രുവിക്കരയിലെ ഉപതെരഞ്ഞെടുപ്പിന് കേരളത്തിലെ സാധാരണ ജനങ്ങളുടെ ജീവിതത്തിൽ എന്ത് പ്രാധാന്യമാണുള്ളത്? അവിടെ യുഡിഎഫ് ജയിച്ചാലും തോറ്റാലും ഇതേ ഗവൺമെന്റ് തുടരും. ഗവൺമെന്റിന്റെ നയങ്ങൾക്ക് യാതൊരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. അതായത് ജനങ്ങൾക്ക് ഒരു ആശ്വാസമോ നേട്ടമോ ഉണ്ടാകാനാവില്ല. അവരുടെ ഏതെങ്കിലും പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന് ഗവമമെന്റ് പോലും പറയുന്നില്ലല്ലോ.

പിന്നെന്തിനാണ് മാദ്ധ്യമങ്ങൾ പ്രത്യേകിച്ച് ടിവി ചാനലുകൾ അതിന് ഇത്രമാത്രം പ്രാധാന്യം കൊടുക്കുന്നത്? ഗവൺമെന്റിനും പാർട്ടി നേതാക്കൾക്കും മാത്രം പ്രയോജനമുള്ള ഈ തെരഞ്ഞെടുപ്പിൽ എല്ലാ വിശേഷങ്ങളും വള്ളി പുള്ളി വിടാതെ ഇപ്പോൾ മുതൽ സാധാരണ പൗരന്മാരുടെ മേൽ മാദ്ധ്യമങ്ങൾ അടിച്ചേൽപ്പിക്കുന്നത് എന്തിനാണ്? അതു ക്രൂരതയും ജനങ്ങളുടെ ആയുസ്സിന്റെ പാഴാക്കലുമല്ലേ? പാർട്ടികളുടെ സാധാരണ അണികൾക്ക് പോലും ഇതൊരു പീഡനമല്ലേ! മാദ്ധ്യമങ്ങൾക്ക് ജനങ്ങളോട് ഒരു ഉത്തരവാദിത്വമില്ലേ?

അഥവാ ജനങ്ങൾക്ക് ഇതെല്ലാം ഇഷ്ടമാണെന്ന് മാദ്ധ്യമങ്ങൾ കരുതുന്നുണ്ടോ? ജനങ്ങളുടെ ജോലി സമയവും വിശ്രമ സമയവും വിനോദ സമയവും സാധാരണ വാർത്ത സമയം പോലും മാറ്റി വച്ച് ഇങ്ങനെ നിരന്തരം ഈ കോലാഹലം കണ്ടിരിക്കാൻ അവർക്ക് താൽപ്പര്യമുണ്ടെന്ന് കരുതാൻ എന്ത് ന്യായമാണ് മാദ്ധ്യമങ്ങളുടെ ഭാഗത്തുള്ളത്? യഥാർത്ഥത്തിൽ ജനങ്ങൾക്കിതിൽ താൽപ്പര്യമുണ്ടോയെന്ന് ഒരു സർവ്വേ നടത്താൻ, ഉത്തരവാദിത്വബോധമുള്ള മാദ്ധ്യമങ്ങൾ തയ്യാറാകണമെന്ന് ഇവിടെ അഭ്യർത്ഥിക്കുകയാണ്.

ചാനലുകൾ ഇങ്ങനെ നിരന്തരം കാണിച്ചു ശീലിപ്പിക്കുന്നതുകൊണ്ട് പ്രേക്ഷകർ കാണുന്നു എന്നല്ലേയുള്ളൂ? ഒട്ടും പ്രബുദ്ധമോ അഭിലഷണീയമോ അല്ലാത്ത രാഷ്ട്രീയ പ്രചരണ കോലാഹലങ്ങളാണ് ഇപ്പോഴുള്ളത് എന്നു കൂടി ഓർമ്മിക്കണം. മദ്യാസക്തി പോലെ ലഹരിയോടെ കുറേപ്പേർ ഇതു മോന്തി കുടിച്ചു കൊള്ളും പക്ഷെ മാദ്ധ്യമങ്ങളുടെ ഈ ട്രെന്റിനെ നിയന്ത്രിക്കാൻ മാദ്ധ്യമങ്ങൾ തന്നെ തയ്യാറാകേണ്ടതാണെന്ന് തോന്നുന്നു. സ്വതന്ത്രരായ ചാനലുകളെങ്കിലും തമ്മിൽ ചർച്ച ചെയ്ത് ഇതിന് ശ്രമിക്കേണ്ടതാണ്. മറ്റാർക്കും ഇതിൽ ഒന്നും ചെയ്യാൻ കഴിയുകയില്ല.

പൊതു തെരഞ്ഞെടുപ്പിന് പോലും മാദ്ധ്യമങ്ങൾ ഇപ്പോൾ കൊടുക്കുന്ന പ്രാധാന്യവും കവറേജും കൊടുക്കരുതാത്തതാണെന്ന് തോന്നുന്നു. രാഷ്ട്രീയക്കാർ സ്വയം നന്നാകാൻ ശ്രമിക്കാൻ തന്നെ അത് സഹായിച്ചേക്കും. നമ്മുടെ സാമൂഹിക, സാംസ്‌കാരിക ജീവിത സമയം ഏതാണ്ട് മുഴുവൻ തന്നെ ഈ രാഷ്ട്രീയക്കാർ അപഹരിക്കുന്ന രീതിയാണ് ഇപ്പോൾ തന്നെ മാദ്ധ്യമങ്ങളിലുള്ളത്. വാർത്തകൾക്ക് പുറമെ ഓരോ ഇഷ്യൂസിലും ഉള്ള ചർച്ചകൾ കൂടിയുണ്ടല്ലോ ഇപ്പോൾ. അമേരിക്കയിലും മറ്റും പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പിന് പോലും മാദ്ധ്യമങ്ങൾ കൊടുക്കുന്ന കവറേജും രാഷ്ട്രീയക്കാർ നടത്തുന്ന പ്രചരണ പരിപാടികളും എത്ര നിയന്ത്രിതമാണെന്ന് അറിയാത്തവരല്ലല്ലോ നമ്മൾ.

സംസ്‌കാരത്തിന്റെ കാവൽക്കാരായ മാദ്ധ്യമങ്ങൾ ജനങ്ങളോട് ദയവും ഉത്തരവാദിത്വവും കാട്ടണമെന്ന് ഒരിക്കൽ കൂടി അപേക്ഷിക്കുകയാണ്. മുൻപ് പറഞ്ഞത് പോലുള്ള ഒരു സർവ്വേയോ ഈ വിഷയം കൈകാര്യം ചെയ്യുന്ന ഒരു ചർച്ചയോ നടത്താൻ ചാനലുകൾ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു.