- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗീവർഗ്ഗീസ് രൂപവുമായി ആദ്യം എത്തിയത് അതിരമ്പുഴക്കാർ; പൂഞ്ഞാർ സൈന്യത്തിൽ ചേർന്ന തമിഴ്നാട്ടിൽ നിന്നുള്ള മുസ്ലീങ്ങളും; അവർക്ക് രാജകുടുംബം പതിച്ചു കൊടുത്തത് ബാക്കിയുള്ള സ്ഥലം; ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയാണെങ്കിലും പ്രധാന സ്ഥാപനങ്ങളെല്ലാം അരുവിത്തുറയിൽ; അപമാനിക്കുന്നത് താലിബാനിസം; പിസി ജോർജ്ജിന് പറയാനുള്ളത്
കോട്ടയം: അരുവിത്തുറയെ മനഃപൂർവ്വം അപമാനിക്കാൻ ശ്രമിക്കുന്നത് താലിബാനിസമാണെന്ന് മുൻ എംഎൽഎയും ജനപക്ഷം പാർട്ടി ചെയർമാനുമായ പി.സി ജോർജ്ജ്. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ വാർഡ് 25 ലെ കൗൺസിലർ അനസ് പാറയിൽ അരുവിത്തുറ എന്ന സ്ഥലത്തിന് പ്രാധാന്യമില്ലെന്നും ഈരാറ്റുപേട്ട എന്ന് പറയണമെന്നും ഒരു നഴ്സിനോട് ഫോണിൽ സംസാരിക്കുന്ന ശബ്ദ രേഖ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അരുവിത്തുറ എന്ന സ്ഥലത്തിന് പ്രാധാന്യം കൊടുക്കണ്ട എന്ന് പറയുന്നത് ശുദ്ധ വിഡ്ഡിത്തരവും വിവരമില്ലായ്മയുമാണ്. വിദ്യാഭ്യാസം ഇല്ലാത്തതിന്റെ കുറവാണ് ഇത്രയും പ്രാധാന്യമുള്ള സ്ഥലത്തെ അടച്ചാക്ഷേപിക്കുന്നത്. ഈരാറ്റുപേട്ട നഗരസഭയുടെ പ്രധാന വരുമാന സ്രോതസ്സാണ് അരുവിത്തുറ പള്ളി. ഈ പള്ളിയിൽ വരുന്ന വിശ്വാസികളാണ് ഏറ്റവും കൂടുതൽ കച്ചവടക്കാരുടെ വരുമാനം. അങ്ങനെയുള്ളപ്പോൾ ഇത്തരം പ്രസ്താവനകൾ അവരെ അപമാനിക്കുന്നതിനും തുല്യമാണെന്നും പി.സി ജോർജ്ജ് മറുനാടനോട് പറഞ്ഞു.
ഇടതു പക്ഷ സ്ഥാനാർത്ഥിയായി ജയിച്ചു വന്ന അനസ് അരുവിത്തുറക്കാരനാണ്. അനസിന്റെ മേൽവിലാസത്തിലും അത് വ്യക്തമായി കാണാം. അരുവിത്തുറയിൽ ജനിച്ചു വളർന്ന ഒരാൾ ഇത്തരത്തിൽ സംസാരിക്കുന്നത് നാടിന് തന്നെ അപമാനമാണ്. അരുവിത്തുറ വന്നതിന് ശേഷമാണ് ഈരാറ്റുപേട്ട ഉണ്ടായത്. തോമാശ്ലീഹ കേരളത്തിൽ വന്ന് അതിരമ്പുഴയിൽ താമസിക്കുമ്പോൾ വലിയ വെള്ളപ്പൊക്കമുണ്ടായി. ആ സമയം അവിടെ നിന്നും ക്രിസ്തീയ സമൂഹം നിലക്കലിലേക്ക് താമസം മാറ്റി. അവിടെ വച്ച് തമിഴ് കൊള്ളക്കാരുടെ ആക്രമണമുണ്ടായപ്പോൾ അരുവിത്തുറയിലേക്ക് രക്ഷപെട്ട് എത്തി.
അവർ എത്തിയപ്പോൾ ഗീ വർഗ്ഗീസിന്റെ രൂപവുമായിട്ടാണ് എത്തിയത്. അങ്ങനെയാണ് അരുവിത്തുറ പള്ളി ഉണ്ടാവുന്നത്. അതു പോലെ തന്നെ തോമാശ്ലീഹ സ്ഥാപിച്ച ഏഴരപള്ളിയിൽ അരപള്ളി അരുവിത്തുറ പള്ളിയാണ്. അരുവിത്തുറ പള്ളിയുടെ കുരിശുപള്ളികളാണ് കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം, കുറവിലങ്ങാട് തുടങ്ങിയ പള്ളികൾ. അപ്പോൾ അരുവിത്തുറ പള്ളിയുടെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാം. ഇതൊക്കെ ചരിത്രമാണ്. അങ്ങനെയിരിക്കെ തമിഴ്നാട്ടിൽ നിന്നും മുസ്ലീങ്ങൾ പൂഞ്ഞാർ രാജകുടുംബത്തിന്റെ സൈന്യത്തിലേക്കെത്തിയിരുന്നു. അവർക്ക് രാജ കുടുംബം ബാക്കിയുള്ള സ്ഥലങ്ങൾ പതിച്ചു കൊടുത്തു.
