തൃശൂർ: മത്സരത്തിനില്ലെന്ന് തുറന്നു പറഞ്ഞ് രണ്ട് നേതാക്കളേ കോൺഗ്രസിലുള്ളൂ. മന്ത്രിമാരായ ആര്യാടൻ മുഹമ്മദും സിഎൻ ബാലകൃഷ്ണനും. ഇത് കേട്ടപ്പോൾ ഈ മാതൃകയെ കോൺഗ്രസിലെ യുവാക്കൾ ഉയർത്തിക്കാട്ടി. ഇവരെ മാതൃകയാക്കി ഏവരും യുവ തലമുറയ്ക്ക് വഴിമാറണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കാര്യത്തോട് അടുത്തപ്പോഴാണ് കാര്യങ്ങൾ വ്യക്തമാകുന്നത്. രണ്ട് പേർക്കും അജണ്ട ഒന്നാണ്. പടിയറങ്ങുമ്പോൾ മക്കൾ രാഷ്ട്രീയം ജയിക്കണം.

സമ്മതിക്കില്ലെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ നിലപാട്. നിലമ്പൂരിൽ ആര്യാടനെതിരെ പരസ്യ വിമർശനവുമായി പ്രവർത്തകർ രംഗത്ത് വന്നിട്ടുണ്ട്. പാരമ്പര്യമുള്ള കോൺഗ്രസ് നേതാക്കളെ പിന്തള്ളി മകൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് സേവ് കോൺഗ്രസ് ഫോറം പ്രവർത്തകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച് കെപിസിസി പ്രസിഡന്റ് വി എം സുധീരന് പരാതി നൽകിയിട്ടുണ്ട്. തന്റെ മകന് സീറ്റ് നൽകിയില്ലെങ്കിൽ പാർട്ടിയെയും യുഡിഎഫിനെയും പരാജയപ്പെടുത്തുമെന്ന ആര്യാടന്റെ ഭീഷണിക്ക് നേതൃത്വം വഴങ്ങരുത്. സ്വന്തം വളർച്ചക്കായി നിരവധി നേതാക്കളെ പാതാളത്തിലേക്ക് ചവിട്ടി താഴ്‌ത്തിയ അഭിനവ വാമനനാണ് ആര്യാടനെന്ന് സേവ് ഫോറം ഭാരവാഹികളായ കാപ്പിൽ അഹമ്മദ്കുട്ടിയും കെ എ മൊയ്തീൻകുട്ടിയും പറഞ്ഞു.

മുസ്‌ളിം ന്യൂനപക്ഷ നേതാവ് എന്ന നിലയിൽ കോൺഗ്രസിൽനിന്ന് ആനുകൂല്യങ്ങളും അധികാരവും നേടിയ ഇദ്ദേഹം പരസ്യമായി മുസ്‌ളിങ്ങളെയും മുസ്‌ളിങ്ങളായ കോൺഗ്രസ് പ്രവർത്തകരെയും അവഹേളിച്ച് വ്യാജ മതേതര നിലപാട് സ്വീകരിക്കുകയാണ്. മുസ്‌ളീം നാമധാരികളായി കോൺഗ്രസിൽ താനും മകനും മാത്രം മതിയെന്ന അജൻഡയാണ് ആര്യാടന്റേത്. അഞ്ചുവർഷം ആര്യാടൻ മുഹമ്മദ് മന്ത്രിയെന്ന നിലയിലും മകൻ ആര്യാടൻ ഷൗക്കത്ത് നിലമ്പൂർ മുനിസിപ്പൽ ചെയർമാൻ എന്ന നിലയിലും ഏകാധിപതികളെപ്പോലെയാണ് പെരുമാറിയത്.

കഴിഞ്ഞ തവണ ജില്ലയിൽ വർധിപ്പിച്ച നാല് സീറ്റിൽ പരാജയപ്പെടുന്ന തവനൂരിൽമാത്രം കോൺഗ്രസ് മത്സരിച്ചത് ആര്യാടന്റെ താൽപ്പര്യത്തിലായിരുന്നു. നിലമ്പൂർ കോൺഗ്രസ് ഓഫീസിലെ ജീവനക്കാരി രാധക്ക് ചിലരെക്കുറിച്ചുള്ള രഹസ്യങ്ങൾ അറിയുന്നത് പരസ്യമാകാതിരിക്കാനാണ് അവരെ കൊലപ്പെടുത്തിയതെന്ന് ജനസംസാരമുണ്ടെന്നും ഇവർ പറഞ്ഞു. ഷൗക്കത്തിന് സീറ്റ് കൊടുക്കാതിരിക്കാൻ ആവസാനം വരെ പോരാടുമെന്നാണ് ഇവരുടെ വാദം. എന്നാൽ ആര്യാടനെ പിണക്കി മറ്റാരെയെങ്കിലും സ്ഥാനാർത്ഥിയാക്കിയാൽ തോൽവി ഉണ്ടാകുമോ എന്ന ഭയം കോൺഗ്രസ് നേതാക്കൾക്കുണ്ട്. ഇതു കൊണ്ട് ഷൗക്കത്തിന് തന്നെ സീറ്റ് നൽകിയേക്കും.

ഇതിന് സമാനമാണ് തൃശൂരിലെ അവസ്ഥ. വടക്കാഞ്ചേരിയിൽ നിന്ന് മത്സരത്തിൽ നിന്ന് പിന്മാറുമ്പോൾ മകൾ ഗീതാ ബാലകൃഷ്ണനെ എംഎൽഎയാക്കാനാണ് ആഗ്രഹം. തൃശൂർ കോർപ്പറേഷൻ മേയറാക്കാനുള്ള ശ്രമം പൊളിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മകളെ നിയമസഭയിലെത്തിക്കാനുള്ള നീക്കം. ഇതിനെതിരേയും പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമാണ്.