തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരം മറുകവേ ഇടതു സ്ഥാനാർത്ഥി വിജയകുമാറിന് വിജയാശംസകൾ നേർന്ന് നടൻ മമ്മൂട്ടി. ഇന്നലെ തിരുവനന്തപുരത്ത് വച്ച് ഇരുവരും കണ്ടുമുട്ടിയപ്പോഴാണ് മമ്മൂട്ടി വിജയകുമാറിന് വിജയാശംസ നേർന്നത്. മമ്മൂട്ടിയെ കണ്ടുമുട്ടിയ ചിത്രം സഹിതം വിജയകുമാർ ഫേസ്‌ബുക്കിലും പോസ്റ്റ് ചെയത്ു. 'ഞാൻ ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ചത് മുതൽ പ്രിയ സുഹൃത്ത് ശ്രീ. മമ്മൂട്ടി വിജയാശംസകൾ നേരാറുണ്ടായിരുന്നു. ഇക്കുറി ഷൂട്ടിങ്ങിനായി തിരുവനന്തപുരത്തുണ്ടായിരുന്നതുകൊണ്ട് നേരിട്ട് തന്നെ വിജയാശംസകൾ നേർന്നു' - എന്ന അടിക്കുറിപ്പോടെയാണ് വിജയകുമാർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്.

ഉട്ടോപ്യയിലെ രാജാവ് എന്ന സിനിമയുടെ ഷൂട്ടിംഗിനായി മമ്മൂട്ടി രണ്ട് ദിവസമായി തിരുവനന്തപുരത്തുണ്ട്. ഇന്നലെ സെക്രട്ടറിയേറ്റിൽ വച്ച് സിനിമയുടെ ഷൂട്ടിങ് നടന്നിരുന്നിരുന്നു. വർഷങ്ങളായി ഇടതു അനുഭാവിയാണ് മെഗാ സ്റ്റാർ മമ്മൂട്ടി. പാർട്ടിയുടെ ചാനലായ കൈരളിയുടെ ചെയർമാൻ കൂടിയാണ് അദ്ദേഹം. മമ്മൂട്ടിയുടെ വിജയാശംസ വിജയകുമാറിന് തുണയാകുമെന്ന വിധത്തിലും വിലയിരുത്തലുകളുണ്ട്.

മമ്മൂട്ടിയെ കൂടാതെ സീരിയൽ താരം കുമരകം രഘുനാഥിനെ പ്രചരണത്തിനിടെ കണ്ട ചിത്രവും വിജയകുമാർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരോ ദിവസവും മണ്ഡലത്തിൽ പര്യടനം നടത്തുന്നതിന് ഇടയിലുള്ള ചിത്രങ്ങളും ഇടതു സ്ഥാനാർത്ഥി ഫേസ്‌ബുക്കിൽ ഇട്ടിട്ടുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥി ശബരീനാഥിന് വോട്ടഭ്യർത്ഥിച്ചുകൊണ്ടുള്ള ഫേസ്‌ബുക്ക് പേജും സജീവമാണ്.