തിരുവനന്തപുരം: അരുവിക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം വിജയകുമാർ പ്രചാരണം തുടങ്ങിയിട്ടും യുഡിഎഫിൽ കടുത്ത ആശയക്കുഴപ്പം. ജി കാർത്തികേയന്റെ ഭാര്യ ഡോ. എം ടി സുലേഖ യുഡിഎഫ് സ്ഥാനാർത്ഥിയാകാൻ വിസമ്മതിച്ചതായാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സുലേഖയെത്തന്നെ സ്ഥാനാർത്ഥിയാക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുൾപ്പെടെയുള്ള നേതാക്കൾ തീവ്രശ്രമം തുടരുന്നതിനിടെയാണ് സുലേഖ വിസമ്മതിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പകരം കാർത്തികേയന്റെ മകൻ ശബരിനാഥിനെ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്. 

അരുവിക്കരയിലെ സ്ഥാനാർത്ഥിയായി എം വിജയകുമാറിനെ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. ഇന്നലെ ചേർന്ന സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിജയകുമാറിന്റെ പേര് മാത്രമാണ് സെക്രട്ടറിയേറ്റിന്റെ പരിഗണനയ്ക്ക് വച്ചത്. സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും പിണറായി വിജയന്റേയും സാന്നിധ്യത്തിൽ ജില്ലാ നേതൃത്വമെടുത്ത തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റും അംഗീകരിച്ചു. ഇതോടെ വിജയകുമാർ പ്രചരണ രംഗത്ത് സജീവമാകും.

അതിനിടെയാണ് കോൺഗ്രസിൽ സ്ഥാനാർത്ഥിയെ കുറിച്ചുള്ള അനിശ്ചതിത്വം തുടരുന്നത്. ജി കാർത്തികേയന്റെ ഭാര്യ സുലേഖയെ തന്നെ സ്ഥാനാർത്ഥിയാക്കാനാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും കെപിസിസി പ്രസിഡന്റ് വി എസ് സുധീരന്റേയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടേയും ആഗ്രഹം. ഒരിക്കൽ മൂന്ന് പേരും ചേർന്ന് സുലേഖയെ ആഗ്രഹം അറിയിച്ചതുമാണ്. എന്നാൽ സുലേഖ സമ്മതം പറഞ്ഞില്ല. അതിന് ശേഷം കോൺഗ്രസിലെ രണ്ടാം നിര നേതാക്കൾ സുലേഖയുമായി ആശയ വിനിമയം നടത്തി. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സുധീരനും വീണ്ടും സുലേഖയെ കാണും. അതിന് ശേഷം അന്തിമ തീരുമാനത്തിലേക്ക കടക്കും. ഇതിനിടെയാണ് കാർത്തികേയന്റെ മകൻ ശബരീനാഥ് മത്സരിക്കട്ടേ എന്ന അഭിപ്രായവും ഉയരുന്നത്. മുഖ്യമന്ത്രി സുലേഖയുമായി ഫോണിൽ സംസാരിച്ചു. നാളെ നേരിട്ടുകാണാനും സമയം ചോദിച്ചിട്ടുണ്ട്.

അതിനിടെ അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ ചൊല്ലി തർക്കങ്ങളില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് സ്ഥാനാർത്ഥി കാര്യങ്ങൾ ചർച്ച ചെയ്യും. വൈകീട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വി എം സുധീരനുമായും ചർച്ച നടത്തും. തുടർന്ന് അന്തരിച്ച മുൻ സ്പീക്കർ ജി.കാർത്തികേയന്റെ ഭാര്യ ഡോ.സുലേഖയെ കാണുമെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു. എല്ലാം ഉടൻ തന്നെ പൂർത്തിയാകുമെന്ന സൂചനയാണ് മുഖ്യമന്ത്രി നൽകുന്നത്. ജി.കാർത്തികേയനുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന എ.കെ.ആന്റണിയെ ഇടപെടുവിക്കാനും ശ്രമമുണ്ട്. ഇതിന് ആന്റണി വിസമ്മതം പ്രകടിപ്പിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് സോണിയാ ഗാന്ധിയിലൂടെ ആന്റണിയെ പ്രശ്‌നത്തിൽ ഇടപെടൽ നടത്തിക്കാനുള്ള നീക്കം. ആവശ്യമെങ്കിൽ ഹൈക്കമാൻഡ് നേതാക്കൾ സുലേഖയുമായി സംസാരിക്കും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയടക്കം വിവിധ ആവശ്യങ്ങളുടമായി ന്യൂഡൽഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിരുന്നു. എന്നാൽ അരുവിക്കര തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം ചൂടുപിടിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി പെട്ടെന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിയത്. ഇന്ന് തിരുവനന്തപുരത്ത് സ്ഥാനാർത്ഥിത്വം സംബന്ധിച്ച് യു.ഡി.എഫ് അടിയന്തരയോഗം ചേരുന്നുണ്ട്. ഇതിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചത്. ഈ യോഗം കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കും.,

അരുവിക്കരയിൽ സുലേഖയ്ക്ക് തന്നെയാണ് കൂടുതൽ വിജയ സാദ്ധ്യതയെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തൽ. സിപിഐ(എം) കരുത്തനായ എം.വിജയകുമാറിനെ രംഗത്തിറക്കുന്ന സാഹചര്യത്തിൽ സുലേഖയെ അല്ലാതെ മറ്റൊരാളെ സ്ഥാനാർത്ഥിയാക്കിയിട്ട് കാര്യമില്ലെന്ന ചിന്തയിലാണ് കോൺഗ്രസ് നേതൃത്വം. കഴിഞ്ഞ കാൽ നൂറ്റാണ്ടായി അരുവിക്കരയിലെ ജനങ്ങൾ ജി.കാർത്തികേയന് നൽകിയ സ്‌നേഹവും ആദരവും സുലേഖയ്ക്കും ലഭിക്കുമെന്ന് അവർ കരുതുന്നു. സുലേഖയുടെ സ്ഥാനാർത്ഥിത്വം തീരുമാനമായാൽ കോൺഗ്രസ് നേതൃയോഗവും യു.ഡി.എഫും ഉടൻ വിളിക്കും. തിങ്കളാഴ്ചയോടെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. സുലേഖ സ്ഥാനാർത്ഥിയാകാൻ വിസമ്മതിച്ചാൽ പകരം ആളെ കണ്ടെത്താൻ കോൺഗ്രസ് ബുദ്ധിമുട്ടും. ഗ്രൂപ്പും മറ്റ് സമവാക്യങ്ങളും പരിഗണിച്ച് മറ്റൊരാളെ കണ്ടെത്തുക എളുപ്പമല്ല.

സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള ചർച്ചകൾ ബിജെപിയിലും സജീവമാണ്. സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടിക്കാണ് കൂടുതൽ സാധ്യത. നിയമസഭാ തെരഞ്ഞെടുപ്പിലും അരുവിക്കരയിൽ ശിവൻകുട്ടിയാണ് മത്സരിച്ചത്. ബിജെപിയുടെ ജില്ലാ നേതൃ യോഗങ്ങൾ ഇന്ന് ചേരുന്നുണ്ട്. എന്നാൽ സംസ്ഥാന ഭാരവാഹിയോഗമാകും തീരുമാനം എടുക്കുക. തിങ്കളാഴ്ചയ്ക്ക് മുമ്പ് അവർ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കും. മികച്ച സ്ഥാനാർത്ഥിയെയാകും നിർത്തുകയെന്ന് ബിജെപി നേതാവ് ജോർജ് കുര്യൻ മറുനാടൻ മലയാളിയോട് പറഞ്ഞു. എല്ലാ സാധ്യതയും സംസ്ഥാന നേതൃത്വം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ അരുവിക്കര പ്രചരണച്ചൂടിലേക്ക് നീങ്ങിക്കഴിഞ്ഞു. സിപിഐ(എം) സ്ഥാനാർത്ഥി വിജയകുമാറിനായുള്ള ചുവരെഴുത്തും പോസ്റ്ററും ഇന്ന് രാത്രിയോടെ പ്രത്യക്ഷപ്പെട്ടു തുടങ്ങും. കാർത്തികേയന്റെ ഓർമകൾ നിറയുന്ന ചുവരെഴുത്ത് കോൺഗ്രസ് തുടങ്ങിക്കഴിഞ്ഞു. സ്ഥാനാർത്ഥിയുടെ പേരെഴുതാതെ കൈപ്പത്തി ചിഹ്നവുമായാണ് ചുവരെഴുത്തുകൾ.