- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ഉപതെരഞ്ഞെടുപ്പ് ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെ പ്രശ്നമാകുന്നത് ഇങ്ങനെയാണ്; ഇവിടെ പരമ്പരാഗത വോട്ടിങ്ങ് പാറ്റേണുകൾ അട്ടിമറിയുന്നു: അരുവിക്കര തെരഞ്ഞെടുപ്പിന്റെ ചില രാഷ്ട്രീയ വിചാരങ്ങൾ
കൊള്ള, കൊല, കോഴ, വ്യഭിചാരം, ഭൂമിതട്ടിപ്പ്... ഇനിയെന്തെല്ലാം വേണ്ടാത്തതുണ്ടോ അതൊക്കെ ആരോപിതമായ ഒരു മന്ത്രിസഭയാണ് ഉമ്മൻ ചാണ്ടിയുടേത്. കരുണാകരന്റെ സുവർണകാലത്തുപോലും ഇത്രയേറെ ആരോപണങ്ങൾ ഉയർന്നിട്ടില്ല. അതും അങ്ങേയറ്റം രാഷ്ട്രീയ പ്രബുദ്ധമെന്ന് കരുതുന്ന കേരളത്തിൽ. 'ഒരു കൊടിയ അനീതിയുണ്ടായാൽ നഗരം കത്തിച്ചാമ്പലാവണമെന്ന' പഴമൊഴി അനുസരിച്ച
കൊള്ള, കൊല, കോഴ, വ്യഭിചാരം, ഭൂമിതട്ടിപ്പ്... ഇനിയെന്തെല്ലാം വേണ്ടാത്തതുണ്ടോ അതൊക്കെ ആരോപിതമായ ഒരു മന്ത്രിസഭയാണ് ഉമ്മൻ ചാണ്ടിയുടേത്. കരുണാകരന്റെ സുവർണകാലത്തുപോലും ഇത്രയേറെ ആരോപണങ്ങൾ ഉയർന്നിട്ടില്ല. അതും അങ്ങേയറ്റം രാഷ്ട്രീയ പ്രബുദ്ധമെന്ന് കരുതുന്ന കേരളത്തിൽ.
'ഒരു കൊടിയ അനീതിയുണ്ടായാൽ നഗരം കത്തിച്ചാമ്പലാവണമെന്ന' പഴമൊഴി അനുസരിച്ചാണെങ്കിൽ കേരളം മുഴവൻ കത്തിത്തീരേണ്ട അവസ്ഥയാണ് ഇന്നുള്ളത്. എന്നിട്ടും എല്ലാ കളികളിലും ഉമ്മൻ ചാണ്ടിതന്നെ ജയിക്കുന്നു! നമിച്ചുപോവും ഈ കുരുട്ടുബുദ്ധിക്കുമുന്നിൽ. (ഈ ക്രിമിനൽ ബുദ്ധിയൊക്കെ ഉമ്മൻസാർ നല്ലകാര്യത്തിന് വിനിയോഗിക്കയാണെങ്കിൽ കേരളത്തിന്റെ അവസ്ഥ എത്ര ഭേദമായേനെ).
