- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽഡിഎഫിന്റെ പ്രതീക്ഷ സ്ഥാനാർത്ഥി മികവും കുടുംബവാഴ്ചയ്ക്ക് എതിരെയുള്ള പ്രതിരോധവും ബാർ കോഴയും; യുഡിഎഫിന്റെ പ്രതീക്ഷ സഹതാപ തരംഗവും ഭരണനേട്ടവും
തിരുവനന്തപുരം: പ്രധാനപ്പെട്ട മുന്നണികൾ രണ്ടും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ അരുവിക്കരയിൽ തെരഞ്ഞെടുപ്പു പോരു പുതിയ തലത്തിലേക്കെത്തി. സ്ഥാനാർത്ഥി മികവും കുടുംബവാഴ്ചയ്ക്ക് എതിരായ പ്രതിരോധവും എൽഡിഎഫിനെ തുണയ്ക്കുമ്പോൾ സഹതാപ തരംഗമുയർത്തിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുക. ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണനേട്ടങ്ങൾ ഉയർത്തിപ്
തിരുവനന്തപുരം: പ്രധാനപ്പെട്ട മുന്നണികൾ രണ്ടും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ അരുവിക്കരയിൽ തെരഞ്ഞെടുപ്പു പോരു പുതിയ തലത്തിലേക്കെത്തി. സ്ഥാനാർത്ഥി മികവും കുടുംബവാഴ്ചയ്ക്ക് എതിരായ പ്രതിരോധവും എൽഡിഎഫിനെ തുണയ്ക്കുമ്പോൾ സഹതാപ തരംഗമുയർത്തിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുക. ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണനേട്ടങ്ങൾ ഉയർത്തിപ്പിടിച്ചും വോട്ടുതേടാനുള്ള നീക്കത്തിലാണ് യുഡിഎഫ്.
ആദ്യമേ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് മുൻ തൂക്കം നേടിയത് എൽഡിഎഫാണ്. മികച്ച സ്പീക്കറായി പേരെടുത്ത എം വിജയകുമാറിനെ സ്പീക്കറായിരുന്ന ജി കാർത്തികേയന്റെ മണ്ഡലത്തിൽ ഇറക്കിയത് മണ്ഡലം പിടിച്ചെടുക്കാനുള്ള എൽഡിഎഫിന്റെ ശക്തമായ നീക്കം തന്നെയാണെന്നാണു വിലയിരുത്തൽ. മണ്ഡലവുമായുള്ള അടുത്ത ബന്ധവും വിജയകുമാറിനു തുണയാകും. അതേസമയം ജി കാർത്തികേയന്റെ ഭാര്യ എം ടി സുലേഖയെ മത്സരിപ്പിക്കാനുള്ള നീക്കം പരാജയപ്പെട്ട യുഡിഎഫ് അദ്ദേഹത്തിന്റെ മകൻ കെ എസ് ശബരിനാഥനെ രംഗത്തിറക്കിയപ്പോൾ തന്നെ പാളയത്തിൽ പട തുടങ്ങിയത് തിരിച്ചടിയായിരിക്കുകയാണ്. ജി. കാർത്തികേയന്റെ മകൻ കെ.എസ്. ശബരീനാഥനെ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ, കോൺഗ്രസ് നേതൃത്വത്തിനെതിരേ കെ.എസ്.യു. കലാപക്കൊടിയുയർത്തി. കാർത്തികേയന്റെ ഭാര്യ ഡോ. എം ടി. സുലേഖയെ മത്സരിപ്പിക്കാൻ അവസാനനിമിഷംവരെ പരിശ്രമിച്ച കോൺഗ്രസ് നേതൃത്വം, അവർ വിസമ്മതിച്ചതോടെ ഹൈക്കമാൻഡിന്റെ അനുമതിയോടെ മകന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുകയായിരുന്നു.
