നെടുമങ്ങാട്: അരുവിക്കര കളത്തുകാലിൽ പിടിയിലായ പെൺവാണിഭ സംഘം പ്രധാനമായും ലക്ഷ്യം വച്ചിരുന്നത് കോളേജ് വിദ്യാർത്ഥികളെ. തലസ്ഥാന നഗരത്തിലെ പ്രമുഖ ഗുണ്ടാ സംഘങ്ങളുൾപ്പടെ ഇവരുടെ സ്ഥിരം ഇടപാടുകാരായിരുന്നുവെന്നും പൊലീസ് പറയുന്നു.വാടകയ്ക്ക് വീടെടുത്ത ശേഷം നൂർജഹാനും മകൻ രാഹുലും ചേർന്ന് നടത്തിയിരുന്ന പെൺവാണിഭ സംഘത്തെ കഴിഞ്ഞ ദിവസമാണ് നെടുമങ്ങാട് സർക്കിൾ ഇൻസ്പെക്ടർ എം അനിൽ കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.ജില്ലാ പൊലീസ് മേധാവി അശോക് കുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു സംഘം വലയിലായത്.

കുറച്ച് കാലം മുൻപ് വെഞ്ഞാറമൂട് പ്രദേശത്തും ഇവർ സമാനമായ രീതിയിൽ പെൺവാണിഭം നടത്തിവരികയായിരുന്നു. അന്ന് പൊലീസ് പിടികൂടാനെത്തുന്നുവെന്ന വിവരം ലഭിച്ച ഇവർ സ്ഥലം വിടുകയും പിന്നീട് കുറച്ചകാലം യാതൊരു വിവരവുമില്ലാതിരിക്കുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഉറിയാക്കോട് പനച്ചമൂട് ആയില്യം ഭവനിൽ ശ്രീജിത്ത് (24), കമലേശ്വരം പരുത്തിക്കുഴി പുളിമൂട് സിഎസ്‌ഐ പള്ളിക്കു സമീപം മുത്തുമ്മ ഹൗസിൽ രാഹുൽ (24), പുതുക്കുളങ്ങര ഭദ്രകാളിക്ഷേത്രത്തിനു സമീപം ശിവശ്രീയിൽ വിജയകുമാർ (55), പേരൂർക്കട ഊളൻപാറ ദേവപാലൻ നഗറിൽ മഞ്ചു (25), വഞ്ചിയൂർ ചിറക്കുളം റോഡിൽ ഷീജ (37), പാറശാല കാരോട് ദശലക്ഷം കോളനി വീട്ടിൽ പ്രിയ (31) എന്നിവരാണ് പിടിയിലായത്.പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ച് ദിവസമായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും അനിൽ കുമാർ പറഞ്ഞു. കോലേജ് വിദ്യാർത്ഥികൾക്കൊപ്പമുള്ള ഇവരുടെ ചില ലൈംഗിക ചിത്രങ്ങളും ലഭിച്ചതായി പൊലീസ് പറയുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

അരുവിക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ കളത്തുകാൽ സിമന്റ് ഗോഡൗണിനു എതിർവശത്തെ വീടു വാടകയ്ക്കെടുത്തു രണ്ടു മാസമായി പെൺവാണിഭം നടത്തിവരികയായിരുന്നു. കേസിലെ മൂന്നാം പ്രതിയായ രാഹുലിന്റെ ഉമ്മ നൂർജഹാൻ (42) ആണ് വീടു വാടകയ്ക്ക് എടുത്തിരുന്നത്. ഇവരായിരുന്നു സംഘത്തിലെ പ്രധാനി. സംഘത്തിലെ അംഗങ്ങളായ മഞ്ജു, ഷീജ, പ്രിയ എന്നിവർ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന യുവാക്കളുമായി ചങ്ങാത്തതിലെത്തുകയും പിന്നീട് വലയിൽ വീഴ്‌ത്തുന്നതുമാണ് പതിവ്. കോളേജിൽ പഠിക്കുന്ന യുവാക്കളെ ഫേസ്‌ബുക്കും മറ്റ് സാമൂഹ്യമാദ്ധ്യമങ്ങളും ഉപയോഗിച്ചാണ് വലയിൽ വീഴ്‌ത്തിയിരുന്നത്.

