തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ആർക്കും ജയിക്കാമെന്ന അവസ്ഥയാണ്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെന്ന് വ്യക്തമാകുമ്പോൾ സിപിഎമ്മും കോൺഗ്രസും ആത്മവിശ്വാസത്തിലാണ്. സർക്കാരിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തലാകുമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രചരണത്തിൽ നിറഞ്ഞത്. അതുകൊണ്ട് തന്നെ അരുവിക്കരയിൽ ശബരിനാഥൻ ജയിച്ചാൽ അത് മുഖ്യമന്ത്രിക്ക് പിടിച്ചു നിൽക്കാനുള്ള ആയുധമാകും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയമുറപ്പിച്ച് മുഖ്യമന്ത്രി മുന്നേറും. കോൺഗ്രസിലെ ചോദ്യം ചെയ്യാനാകാത്ത ശക്തിയുമാകും. വോട്ട് മുപ്പതിനായിരത്തിൽ അധികാമായാൽ തന്നെ ബിജെപി ജയിച്ചതു പോലെയാകും. ഇനി വിജയകുമാർ അരുവിക്കര കയറിയാൽ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ പ്രതിപക്ഷത്തിന് കിട്ടുന്ന ഏറ്റവും വലിയ രാഷ്ട്രീയ ആയുധവും. തദ്ദേശ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ സിപിഐ(എം) നേരിടും.

മറിച്ച് തോൽവിയാണെങ്കിൽ ഏറ്റവും കുടുങ്ങുക സിപിഐ(എം) തന്നെയാകും. ശബരിനാഥൻ തോറ്റാൽ കോൺഗ്രസിൽ മുഖ്യമന്ത്രിക്ക് എതിരെ വിമത ശബ്ദങ്ങൾ ഉയരും. നേതൃമാറ്റവും ചർച്ചയാകും. അതിനപ്പുറം ഒന്നും ഉമ്മൻ ചാണ്ടിക്ക് ഉണ്ടാകില്ല. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പിഴവു പറ്റിയെന്നും സഹതാപം ഏശിയില്ലെന്നുമെല്ലാം പാർട്ടി ചർച്ചകളിൽ ഉമ്മൻ ചാണ്ടിക്ക് പറയാം. അരുവിക്കര മണ്ഡലത്തിലെ വികസനത്തിൽ കാർത്തികേയൻ ശ്രദ്ധിക്കാത്തതാണ് പ്രശ്‌നകാരണമെന്നും വിശദീകരിച്ചേക്കാം. എല്ലാത്തിനും ഉപരി ഐ ഗ്രൂപ്പ് വോട്ട് മറിച്ചെന്ന് പറഞ്ഞേക്കാം. തോൽവിയുടെ കുറ്റം ഉമ്മൻ ചാണ്ടിയുടെ പുറത്ത് വയ്ക്കാനാകും ഐ ഗ്രൂപ്പ് ശ്രമിക്കുക. നേതൃമാറ്റം ഉണ്ടായാൽ എല്ലാം ശരിയാകുമെന്ന് അവരും പറയും. എന്നാൽ ഭരണമോ ഉമ്മൻ ചാണ്ടിയോ അട്ടിമറിക്കപ്പെടാൻ സാധ്യത കുറവാണ്.

കാരണം ഉപതെരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയം കോൺഗ്രസിന് എന്നും എതിരായിരുന്നു. 2006 മുതൽ മാത്രമാണ് ജയിച്ചു തുടങ്ങിയത്. ബാർ കോഴയും സോളാറും തുടങ്ങിയ വിഷയങ്ങളുടെ പെരുമഴയിൽ അരുവിക്കര കയറുക അസാധ്യമാണെന്ന തിരിച്ചറിവിലേക്ക് നേതൃത്വം എത്തും. തെറ്റുകൾ തിരുത്തി ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലുമെന്ന പ്രസ്താവനയിലൂടെ തോൽവിയുടെ ഭാരം മുഖ്യമന്ത്രി കഴുകി കളയും. കൂട്ടായ തീരുമാനങ്ങളാണ് അരുവിക്കരയിൽ ഉണ്ടായതെന്നും പിസി ജോർജിന്റേയും ബാലകൃഷ്ണ പിള്ളയുടേയും വിട്ടുപോക്കുമെല്ലാം തോൽവിക്ക് കാരണമായി ഉയർത്തും. അങ്ങനെ ഒരു പിടിവിഷയങ്ങൾ കോൺഗ്രസിന് മുന്നിലുണ്ട്. സ്ഥാനാർത്ഥിയെ രാഷ്ട്രീയമായി നിശ്ചയിക്കാത്തതിന്റെ ശരികേടുകൾ തന്നെയാകും പ്രധാനമായും ചർച്ചയാകുക.

