- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ടു മാസത്തേക്കു മാത്രമുള്ള എംഎൽഎ സ്ഥാനത്തിന് ചരടുവലിക്കാതെ മുൻനിര നേതാക്കൾ; മനസു തുറക്കാതെ സുലേഖയും; അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്താൻ പി സി ജോർജും: സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി രാഷ്ട്രീയ കക്ഷികളിൽ ആശയക്കുഴപ്പം
തിരുവനന്തപുരം: അരുവിക്കരയിലെ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി സർവ്വത്ര ആശയക്കുഴപ്പം. രാഷ്ട്രീയ സാഹചര്യം സിപിഎമ്മിന് അനുകൂലമാണ്. എന്നാൽ കാർത്തികേയന് അനുകൂലമായ സഹതാപ തരംഗം വീശിയടിച്ചാൽ യുഡിഎഫ് ജയിച്ചു കയറും. ബിജെപിയും വോട്ട് കൂട്ടാമെന്ന പ്രതീക്ഷയിലാണ്. സിപിഎമ്മിനായി എം വിജയകുമാറും കോൺഗ്രസിനായി സുലേഖയും പോരാട്ടത്തിനെത്തുമെന്ന
തിരുവനന്തപുരം: അരുവിക്കരയിലെ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി സർവ്വത്ര ആശയക്കുഴപ്പം. രാഷ്ട്രീയ സാഹചര്യം സിപിഎമ്മിന് അനുകൂലമാണ്. എന്നാൽ കാർത്തികേയന് അനുകൂലമായ സഹതാപ തരംഗം വീശിയടിച്ചാൽ യുഡിഎഫ് ജയിച്ചു കയറും. ബിജെപിയും വോട്ട് കൂട്ടാമെന്ന പ്രതീക്ഷയിലാണ്. സിപിഎമ്മിനായി എം വിജയകുമാറും കോൺഗ്രസിനായി സുലേഖയും പോരാട്ടത്തിനെത്തുമെന്നാണ് പ്രതീക്ഷ. എന്നാൽ ആർക്കും ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിക്കുന്നില്ല. വിജയം ഉറപ്പില്ലാത്ത അവസ്ഥയിൽ വിജയകുമാറും സുലേഖയും രണ്ട് മനസ്സിലാണ്. അരുവിക്കരയിൽ തോറ്റാലും രാഷ്ട്രീയ ഭാവി ശോഭനമാണെന്ന ഉറപ്പ് നേതൃത്വങ്ങൾ നൽകിയാൽ മാത്രമേ അരുവിക്കരയിൽ പരീക്ഷണത്തിന് ഇവർ എത്തുകയുള്ളൂ.
ബാർ കോഴ കേസിലെ അന്വേഷണം അന്തിമഘട്ടത്തിൽ എത്തി നിൽക്കെ റിപ്പോർട്ട് എന്താകുമെന്ന ആശങ്കയിലാണ് യു ഡി എഫ് നേതൃത്വം. ഇതു തന്നെയാണ് സ്ഥാനാർത്ഥി നിർണ്ണയത്തെ പോലും ബാധിക്കുന്നത്. എന്നാൽ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും പാർട്ടി നേതൃത്വവും തമ്മിലുള്ള പരസ്യപോരാണ് ഇടതു നേതൃത്വത്തെ ആശങ്കയിലാക്കുന്നത്. വി എസിന്റെ നിലപാട് തെരഞ്ഞെടുപ്പ് ഫലത്തെ നിർണ്ണായകമായി സ്വാധീനിക്കുമെന്ന് സിപിഎമ്മിനും അറിയാം. ധനമന്ത്രി കെ എം മാണിക്കെതിരായ നിർണ്ണായകതെളിവ് മാദ്ധ്യമങ്ങളിലൂടെ പുറത്തെത്തിയപ്പോൾ രാഷ്ട്രീയകേരളം ഉപതെരഞ്ഞെടുപ്പിലേക്ക് വരുന്നത് സർക്കാരിനേയും യു ഡി എഫിനേയും ഭയപ്പെടുത്തുന്നുണ്ട്. ഇത് രാഷ്ട്രീയ നേട്ടമാക്കി മാറ്റാമെന്ന പ്രതീക്ഷ ഇടതുമുന്നണിക്ക് പ്രതീക്ഷയാണ്.
എട്ട് മാസത്തേക്ക് മാത്രമുള്ള എംഎൽഎ സ്ഥാനത്തിനുള്ള മത്സരത്തിന് ഇറങ്ങാൻ മുൻ നിര നേതാക്കൾക്ക് താൽപ്പര്യമില്ല. ഈ സാഹചര്യത്തിലാണ് കാർത്തികേയന്റെ ഭാര്യ സുലേഖയെ മത്സരിപ്പിക്കാനുള്ള കോൺഗ്രസിന്റെ നീക്കം. എന്നാൽ സുലേഖ മനസ്സ് തുറന്നിട്ടില്ല. എ കെ ആന്റണി നേരിട്ട് ആവശ്യപ്പെട്ടാൽ മത്സരിക്കാമെന്നതാണ് സുലേഖയുടെ നിലപാട്. എന്നാൽ ഇതുവരെ ആന്റണിയുടെ ഭാഗത്ത് നിന്ന് നീക്കങ്ങൾ ഉണ്ടായിട്ടില്ല. എല്ലാം സംസ്ഥാന നേതൃത്വം ചെയ്യട്ടേ എന്നാണ് ആന്റണിയുടെ പക്ഷം. കേരളത്തിലെ കാര്യങ്ങളിൽ ഇടപെടാൻ തയ്യാറല്ല. ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം മത്സരമെന്ന നിലപാടിലുമാണ് സുലേഖ. ഈ ഉറപ്പാണ് ആന്റണിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. പക്ഷേ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വി എം സുധീരനും നൽകേണ്ട ഉറപ്പ് താനെങ്ങനെ നൽകുമെന്നാണ് ആന്റണിയുടെ ചോദ്യം. പ്രചരണത്തിൽ സജീവമായി പങ്കെടുക്കാമെന്ന ഉറപ്പ് മാത്രമാണ് ആന്റണി നൽകുന്നത്.
