മലപ്പുറം: മലപ്പുറം വള്ളിക്കുന്നിൽ വിവാഹശേഷം വീട്ടിൽ വിരുന്നിനെത്തിയ നവവധു പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾ ഏറെ. കോട്ടക്കടവ് പുഴയിലാണ് നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തറോൽ രാമൻ എന്ന കുട്ടന്റെ മകൾ ആര്യ (26) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കക്കോടി സ്വദേശിയുമായി ആര്യയുടെ വിവാഹം കഴിഞ്ഞത്.

ആദ്യ വിരുന്നിനായി ശനിയാഴ്ചയാണ് ആര്യയും ഭർത്താവും സ്വന്തം വീടായ വള്ളിക്കുന്ന് നോർത്ത് പൊറാഞ്ചേരിയിലെ വീട്ടിലെത്തിയത്. വീട്ടിലെത്തിയ യുവതി സന്തോഷവതിയായിരുന്നു എന്നാണ് നാട്ടുകാരും പറയുന്നത്. അസ്വഭാവികമായി ഒന്നും ആര്യയിൽ നിന്നും ഉണ്ടായതുമില്ല. ശനിയാഴ്ച വൈകീട്ട് വീട്ടിൽ നിന്നും ഫോട്ടോസ്റ്റാറ്റ് എടുക്കാനായി ആര്യ പുറത്ത് പോയതായിരുന്നു.

സ്‌കൂട്ടറും കൊണ്ടായിരുന്നു യുവതി പോയത്. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ വീട്ടുകാർ അന്വേഷിച്ച് ഇറങ്ങിയെങ്കിലും പുഴയ്ക്ക് സമീപം റോഡരികിൽ ആര്യയുടെ സ്‌കൂട്ടറും ചെരുപ്പും നാട്ടുകാർ കണ്ടെത്തുകയായിരുന്നു.

രാത്രി ഏറെ വൈകിയും പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നലെ രാവിലെ തെരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് കോട്ടക്കടവ് കാൽവരി ഹിൽസിന്റെ താഴെ പുഴയോരത്ത് മൃതദേഹം കണ്ടെത്തിയത്. അഗ്നിശമന സേനയിലെ മുങ്ങൽ വിദഗ്ദ്ധർ പുഴയിൽ തിരച്ചിൽ നടത്താൻ ഇറങ്ങിയ ഉടനെയാണ് കോട്ടക്കടവ് പാലത്തിന് സമീപം പുഴയിൽ മൃതദേഹം കണ്ടെത്തിയത്.

ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. അമ്മ: റീന. സഹോദരങ്ങൾ : ഭവ്യ, ആദിത്യ. യുവതിയുടെ അപ്രതീക്ഷിത മരണത്തിൽ ദുരൂഹത തുടരുകയാണ്. വിശദമായ അന്വേഷണം വേണമെന്നാണ നാട്ടുകാർ ആവശ്യപ്പെടുന്നത്. സംഭവത്തിലെ ചുരുളയിക്കും വിധത്തിലാകും പൊലീസ് അന്വേഷണവും.