നോക്കുക, ഇത്രയും മോശം ഭരണം കാഴ്ചവച്ചിട്ടും, ഇത്രയേറെ അഴിമതിയുണ്ടായിട്ടും ഉമ്മൻ ചാണ്ടി വെല്ലുവിളിക്കയാണ്. അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ ഫലം തന്റെ ഗവൺമെന്റിന്റെ വിലയിരുത്തൽ കൂടിയാണത്രേ! അസാധ്യമായ തൊലിക്കട്ടിതന്നെ. ( ഉഴവൂർ വിജയൻ പറഞ്ഞപോലെ കണ്ടാമൃഗത്തിന്റെ പര്യായമായി ജനം ഉമ്മൻ ചാണ്ടിയുടെ പേരെഴുതുന്ന കാലം വരുന്നു)
കേരള ജനതയുടെ ആത്മാഭിമാനത്തെ ചവിട്ടിയരച്ച് നൃത്തം ചെയ്യുകയാണ് കുഞ്ഞൂഞ്ഞും, കുഞ്ഞുമാണിയും കുഞ്ഞാലിക്കുട്ടിയും അടങ്ങുന്ന കൊള്ളസംഘം. കഷ്ടകാലത്തിന് അരുവിക്കരിയിൽ യു.ഡി.എഫ് ജയിച്ചുവെന്ന് വെക്കുക. അത് ഉമ്മൻ ചാണ്ടിക്കും മാണിക്കുമൊക്കെ നൽകുന്ന ആത്മവിശ്വാസം എത്ര വലുതായിരക്കും. ഞങ്ങൾ എന്ത് അഴിമതിയും നടത്തും, പാവങ്ങളുടെ ഭൂമി തട്ടിയെടുക്കും, കോടികൾ കോഴവാങ്ങും, പിരികംവരെ നരച്ച മന്ത്രിമാർപോലും ഔദ്യോഗിക വസതികളിൽവച്ച് വേശ്യാസംഗമം നടത്തും, ആരുണ്ടിവിടെ ചോദിക്കാൻ. അരുവിക്കരക്കാർക്ക് പരസ്യമായി നന്ദിപറയുന്ന അതേനാക്കിൽ, വിദേശമദ്യവും ചിക്കനും തൊട്ടുനക്കുമ്പോൾ അവർ പൊട്ടിച്ചിരിച്ച് പറയും. 'ബഹുജനം കഴുതകൾ, അരുവിക്കരക്കാർ മൂത്ത കഴുതകൾ'.
അതുകൊണ്ടുതന്നെ യു.ഡി.എഫ് അരുവിക്കരയിൽ തോൽക്കേണ്ടത് ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെകൂടി പ്രശ്‌നമാണ്. ശബരീനാഥ് എന്ന വ്യക്തിയോട് യാതൊരു എതിർപ്പുമില്ലെങ്കിലും അയാളിലൂടെ കേരളത്തിൽ പ്രസരിക്കുന്ന ഒരു വൃത്തികെട്ട രാഷ്ട്രീയമുണ്ട്. ഈ അഴിമതിക്കൊപ്പം അതും ചർച്ചയാവേണ്ടതുണ്ട്.
മക്കൾരാഷ്ട്രീയവും സഹതാപ തരംഗവും
പിതാവ് മരിച്ചാൽ രാജ്യം മകന്റെ കൈയിലാവുകയെന്ന ഫ്യൂഡൽകാലത്തെ യുക്തിയിൽനിന്ന് ഏറെയൊന്നും മോചിതരായിട്ടില്ല കോൺഗ്രസ് പാർട്ടി. ആ സംഘടനയുടെ അഖിലേന്ത്യ നേതൃത്വത്തിന്റെ തന്നെ അവസ്ഥനോക്കിയാൽ ഇക്കാര്യം വ്യക്തമാവും. ആധുനിക ജനാധിപത്യലോകത്ത് ഒരിക്കലും അംഗീകരിക്കാൻ പാടില്ലാത്തതാണിത്. ഒരു നേതാവിന്റെ കിടപ്പറ ദീർഘനാൾ പങ്കിട്ടു എന്നതോ, അയാളുടെ ബീജത്തിൽനിന്ന് പറിവിയെടുത്തുവെന്ന ഒറ്റക്കാരണംകൊണ്ടോ കോൺഗ്രസിൽ നേതാക്കൾ അയവർ എത്രയോ. യുവതലമുറയെങ്കിലും ചാതുർവർണ്യം പോലത്തെ ഈ വഷളൻ രീതിയിൽനിന്ന് മാറിനിൽക്കും എന്ന് കരുതുമ്പോഴാണ് ശബരീനാഥിന്റെ വരവ്. സ്വന്തം കാലിൽ നിൽക്കാനുള്ള അത്മാഭിമാനത്തിനുവേണ്ടി നമ്മുടെ ചെറുപ്പക്കാർ പോരടിക്കുന്ന കാലത്താണിത്. കെ.