- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിസന്ധി മറികടന്ന് യുദ്ധഭൂമിയിൽ നിന്നും ഡൽഹിയിലെത്തിച്ചു; സൈറയെ കേരളത്തിലെത്തിക്കാൻ ആര്യയ്ക്ക് മുന്നിൽ കടമ്പ; വളർത്തുമൃഗങ്ങളെ വിമാനത്തിൽ കയറ്റില്ലെന്ന് എയർഏഷ്യ; ക്രമീകരണത്തിൽ മാറ്റം വരുത്താൻ ബുദ്ധിമുട്ടെന്ന് കേരള ഹൗസും
ന്യൂഡൽഹി: യുക്രൈനിലെ യുദ്ധഭൂമിയിൽ നിന്നും മലയാളി മെഡിക്കൽ വിദ്യാർത്ഥിനിയായ ആര്യ ആൽഡ്രിൻ ഒട്ടെറെ പ്രതിസന്ധികൾ മറികടന്ന് ഡൽഹിയിൽ എത്തിച്ച വളർത്തുനായ സൈറയെ കേരളത്തിലെത്തിക്കുന്നതിൽ വീണ്ടും പ്രതിസന്ധി. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി ആര്യയാണ് സൈബീരിയൻ ഹസ്‌കി ഇനത്തിൽപെട്ട നായയുമായി ഡൽഹി വിമാനത്താവളത്തിലെത്തിയത്.
ഡൽഹിയിൽനിന്നുള്ള ചാർട്ടേഡ് വിമാനത്തിൽ നായയെ കയറ്റില്ലെന്നാണ് എയർ ഏഷ്യ വിമാനക്കമ്പനിയുടെ നിലപാട്. ഡൽഹിയിലും മുംബൈയിലും എത്തിയ മലയാളികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ചാർട്ടേർഡ് വിമാനമാണ് ക്രമീകരിച്ചിരിക്കുന്നത്. ഡൽഹിയിൽ നിന്ന് ചാർട്ട് ചെയ്തിരിക്കുന്നത് എയർഏഷ്യയുടെ വിമാനമാണ്. തങ്ങളുടെ ചട്ടപ്രകാരം വിമാനത്തിൽ വളർത്തുമൃഗങ്ങളെ കയറ്റാൻ അനുവദിക്കില്ലെന്ന് എയർഏഷ്യ വ്യക്തമാക്കി. ഇക്കാര്യം കേരളഹൗസ് വിദ്യാർത്ഥികളെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
ആര്യ അടക്കം ചില മലയാളി വിദ്യാർത്ഥികൾ വളർത്തുമൃഗങ്ങളുമായാണ് നാട്ടിൽ തിരിച്ചെത്തിയത്. വളർത്തുമൃഗങ്ങളുമായി തിരികെ പോകാൻ ആഗ്രഹിക്കുന്നവർ സ്വന്തം നിലയ്ക്ക് പോകേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു. ഇതോടെ ആര്യ അടക്കമുള്ളവർ മറ്റുവഴികൾ തേടേണ്ടി വരും. നിലവിൽ ഒന്നോ രണ്ടോ വിദ്യാർത്ഥികൾക്ക് വേണ്ടി ക്രമീകരണത്തിൽ മാറ്റം വരുത്തുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നാണ് കേരളഹൗസ് വൃത്തങ്ങൾ പറയുന്നു. ഒന്നെങ്കിൽ സ്വന്തം നിലയ്ക്ക് മറ്റുവഴികൾ തേടുകയോ അല്ലെങ്കിൽ മറ്റു ക്രമീകരണം ഏർപ്പെടുത്തുന്നത് വരെ കാത്തിരിക്കുകയോ വേണമെന്നാണ് കേരളഹൗസ് അധികൃതർ അറിയിച്ചത്. മറ്റു വിമാന സർവീസുകൾ പരിഗണിക്കുമെന്ന് നായയുമായെത്തിയ ആര്യ പറഞ്ഞു.
കീവിലെ വെനീസിയ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയാണ് ആര്യ ആൽഡ്രിൻ. ഹാരിസൺ മലയാളം ദേവികുളം ലോക്ക്ഹാർട് എസ്റ്റേറ്റിലെ ഫീൽഡ് ഓഫിസറായ അൽഡ്രിൻ-കൊച്ചുറാണി ദമ്പതികളുടെ മകളാണ്. അരുമ മൃഗങ്ങളോട് ഏറെ കമ്പമുള്ള ആര്യ കീവിൽ എത്തിയപ്പോൾ വാങ്ങിയതാണ് സൈബീരിയൻ ഹസ്‌കി ഇനമായ സൈറയെന്ന നായയെ.
27ന് യുദ്ധഭൂമിയിൽ നിന്ന് ജീവനുംകൊണ്ട് പലായനം ചെയ്യുമ്പോഴും ആര്യക്ക് സൈറയെ അവിടെ ഉപേക്ഷിക്കാൻ മനസുവന്നില്ല. കീവിൽ നിന്ന് റുമാനിയയിലേക്ക് പുറപ്പെട്ട ബസിൽ സൈറയെയും മടിയിൽ ഇരുത്തിയായിരുന്നു പലായനം. എന്നാൽ അതിർത്തിക്ക് 12 കിലോമീറ്റർ ഇപ്പുറം ആ യാത്ര അവസാനിച്ചു.