തോറ്റാൽ സിപിഐ(എം) ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാകും പോവുക. ബിജെപിയുടെ സാന്നിധ്യവും വോട്ടും മാത്രമേ അവർക്ക് ചൂണ്ടിക്കാട്ടാൻ മുന്നിൽ ഉണ്ടാകൂ. അത് ഇടതു മുന്നണിയുടെ രാഷ്ട്രീയ നിലനിൽപ്പിന് പോലും കടുത്ത വെല്ലുവിളിയാകും. നെയ്യാറ്റിൻകരയിലും പിറവത്തും തെരഞ്ഞെടുപ്പ് വരുമ്പോൾ രാഷ്ട്രീയം ഇടതു പക്ഷത്തിന് അനുകൂലമായിരുന്നില്ല. ടിഎം ജേക്കബിനോടുള്ള സ്‌നേഹം നിറഞ്ഞു നിൽക്കുന്നതായിരുന്നു പിറവം തെരഞ്ഞെടുപ്പ്. രക്തസാക്ഷിയുടെ പരിവേഷവുമായാണ് സെൽവരാജ് നെയ്യാറ്റിൻകരയിൽ നിറഞ്ഞത്. ടിപി വധവും വി എസ് അച്യുതാനന്ദന്റെ നിലപാടുകൾ കൂടിയായപ്പോൾ എല്ലാം സിപിഎമ്മിന് എതിരായി. അങ്ങനെ രണ്ടിടത്തും തോറ്റു. അന്ന് പറയാൻ ഒരു പിടി ന്യായങ്ങളുണ്ടായിരുന്നു. വി എസ് അച്യുതാനന്ദനെ തോൽവിയിൽ വില്ലനുമാക്കി.

എന്നാൽ അരുവിക്കരയിലെ രാഷ്ട്രീയം സിപിഎമ്മിന് മാത്രം അനുകൂലമായിരുന്നു. സോളാർ, ബാർ കോഴ വിവാദങ്ങളെല്ലാം ജയിച്ചു കയറേണ്ട സാഹചര്യമാണ് ഉണ്ടാക്കിയത്. എല്ലാത്തിനുമുപരി സംഘടനാ തലത്തിലും മികച്ച പ്രവർത്തനം നടത്തി. എല്ലാത്തിനും മേൽനോട്ടം നൽകി പിണറായി വിജയൻ തന്നെയുണ്ടായിരുന്നു. മറുഭാഗത്ത് പ്രചരണത്തിന് നേതൃത്വം നൽകാൻ വി എസ് അച്യുതാനന്ദനും. പ്രചരണത്തിന്റെ ആദ്യ ഘട്ടത്തിൽ വിഭാഗീയതയുടെ ചെറിയ അപസ്വരങ്ങളുണ്ടായെങ്കിലും അതൊന്നും പ്രശ്‌നമായില്ല. എല്ലാം മറന്ന് വി എസ് മണ്ഡലത്തിൽ നിറഞ്ഞു. സ്ഥാനാർത്ഥിയായി എം വിജയകുമാറും. തിരുവനന്തപുരത്തെ ഏറ്റവും കരുത്തനായ നേതാവിനെ സ്ഥാനാർത്ഥിയാക്കിയിട്ടും തോൽവി വന്നാൽ അതിന് നേതൃത്വം തന്നെ സമാധാനം പറയേണ്ടി വരും.

