തിരുവനന്തപുരം: ഇനിയുള്ള മണിക്കൂറുകൾ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് നിർണ്ണായകമാണ്. അരുവിക്കര പിടിത്ത് കേരള രാഷ്ട്രീയത്തിൽ താരമാകുന്നതിന് ജനങ്ങളിലേക്ക് എത്തിച്ചെല്ലാൻ ഇനി മണിക്കൂറുകളേ ഉള്ളൂ. നാളെ പരസ്യ പ്രചരണം അവസാനിക്കും. അതിന് മുമ്പ് പരാമവധി ആളുകളിലേക്ക് എത്തിച്ചെല്ലണം. വീറും വാശിയുമുമായി സ്ഥാനാർത്ഥികളും സജീവമാണ്. തുറുപ്പു ചീട്ടുകളാകും ഇനിയുള്ള മണിക്കൂറുകളിൽ അരുവിക്കരയിലെ ജനങ്ങളിലേക്ക് വോട്ട് നേടാനായി ഒരോ ്സ്ഥാനാർത്ഥിയും ഒരുക്കുക.

സിക്കിം കേഡറിലെ മുതിർന്ന ഐ.എ.എസ്. ഓഫീസറും തെരഞ്ഞെടുപ്പു നിരീക്ഷകനുമായ സനോജ് കുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പിന് ഒരുങ്ങി കഴിഞ്ഞു. ബി.എസ്.എഫിന്റെ മുന്നു കമ്പനികൾക്കു പുറമേ അഞ്ചു കമ്പനി കേരളാ പൊലീസും സുരക്ഷാ ചുമതല നിർവ്വഹിക്കും. 27ന് പോളിങ്ങ് ബൂത്തിലേക്ക് എത്തുന്നതിന് മുമ്പ് സമ്മതിദായകരുടെ മനസ്സ് അനുകൂലമാക്കാനുള്ള തന്ത്രങ്ങൾ എല്ലാവരും ഒരുക്കികഴിഞ്ഞു. 30ന് വോട്ടെണ്ണിക്കഴിയുമ്പോൾ തോൽക്കാൻ മനസ്സില്ലാത്ത പ്രവർത്തനം തന്നെയാണ് മുന്നണികൾ നടത്തുന്നത്.

പരസ്യപ്രചാരണം നാളെ അവസാനിക്കുമ്പോൾ മണ്ഡലം സാക്ഷ്യംവഹിക്കാൻ പോകുന്നത് മറ്റൊരു മാമാങ്കത്തിനാണ്. കൊട്ടിക്കലാശത്തിൽ മേൽക്കോയ്മ നേടാൻ വിപുലമായ ഒരുക്കങ്ങളാണ് ഇരുമുന്നണികളും ബിജെപിയും നടത്തിവരുന്നത്. ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. സിപിഐ(എം) സ്ഥാനാർത്ഥി എം വിജയുമാറും കോൺഗ്രസിന്റെ ശബരീനാഥും ബിജെപിയുടെ ഒ. രാജഗോപാലും പൂർണ്ണ പ്രതീക്ഷയിൽ. പാർട്ടികളും വിജയമെന്ന കണക്കുകൂട്ടലിൽ തന്നെ. പിസി ജോർജ്ജിന്റെ അഴിമതി വിരുദ്ധ സ്ഥാനാർത്ഥി ദാസും പിഡിപിയുടെ പൂന്തുറ സിറാജും അടിയൊഴുക്കകളും ത്‌നെയാകും വിജയിലെ നിശ്ചയിക്കുക. അഭിമാനപോരാട്ടത്തിൽ എല്ലാ തന്ത്രങ്ങളും ഇനിയുള്ള മണിക്കൂറുകളിൽ സിപിഎമ്മും കോൺഗ്രസും ബിജെപിയും പുറത്തെടുക്കു.

