- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിഞ്ചു കുഞ്ഞിനെ കൊന്ന കേസിൽ ഞങ്ങളെ പൊലീസ് പിടിക്കുന്നതു സഹിക്കാൻ പറ്റുന്നില്ല; അറിഞ്ഞു കൊണ്ട് ആരെയും ചതിക്കണമെന്ന് വിചാരിച്ചിട്ടില്ല; മോനെ നല്ലതു പോലെ നോക്കണം; രഞ്ജിത്ത് അണ്ണന്റെ കൂടെ ജീവിച്ചു കൊതി തീർന്നിട്ടില്ല; കല്ലുവാതുക്കൽ കേസിലെ ആര്യയുടെ ആത്മഹത്യ കുറിപ്പ് ഇങ്ങനെ; ദുരൂഹത നീങ്ങാതെ കല്ലുവാതുക്കൽ കേസ്
കൊല്ലം: കല്ലുവാതുക്കലിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കേസിൽ അറസ്റ്റിലായ രേഷ്മയുടെ ഭർതൃ സഹോദരിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. ഇന്നലെ മുതൽ കാണാതായ രണ്ടു യുവതികളുടെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെയാണ് ആര്യയുടെ പേരിയലുള്ള ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചത്. രേഷ്മയെ കുറ്റപ്പെടുത്തിയുള്ളതാണ് ആര്യയുടെ ആത്മഹത്യാക്കുറിപ്പ്.
ഒരു പേജിൽ 10 വരികളിലാണ് ആര്യയുടെ ആത്മഹത്യാക്കുറിപ്പ്. 'അറിഞ്ഞു കൊണ്ട് ആരെയും ചതിക്കണമെന്ന് വിചാരിച്ചിട്ടില്ല. അവൾ ഇത്രയും വഞ്ചകി അണെന്ന് അറിഞ്ഞില്ല. അവരുടെ ജീവിതം നന്നാവണമെന്നു മാത്രമേ വിചാരിച്ചിട്ടുള്ളു. എന്റെ മോനെ നല്ലപോലെ നോക്കണം. എന്റെ രഞ്ജിത്ത് അണ്ണന്റെ കൂടെ ജീവിച്ചു കൊതി തീർന്നിട്ടില്ല. പക്ഷേ ഒരു പിഞ്ചു കുഞ്ഞിനെ കൊന്ന കേസിൽ ഞങ്ങളെ പൊലീസ് പിടിക്കുന്നതു സഹിക്കാൻ പറ്റുന്നില്ല. ഞങ്ങളോട് എല്ലാവരും ക്ഷമിക്കണം...' കുറിപ്പിൽ പറയുന്നു. 2017 ലെ ഡയറിയിലെ ഒരു പേജിലാണു കുറിച്ചിരിക്കുന്നത്. പിഞ്ചു കുഞ്ഞിനെ കൊന്ന കേസിൽ എന്നെ എന്ന് എഴുതിയ ഭാഗം വെട്ടി, ഞങ്ങളെ എന്നാക്കി മാറ്റിയിട്ടുണ്ട്.
നവജാതശിശുവിനെ കൊന്നകേസിൽ മൂന്നു ദിവസം മുൻപ് അറസ്റ്റിലായ രേഷ്മയുടെ ഭർത്താവിന്റെ ചേട്ടന്റെ ഭാര്യയും ചേച്ചിയുടെ മകളുമാണ് മരിച്ചത്. കല്ലുവാതുക്കൽ മേവനക്കോണം രഞ്ജിത്തിന്റെ ഭാര്യ ആര്യ, രഞ്ജിത്തിന്റെ സഹോദരിയുടെ മകൾ ശ്രുതി എന്ന് വിളിക്കുന്ന ഗ്രീഷ്മ എന്നിവരാണ് മരിച്ചത്.
രേഷ്മ ഫേസ്ബുക്ക് കാമുകനുമായി സംസാരിക്കാൻ ആര്യയുടെ ഫോൺ ഉപയോഗിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഇരുവരുടെയും മൊഴിയെടുക്കാൻ യുവതികളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇരുവരെയും കാണാതായത്.