മറുപക്ഷത്ത് എം വിജയകുമാറിനെ സ്ഥാനാർത്ഥിയാക്കണമെന്ന പൊതു വികാരം സിപിഐ(എം) സംസ്ഥാന നേതൃത്വത്തിലുണ്ട്. എന്നാൽ സിഐടിയു നേതാവ് വികെ മധുവിന് അനുകൂലമാണ് ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ. അരുവിക്കരയിലെ പ്രവർത്തകരുമായി നേരിട്ട്് ബന്ധമുള്ള വ്യക്തിയാണ് മധു. എന്നാൽ വിജയകുമാറിനെയാണ് സംസ്ഥാന നേതൃത്വം പിന്തുണയ്ക്കുന്നതെന്നും അറിയാം. നാളത്തെ ജില്ലാ സെക്രട്ടറിയേറ്റിൽ പിണറായി വിജയനും പങ്കെടുക്കും. അതുകൊണ്ട് തന്നെ പിണറായി പറയുന്നതിനപ്പുറം ഒരു തീരുമാനം ഉണ്ടാവുകയുമില്ല. ജില്ലാ സെക്രട്ടറിയേറ്റ് നൽകുന്ന പാനൽ അടുത്ത ദിവസം ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കും. ഇത് വിജയകുമാറിന്റെ പേരായിരിക്കുമെന്ന് തന്നെയാണ് സിപിഐ(എം) നൽകുന്ന സൂചന. താഴെ ഘടകങ്ങൾ സ്ഥാനാർത്ഥിയുടെ പേര് ചർച്ച ചെയ്യുന്ന പതിവ് അരുവിക്കരയിൽ തെറ്റിക്കുകയാണ് സിപിഐ(എം).
ബിജെപിയിൽ സ്ഥാനാർത്ഥിയിൽ ഒരു ധാരണയുമില്ല. ശക്തനായ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ തന്നെയാണ് നീക്കം. ഒ രാജഗോപാലിനേയും സുരേഷ് ഗോപിയേയുമൊക്കെ പരിഗണിച്ചിരുന്നു. എന്നാൽ ഇവരൊന്നും മത്സരത്തിന് തയ്യാറല്ല. പാർട്ടി സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടിയുടെ പേരാണ് പ്രധാനമായും മുന്നിലുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ശിവൻകുട്ടിയായിരുന്നു സ്ഥാനാർത്ഥി. പ്രവർത്തകരുമായി പരിചയവുമുണ്ട. എന്നാൽ സിപിഎമ്മിൽ നിന്ന് കൂറുമാറി ബിജെപിയിലെത്തിയ കൃഷ്ണകുമാറിനെയോ ഭാര്യ ഗിരിജാ കുമാരിയേയോ പരിഗണിക്കാനും സാധ്യതയുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ ബിജെപി സ്ഥാനാർത്ഥിയായ മത്സരിച്ച ഗിരിജ ഭേദപ്പെട്ട വോട്ട് നേടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗിരിജയുടെ പേരിന് മുൻതൂക്കം കിട്ടുന്നത്. കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, വി വി രാജേഷ്, ജെആർ പത്മകുമാർ എന്നിവരും മത്സരിക്കാൻ താൽപ്പര്യപ്പെടുന്നില്ല.
ഇതിനൊപ്പമാണ് പി സി ജോർജ്ജിന്റെ അഴിമതി വിരുദ്ധ മുന്നണിയുടെ നാലാം ചേരി. നാടാർ സമുദായ വോട്ടുകളാണ് ലക്ഷ്യം. വി എസ്ഡിപിയുടെ കരുത്തിൽ വോട്ട് പിടിക്കാമെന്നാണ് പ്രതീക്ഷ. എസ്ഡിപിഐ പോലുള്ള സംഘടനകൾക്കും സ്വാധീനമേഖലകളുണ്ട്. പരമാവധി വോട്ട് നേടി കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിക്കുകയാണ് ലക്ഷ്യം. ശ്രീനാരായണ ധർമ്മ വേദിയുടെ നേതാവ് കൂടിയായ ബിജു രമേശ് ഉൾപ്പെടെയുള്ളവർ സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ബാർ കോഴ ആരോപണത്തിൽ പരസ്പരം ഏറ്റുമുട്ടിയ ബിജുവും പിസി ജോർജ്ജും ഒന്നിച്ച് വേദി പങ്കിടുന്ന അവസ്ഥ വരും. എന്നാൽ മത്സരത്തിനില്ലെന്ന നിലപാടിൽ ബിജു രമേശ് എത്തിയതായും സൂചനയുണ്ട്. മികച്ചൊരു സ്ഥാനാർത്ഥിയെ ഈ മുന്നണി അവതരിപ്പിച്ചാൽ ബിജെപി പിന്തുണയ്ക്കാനും സാധ്യതയുണ്ട്.
അതിനിടെ, പിഡിപി സ്ഥാനാർത്ഥിയെ നിർത്താൻ ആലോചിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നു. മദനി ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് നേതാക്കൾ പറയുന്നത്.