തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികൾ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക് കടക്കുകയാണ്. ഭരണമുന്നണിയായ യുഡിഎഫിൽ പതിവുപോലെ വടംവലികൾ തുടങ്ങിയിട്ടുണ്ട്. കോൺഗ്രസിനുള്ളിൽ സ്ഥാനാർത്ഥിത്തത്തിനായും മുന്നണിയിൽ കൂടുതൽ സീറ്റ് നേടാൻ വേണ്ടി കക്ഷികളും അരയും തലയും മുറുക്കി രംഗത്തുവന്നിട്ടുണ്ട്. കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിർണ്ണായകമായ പല മാറ്റങ്ങളും ഇത്തവണ ഉണ്ടാകും. വർഷങ്ങളായി മത്സരരംഗത്തുണ്ടായിരുന്ന മന്ത്രിമാരെ മാറ്റാനുള്ള ആലോചനയാണ് ശക്തമായി നടക്കുന്നത്. മൂന്ന് മന്ത്രിമാർ അടക്കമുള്ള നേതാക്കൾ മത്സരരംഗത്തുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ.

മന്ത്രിമാരായ സിഎൻ ബാലകൃഷ്ണൻ ഇത്തവണ മത്സരിക്കാൻ സാധ്യത കുറവാണ്. വടക്കാഞ്ചേരി മണ്ഡലത്തിൽ അദ്ദേഹത്തിന് തന്നെ പ്രിയപ്പെട്ട ആരെയെങ്കിലും നിർ ദേശിക്കാനുള്ള സാധ്യതയമുണ്ട്. ആര്യാടൻ മുഹമ്മദിനും കെ.സി. ജോസഫും ഇത്തവണ മത്സരരംഗത്തിറങ്ങേണ്ടെന്ന അഭിപ്രായമുണ്ട്. എന്നാൽ, ഈ മണ്ഡലങ്ങളിൽ ഇവർ മത്സരിച്ചാൽ മാത്രമേ വിജയിക്കൂ എന്നാണ് വിലയിരുത്തലെങ്കിൽ ഇവരും രംഗത്തിറങ്ങിയേക്കും. നിരവധി ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുുന്ന തേറമ്പിൽ രാമകൃഷ്ണൻ തൃശൂർ മണ്ഡലത്തിൽ മത്സരിക്കില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. കെ. അച്യുതനാണ് സീറ്റ് ലഭിക്കാൻ സാധ്യതയില്ലാത്ത മറ്റൊരു വ്യക്തി. ചിറ്റൂരിൽ അച്യുതൻ മത്സരിക്കാത്ത പക്ഷം യൂത്ത് കോൺഗ്രസ് നേതാവ് കൂടിയായ മകൻ സുമേഷ് മത്സരിച്ചേക്കുമെന്നാണ് അറിയുന്നത്.

ആരോപണ വിധേയരായ എംഎൽഎമാരെയും മന്ത്രിമാരെയും മത്സര രംഗത്തു നിന്നും ഒഴിവാക്കണമെന്ന പൊതു അഭിപ്രമായം ഉയരുന്നുണ്ട്. കൂടാതെ വിജയസാധ്യതയും പരിഗണിക്കും. ഇതെല്ലാം അടിസ്ഥാനമാക്കിയാകും സ്ഥാനാർത്ഥി നിർണ്ണയം കോൺഗ്രസ് നടത്തുക. അതുകൊണ്ട് തന്നെയാണ് സിറ്റിങ് സീറ്റാണെന്ന കാരണത്താൽ എപ്പോഴും സീറ്റ് ലഭിക്കുമെന്ന കാര്യം ഉറപ്പില്ലെന്ന് വ്യകതമാകുന്നതും. പോഷകസംഘടനകളിൽ നിന്നും മുൻഗണനാ പട്ടികകൂടി പരിഗണിച്ചാകും സ്ഥാനാർത്ഥി നിർണയം. ജനസ്വാധീനവും ജയസാധ്യതയുമാണ് സ്ഥാനാർത്ഥിത്വത്തിന് ആധാരമെന്നതംഗീകരിക്കുന്നുണ്ടെങ്കിലും ഗ്രൂപ്പ് സമവായത്തിൽ വിട്ടുവീഴ്ചയുണ്ടാവില്ല. മുന്നണിയിലെ പ്രത്യേക ക്ഷണിതാക്കളായ കക്ഷികൾക്ക് സീറ്റ് നൽകേണ്ടതില്ലെന്നും നേതാക്കളിൽ അഭിപ്രായം. ഇക്കഴിഞ്ഞ കെപിസിസി. യോഗത്തിലാണ് അഭിപ്രായങ്ങൾ ഉയർന്നത്.