എസ്.യുവിനുപോലും ആദ്യഘട്ടത്തിൽ ശബരിയെ തള്ളിപ്പറയേണ്ടി വന്നത് മറ്റൊന്നും കൊണ്ടല്ല. ഈ രീതിയോടൊക്കെ പുതുവോട്ടർമാർക്ക് വലിയ പുച്ഛമാണെന്ന് കോൺഗ്രസ് നേതാക്കൾക്ക് മാത്രം മനസ്സിലാവുന്നില്ല. [BLURB#1-VR] ഇനി ചിലർ ചൂണ്ടിക്കാട്ടുന്നത് കെ.കരുണാകരനെതിരെ, ജി.കാർത്തികേയൻ നയിച്ച തിരുത്തൽവാദ സമരമാണ്. കെ.മുരളീധരനെ കോൺഗ്രസിന്റെ അമരത്തേക്ക് കൊണ്ടുവരാനുള്ള കരുണാകരന്റെ നീക്കമാണല്ലോ, മഹത്തായ തിരുത്തൽവാദത്തിന് അടിത്തറയിട്ടത്. അതിനാൽ ഈ മക്കൾ രാഷ്ട്രീയത്തിന് വഴിമരുന്നിട്ട്, കാർത്തികേയന്റെ സ്മരണയെ അപമാനിക്കയാണ്, ശബരിയുടെ സ്ഥാനാർത്ഥിത്വമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.
പക്ഷേ ചരിത്രം പരിശോധിച്ചാൽ ജി. കാർത്തികേയനും മക്കൾ രാഷ്ട്രീയത്തിലൂടെതന്നെയാണ് കടന്നുവന്നതെന്ന് കാണം. തന്റെ പിതാവും കോൺഗ്രസ് നേതാവുമായ എൻ.പി ഗോപാലപിള്ളയുടെ പേരിലൂടെയാണ് കാർത്തികേയൻ രാഷ്ട്രീയത്തിൽ എത്തിയതെന്നും, അദ്ദേഹത്തിന് ആദ്യമായി സീറ്റ് കിട്ടിയതും ഈ കെയറോഫിലാണെന്ന് അഡ്വ. ജയശങ്കറെപ്പോലുള്ള രാഷ്ട്രീയ നിരീക്ഷകർ നേരെത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അപ്പോൾ ചരിത്രത്തിന്റെ ആവർത്തനംതന്നെയാണ് ശബരിയുടെ സ്ഥാനാർത്ഥിത്വം.
ഇനി രാഷ്ട്രീയപാർട്ടികൾ കൃത്യമായ രാഷ്ട്രീയം പറഞ്ഞാണല്ലോ പ്രവർത്തിക്കേണ്ടത്. ഇവിടെ ശബരീനാഥിന് പറയാൻ രാഷ്ട്രീയമൊന്നുമില്ല. പകരം സഹതാപം മാത്രം. ഈ മണ്ഡലത്തിലെ എംഎൽഎയും മുൻ മന്ത്രിയും സ്പീക്കറും ഏന്റെ പിതാവുമായ ജി.കെയുടെ വികസന സ്വപ്നങ്ങൾ പൂവണിയിക്കാൻ എനിക്കൊരുവോട്ടുതരൂവെന്ന്. ഈ സഹതാപം കൊണ്ട് എന്താണ് മറിച്ചുപിടിക്കുന്നതെന്ന് ഓർക്കുക. ഈ കൊച്ചുകേരളത്തിലെ അഴിമതിയും തോന്നിവാസവും ചോദ്യം ചെയ്യപ്പെടരുത്.സഹതാപ കണ്ണീരിനാൽ അന്ധരാക്കപ്പെട്ട അരുവിക്കരയിലെ വോട്ടർ, എല്ലാം മറന്ന് കൈപ്പത്തിക്കുതന്നെ കുത്തണം. ഇതിലും ഭേദം മയക്കുമരുന്ന് വിതരണംചെയ്ത് വോട്ടർമാരെ തരിപ്പിച്ച് നിർത്തുകയായിരുന്നു.
