ന്യൂഡൽഹി: ദളിതരെയും മുസ്ലിങ്ങളെയും വേട്ടയാടിയ ശേഷം അവരിപ്പോൾ കുട്ടികളേയും തേടിയെത്തിയെന്നും ഇനി മിണ്ടാതിരിക്കരുതെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പത്മാവദ് സിനിമയ്‌ക്കെതിരെയുള്ള പ്രതിഷേധത്തിനിടെ കർണി സേനാ പ്രവർത്തകർ സ്‌കൂൾ ബസ് അക്രമിച്ചു തകർത്ത സംഭവത്തെ രൂക്ഷമായി വിമർശിക്കുകയായിരുന്നു കെജ്രിവാൾ.

രാജ്യം റിപ്പബ്ലിക്ക് ദിനാഘോഷം നടത്താനിരിക്കുന്നതിന്റെ മണിക്കൂറുകൾക്കുമുന്നെയാണ് ഒരു സ്‌കൂൾ ബസ് തന്നെ അക്രമിക്കപ്പെട്ടത്. രാജ്യത്തിന് ഇത് നാണക്കേടാണെന്നും കെജ്രിവാൾ പ്രതികരിച്ചു. എനിക്ക് രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിക്കാനുള്ളത് ഇനി ഒരു നിമിഷം പോലും നിശബ്ദരായിരിക്കാൻ പാടില്ലെന്നാണ്. കുട്ടികളെ അക്രമിച്ച് അവർ നമ്മുടെ വീടിനുള്ളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇനി ശബ്ദമുയർത്തണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ രാജ്യം രാമന്റെയും, കൃഷ്ണന്റെയും, ഗൗധമ ബുദ്ധന്റേയും, ഗുരുനാനാക്കിന്റെയും, കബീറിന്റെയും മീരയുടെയുമെല്ലാം നാടാണ്. വ്യത്യസ്ഥ മതത്തിലും ജാതിയിലും വിശ്വസിക്കുന്നവർ. ഇതിൽ ഏത് മതമാണ് കുട്ടികൾക്കെതിരെ അക്രമം നടത്തണമെന്ന് പറയുന്നതെന്ന് അക്രമകാരികൾ വ്യക്തമാക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു. ജനങ്ങൾ അവരുടെ രാജ്യത്തെ സ്‌നേഹിക്കുന്നുണ്ട്. ആവർക്കാവശ്യം സ്‌നേഹവും സമാധാനവുമാണ്. രാവണനെ രാമൻ ശിക്ഷിച്ചതിനേക്കാൾ കഠിനമായി അക്രമം നടത്തിയവരെ സർക്കാർ ശിക്ഷിക്കുമെന്നും കെജ്രിവാൾ ഓർമിപ്പിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു പത്മാവദ് റിലീസിനെതിരെ പ്രതിഷേധിച്ച് ഡൽഹി ഗുഡ്ഗാവിൽ കർണി സേന പ്രവർത്തകർ സ്‌കൂൾ ബസ്സിന് നേരെ അക്രമം അഴിച്ചുവിട്ടത്. ജി.ഡി ഗോയങ്ക വേൾഡ് സ്‌കൂൾ ബസ്സിനു നേരെ നടന്ന അക്രമത്തിൽ ബസ്സിന്റെ ചില്ലുകൾ അടിച്ച് പൊളിക്കുകയും കല്ലെറിയുകയും ചെയ്തിരുന്നു.