വടക്കാഞ്ചേരിയിലോ, തൃശൂരിലോ പത്മജാ വേണുഗോപാൽ സ്ഥാനാർത്ഥിയാകുന്നതിനുള്ള സാധ്യതയുണ്ട്. കണ്ണൂരിൽ കെ സുധാകരൻ മത്സരിക്കുമെന്ന കാര്യം ഉറപ്പാണ്. അങ്ങനെ വരുമ്പോൾ എ പി അബ്ദുള്ളക്കുട്ടി മറ്റേതെങ്കിലും സീറ്റിലേക്ക് മാറേണ്ടി വരും. എന്നാൽ, നിരവധി ആരോപണങ്ങൾ നേരിട്ട അബ്ദുള്ളക്കുട്ടി മത്സരിക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ല. അതേസമയം നിലമ്പൂരിൽ താൻ മാറണമെങ്കിൽ ആര്യാടൻ ഷൗക്കത്തിനെ മത്സരിപ്പിക്കണം എന്നതാണ് ആര്യാടന്റെ ആവശ്യം. ഈ തീരുമാനം കോൺഗ്രസ് അംഗീകരിച്ചാൽ തന്നെയും ലീഗിന്റെ ആവശ്യവും പരിഗണിക്കും.

കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ മത്സര രംഗത്തുണ്ടാകുമോ എന്ന കാര്യവും സംശയത്തിലാണ്. ഇക്കാര്യം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നാണ് അറിയുന്നത് അങ്ങനെ വരുമ്പോൾ സുധീരന് വേണ്ടി മണലൂർ സീറ്റ് പി.എ. മാധവൻ വിട്ടുകൊടുക്കേണ്ടി വരും. തിരുവനന്തപുരത്തെ കഴക്കൂട്ടത്തിൽ എം.എ. വാഹീദിനെ മാറ്റണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും മുസ്ലിം പ്രതിനിധി എന്ന നിലയിൽ മാറ്റാനുള്ള സാധ്യത കുറവാണ്. മന്ത്രി ബാബു തൃപ്പുണിത്തുറയിലും വിഷ്ണുനാഥ് ചെങ്ങന്നൂരും വീണ്ടും ജനവിധിതേടും.

മുന്നണിവിട്ട കേരള കോൺഗ്രസ് ബിയുടെ രണ്ടു സീറ്റ്, ജെഎസ്എസിന്റ നാലുസീറ്റുകളിൽ മൂന്നെണ്ണം, സിഎംപിയുടെ മൂന്നു സീറ്റിൽ ഒരെണ്ണം എന്നിവ കോൺഗ്രസ് തിരിച്ചെടുക്കുമെന്നാണ് സൂചന. കഴിഞ്ഞ തവണ 15 സീറ്റിൽ മത്സരിച്ച കേരള കോൺഗ്രസ് (എം) കൂടുതൽ സീറ്റിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, കൂടുതൽ സീറ്റുകൾ ഘടകകക്ഷികളും ആവശ്യം ഉന്നയിക്കും. ബാർകോഴയുടെ പേരിൽ നാണക്കേട് സഹിക്കേണ്ടിവന്നതു മുതൽ കേരളാകോൺഗ്രസ് യുഡിഎഫിൽനിന്ന് അകന്നു നിൽക്കുകയാണ്. നാലു സീറ്റുണ്ടായിരുന്ന ജോസഫ് വിഭാഗവും കൂടുതൽ സീറ്റ് വേണമെന്ന കടുംപിടുത്തത്തിലാണ്. ഇതംഗീകരിച്ചാൽ ആർഎസ്‌പിയും അവകാശവാദവുമായി രംഗത്തെത്തുമെന്നുറപ്പാണ്. ആർഎസ്‌പിക്കു നാല് സീറ്റാണുണ്ടായിരുന്നത്.