അരുവിത്തുറ പള്ളിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലങ്ങൾ പിന്നീട് വികസനത്തിന് വേണ്ടി വിട്ടു കൊടുത്തു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ പ്രധാന സ്ഥാപനങ്ങളെല്ലാം നിൽക്കുന്നത് അരുവിത്തുറയിലാണ്. പള്ളി വിട്ടു കൊടുത്ത സ്ഥലത്താണ് കെ.എസ്.ആർ.ടി.സി സ്റ്റാന്റ് പ്രവർത്തിക്കുന്നത്. ട്രഷറിയും അതുപോലെ പള്ളി വിട്ടു കൊടുത്ത സ്ഥലമാണ്. മജിസ്ട്രേട്ട് കോടതി പ്രവർത്തിച്ചിരുന്നതും പള്ളി സൗജന്യമായി കൊടുത്ത സ്ഥലമാണ്. അതു പോലെ തന്നെ ബ്ളോക്ക് പഞ്ചായത്ത് ഹയർസെക്കണ്ടറി സ്ക്കൂൾ, സർക്കാർ ആശുപത്രി എന്നിവയും അരുവിത്തുറയിലാണുള്ളത്.
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയാണെങ്കിലും പ്രധാന സ്ഥാപനങ്ങളെല്ലാം അരുവിത്തുറയിലാണുള്ളത്. അങ്ങനെയുള്ളപ്പോൾ അരുവിത്തുറക്ക് പ്രാധാന്യമില്ലെന്ന് പറഞ്ഞാൽ അവൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല, വിവരമില്ലെന്ന് കൂട്ടിയാ മതി. അതു കൊണ്ടാണ് ഈ മണ്ടത്തരമെല്ലാം പറയുന്നത്. മുൻസിപ്പൽ കൗൺസിലറാകാൻ വിവരമുണ്ടാകണമെന്നില്ലല്ലോ. അരുവിത്തുറക്കും ഈരാറ്റുപേട്ടക്കും രണ്ട് പോസ്റ്റോഫീസാണുള്ളത്. ഇതൊന്നും മനസ്സിലാക്കാതെ പൊട്ടന്മാരായവർ ഇത്തരം മണ്ടത്തരമൊക്കെ പറഞ്ഞു നടക്കും എന്നും പി.സി ജോർജ്ജ് പറഞ്ഞു.
ഇത്തരം താലിബാനിസത്തിന് നല്ല മുസ്ലീങ്ങളൊന്നും കൂടുകയില്ല. ഈരാറ്റു പേട്ടയിൽ നല്ല മാന്യമാരായ മുസ്ലീങ്ങൾ ഉള്ള നാടാണ്. അതിനിടയിൽ ചില താലിബാനിസ്റ്റുകളായവർ വന്ന് കേറി. അവരാണ് ഇക്കണ്ട വൃത്തികേടുകളെല്ലാം ചെയ്യുന്നത്. അരുവിത്തുറയെ അപമാനിച്ചാൽ അവിടെ വരുന്നവരെയെല്ലാം അപമാനിക്കുന്നതിന് തുല്യമാണ്. അതു മൂലം ഈരാറ്റുപേട്ടക്കുണ്ടാകുന്ന നഷ്ടം എത്തത്തോളമുണ്ടാകുമെന്ന് ഇവരൊക്കെ ചിന്തിച്ചാൽ നന്നാകും എന്നാണ് ഒരു മുൻ എംഎൽഎ എന്ന നിലയിൽ എനിക്ക് പറയാനുള്ളത്. എന്തെങ്കിലും ഗൂഢാലോചന ഇതിന് പിന്നിലുണ്ടെങ്കിൽ അതൊക്കെ എവന്റെ വീട്ടിൽ വച്ചിരുന്നാൽ മതിയെന്നും പി.സി പറഞ്ഞു.