കോളേജിൽ പഠിക്കുന്ന യുവാക്കളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന ദൃശ്യങ്ങൾ പകർത്തുകയും ഇത് കാണിച്ച് ഇവരെ ബ്ലാക്മെയിൽ ചെയ്ത് പണവും സ്വർണ്ണവും തട്ടുന്നത് പതിവായിരുന്നുവെന്നും നെടുമങ്ങാട് സിഐ മറുനാടനോട് പറഞ്ഞു. മാനഹാനി ഭയന്ന് പലരും ഇതൊന്നും വീട്ടിൽ അറിയിക്കില്ലെന്ന ധൈര്യമാണ് സംഘത്തെ ഇത്തരം പ്രവർത്തികൾക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു.

കുറച്ചുദിവസം മുൻപു വീഴ്ചയിൽ നൂർജഹാന്റെ കാലിലുണ്ടായ പൊട്ടലിനെ തുടർന്നു പ്ലാസ്റ്ററിട്ടു ചികിൽസയിൽ കഴിയുന്നതിനാൽ അസുഖ വിവരം തിരക്കിവരുന്ന ബന്ധുക്കളെന്ന വ്യാജേനയാണ് ഇടപാടുകാരെ വീട്ടിൽ എത്തിച്ചിരുന്നത്. കഴിഞ്ഞ രണ്ട് മാസമായിട്ടാണ് ഇവർ ഇവിടെ താമസിച്ച് വന്നിരുന്നത്. ഇവരുടെ വീടിന് സമീപത്തൊന്നും അധികം വീടുകളില്ല. അയൽവാസികളോട് ഇവരെക്കുറിച്ച് തിരക്കിയപ്പോൾ വലിയ പരിചയമൊന്നുമില്ലെന്നും എപ്പോഴും ആളുകൾ വന്നുപോകാറുണ്ടെന്നും അവിടുത്തെ സ്ത്രീക്ക് കാലിന് എന്തോ പറ്റിയെന്നുമൊക്കയാണ് ഷാഡോപൊലീസിനും ലഭിച്ച വിവരം.

ഈ വീട്ടിൽനിന്നു മദ്യവും ഗർഭനിരോധന ഉറകളും പണമടങ്ങിയ പഴ്സും കണ്ടെത്തിയിട്ടുണ്ട്. വീട്ടിൽ മൂന്നു മുറികൾ ഇടപാടുകാർക്കായി പ്രത്യേകം തയാറാക്കിയിരുന്നു. ഓരോ ഇടപാടിനും 5000 രൂപയായിരുന്നു നിരക്ക്. സ്ത്രീയുമായി വരുന്ന പുരുഷന്മാർക്കു മുറി നൽകുന്ന രീതിയും ഇവിടെ ഉണ്ടായിരുന്നു. ഇതിനായി ആയിരം രൂപയാണ് ഈടാക്കിയിരുന്നത്. സംഘത്തിൽപ്പെട്ട യുവതികൾ ഫേസ്‌ബുക് അക്കൗണ്ട് വഴിയും സ്വന്തമായി ഇടപാടുകാരെ കണ്ടെത്തിയിരുന്നു.

വിദേശത്തുനിന്നെത്തുന്ന യുവാക്കളുമായി സംഘത്തിലെ മഞ്ചു തിരുവനന്തപുരത്തെ ഫൈവ് സ്റ്റാർ ഹോട്ടലിൽ സ്ഥിരമായി ഇടപാടിനു പോകാറുണ്ടെന്നു സമ്മതിച്ചതായും പൊലീസ് പറഞ്ഞു. മുൻപു വെമ്പായത്ത് വാടകയ്ക്കു വീടെടുത്തു പെൺവാണിഭം നടത്തിയ കേസിൽ നൂർജഹാനെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചികിത്സയിൽ കഴിയുന്നതിനാൽ വീടു വാടകയ്‌ക്കെടുത്ത നൂർജഹാനെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികൾക്കെതിരെ ലൈംഗിക പീഡന നിരോധന നിയമം 3,4,7 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന സ്ത്രീകളെ അട്ടക്കുളങ്ങര വനിത ജയിലിലും മറ്റുള്ളവരെ ജില്ലാ ജയിലിലേക്കും മാറ്റിയിട്ടുണ്ട്.

(ഈ വാർത്തയ്‌ക്കൊപ്പം ആദ്യം നൽകിയ ചിത്രം മാറിപോയിരുന്നു.... ഇതുകാരണം ചിത്രത്തിലുണ്ടായിരുന്ന വീടിന്റെ ഉടമസ്ഥർക്കുണ്ടായ ബുദ്ധിമുട്ടുകളിൽ ഖേദിക്കുന്നു-എഡിറ്റർ)