എന്തായാലും ഒരിഞ്ചുപോലും വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നു പ്രഖ്യാപിച്ച് പോരിനുള്ള അണിയറ പ്രവർത്തനങ്ങളിൽ മുന്നണികൾ സജീവമായിക്കഴിഞ്ഞു. കണക്കുകൾ നിരത്തി ഇലക്ഷൻ മാനേജർമാർ സാദ്ധ്യതകൾ ചികഞ്ഞു തുടങ്ങി.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലെ നേട്ടം മുൻനിർത്തി ഇടതുമുന്നണി പോരാടുമ്പോൾ 'ജി.കെ' എന്ന ജി. കാർത്തികേയന്റെ സ്‌നേഹം ഏറെയനുഭവിച്ച അരുവിക്കര കൈവിടില്ലെന്ന ആത്മവിശ്വാസമാണ് യു.ഡി.എഫിന്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലെ തിളക്കവും പിന്നീട് അംഗത്വ കാമ്പെയിനിലൂടെ കൈവന്ന ബലവും തുണയാകുമെന്ന പ്രതീക്ഷയോടെ ബിജെപിയും രംഗത്തിറങ്ങും. സംസ്ഥാന സെക്രട്ടറി സി. ശിവൻ കുട്ടിയാകും അവരുടെ സ്ഥാനാർത്ഥി.
ജി. കാർത്തികേയന്റെ ഓർമ്മകൾ തന്നെയാണ് യു.ഡി.എഫിന്റെ ഏറ്റവും വലിയ ആയുധം. 1991 മുതൽ ആര്യനാട്ടും 2011ലെ പുനർനിർണയത്തിൽ മണ്ഡലം അരുവിക്കരയായത് മുതലും നിറഞ്ഞുനിന്നത് ജി കെയാണ്. പക്ഷേ, ബാർകോഴയടക്കം യു.ഡി.എഫിനെ പിടിച്ചുലയ്ക്കുന്ന വിവാദങ്ങൾ മണ്ഡലം തിരിച്ചു പിടിക്കാനുള്ള ശക്തമായ ആയുധമായാണ് ഇടതുമുന്നണി വിലയിരുത്തുന്നത്.
അരുവിക്കരയിലെ എട്ട് പഞ്ചായത്തുകളിൽ നാലെണ്ണത്തിൽ വീതം ഇടത്, വലത് മുന്നണികളുടെ ഭരണമാണ്. വിതുര, വെള്ളനാട്, അരുവിക്കര, പൂവച്ചൽ പഞ്ചായത്തുകൾ യു.ഡി.എഫിനൊപ്പവും തൊളിക്കോട്, ആര്യനാട്, ഉഴമലയ്ക്കൽ, കുറ്റിച്ചൽ പഞ്ചായത്തുകൾ ഇടതിനൊപ്പവും. ഉഴമലയ്ക്കലെയും കുറ്റിച്ചലിലെയും സ്ഥിതി ഇടതിനു പ്രതികൂലമാണ്. ഉഴമലയ്ക്കലിൽ ഒന്നരവർഷം മുമ്പ് വരെ രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ യു.ഡി.എഫ് ഭരണമായിരുന്നു. ഇവരിലൊരാൾ കൂറുമാറിയതോടെയാണ് ഭരണം ഇടതിന് കിട്ടിയത്. കുറ്റിച്ചലിലാകട്ടെ കെ.ഡി.പി എന്ന പ്രാദേശിക പാർട്ടിയുടെ മൂന്ന് അംഗങ്ങൾ ഒന്നര വർഷം മുമ്പ് കൂറുമാറിയപ്പോൾ ഭരണം ഇടതിലേക്ക് ചാഞ്ഞു. മണ്ഡലത്തിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും ബ്ലോക്ക് പഞ്ചായത്തും യു.ഡി.എഫിനൊപ്പമാണെന്നതും ശബരിനാഥനു പ്രതീക്ഷയേകുന്നു.
പതിനായിരത്തിലേറെ വോട്ടുകൾക്കാണ് 2011ൽ കാർത്തികേയൻ ജയിച്ചത്. എന്നാൽ അരുവിക്കരയിൽ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ എ. സമ്പത്ത് 4193 വോട്ടുകൾക്ക് മുന്നിലെത്തിയിരുന്നു. 2011ൽ എല്ലാ പഞ്ചായത്തുകളിലും കാർത്തികേയൻ മുന്നിലെത്തിയെങ്കിൽ 2014ൽ വിതുര, അരുവിക്കര, ഉഴമലയ്ക്കൽ, ആര്യനാട്, കുറ്റിച്ചൽ പഞ്ചായത്തുകളിൽ സിപിഐ(എം) മുന്നിലെത്തി. തൊളിക്കോടും വെള്ളനാടും പൂവച്ചലുമാണ് യു.ഡി.എഫിന് ലീഡ് നൽകിയത്. ഇത് ശക്തമായ താക്കീതായി കണ്ടാണ് സ്പീക്കർ സ്ഥാനമൊഴിഞ്ഞ് എംഎൽഎ മാത്രമായി മണ്ഡലത്തിൽ ശ്രദ്ധിക്കാൻ അനുവദിക്കണമെന്ന് കാർത്തികേയൻ കോൺഗ്രസിൽ ആവശ്യപ്പെട്ടത്.
