- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര്യനെ സഹായക്കാൻ ഷാരൂഖ് ഖാന്റെ മാനേജർ 50 ലക്ഷം കെ പി ഗോസാവിക്ക് നൽകി; താന് ഇടപെട്ട് പണം തിരികെ നൽകി; ആര്യൻ ഖാൻ കേസിൽ പുതിയ വെളിപ്പെടുത്തലുമായി ഇടനിലക്കാരൻ സാം ഡിസൂസ; സമീർ വാങ്കഡെയുമായി ഇടപാട് ഉണ്ടെന്ന് വരുത്താൻ ശ്രമമെന്ന് ആരോപണം
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പ്രതിയായ ആഡംബരക്കപ്പൽ മയക്കുമരുന്ന് കേസിലെ പണമിടപാട് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തൽ പുറത്തുവരുന്നു. കേസിലെ പണമിടപാടിന് ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്ന് കരുതുന്ന സാം ഡിസൂസ എന്നയാളാണ് ഷാരൂഖിന്റെ മാനേജരും കേസിലെ സാക്ഷികളിലൊരാളായ കെ.പി. ഗോസാവിയും തമ്മിൽ നടന്ന ഇടപാടിനെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്.
ഷാരൂഖിന്റെ മാനേജർ പൂജ ദദ്‌ലാനി 50 ലക്ഷം രൂപ കെ.പി. ഗോസാവിക്ക് കൈമാറിയെന്നാണ് സാം ഡിസൂസ പറയുന്നത്. ആര്യൻ ഖാനെ സഹായിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. എന്നാൽ, താൻ ഇടപെട്ട് ഈ തുക തിരികെ നൽകിയെന്നും സാം ഡിസൂസ ടി.വി ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കേസിലെ സാക്ഷിയായ പ്രഭാകർ സെയിൽ നേരത്തെ ആരോപിച്ചിരുന്നു. ഈ ആരോപണത്തിന്റെ ഭാഗമായാണ് സാം ഡിസൂസയുടെ പേരും വിവാദത്തിലാവുന്നത്.
എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെക്ക് പണിടപാടിൽ പങ്കില്ലെന്ന് സാം ഡിസൂസ പറഞ്ഞു. വാങ്കഡെയുമായി ബന്ധമുണ്ടെന്ന് ഗോസാവി വരുത്തിത്തീർക്കുകയായിരുന്നു. ഗോസാവിയും പ്രഭാകർ സെയിലും സമീർ വാങ്കഡെയുടെ പേരിൽ തങ്ങളുടെ നമ്പർ ഫോണിൽ സേവ് ചെയ്ത് പരസ്പരം വിളിക്കുകയായിരുന്നു. വാങ്കഡെ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇത് -ഡിസൂസ പറഞ്ഞു.
കെ.പി. ഗോസാവിയും സാം ഡിസൂസയും തമ്മിൽ 18 കോടിയുടെ 'ഡീൽ' ചർച്ച നടന്നു എന്നാണ് പ്രഭാകർ സെയിൽ സത്യവാങ്മൂലം നൽകിയിരുന്നത്. എട്ട് കോടി എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്ക് നൽകാനും ധാരണയായെന്ന് പ്രഭാകർ സെയിൽ ആരോപിച്ചിരുന്നു. എന്നാൽ, ഈ ആരോപണം സാം ഡിസൂസ നിഷേധിച്ചു.
ആര്യനെ സഹായിക്കാനെന്ന പേരിലാണ് ഷാരൂഖിന്റെ മാനേജരിൽ നിന്ന് 50 ലക്ഷം വാങ്ങിയതെങ്കിലും ഗോസാവി ഒരു ചതിയനാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് താൻ ഇടപെട്ട് പണം തിരികെ നൽകിയതെന്നും ഡിസൂസ പറഞ്ഞു. അതേസമയം, പണം നൽകിയത് സംബന്ധിച്ച് പ്രതികരിക്കാൻ ഷാരൂഖിന്റെ മാനേജർ പൂജ ദദ് ലാനി തയാറായില്ല. ടി.വി ചാനലിലൂടെ നടത്തിയ വെളിപ്പെടുത്തലിന് ശേഷം സാം ഡിസൂസയുടെ ഫോണും ഓഫാണ്.
