- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജയിച്ചാൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ ബിജെപിയിലെത്തും; വിലയ്ക്കെടുത്തു; ഗോവയിലെ ജനങ്ങൾക്ക് രണ്ട് വഴികൾ മാത്രം; എഎപി അല്ലെങ്കിൽ ബിജെപിയെന്ന് അരവിന്ദ് കെജ്രിവാൾ
പനാജി: ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുമായി ബിജെപി ധാരണയുണ്ടാക്കിയെന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചാൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ ബിജെപിയിലെത്തുമെന്നായിരുന്നു കെജ്രിവാളിന്റെ പ്രചാരണം. സാൽസെറ്റ് താലൂക്കിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഗോവയിലെ ജനങ്ങൾക്ക് രണ്ടു വഴികളാണുള്ളത്. ഒന്ന് സത്യസന്ധമായ പാർട്ടിക്ക് വോട്ട് ചെയ്ത് സത്യസന്ധമായ സർക്കാറിനെ അധികാരത്തിലെത്തിക്കുക. അല്ലെങ്കിൽ പ്രത്യക്ഷമായോ പരോക്ഷമായോ ബിജെപിക്ക് വോട്ട് ചെയ്യുക. മറ്റേതൊരു പാർട്ടിക്ക് വോട്ട് ചെയ്താലും അത് ബിജെപിയിലെത്തും. കഴിഞ്ഞതവണ കോൺഗ്രസിന് വോട്ട് ചെയ്തു, എംഎൽഎമാർ ബിജെപിയിലെത്തി. ഇത്തവണ കേൾക്കുന്നത് ബിജെപി നേരത്തേതന്നെ കോൺഗ്രസിലെ ആളുകളെ വിലക്കെടുക്കുകയും കോൺഗ്രസ് സ്ഥാനാർത്ഥി ടിക്കറ്റ് നേടാൻ സഹായിക്കുകയും ചെയ്തുവെന്നുമാണ്. ജയിച്ചുകഴിയുമ്പോൾ അവർ നേരെ ബിജെപിയിലെത്തും' -കെജ്രിവാൾ പറഞ്ഞു.
'നിരവധി സ്ഥലങ്ങളിൽ ബിജെപി പ്രവർത്തകർ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നുണ്ടെന്ന് ഞാൻ കേട്ടു. അവർക്ക് പിന്നീട് ബിജെപിയിൽ ചേരാം. എ.എ.പിക്ക് വോട്ട് ചെയ്യുന്നില്ലെങ്കിൽ അവർ ബിജെപിക്ക് പരോക്ഷമായി വോട്ട് ചെയ്യുകയാണെന്ന് ജനങ്ങൾ തിരിച്ചറിയണം. ഗോവയിലെ ജനങ്ങൾക്ക് മുന്നിൽ രണ്ട് വഴികളേയുള്ളൂ എ.എ.പി. അല്ലെങ്കിൽ ബിജെപി.' - അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
കോൺഗ്രസിന്റെ സ്വാധീന മേഖലയാണ് സാൽസെറ്റ്. ഇവിടെ ബിജെപിയിലേക്ക് എത്തിച്ചേരുമെന്ന് ഉറപ്പുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെയാണ് മത്സരിപ്പിക്കുന്നതെന്നും കെജ്‌രിവാൾ ആരോപിച്ചു.
'സാൽസെറ്റ് കോട്ട പിടിച്ചടുക്കാതെ സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്ന് ബിജെപി തിരിച്ചറിഞ്ഞു. അതിനാൽ ഇവിടെ കോൺഗ്രസിന് കീഴിൽ ഏഴ് സ്ഥാനാർത്ഥികളെ നിർത്തി ബിജെപി അവർക്ക് ധനസഹായം നൽകുന്നു' -കെജ്രിവാൾ കൂട്ടിച്ചേർത്തു.
നാല് ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് അരവിന്ദ് കെജ്രിവാൾ ഗോവയിലെത്തിയത്. മുമ്പ് ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്തെങ്കിലും തിരഞ്ഞെടുക്കപ്പെട്ടതോടെ അവർ ബിജെപിയിൽ ചേർന്നുവെന്ന് പനാജിയിലെത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കെജ്രിവാൾ പറഞ്ഞു. എഎപിക്ക് വോട്ട് ചെയ്യുന്നത് ഗോവയിൽ ശുദ്ധവും സത്യസന്ധവുമായ ഭരണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗോവയിലെ എ.എ.പിയുടെ ചുമതലയുള്ള ആതിഷിയും കോൺഗ്രസിനെയും ബിജെപിയെയും കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. കോൺഗ്രസ് എംഎൽഎമാരെ വിലകൊടുത്ത് വാങ്ങാൻ കഴിയുമെന്ന് ബിജെപിക്ക് അറിയാം. അതിനാൽ അവർ കോൺഗ്രസ് സ്ഥാനാർത്ഥികളുമായി കരാർ ഉണ്ടാക്കികഴിഞ്ഞു. അവർ തെരഞ്ഞെടുപ്പ് കഴിയാൻ പോലും കാത്തിരുന്നിട്ടില്ലെന്നും കുറ്റപ്പെടുത്തി.