പക്ഷേ, ഇത്തരം കാര്യങ്ങളിലൊന്നും രാഷ്ട്രീയത്തിലേക്ക് നൂലിൽ കെട്ടിയിറക്കപ്പെട്ട ശബരിക്ക് യാതൊരു ആശങ്കയുമില്ല. അയാളുടെ ടെലിവിഷൻ അഭിമുഖങ്ങളെല്ലാം അക്കാര്യം വ്യക്തമാക്കുന്നു.
ഒരു പൊളിറ്റിക്കൽ ടിന്റുമോൻ ജനിക്കുന്നു
അരുവിക്കരയിൽ ശബരീനാഥിന് ദയനീയമായ ഒരു പരാജയം ഉണ്ടാവുകയാണെങ്കിൽ അതിന്റെ പ്രധാന ഉത്തരവാദി കാർത്തികേയന്റെ ഭാര്യ ഡോ. സുലേഖ തന്നെയായിരിക്കും! അത്രക്ക് ദയനീയമായിരുന്നു ചാനലുകൾക്കുമുമ്പിൽ അവർ നടത്തിയ കണ്ണീർ കല്യാണം. യു.ഡി.എഫുകാരിൽ നിന്നല്ലാതെ വെള്ളംപോലും വാങ്ങിക്കുടിക്കരുതെന്ന് മകനെ ഉപദേശിച്ചും മറ്റും അവർ ശബരിക്ക് ടിന്റുമോൻ ഇമേജാണ് ഉണ്ടാക്കിക്കൊടുത്തത്. നവമാദ്ധ്യമങ്ങളിലൊക്കെ ഇത് വലിയ ചർച്ചയാവുകയും ചെയ്തു. ഒരേ സമയത്ത് അവർക്ക് കാർത്തികേയന്റെ സഹതാപവോട്ട് പെട്ടിയിൽ വീഴണം; എന്നാൽ കാർത്തികേയനെ ആരും കുറ്റം പറയുകയും ചെയ്യരുത്. അരുവിക്കര മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥയില സ്വാഭാവികമായും എതിരാളികൾ ജി.കാർത്തികേയനെ പ്രതിക്കുട്ടിൽ നിർത്തും. അത് സുലേഖക്ക് സഹിക്കുന്നില്ല. പക്ഷേ സഹതാപവോട്ടുകൾക്കായി കാർത്തികേയന്റെ പേര് എടുത്തിടാനും അവർ തയ്യാറാണ്. ഇത് ഇരട്ടത്താപ്പല്‌ളെങ്കിൽ മറ്റെന്താണ്.
ഇനി ശബരിയുടെ ഡയലോഗുകൾ തന്നെനോക്കൂ. മാതൃഭൂമി ചാനലിൽ ഉണ്ണിബാലകൃഷ്ണന്റെ മുന്നിൽ ആ കുട്ടിയും വിജയകുമാറും സംസാരിക്കുന്നത് കേട്ടു. കുറ്റം പറയരുതല്ലോ, ഒന്നാന്തരം പൈങ്കിളിയാണ് ശബരീനാഥ്. അയാൾക്ക് രാഷ്ട്രീയം അറിയില്ല, എന്നുമാത്രമല്ല കാര്യമായി ഒന്നിനെക്കുറിച്ചും ധാരണയില്ല. വി.ടി ബൽറാമിനെപ്പോലുള്ള ചെറുപ്പക്കാർ കത്തിക്കയറുന്നത് കണ്ടായിരിക്കണം ഉണ്ണി ബാലകൃഷ്ണൻ ഒരുപാട് ചോദ്യങ്ങൾ ചോദിച്ചത്. പക്ഷേ മറുപടി ഗംഭീരമായിരുന്നു. ഇനി ഇങ്ങനെയാണെങ്കിൽ അഹങ്കാരത്തിന് വല്ല കുറവുണ്ടോയെന്ന് നോക്കണം.ഇത്തവണ മാത്രല്ല, 2016ലും താൻതന്നെ എംഎൽഎ ആകുമെന്നാണ ശബരി തട്ടിവിടുന്നത്!