കൊടും തണുപ്പിൽ 12 കിലോമീറ്റർ നടന്നാണ് ആര്യ സൈറയുമായി സുഹൃത്തുക്കൾക്കൊപ്പം അതിർത്തിയിൽ എത്തിയത്. നായയുമായി അതിർത്തി കടക്കാൻ പട്ടാളം ആദ്യം അനുവദിച്ചില്ല. എന്നാൽ സൈറയെ പിരിയാനുള്ള ആര്യയുടെ വിഷമം കണ്ടറിഞ്ഞ് അനുമതി നൽകുകയായിരുന്നു.
വളർത്തുനായയെ ഉപേക്ഷിച്ച് നാട്ടിലേക്കില്ലെന്ന ആര്യയുടെ നിശ്ചയദാർഢ്യം നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. സംഘർഷം ആരംഭിച്ചപ്പോൾ മുതൽ മെഡിക്കൽ വിദ്യാർത്ഥിനിയായ ആര്യ തിരികെ നാട്ടിലെത്താൻ ശ്രമിച്ചിരുന്നു. വസ്ത്രങ്ങളടക്കം പ്രധാനപ്പെട്ട പലതും കയ്യിലെടുക്കാതെയാണ് ആര്യ അധികൃതർ ഏർപ്പെടുത്തിയ ബസ്സിൽ അതിർത്തിയിലെത്തിയത്. എന്നാൽ തന്റെ അരുമയായ വളർത്തുനായ സേറയെ ഉപേക്ഷിച്ചുപോരാൻ ആര്യ തയ്യാറായില്ല.
സൈബീരിയൻ ഹസ്‌കി ഇനത്തിൽ പെട്ട വളർത്തുനായ ആണ് സേറ. സേറക്ക് കൂടി യാത്രാനുമതി ലഭിക്കാതെ നാട്ടിലേക്ക് തിരികെയില്ലെന്നായിരുന്നു ആര്യയുടെ നിലപാട്. ഇക്കാര്യം നാട്ടിലെ കുടുംബത്തെയും സുഹൃത്തുക്കളെയും ആര്യ അറിയിക്കുകയും ചെയ്തിരുന്നു. 'നാഷണൽ പിരോഗോവ് മെമോറിയൽ മെഡിക്കൽ യൂണിവേഴ്സിറ്റി'യിൽ മെഡിക്കൽ വിദ്യാർത്ഥിയാണ് ആര്യ. അഞ്ച് മാസങ്ങൾക്ക് മുമ്പാണ് ആര്യക്ക് സേറയെ ലഭിക്കുന്നത്. തുടർന്ന് ഇരുവരും തമ്മിൽ അഗാധമായ ആത്മബന്ധം ഉടലെടുക്കുകയായിരുന്നു. അതിർത്തിയിലെ ഒരു ഇന്ത്യൻ അഭയാർത്ഥി കേന്ദ്രത്തിലായിരുന്നു ആര്യയും സേറയും ഉണ്ടായിരുന്നത്. ഇവിടേക്കുള്ള യാത്രയിൽ സേറക്കുള്ള ഭക്ഷണവും ആര്യ കയ്യിൽ കരുതിയിരുന്നു.
''ആദ്യം ഞാനോർത്തു ഡേ കെയറിൽ ആക്കിയിട്ട് പോരാം എന്ന്. എനിക്ക് ക്ലാസ്സുള്ള സമയത്ത് പോലും പോയിട്ട് തിരിച്ചുവരുന്ന സമയത്ത് അവൾക്കുള്ള പാത്രത്തിലെ ഫുഡ് അങ്ങനെ തന്നെയിരിക്കും. ഏകദേശം 20 കിലോമീറ്ററുകൾ നടക്കേണ്ടി വന്നു. അവൾ കുഞ്ഞായതുകൊണ്ട് പുറത്തിറങ്ങി അത്ര വലിയ പരിചയമില്ല. പുറത്തെ വണ്ടിയും ആൾക്കൂട്ടവുമൊക്കെ കണ്ടപ്പോൾ പേടിയായിരുന്നു. എനിക്ക് എടുക്കേണ്ടി വന്നു. അവൾ എന്റെ കൂടെ നന്നായി സഹകരിച്ചു. അവളും കുറെ നടന്നു. കുറച്ചു നടന്നു കഴിഞ്ഞപ്പോൾ അവളുടെ കാലിന് വയ്യാണ്ടായതായി എനിക്ക് തോന്നി. ബാഗിൽ ഭക്ഷണസാധനങ്ങളും ഡ്രസുമൊക്കെയായിരുന്നു. അതൊക്കെ ഞാൻ വഴിയിൽ വെച്ചു. അവളെ എടുക്കാൻ വേണ്ടിയിട്ട്. ഇട്ടേക്കുന്ന ഡ്രസ്സും അവളുടെ ഡോക്യുമെന്റ്‌സും ഉണ്ട്.'' ആര്യ പറയുന്നു.
ന്യൂസ് ഡെസ്ക്