പ്രദേശവാസിയല്ലാത്ത നഴ്സ് പ്രദേശവാസികൾക്ക് ഉപകാരപ്രദമായ ഒരു മെഡിക്കൽ ക്യാമ്പിന്റെ കാര്യം അറിയിക്കാൻ വിളിക്കുമ്പോഴാണ് സ്ഥലത്തിന്റെ പേരിൽ ഈ വാദമുഖങ്ങൾ കൗൺസിലർ ഉന്നയിക്കുന്നത് എന്നതും വിചിത്രമാണ്. അരുവിത്തുറ എന്ന സ്ഥലപ്പേരിൽ പ്രദേശം അറിയപ്പെടുന്നതിലുള്ള അസഹിഷ്ണുതയാണ് തന്റെ സംഭാഷണത്തിൽ ഉടനീളം സിപിഎം കൗൺസിലർ തുറന്നുപറയുന്നത്. അരുവിത്തുറയിലും ഈരാറ്റുപേട്ടയിലും പ്രത്യേകം പോസ്റ്റ് ഓഫീസുകളും പോസ്റ്റ് ഓഫീസുകൾക്ക് വ്യത്യസ്ത പിൻകോഡുകളും ഉണ്ട് എന്നതിനാൽ രണ്ടും വ്യത്യസ്ത പ്രദേശങ്ങളാണ് എന്ന് വ്യക്തമാണ്. അനസ് പാറയലിന്റെ അഡ്രസിൽ പോലും അരുവിത്തറ എന്നാണ് ഔദ്യോഗികമായി ചേർത്തിട്ടുള്ളത്.
പ്രസിദ്ധമായ ക്രൈസ്തവ പള്ളിയായ സെന്റ് ജോർജ് പള്ളിയെ അരുവിത്തറ പള്ളിയെന്നാണ് അറിയപ്പെടുന്നത്. ഇതിൽ അസഹിഷ്ണുത പൂണ്ട എസ്ഡിപിഐ സംഘമാണ് ഇപ്പോൾ അരുവിത്തുറ എന്ന സ്ഥലപ്പേര് ഇല്ലാതാക്കി എല്ലാം ഈരാറ്റുപേട്ടയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത്. ഇതേ നിലപാടാണ് മതേതരത്വം അവകാശപ്പെടുന്ന സിപിഎമ്മിന്റെ കൗൺസിലറും സ്വീകരിച്ചതെന്നതാണ് ഉയരുന്ന വിവാദം. ഈരാറ്റുപേട്ടയുടെ ഒരു പാലത്തിന് ഇപ്പുറമുള്ള സ്ഥലങ്ങൾ അറിയപ്പെടുന്നത് അരുവിത്തുറ എന്നാണ്.
വാസ്തവത്തിൽ അരുവിത്തുറയായിരുന്നു ആദ്യത്തെ നഗരം. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് അരുവിത്തുറ എന്ന് പറയുന്ന ഈ സ്ഥലത്തിന്. അരുവിത്തറയിലെ മാർത്താ മറിയം പള്ളി എന്നായിരുന്നു സെന്റ് ജോർജ് പള്ളി നേരത്തെ അറിയപ്പെട്ടിരുന്നത്. ഏതാണ്ട് രണ്ടാം നൂറ്റാണ് മുതലുള്ള ഈ ക്രൈസ്തവ ദേവാലയം അറിയപ്പെടുന്നത്. തോമസ്ലീഹ സ്ഥാപിച്ച ഏഴര പള്ളികളിൽ അരപ്പള്ളി ഇതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
അരുവിത്തുറ പള്ളിയിൽ സെന്റ് ജോർജിന്റെ ഒരു തിരുസ്വരൂപമമുണ്ട്. നാലാം നൂറ്റാണ്ടിൽ ഇത് ഇവിടെ എത്തിയതാണ് എന്നാണ് കണക്കാക്കപ്പെടുന്നത്. പിന്നീട് മാർത്ത മറിയം പള്ളിയുടെ പേര് മാറി സെന്റ് ജോർജ് പള്ളിയായി മാറിയത്. മീനിച്ചിലാറിന് തീരത്താണ് അരുവിത്തുറ പ്രദേശം. തൊടുപുഴ ഭാഗത്ത് നിന്നും വന്ന് മീനിച്ചിലാറിലേക്ക് ചേരുന്ന ഒരു ആറ് ഉണ്ട് ഇവിടെ. അങ്ങനെ ഇവ ചേരുന്ന പ്രദേശമാണ് ഈരാറ്റുപേട്ട എന്ന് പിന്നീട് അറിയപ്പെട്ട് തുടങ്ങിയത്. പിന്നീട് പ്രദേശം മുസ്ലിം ഭൂരിപക്ഷ പ്രദേശമായി മാറുകയായിരുന്നു.
ആധാർ നടപടികൾ പുരോഗമിക്കുന്ന സമയത്ത് അരുവിത്തുറ എന്ന സ്ഥലപ്പേര് ചേർത്തതിന്റെ പേരിൽ അടക്കം തർക്കങ്ങൾ ഉണ്ടായിരുന്നു. അരുവിത്തുറ എന്ന സ്ഥലപ്പേര് ഔദ്യോഗികമായി വരുന്നതിലുള്ള എതിർപ്പായിരുന്നു ഇതിന് പിന്നിൽ. സമാനമായ എതിർപ്പാണ് കൗൺസിലറുടെ പ്രതികരണത്തിലൂടെ വീണ്ടും വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.