ജില്ലയിലെ മുഴുവൻ പാർട്ടി അംഗങ്ങളോടും അനുഭാവികളോടും പോഷക സംഘടനാപ്രവർത്തകരോടും 25ന് മണ്ഡലത്തിൽ നേരിട്ടെത്താൻ സിപിഐ(എം). നിർദ്ദേശം നൽകിക്കഴിഞ്ഞു. എൽ.ഡി.എഫിലെ മറ്റ് ഘടകകക്ഷികളും പ്രവർത്തകർക്ക് ആവശ്യമായ നിർദ്ദേശം കൈമാറി. പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദൻതന്നെയാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി എം. വിജയകുമാറിന്റെ പ്രചാരണത്തിനു നേതൃത്വം നൽകുന്നത്. വി.എസിന്റെ റോഡ്‌ഷോയ്ക്കും മണ്ഡലം സാക്ഷ്യം വഹിക്കും. അഭിനേതാക്കളായ ഇന്നസെന്റ് എംപി, മുകേഷ്, കെ.പി.എ.സി. ലളിത, പി. ശ്രീകുമാർ, അനുപ് ചന്ദ്രൻ, സംവിധായകരായ ലെനിൻ രാജേന്ദ്രൻ, ബി. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വൻപടയും വിജയകുമാറിന്റെ പ്രചാരണത്തിൽ സജീവമാണ്. അവസാന മണിക്കൂറുകളിലും പ്രചരണം കൊഴുപ്പിക്കാൻ ഇവർ സജീവമായി ഉണ്ടാകും.

1998ൽ സംസ്ഥാന സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതു മുതൽ സിപിഎമ്മിന്റെയും എൽ.ഡി.എഫിന്റെയും മുഖ്യപ്രചാരകരിൽ ഒരാളായ പിണറായി വിജയൻ നേരിട്ട് പ്രചരണത്തിനിറങ്ങാതെ ബ്രാഞ്ച് തലത്തിൽ നേരിട്ടെത്തിയാണ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചു വരുന്നത്. സിപിഐ(എം). സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഘടകകക്ഷി നേതാക്കളും ദിവസങ്ങളായി മണ്ഡലത്തിൽ നിത്യസാന്നിധ്യമാണ്.

യു.ഡി.എഫ്. സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥിന്റെ തെരഞ്ഞെടുപ്പു പ്രചാരണാർഥം ഇന്നലെ വീണ്ടും മണ്ഡലത്തിലെത്തിയ കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്റണി ഇന്നും പ്രചരണത്തിനുണ്ടാകും. ഇതിനു പുറമേ എ.ഐ.സി.സി. സെക്രട്ടറി മുകുൾ വാസനിക്, കോൺഗ്രസ് വക്താവും നടിയുമായ ഖുശ്‌ബു, നടി ഷീല എന്നിവരും മണ്ഡലത്തിലേക്ക് എത്തുന്നുണ്ട്.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി. പ്രസിഡന്റ് വി എം. സുധീരൻ, മന്ത്രി രമേശ് ചെന്നിത്തല എന്നിവർ ദിവസങ്ങളായി മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് യു.ഡി.എഫ്. പ്രചാരണത്തെ നിയന്ത്രിക്കുന്നത്.

ഇന്നലെ സുരേഷ് ഗോപി പങ്കെടുത്ത യോഗങ്ങളിൽ വൻജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. മേജർ രവി, കൊല്ലം തുളസി, കൃഷ്ണപ്രസാദ്, മേഘ്‌ന തുടങ്ങി വൻ താരനിരയും ഒ. രാജഗോപാലിനായി സജീവമാണ്. കേന്ദ്രമന്ത്രിസഭയിൽ കേരളത്തിന്റെ ചുമതലയുള്ള രാജീവ് പ്രതാപ് റൂഡിയുൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാരുടെയും മുതിർന്ന നേതാക്കളുടെയും സാന്നിധ്യം ഇന്നു നാളെയുമായി മണ്ഡലത്തിൽ ഉണ്ടായേക്കും. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്റെ നേതൃത്വത്തിൽ ബിജെപിയുടെ മുഴുവൻ നേതാക്കളും ദിവസങ്ങളായി മണ്ഡലത്തിൽ തന്നെ ഉണ്ട്.