കഴിഞ്ഞ ജനുവരി അഞ്ചിന് ഊഴായ്ക്കോട് ക്ഷേത്രത്തിന് സമീപമുള്ള സുദർനൻപിള്ളയുടെ വീടിന്റെ പറമ്പിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ ഒരു ആൺകുഞ്ഞിനെ കണ്ടെത്തി. കരിയിലക്കൂട്ടത്തിൽ കിടന്ന ആൺകുഞ്ഞ് അവശനിലയിലായിരുന്നു. വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് മരിച്ചു. നരഹത്യക്ക് കേസെടുത്ത പൊലീസ് പ്രദേശത്തെ സ്ത്രീകളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. പക്ഷേ ആറുമാസത്തിനൊടുവിലാണ് കുഞ്ഞിന്റെ അമ്മ സുദർശനൻപിള്ളയുടെ മകൾ രേഷ്മയാണെന്ന് പൊലീസിന് കണ്ടെത്താനായത്. കോടതി അനുമതിയോടെ എട്ടുപേരുടെ രക്തസാംപിളുകൾ ശേഖരിച്ച് പൊലീസ് ഡിഎൻഎ പരിശോധന നടത്തിയാണ് രേഷ്മയാണ് കുഞ്ഞിന്റെ അമ്മയെന്ന് കണ്ടെത്തിയത്.
ഇതേ തുടർന്ന് കഴിഞ്ഞ 22 ന് രേഷ്മയെ പൊലീസ് പിടികൂടി കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. പ്രസവിച്ചയുടൻ എന്തിന് കുഞ്ഞിനെ കൊന്നു എന്ന ചോദ്യത്തിന് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാനാണെന്നായിരുന്നു പാരിപ്പള്ളി പൊലീസിന് രേഷ്മ നൽകിയ മൊഴി. എന്നാൽ രേഷ്മ പറഞ്ഞ കാമുകനെ പൊലീസിന് കണ്ടെത്താനായില്ല. വിവിധങ്ങളായ ഫേസ്ബുക്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചു. ഇതിനിടെയാണ് മരിച്ച ആര്യയുടെ പേരിലുള്ള മൊബൈൽനമ്പർ ഉപയോഗിച്ചുകൊണ്ടാണ് രേഷ്മ ഫേസ്ബുക്ക് അക്കൗണ്ട് നിർമ്മിച്ചതെന്ന് കണ്ടെത്തിയത്. ഇതിന്റെ വിശദാംശങ്ങൾ തേടാനാണ് ആര്യയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ആര്യ ഭർത്താവിന്റെ സഹോദരിയുടെ മകളായ ഗ്രീഷ്മയെയും ഒപ്പം കൂട്ടുകയായിരുന്നു. എടിഎമ്മിലും കടയിലും ക്ഷേത്രത്തിലുമൊക്കെ പോയ യുവതികൾ വീട്ടിലേക്ക് തിരികെ വന്നില്ല. തുടർന്ന് ആര്യയുടെ ഭർത്താവ് രഞ്ജിത്ത് പാരിപ്പള്ളി പൊലീസിൽ പരാതി നൽകി. ഇവർ കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും മൊബൈൽഫോൺ ടവർലൊക്കേഷനും പരിശോധിച്ചപ്പോൾ ഇത്തിക്കരയാറിന് സമീപമാണെന്ന് കണ്ടെത്തി. തുടർന്ന് പൊലീസും അഗ്നിശമനസേനയും പരിശോധന നടത്തുകയായിരുന്നു. ആത്ഹത്യ തന്നെയാണ് പൊലീസ് പറയുന്നത്. ഇതിന് തെളിവായി ആത്മഹത്യകുറിപ്പും പൊലീസിന് ലഭിച്ചു. രേഷ്മയ്ക്കെതിരെയാണ് മരിച്ച ആര്യ ആത്മഹത്യകുറിപ്പ് എഴുതിവച്ചിരുന്നത്.