പൂജ ദദ്‌ലാനിയുമായി ഒരു തരത്തിലുള്ള ഇടപാടും താൻ നടത്തിയിട്ടില്ലെന്ന് സമീർ വാങ്കഡെ നേരത്തെ പറഞ്ഞിരുന്നു. പണം വാങ്ങിയ ഗോസാവിയെ നേരത്തെയുണ്ടായിരുന്ന വഞ്ചനാ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. തനിക്കെതിരെ ഉയർന്ന എല്ലാ ആരോപണവും ഇയാൾ നിഷേധിച്ചിരുന്നു.
ആര്യൻ അറസ്റ്റിലായതിന്റെ പിറ്റേ ദിവസം രാവിലെ പൂജ ദദ്‌ലാനിയുമായുള്ള കൂടിക്കാഴ്ച ഒരുക്കിയത് താനാണെന്ന് സാം ഡിസൂസ പറഞ്ഞു. ഗോസാവിയും താനും മാനേജർ പൂജ ദദ്‌ലാനിയും അവരുടെ ഭർത്താവും ചിക്കി പാണ്ഡെ എന്നൊരാളും ലോവർ പാറേലിൽ വച്ചാണ് കണ്ടത്. സുനിൽ പാട്ടീൽ എന്നയാൾ വഴി 50 ലക്ഷം രൂപ ഗോസാവിക്ക് നൽകി. ആര്യനെ സഹായിക്കാമെന്നേറ്റാണ് ഗോസാവി ഈ തുക വാങ്ങിയത്.
ഇവിടെ വെച്ച് ഗോസാവിയുടെ ഫോൺ ബെല്ലടിച്ചപ്പോൾ 'സമീർ സർ' എന്ന പേരാണ് സ്‌ക്രീനിൽ തെളിഞ്ഞത്. ഇത് തനിക്ക് കാണിച്ചു തന്നിരുന്നു. എന്നാൽ, തന്റെ സഹായിയായ പ്രഭാകർ സെയിലിന്റെ നമ്പറാണ് സമീർ വാങ്കഡെയുടെ പേരിൽ സേവ് ചെയ്തതെന്ന് പിന്നീട് മനസിലായി. വാങ്കഡെയുമായി താൻ സംസാരിക്കുന്നുണ്ടെന്നും ഇടപാടുണ്ടെന്നും വിശ്വസിപ്പിക്കാനായാണ് ഗോസാവി ഇത് ചെയ്തതെന്നും ഡിസൂസ പറഞ്ഞു.
ട്രൂ കോളർ ആപ്പിൽ ഗോസാവിക്ക് വന്ന നമ്പർ പരിശോധിച്ചപ്പോൾ പ്രഭാകർ സെയിലിന്റെ പേരാണ് കണ്ടത്. ഇതോടെയാണ് തട്ടിപ്പ് മനസിലായത്. ആര്യനെ സഹായിക്കാൻ സമീർ വാങ്കഡെയുമായി താൻ ഇടപാട് നടത്തുന്നുണ്ടെന്ന് വരുത്തിത്തീർക്കുകയായിരുന്നു ഗോസാവിയുടെ ലക്ഷ്യം. ഈ കൂടിക്കാഴ്ച നടന്ന് മണിക്കൂറുകൾക്ക് ശേഷം താൻ നിർബന്ധം പിടിച്ച് ഗോസാവിയെ കൊണ്ട് 50 ലക്ഷം തിരികെ നൽകിച്ചുവെന്നും സാം ഡിസൂസ പറഞ്ഞു.
ആഡംബരക്കപ്പലിലെ റെയ്ഡുമായി തനിക്ക് യാതൊരു ബന്ധവുമില്ല. റെയ്ഡ് നടന്നതിന്റെ തലേദിവസമായ ഒക്ടോബർ ഒന്നിന് തന്നെ സുനിൽ പാട്ടീൽ എന്ന ഇടനിലക്കാരൻ വിളിച്ചിരുന്നു. ആഡംബരക്കപ്പലായ കോർഡേലിയയിൽ നടക്കുന്ന പാർട്ടിയെ കുറിച്ച് നിർണായകമായ ചില വിവരങ്ങൾ തനിക്കുണ്ടെന്നും എൻ.സി.ബി ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുത്തിത്തരണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. തുടർന്ന് താനാണ് പാട്ടീലിനെ ഗോസാവിക്ക് പരിചയപ്പെടുത്തിയത്. സ്വകാര്യ ഡിറ്റക്ടീവാണെന്നായിരുന്നു ഗോസാവിയുടെ അവകാശവാദം.
മറുനാടന് ഡെസ്ക്