തിരുവനന്തപുരം: ഉന്നത പഠനത്തിന് ശേഷം ടാറ്റയിലായിരുന്നു ശബരിനാഥന്റെ ജോലി. അച്ഛൻ കാർത്തികേയന്റെ അപ്രതീക്ഷിത മരണത്തോടെ ശബരിനാഥൻ രാഷ്ട്രീയക്കാരനായി. അച്ഛന്റെ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിൽ ജയം. അങ്ങനെ നിയമസഭയിൽ. എട്ട് മാസത്തിന് ശേഷം വീണ്ടും തെരഞ്ഞെടുപ്പ്. ഇത്തവണ കന്നിക്കാരന്റെ മട്ടും ഭാവും ശബരിനാഥനില്ല. ആത്മവിശ്വാസം കൂടിയിരിക്കുന്നു. ടാറ്റയിലെ ജോലിക്കിടെ മനസ്സിലാക്കിയ പലതും അരുവിക്കരയിൽ നടപ്പാക്കുകയാണ് ഈ മാനേജ്‌മെന്റെ വിദഗ്ധൻ.

അരുവിക്കരയിൽ എട്ടുമാസം മുൻപ് നടന്ന ഉപതെരഞ്ഞെടുപ്പിലെ പോസ്റ്ററും ഫ്ളാ്‌സും മതി യു.ഡി.എഫ് സ്ഥാനാർത്ഥി കെ.ശബരീനാഥനു ഇത്തവണ. അന്ന് ഉപയോഗിച്ച പ്രചരണസാമഗ്രികളെല്ലാം പൊടിതട്ടിയെടുത്തു യു.ഡി.എഫ് പ്രവർത്തകർ നിരത്തിക്കഴിഞ്ഞു. ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം അന്ന ഉപയോഗിച്ച ഫ്ളാക്‌സുകളും മറ്റും ശബരിനാഥൻ ശേഖരിച്ച് ഗോഡൗണിൽ സൂക്ഷിച്ചു. അതു തന്നെ വീണ്ടും നിരത്തുകയാണ് അരുവിക്കരയിൽ. അതുകൊണ്ട് തന്നെ ചെലവ് കുറഞ്ഞ പ്രചരണവും സാധ്യമാകും.

തെരഞ്ഞെടുപ്പു കഴിഞ്ഞാലുടൻ പ്രചരണ സാമഗ്രികൾ ആക്രിക്കടയിൽ വിൽക്കേണ്ട അവസ്ഥ ശബരിക്കുണ്ടാകാത്തതു ഭാഗ്യമായെന്നു ഡി.സി.സി അധ്യക്ഷൻ കരകുളം കൃഷ്ണപിള്ള പറയുന്നു. ഒരു മാനേജ്‌മെന്റ് വിദഗ്ധന്റെ മികവ് തന്നെയാണ് ഇതിന് കാരണമെന്നും വിലയിരുത്തുന്നു. സീറ്റ് ശബരിനാഥന് തന്നെയെന്ന കെപിസിസി അനൗദ്യോഗികമായി അറിയിച്ചതോടെയാണ് ഗോഡൗണിലെ പ്രചരണ സാമഗ്രികൾ പുറത്ത് എത്തിയത്.

അങ്ങനെ ശബരിനാഥൻ കാര്യമായ പ്രചരണംതന്നെ അരുവിക്കരയിൽ തുടങ്ങിക്കഴിഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ രണ്ടുദിവസം മുമ്പുമാത്രമാണു തീരുമാനിച്ചത്. പാളയം ഏര്യാകമ്മറ്റി സെക്രട്ടറി എഎ റഷീദാണ് ഇടത് സ്ഥാനാർത്ഥി. തന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം എ.ഐ.സി.സി. ഔദ്യോഗികമായി നടത്തിയശേഷമേ രംഗത്തിറങ്ങുകയുള്ളൂവെന്നാണ് ശബരി പറയുന്നത്. എട്ടുമാസമായി ശബരിനാഥ് സ്ഥാനാർത്ഥിയെപോലെയാണ്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ വോട്ട് ചോദിക്കാൻ പ്രമുഖരുടെ വീടുകളിൽ ശബരിനാഥൻ എത്തിതുടങ്ങുകയും ചെയ്തു.

വാശിയേറിയ ഉപതെരഞ്ഞെടുപ്പിൽ ജയിച്ചതിനുപിന്നാലെ മണ്ഡലത്തിലെ മുക്കുംമൂലയിലും സജീവമായ ശബരീനാഥൻ ഇന്ന് പിതാവ് ജി. കാർത്തികേയനോളം സുപരിചിതനാണ്. അതുകൊണ്ട് ഔദ്യോഗിക പ്രഖ്യാപനമൊന്നും വേണ്ടിവരില്ലെന്നാണ് അനുയായികളുടെ പക്ഷം.