പരമ്പരാഗത വോട്ടിങ്ങ് പാറ്റേണുകൾ മാറുന്നു
[BLURB#2-VL] പക്ഷേ എല്ലാവരെയും എല്ലാക്കാലവും പറ്റിക്കാനാവില്ലല്ലോ. സരിതയുടെയും തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങളും അതിൽ മുഖ്യമന്ത്രി വഹിച്ച പങ്കും പുറത്തായതോടെ അരുവിക്കരയിൽ കാറ്റ് മാറ്റിവീശുകയാണിപ്പോൾ. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലത്തെിയതോടെ അഴിമതിതന്നെയായി പ്രധാന ചർച്ചാവിഷയം. 'കൂട്ട കള്ളന്മാരുടെ സംഘമെന്ന്' വി എസ് നീട്ടിപ്പരത്തിപ്പറയുമ്പോൾ ഉണ്ടാകുന്ന കൈയടികൾ നോക്കുക? അരുവിക്കരയിൽ ആരൊക്കെ വന്നിട്ടും ഏറ്റവുംകൂടുതൽ ജനം ഇളകിയത് വി എസ് ഇറങ്ങിയപ്പോഴാണ്. എന്നാൽ മാതൃഭൂമി പത്രവും ചാനലും, മനോരമ പത്രവും (മനോരമ ചാനൽ ഈ കൂട്ടത്തിൽ പെടില്ല) ഉമ്മൻ ചാണ്ടിയുടെയും ശബരീനാഥിന്റെയും സപ്ലിമെന്റുകൾപോലെ വാർത്തകൊടുത്ത്, തെരഞ്ഞെടുപ്പിന്റെ ഗതിമാറ്റാൻ ശ്രമിക്കയാണ്. പക്ഷേ അരുവിക്കരയിലൂടെ ഒന്നു കറങ്ങിയാൽ അറിയാം. സാധാരണ ജനങ്ങൾ വിജയകുമാറിന് ഒപ്പമാണ്. അത് ഇടതുമുന്നണിയുടെ മികവുകൊണ്ടല്ല. ഈ നാണംകെട്ട അഴിമതി വീരന്മാർക്ക് ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുക്കുന്നു എന്ന അർത്ഥത്തിലാണ്.
പക്ഷേ അവിടെയും ഭാഗ്യം രാജഗോപാലിന്റെ രൂപത്തിൽ ഉമ്മൻ ചാണ്ടിയെ തേടിയെത്തി. നെഗറ്റീവ് വോട്ടുകൾ ഇടതുമുന്നണിക്കും ബിജെപിക്കും ഇടയിൽ വീതംവെക്കപ്പെടുമ്പോൾ സഹതാപക്കാറ്റിൽ പിടിച്ചുനിൽക്കാമെന്നാണ് ചാണ്ടി കരുതിയത്.
