- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരുവിക്കര ഉപതെരഞ്ഞെടുപ്പ് ജൂൺ 27ന്; വോട്ടെണ്ണൽ 30ന്; സുലേഖയെത്തന്നെ രംഗത്തിറക്കാൻ യുഡിഎഫ്; പിടിച്ചെടുക്കാൻ വിജയകുമാറിനെ പരിഗണിക്കാൻ ഇടതുപക്ഷം: തലസ്ഥാനത്ത് പോരാട്ടം തീപാറും
ന്യൂഡൽഹി: അരുവിക്കര ഉപതെരഞ്ഞെടുപ്പ് ജൂൺ 27ന് നടക്കും. ജൂൺ 30നാണ് വോട്ടെണ്ണൽ നടക്കുകയെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ജൂൺ മൂന്നിന് തെരഞ്ഞെടുപ്പ് വിജ്ഞാപനമിറക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ പത്താണ്. തമിഴ്‌നാട്ടിലെ ആർകെ നഗറിലും ജൂൺ 27ന് തെരഞ്ഞെടുപ്പ് നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയി
ന്യൂഡൽഹി: അരുവിക്കര ഉപതെരഞ്ഞെടുപ്പ് ജൂൺ 27ന് നടക്കും. ജൂൺ 30നാണ് വോട്ടെണ്ണൽ നടക്കുകയെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
ജൂൺ മൂന്നിന് തെരഞ്ഞെടുപ്പ് വിജ്ഞാപനമിറക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ പത്താണ്. തമിഴ്‌നാട്ടിലെ ആർകെ നഗറിലും ജൂൺ 27ന് തെരഞ്ഞെടുപ്പ് നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
അരുവിക്കര ഉപതെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം അവശേഷിക്കെ വിജയ പ്രതീക്ഷയിൽ തന്നെയാണ് ഇരുമുന്നണികളും. സ്ഥാനാർത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശ ധാരണ ഇക്കാര്യത്തിൽ ഇരു മുന്നണികളും ഉണ്ടാക്കിയിട്ടുണ്ട്.
മുൻ മന്ത്രിയും സിപിഐ(എം) നേതാവുമായ എം വിജയകുമാറിനെ ഇടതുപക്ഷം അരുവിക്കരയിൽ സ്ഥാനാർത്ഥിയാക്കുമെന്നാണ് സൂചന. സ്പീക്കറായിരുന്ന ജി കാർത്തികേയന്റെ ഭാര്യ ഡോ. എം ടി സുലേഖ തന്നെയാകും കോൺഗ്രസിനുവേണ്ടി കളത്തിലിറങ്ങുക എന്നും റിപ്പോർട്ടുകളുണ്ട്.
സ്പീക്കറായിരിക്കെ അന്തരിച്ച ജി കാർത്തികേയന്റെ ഒഴിവിലേക്കാണ് അരുവിക്കരയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. തെരഞ്ഞെടുപ്പു ചുമതല സിപിഐ(എം) ഏൽപ്പിച്ചിരിക്കുന്നത് പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെയാണ്. അതിനാൽ തന്നെ, സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനുശേഷം പിണറായി ചുമതല ഏറ്റെടുക്കുന്ന ജോലി എന്ന നിലയിൽ സ്ഥാനാർത്ഥിക്കു മികച്ച വിജയം ഒരുക്കാൻ സിപിഐ(എം) പ്രവർത്തകർ കച്ചകെട്ടിയിറങ്ങുമെന്നതുറപ്പാണ്.
അരുവിക്കര മണ്ഡലവുമായി നല്ല ബന്ധമുള്ള നേതാക്കളായ വി കെ മധു, ഐ ബി സതീഷ് തുടങ്ങിയവരുടെ പേരുകളും എൽഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണനയ്ക്കു വന്നെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ താൽപര്യം എം വിജയകുമാറിനൊപ്പമാണ് എന്നാണു റിപ്പോർട്ടുകൾ. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി സിപിഐ(എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗം നാളെ ചേരും. യോഗത്തിൽ തെരഞ്ഞെടുപ്പു ചുമതലയുള്ള പിണറായി വിജയനും പങ്കെടുക്കും.
യുഡിഎഫിൽ അഴിമതി വിവാദങ്ങൾ പുകയുന്ന സാഹചര്യത്തിൽ വിജയം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. സഹതാപ തരംഗം നിലവിൽ ഇല്ലെന്നും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം മുതലെടുക്കാനായാൽ ജയം ഉറപ്പാണെന്നും തന്നെയാണ് എൽഡിഎഫിന്റെ വിലയിരുത്തൽ.
അതേസമയം, ജി കാർത്തികേയന്റെ ഭാര്യ എം ടി സുലേഖയെ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയായി രംഗത്തിറക്കാനാണ് സാധ്യത കൂടുതൽ. കാർത്തികേയന്റെ കുടുംബത്തിൽ നിന്നുതന്നെ സ്ഥാനാർത്ഥി വേണമെന്നു നിർബന്ധമില്ലെന്നും തന്റെ സ്ഥാനാർത്ഥിത്വത്തിന്റെ കാര്യം പിന്നീടു പറയാമെന്നുമാണ് ഡോ. സുലേഖ പ്രതികരിച്ചത്. എങ്കിലും കോൺഗ്രസ് നേതൃത്വത്തിന്റെ പ്രധാന പരിഗണന ഡോ. സുലേഖ തന്നെയാണ്. ഇപ്പോഴത്തെ പ്രതികൂല സാഹചര്യം കണക്കിലെടുത്ത് സഹതാപതരംഗം സൃഷ്ടിക്കാൻ തന്നെയാകും കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് ശ്രമിക്കുക. മുൻ ചീഫ് വിപ്പ് പി സി ജോർജിന്റെ നിലപാടുകളും തെരഞ്ഞെടുപ്പിന്റെ ഫലത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.
ബിജെപി സ്ഥാനാർത്ഥിയുടെ കാര്യത്തിലും അന്തിമ തീരുമാനം ആയിട്ടില്ല എന്നാണു സൂചന. സുരേഷ് ഗോപിയെയും ഒ രാജഗോപാലിനെയും സ്ഥാനാർത്ഥിയായി ബിജെപി പരിഗണിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ പദവി വിട്ടു അരുവിക്കരയിലേക്കു വരാൻ സുരേഷ് ഗോപി തയ്യാറാകില്ലെന്നുറപ്പാണ്. ഒ രാജഗോപാലും മത്സരിക്കുന്നതിൽ പൂർണ സമ്മതം അറിയിച്ചിട്ടില്ല. തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ പരമാവധി വേഗത്തിൽ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ.