്ച സ്ഥാനാർത്ഥി വിജയകുമാറാകുമെന്ന അനുകൂല വിലയിരുത്തലും ഇതിന് പിന്നിലുണ്ട്. എന്നാൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്റെ മനസ്സിൽ മറ്റ് ചില പേരുകാരണുള്ളത്.

അരുവിക്കരയിൽ പ്രാദേശിക പ്രവർത്തന പരിചയമുള്ള നേതാക്കളെ ആരെയെങ്കിലും മത്സരിപ്പിക്കണമെന്നാണ് കടകംപള്ളിയുടെ നിലപാട്. സിഐടിയു ജില്ലാ സെക്രട്ടറി വികെ മധുവിന്റെ പേരിനോടാണ് കടകംപള്ളിക്ക് താൽപ്പര്യം. ഡിവൈഎഫ്‌ഐ നേതാവ് സുനിൽകുമാർ, രാജലാൽ, ഐബി സതീഷ് തുടങ്ങി നിരവധി പേരുകളുമുണ്ട്. വിജയകുമാറിനോടുള്ള താൽപ്പര്യക്കുറവാണ് കടകംപള്ളിയുടെ ഈ നീക്കത്തിന് കാരണം. പക്ഷേ സംസ്ഥാന നേതൃത്വം വിജയകുമാറിനെ സ്ഥാനാർത്ഥിയാക്കാൻ നിശ്ചയിച്ച് തീരുമാനം അറിയിച്ചാൽ പിന്നെ ആ തീരുമാനത്തെ അട്ടിമറിക്കാൻ കഴയില്ലെന്ന് കടകംപള്ളിക്ക് അറിയാം.

അതുകൊണ്ട് തന്നെ കരുതലോടെയാണ് നീക്കം. നേരത്തെ നെയ്യാറ്റിൻകരയിൽ ഉപതെരഞ്ഞെടുപ്പ് വന്നപ്പോഴും വിജയകുമാറിന്റെ പേര് പരിഗണിച്ചിരുന്നു. അന്ന് മറ്റൊരു സംസ്ഥാന സമിതി അംഗം അനാവൂർ നാഗപ്പനുമായി നടത്തിയ നീക്കത്തിലൂടെ അതിനെ വെട്ടി. പക്ഷേ നെയ്യാറ്റിൻകരയിൽ സ്ഥാനാർത്ഥിയായ ലോറൻസ് തോറ്റത് തിരിച്ചടിയുമായി. ടിപി ചന്ദ്രശേഖരന്റെ വീട്ടിൽ വി എസ് അച്യുതാനന്ദൻ പോയ സാഹചര്യമുയർത്തിയാണ് ഈ പരാജയത്തെ ജില്ലാ നേതൃത്വം പ്രതിരോധിച്ചത്. എന്നാൽ ഇന്ന് കടകംപള്ളിയും ആനാവൂരും രണ്ട് വഴിക്കാണ്. ഈ സാഹചര്യം പരമാവധി മുതലക്കാനാണ് വിജയകുമാറിന്റെ ശ്രമം.

മത്സരത്തിനില്ലെന്ന് ഒ രാജഗോപാൽ അറിയിച്ചതോടെ ബിജെപിയും സ്ഥാനാർത്ഥിക്കായുള്ള നെട്ടോട്ടത്തിലാണ്. തിരുവനന്തപുരം ജില്ലയിലെ ആരെയെങ്കിലും തന്നെ സ്ഥാനാർത്ഥിയാക്കമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. പക്ഷേ ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ഇടപെടലാകും അന്തിമമായി കാര്യങ്ങൾ നിശ്ചയിക്കുക.