പക്ഷേ ഇപ്പോഴാണ് മറ്റൊരുകാര്യം രഹസ്യാന്വേഷണ വിഭാഗം അടക്കമുള്ളവർ ശ്രദ്ധിക്കുന്നത്. പരമ്പരാഗതമായി കോൺഗ്രസിന് വീണിരുന്ന സവർണ, അർധ ഫ്യൂഡൽ തറവാട് വോട്ടുകൾ ഒന്നടങ്കം ബിജെപിയിലേക്ക് പോവുന്നു! അതായത് രാജഗോപാൽ മൂന്നോട്ട് അധികമായി നേടുകയാണെങ്കിൽ അതിൽ രണ്ടെണ്ണം കോൺഗ്രസിന്റെ പരമ്പരാഗത വോട്ടായിരിക്കുമെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് തയാറാക്കിയ രഹസ്യ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ടിവി ന്യൂ ചാനൽ രണ്ടാഴ്ച മുമ്പ് നടത്തിയ സർവേ ഫലങ്ങളുടെ അമ്പരപ്പിക്കുന്ന വിവരവും ഇതുതന്നെയായിരുന്നു. കോൺഗ്രസിന്റെ വലിയൊരുവിഭാഗം വോട്ടുകൾ ബിജെപിക്ക് പോവുന്നതോടെ അടുത്ത തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ നേതാവാവാനുള്ള സാധ്യതയാണ് ചാനൽ പ്രവചിച്ചത്! മലബാറിനെ തങ്ങളുടെ സുരക്ഷിത മണ്ഡലങ്ങളിൽ ലീഗ് ജയിച്ചുകയറകയും, കോൺഗ്രസ് ഒനിനുപിറകെ ഒന്നായി തകർന്നടിയുകയും ചെയ്യുന്നതോടെ പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെടാൻപോലും കഴിയാത്ത രീതിയിൽ 2016ൽ ആ പാർട്ടിയുടെ അംഗസംഖ്യ ചുരുങ്ങുമെന്നാണ് ടിവീ ന്യൂ സർവേയിൽ കാണുന്നത്. ബിജെപി മൂന്ന് സീറ്റുകൾ നേടി സംസ്ഥാന നിയമസഭയിൽ അക്കൗണ്ടും തുറക്കും! [BLURB#1-H]
അതായത് കേരളത്തിന്റെ പരമ്പരാഗത വേട്ടിങ്ങ് പാറ്റേൺ അതിദ്രുതം മാറുകയാണെന്ന് ചുരുക്കം. അതിന്റെ ടെസ്റ്റ് ഡോസാണ് അരുവിക്കരയിൽ സംഭവിക്കാൻ പോവുന്നത്. ബിജെപി കൂടുതൽ വോട്ടുപിടച്ചാൽ അത് ബംഗാൾ മോഡലിൽ സിപിഎമ്മിന്റെ തകർച്ചയിലേക്കായിരിക്കും വഴിവെക്കുകയെന്നായിരുന്നല്ലോ, നേരത്തെ തെരഞ്ഞെുടുപ്പ് വിശകലന വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ മറിച്ചാണ് സംഭവിക്കുക. കോൺഗ്രസ് ഇല്ലാതാവുകയും മൽസരം ഇടതുമുന്നണിയും ബിജെപിയും നേരിട്ടാവുകയും ചെയ്യുന്ന രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ബാക്കിയൊക്കെ അരുവിക്കര കഴിഞ്ഞ് കാത്തിരുന്ന് കാണാം.
വാൽക്കഷ്ണം: അരുവിക്കര മണ്ഡലത്തിലൂടെ ഒരു തവണ യാത്രചെയ്തവർക്ക് കാർത്തികേയനോടുള്ള സകല ബഹുമാനവും ഇല്ലാതായിപ്പോവും. ഇവിടുത്തെ അവികസിത അവസ്ഥ കണ്ടാൽ ഒരു എംഎൽഎ ഉണ്ടായിരുന്നോയെന്ന് തോന്നിപ്പോവും. പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുന്ന റോഡുകൾ, തറക്കല്ലേൽ മാത്രം നിൽക്കുന്ന പാലങ്ങൾ, എട്ടുമണികഴിഞ്ഞാൽ ബസ്സില്ലാത്ത ഗ്രാമങ്ങൾ, ടാർപോളിൻ ഷീറ്റുനുള്ളിൽ ജനം കിടന്നുറങ്ങുന്ന കോളനികൾ! കേരളത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന പത്ത് മണ്ഡലങ്ങളിൽ ഒന്നാണ് അരുവിക്കരയെന്ന് ഇതിലൂടെ ഒന്ന് ചുറ്റിയടിക്കുന്ന ആർക്കും ബോധ്യമാവും. എന്നിട്ടും മാതൃഭൂമിയും, മനോരമയും വീമ്പടിക്കുന്നു. ജി.കെ അരുവിക്കരയിൽ കോടികളുടെ വികസനം കൊണ്ടുവന്നത്രേ!