മണ്ഡലത്തിൽ നിന്നുള്ള നേതാവ് എം വിജയകുമാർ. മുൻ മന്ത്രി, സ്പീക്കർ, പാർട്ടി ജില്ലാ സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ച വ്യക്തി. എന്നാൽ വിജയകുമാറിനെ സ്ഥാനാർത്ഥിയാക്കിയതിൽ ചില എതിർപ്പുകൾ സിപിഐ(എം) ജില്ലാ കമ്മറ്റിയിൽ ഉയർന്നിരുന്നു. അത് മറികടന്നാണ് സംസ്ഥാന നേതൃത്വം വിജയകുമാറിനെ നിശ്ചയിച്ചത്. വിജയകുമാർ ജയിച്ചില്ലെങ്കിൽ ആരും അരുവിക്കരയിൽ സിപിഐ(എം) ചിഹ്നത്തിൽ ജയിക്കില്ലെന്ന് പാർട്ടിക്ക് സംശയമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിജയകുമാറെന്ന അതിശക്തനെ തന്നെ സ്ഥാനാർത്ഥിയാക്കിയത്. തുടക്കത്തിൽ സിപിഎമ്മിന് മുൻതൂക്കവുമുണ്ടായിരുന്നു. ജി കാർത്തികേയന്റെ ഭാര്യ എംടി സുലേഖ മത്സരത്തിൽ നിന്ന് മാറിയതോടെ കാര്യങ്ങളെല്ലാം അനുകൂലമാകുമെന്നും വിലയിരുത്തൽ വന്നു. അതുകൊണ്ടെല്ലാം കൂടിയാകും തോൽവി സംഭവിച്ചാൽ അത് സിപിഎമ്മിന് വലിയ ഷോക്കായി മാറുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം സിപിഎമ്മിന്റെ സാധ്യതകളെ ബാധിക്കും. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎമ്മിന് വലിയ തിരിച്ചടിയാകും തോൽവി. നിയമസഭാ സമ്മേളനവും ചേരുകയാണ്. ഇവിടേയും പ്രതിപക്ഷ വാദങ്ങൾ ദുർബ്ബലമാകും. സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തിയ ആക്ഷേപങ്ങൾ പിന്നീടുയർത്തുന്നത് പോലും ഭരണപക്ഷം നിയമസഭയിൽ ചോദ്യം ചെയ്യപ്പെടും. അങ്ങനെ വലിയൊരു രാഷ്ട്രീയ അനിശ്ചിതാവസ്ഥ സിപിഎമ്മിന് ഉണ്ടാകും. എല്ലാത്തിനുമുപരി വി എസ് അച്യുതാനന്ദൻ-പിണറായി വിജയൻ പോര് ശക്തമാകാനും സാധ്യതയുണ്ട്. അതായാത് കൂടുതൽ ദുർബ്ബലമാവസ്ഥയിലേക്ക് സിപിഐ(എം) പോകും.

അരുവിക്കര തെരഞ്ഞെടുപ്പിൽ ഒരു പ്രതിസന്ധിയുമില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് ബിജെപിക്കാർ. രാജഗോപാൽ എന്തായാലും 30,000 വോട്ട് കടക്കുമെന്നാണ് അവരുടെ വിലയിരുത്തൽ. പാർട്ടി ഉറപ്പിച്ച വോട്ടുകൾ 20,000. രാജഗോപാലിന്റെ വ്യക്തിപ്രഭാവത്തിൽ കൂടതലായി 20,000 വോട്ടും. അങ്ങനെ നാൽപ്പതിനായിരം വോട്ട്. ഇത് മുപ്പതിനായിരത്തിൽ ചുരുങ്ങിയാൽ പോലും പ്രശ്‌നമാകില്ല. ഇല്ലാത്ത പക്ഷം രാജഗോപാലിനെ നിർത്തി അപമാനിച്ചതിന്റെ പഴി ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനും കേൾക്കേണ്ടി വരും. പക്ഷേ അതുണ്ടാകാനുള്ള സാധ്യത വിരളമാണ്. അരുവിക്കരയിലെ നേട്ടമുയർത്തി തദ്ദേശ തെരഞ്ഞെടുപ്പിനേയും നിയമസഭാ പൊതു തെരഞ്ഞെടുപ്പിനേയും നേരിടാമെന്ന ആത്മവിശ്വാസമാണ് ബിജെപി ക്യാമ്പിൽ.

സിപിഎമ്മിനും കോൺഗ്രസിനും ബിജെപിക്കും പോലെ പിസി ജോർജിന്റെ അഴിമതി വിരുദ്ധമുന്നണിക്കും ഫലം നിർണ്ണയാകമാണ്. പിസി ജോർജിന്റെ സ്ഥാനാർത്ഥി കെ ദാസ് 5000 വോട്ടെങ്കിലും പിടിച്ചില്ലെങ്കിൽ ജോർജ് പ്രതിസന്ധിയിലാകും. അത് അഴിമതി വിരുദ്ധ മുന്നണിയുടെ നിലനിൽപ്പിനെ പോലും ബാധിക്കും.