2011ൽ ബിജെപിക്ക് 8000ത്തോളം വോട്ടാണ് കിട്ടിയത്. 2014ൽ അത് പതിന്നാലായിരമായി. ഇക്കുറി അതിലും ഉയരുമെന്നാണ് അവരുടെ അവകാശം. സാമുദായിക സമവാക്യങ്ങളും നിർണായകമാണ്. നായർ, ഈഴവ സമുദായങ്ങൾക്കാണ് പ്രാമുഖ്യമെങ്കിലും മുസ്‌ളിം, പരിവർത്തിത നാടാർ സമുദായങ്ങൾക്കും ഇവിടെ സ്വാധീനമുണ്ട്. പട്ടികജാതി, ആദിവാസി വിഭാഗങ്ങളെയും എഴുതിത്ത്ത്തള്ളാനാവില്ല. നായർ സമുദായം നാല്പത് ശതമാനത്തോളമുണ്ട്. അതിനോടടുത്ത് വരും ഈഴവ സമുദായവും. മുസ്‌ളിം, പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾ 15 ശതമാനം വരും. വനമേഖലയും ഉൾപ്പെടുന്ന പതിനായിരത്തിൽപ്പരം ആദിവാസി വോട്ടർമാരുണ്ട്.
ഉപതെരഞ്ഞെടുപ്പിൽ സുലേഖയുടെ പേരു സജീവമായി പരിഗണിക്കുമ്പോൾതന്നെ അന്നത്തെ ഡി.സി.സി. പ്രസിഡന്റ് കെ. മോഹൻകുമാർ ഉൾപ്പെടെയുള്ളവർ പാർട്ടിക്കുള്ളിൽ എതിർപ്പുയർത്തിയിരുന്നു. എന്നാൽ, സുലേഖയ്ക്കു പകരം മകനെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനത്തെ എതിർത്തു കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ കെ.എസ്.യുവാണു രംഗത്തുവന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധമറിയിച്ച് കെ.എസ്.യു. പ്രസിഡന്റ് വി എസ്. ജോയി കെപിസിസി. അധ്യക്ഷൻ വി എം. സുധീരനു കത്ത് നൽകിയിരുന്നു. രാഷ്ട്രീയത്തിൽ ഒട്ടും പരിചയമില്ലാത്ത ശബരീനാഥന്റെ സ്ഥാനാർത്ഥിത്വം പാർട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്നു ജോയി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. അരുവിക്കരയിൽ ഡോ: എം ടി. സുലേഖയെ സ്ഥാനാർത്ഥിയാക്കാൻ പാർട്ടി നടത്തിയ ശ്രമം ഉചിതമാണ്. എന്നാൽ, അവർ തയാറാകാത്ത സാഹചര്യത്തിൽ മകൻ ശബരീനാഥനെ മത്സരിപ്പിക്കാനുള്ള തീരുമാനവുമായി പാർട്ടി മുന്നോട്ടുപോകരുത്. മുതിർന്നവരായാലും യുവാക്കളായാലും സമ്പന്നമായ നേതൃനിര കോൺഗ്രസിനുണ്ട്. അതൊന്നും സ്വീകാര്യമല്ലെങ്കിൽ പാർട്ടിയുടെ അഭിമാനപ്രശ്‌നമായി പരിഗണിച്ച് അരുവിക്കരയിൽ സുധീരൻതന്നെ മത്സരിക്കണമെന്നും കെ.എസ്.യു. പ്രസിഡന്റ് ആവശ്യപ്പെട്ടു. എന്നാൽ ഇതു കോളജ് യൂണിയൻ തെരഞ്ഞെടുപ്പല്ലെന്നും നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണെന്നും സുധീരൻ മറുപടി നൽകി. ഇതിനെതിരെയും വി എസ് ജോയി രംഗത്തെത്തിയിരുന്നു. എന്തായാലും ഇടതുമുന്നണിയുടെ ആക്രമണം തടയുന്നതിനൊപ്പം പാളയത്തിൽ പടയും യുഡിഎഫിനു പ്രതിരോധിക്കേണ്ടി വരും.