- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയുടെ സന്ദർശനത്തിന് മുന്നെ ആര്യൻ പുറത്തേക്ക് ; ലഹരിപാർട്ടി കേസിൽ താരപുത്രന് ജാമ്യം; പുറത്തിറങ്ങുന്നത് അറസ്റ്റിലായി 25 ദിവസത്തിനുശേഷം; മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചത് ആര്യനുൾപ്പടെ മൂന്നുപേർക്ക്
മുംബൈ : ലഹരിമരുന്നു കേസിൽ പിടിയിലായ ആര്യൻ ഖാന് ജാമ്യം. 25 ദിവസത്തെ കസ്റ്റഡിക്കു ശേഷമാണ് ബോംബെ ഹൈക്കോടതി ആര്യനും കൂട്ടുപ്രതികളായ അർബാസ് മർച്ചന്റ്, മുൺ ധമേച്ഛ എന്നിവർക്കും ജാമ്യം അനുവദിച്ചത്.ജാമ്യവ്യസ്ഥകളടക്കമുള്ള വിശദമായ ഇടക്കാല ഉത്തരവ് നാളെ പുറപ്പെടുവിക്കുമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്. ജാമ്യം സംബന്ധിച്ച മറ്റു നടപടിക്രമങ്ങൾ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മാത്രം പൂർത്തിയാകുകയുള്ളു എന്നതിനാൽ അതുവരെ ആര്യന് ജയിലിൽ തന്നെ തുടരേണ്ടതായി വരും.
ഈ മാസം എട്ടു മുതൽ ആര്യനും സംഘവും മുംബൈ ആർതർ റോഡ് ജയിലിലാണ്. ഇതിനുമുൻപ് മൂന്നുതവണ പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ആര്യൻ ഖാൻ ഹൈക്കോടതിയെ സമീപിച്ചത്. രണ്ടു ദിവസത്തെ വാദംകേൾക്കലിന് ഒടുവിലാണ് വ്യാഴാഴ്ച ജാമ്യം നൽകിയത്.
ആര്യൻ ഖാന് വേണ്ടി മുതിർന്ന അഭിഭാഷകനായ മുകുൾ റോത്തഗി മുംബൈ ഹൈക്കോടതിയിൽ ഹാജരായിരുന്നു. ആര്യനിൽ ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വൈദ്യ പരിശോധനാ ഫലം പോലുമില്ലെന്നും റോത്തഗി വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. ആര്യന്റെ സുഹൃത്തായ അർബാസിൽ നിന്ന് പിടിച്ചെടുത്ത ചരസിന്റെ അളവ് പോലും ജയിൽവാസത്തിന് മതിയാവുന്നതല്ലെന്നും കേസിലെ പ്രധാന തെളിവായ വാട്‌സ് ആപ്പ് ചാറ്റ് 2018കാലത്തേതാണെന്നും റോത്തഗി കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആര്യൻഖാന് മുൻകാല കുറ്റകൃത്യങ്ങളുടെ ചരിത്രമില്ല എന്ന കാര്യവും ഹൈക്കോടതിയിൽ ഉന്നയിക്കപ്പെട്ടു.
എന്നാൽ കേസിലെ സാക്ഷിയുടെ വിവാദ വെളിപ്പെടുത്തലടക്കം ചൂണ്ടിക്കാട്ടി കേസ് അട്ടിമറിക്കാൻ ഷാരൂഖ്ഖാൻ ശ്രമിക്കുന്നതായി എൻസിബി ആരോപിച്ചു. ആര്യൻഖാൻ പുറത്തിറങ്ങിയാൽ ഇതുപോലെ തെളിവുകൾ ഇല്ലാതാക്കുമെന്നും ജാമ്യഹർജിയെ എതിർത്ത് എൻസിബി വാദിച്ചു. എന്നാൽ ഈ വാദം തള്ളിയാണ് കോടതി ആര്യനും സുഹൃത്തുകൾക്കും ജാമ്യം അനുവദിച്ചത്.
ഒന്നു മുതൽ 12 വരെ ദീപാവലി അവധിയും 13,14 ദിവസങ്ങൾ ശനിയും ഞായറുമായതിനാൽ വെള്ളിയാഴ്ചയ്ക്കകം ജാമ്യം ലഭിച്ചില്ലെങ്കിൽ അടുത്ത മാസം 15 വരെ ആര്യൻ ജയിലിൽ തുടരേണ്ട സാഹചര്യമാണ് ഇതോടെ ഒഴിവായത്. ജാമ്യം നൽകിയതുമായി ബന്ധപ്പെട്ട് കോടതിയുടെ വിശദമായ ഉത്തരവ് വെള്ളിയാഴ്ച പുറത്തിറങ്ങും.
23-കാരനായ ആര്യൻ ഖാൻ ഒക്ടോബർ മൂന്നിനാണ് ആഡംബര കപ്പലിൽ എൻസിബി നടത്തിയ റെയ്ഡിൽ കസ്റ്റഡിയിലായത്. മുംബൈ ആർതർ റോഡിലെ ജയിലിൽ റിമാൻഡിലായിരുന്ന ആര്യന് രണ്ട് തവണ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആര്യനിൽ നിന്നും മയക്കുമരുന്ന് കണ്ടെത്താൻ എൻസിബിക്കായിട്ടില്ല എന്ന് ജാമ്യാപേക്ഷയിൽ അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ആര്യന് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്ത എൻസിബി ആര്യൻ മയക്കുമരുന്ന് ഇടപാടുണ്ടായിരുന്നുവെന്നും വാട്‌സാപ്പ് ചാറ്റുകൾ ഇതിന് തെളിവാണെന്നുമാണ് വാദിച്ചത്.
ബോളിവുഡ് സൂപ്പർതാരം ഷാറൂഖ് ഖാന്റേയും ഗൗരി ഖാന്റേയും മകനായ ആര്യന്റെ അറസ്റ്റ് ദേശീയ തലത്തിൽ തന്നെ ഈ ദിവസങ്ങളിൽ വലിയ വാർത്തയായിരുന്നു. ആര്യനെ അനുകൂലിച്ചും എതിർത്തും ജയിൽവാസം നീളുന്നതിൽ വിമർശനമുയർത്തിയും പലതരം ചർച്ചകൾ ഈ ദിവസങ്ങളിലുണ്ടായി. കഴിഞ്ഞ ആഴ്ച ആര്യനെ ആർതർ റോഡ് ജയിലിലെത്തി ഷാറൂഖ് ഖാൻ നേരിൽ കണ്ടിരുന്നു. പിന്നാലെ ഷാറൂഖിന്റെ വസതിയായ മുംബൈയിലേക്ക് എൻസിബി ഉദ്യോഗസ്ഥർ എത്തുകയും ചെയ്തതും വലിയ വാർത്തയായി. വാട്‌സാപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിന്റെ ആര്യൻഖാന്റെ സുഹൃത്തും നടിയുമായ അനന്യ പാണ്ഡയെ എൻസിബി ചോദ്യം ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