കോവൂർ കുഞ്ഞുമോൻ രാജിവച്ചെങ്കിലും ആർഎസ്‌പിയും കൂടുതൽ സീറ്റ് ആവശ്യപ്പെടും. ജനതാദളും കൂടുതൽ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഘടകക്ഷികളുടെ പിടിവാശിക്ക് നിന്നുകൊടുക്കരുതെന്നാണ് കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കളുടെ മുന്നറിയിപ്പ്. മുസ്ലിംലീഗുമായി സീറ്റുകലുടെ കാര്യത്തിൽ നീക്കുപോക്ക് സാധ്യമാകുമോ എന്ന ആലോചനയും കോൺഗ്രസിലുണ്ട്. കേരളത്തിൽ ഭരണത്തുടർച്ചയെന്ന ലക്ഷ്യം വിദൂരതയിലെന്നു സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഗുലാം നബി ആസാദ് കോൺഗ്രസ് ഹൈക്കമാണ്ടിന് നിർദ്ദേശം നൽകയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ആണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും കെപിസിസി അധ്യക്ഷൻ വി എം സുധീരനേയും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഡൽഹിക്ക് വിളിപ്പിച്ചിത്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിലപാട് കൂടി പരിഗണിച്ച് തന്നെയാണ് നീക്കം. ഇതോടെ സോണിയാ ഗാന്ധിയുടെ മനസ്സിൽ എന്താണെന്നതിൽ ഗ്രൂപ്പ് മാനേജർമാരിൽ ആശങ്ക സജീവമായി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉമ്മൻ ചാണ്ടിയെ മാറ്റുന്നത് പോലും ഹൈക്കമാണ്ട് പരിഗണിക്കുന്നതായി ഐ വിഭാഗം പ്രചരിപ്പിക്കുന്നതുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് അവലോകനമാണ് ലക്ഷ്യമെന്ന് എ ഗ്രൂപ്പ് പറയുന്നു.

കഴിഞ്ഞ മാസം കേരള സന്ദർശനത്തിന് എത്തിയ സോണിയാ ഗാന്ധി എല്ലാവരും ഒരുമിച്ച് പോകണമെന്ന് ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും വി എം സുധീരനോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച കേരളത്തിലെത്തിയ രാഹുൽ ഗാന്ധിയെ നിരാശനാക്കി മുഖ്യമന്ത്രിക്ക് എതിരെ ഐ വിഭാഗം പലതരത്തിലെ പരാതികൾ ഉയർത്തി. സോളാറും ബാർ കോഴയും സർക്കാരിനെ ബാധിച്ചെന്നും വ്യക്തമാക്കി. സിപിഎമ്മിലെ യോജിച്ചുള്ള മുന്നേറ്റവും പ്രതീക്ഷകൾക്ക് തിരിച്ചടിയാണ്. ഈ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ടു. രാഹുൽ മടങ്ങിയതിന് തൊട്ട് പിന്നാലെ ഗുലാം നബിയും കേരളത്തിലെത്തി. ജില്ലാ തല നേതാക്കളായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇതിനിടെയാണ് ഗുരുതര സാഹചര്യം ഗുലാംനബിക്ക് ബോധ്യപ്പെട്ടത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ വി എം സുധീരനേയും മത്സരിപ്പിക്കണമെന്ന ആഗ്രഹം ഹൈക്കമാണ്ടിനുണ്ട്. എന്നാൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഇതിന് എതിരാണ്. സുധീരൻ ജയിച്ചാൽ ഭാവി മുഖ്യമന്ത്രിയായി സുധീരൻ മാറുമോ എന്ന ഭയമാണ് ഇതിന് കാരണം. ഇത് തിരിച്ചറിഞ്ഞ് മത്സരത്തിനില്ലെന്ന് ഹൈക്കമാണ്ടിനെ സുധീരനും അറിയിച്ചു. എന്നാൽ സുധീരൻ മത്സരിച്ചേ മതിയാകൂ എന്നാണ് എകെ ആന്റണിയുടെ നിലപാട്. ഇതും ഡൽഹി ചർച്ചകളിൽ വിഷയമാകും. തെരഞ്ഞെടുപ്പ് പ്രചരണത്തെ ആന്റണി നയിക്കുമെന്നും സൂചനയുണ്ട്. നായകനെ മാറ്റിയാലേ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേട്ടമുണ്ടാകൂ എന്നാണ് ഗുലാംനബിയുടേയും വിലയിരുത്തൽ.