- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഷാറുഖിൽനിന്നു പണം തട്ടാൻ മഹാരാഷ്ട്ര മന്ത്രിമാർ ശ്രമിച്ചു; സാം ഡിസൂസയ്ക്കു സുനിൽ പാട്ടീൽ വാട്സാപ് സന്ദേശങ്ങൾ അയച്ചു'; ലഹരിക്കേസിൽ ആരോപണങ്ങളുമായി മോഹിത് കാംബോജ്; കേസ് വഴിതിരിച്ചു വിടാനുള്ള പാഴ്ശ്രമമെന്ന് നവാബ് മാലിക്
മുംബൈ: ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരി കേസിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് മുംബൈയിലെ ബിജെപി നേതാവ് മോഹിത് കാംബോജ്. കേസിൽ തെറ്റായ വാദഗതികൾ കെട്ടിച്ചമയ്ക്കപ്പെടുകയാണ്. ഷാറുഖ് ഖാനിൽനിന്നു കേസിന്റെ പേരിൽ പണം തട്ടാൻ മഹാരാഷ്ട്ര മന്ത്രിമാരിൽ ചിലർ ശ്രമിക്കുന്നുണ്ടാകാമെന്നും എൻസിപി നേതാവ് കേസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ കണ്ണിയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
കിരൺ ഗോസാവിയെ ഉപയോഗിച്ച് ഷാരൂഖിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചത് എൻസിപി നേതാക്കളാണെന്ന് ആരോപിച്ചാണ് ബിജെപി നേതാവ് രംഗത്ത് എത്തിയത്. മകൻ അറസ്റ്റിലായതിന് പിന്നാലെ ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചത് എൻസിപി നേതാക്കളുടെ അറിവോടെയാണ്.
നവാബ് മാലിക് അടക്കമുള്ള എൻസിപി നേതാക്കളുമായി 20 വർഷമായി സഹകരിക്കുന്ന സുനിൽ പാട്ടീൽ എന്നയാളാണ് ഗൂഢാലോചന നടപ്പാക്കിയത്. കിരൺ ഗോസാവിയെ ഉപയോഗിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ചത് സുനിൽ പാട്ടീൽ ആണെന്നും അദ്ദേഹം ആരോപിച്ചു.
കള്ളപ്പണക്കേസിൽ അറസ്റ്റിലായ മഹാരാഷ്ട്രാ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നും ചില ചിത്രങ്ങൾ കാണിച്ച് കാംബോജ് ആരോപിച്ചു. നുണപ്രചാരണമാണ് നടത്തുന്നതെന്നും മറുപടി നാളെയുണ്ടാകുമെന്നും നവാബ് മാലിക് പ്രതികരിച്ചു.
'മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന്റെ വിശ്വസ്തൻ എന്ന് ആവകാശപ്പെടുന്ന എൻസിപി നേതാവ് സുനിൽ പാട്ടീലാണ് കേസ് അട്ടിമറിക്കാനുള്ള ഗൂഢനീക്കങ്ങൾക്കു പിന്നിൽ. ഒക്ടോബർ ഒന്നിനു സാം ഡിസൂസയ്ക്കു സുനിൽ പാട്ടീൽ വാട്സാപ് സന്ദേശങ്ങൾ അയച്ചിരുന്നു. ആഡംബര കപ്പലിലെ ലഹരി പാർട്ടിയിൽ, നിരോധിത ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കും എന്ന് ഉറപ്പുള്ള 27 പേരുടെ വിശദ വിവരങ്ങൾ തന്റെ കൈവശം ഉണ്ട്.
നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയിലെ (എൻസിബി) ഏതെങ്കിലും ഉദ്യോഗസ്ഥനുമായി ബന്ധപ്പെടാൻ സഹായിക്കണം എന്നു ഡിസൂസ, പാട്ടീലിനോട് ആവശ്യപ്പെട്ടു. തുടർന്ന് എൻസിബിയിലെ ഉദ്യോഗസ്ഥൻ വി.വി സിങ്ങിനെ ബന്ധപ്പെട്ട ഡിസൂസ ആഡംബര കപ്പലിലെ ലഹരി പാർട്ടിയെക്കുറിച്ച് വിവരം നൽകി. എൻസിബിയുടെ നീക്കങ്ങൾ ഏകോപിപിക്കാൻ കിരൺ ഗോസാവി എന്നയാളെ ചുമതലപ്പെടുത്താൻ ഡിസൂസയോടു പാട്ടീൽ ആവശ്യപ്പെട്ടു' കാംബോജ് പറഞ്ഞു. ആഡംബര കപ്പലിലെ പാർട്ടിക്കിടെ ആര്യൻ ഖാനൊപ്പം സാം ഡിസൂസയും അറസ്റ്റിലായിരുന്നു.
മൂന്നാഴ്ചയിൽ അധികം ജയിലിൽ കഴിഞ്ഞതിനു ശേഷമാണു ഡിസൂസയ്ക്കു ജാമ്യം ലഭിച്ചത്. കേസിൽ എൻസിബി സാക്ഷിയായ കിരൺ ഗോസാവി, ആര്യനെ വിട്ടുകിട്ടുന്നതിനായി ഷാറുഖ് ഖാന്റെ മാനേജർ പൂജ ദാദ്ലാനിയിൽനിന്ന് 50 ലക്ഷം രൂപ കൈപ്പറ്റിയതായി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സാം ഡിസൂസ ആരോപിച്ചിരുന്നു.
ഗോസാവിക്കു സുനിൽ പാട്ടീലുമായി ബന്ധമുണ്ടെന്നു തെളിയിക്കുന്ന വാട്സാപ് ചാറ്റുകളും കാംബോജ് പുറത്തുവിട്ടു. ബിജെപിയെ താറടിച്ചു കാണിക്കാനും ഷാറുഖിൽനിന്നു പണം തട്ടാനുമാണ് എൻസിപി മന്ത്രിമാർ ശ്രമിക്കുന്നത്. മുംബൈയിലെ ലളിത് ഹോട്ടലിൽ സുനിൽ പാട്ടീലിന് മാസങ്ങളോളം സ്വീറ്റ് റൂം ഉണ്ടായിരുന്നു. ഈ മുറിയിലാണ് എൻസിപി നേതാക്കൾ പാട്ടീലിനൊപ്പം പാർട്ടികൾ നടത്തിയിരുന്നത്. മുൻ മന്ത്രി അനിൽ ദേശ്മുഖിന്റെ മകൻ ഹൃതികേശ് ദേശ്മുഖ്, പാട്ടീലിനൊപ്പം ഹോട്ടലിൽ കഴിഞ്ഞിരുന്നു കാംബോജ് പറഞ്ഞു.
ചിങ്കു പഠാൻ എന്നയാൾ സംസ്ഥാന സർക്കാരിന്റെ ഗെസ്റ്റ് ഹൗസിൽ അനിൽ ദേശ്മുഖുമായി നടത്തിയതെന്ന് ആവകാശപ്പെടുന്ന 'കൂടിക്കാഴ്ചയുടെ' ചിത്രവും കാംബോജ് പുറത്തുവിട്ടു. ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗം എന്നു കരുതപ്പെടുന്ന പഠാനെ കഴിഞ്ഞ ജനുവരിയിൽ അനധികൃത ലഹരി ഉൽപന്നങ്ങളും ആയുധങ്ങളുമായി എൻസിബി കസ്റ്റഡിയിൽ എടുത്തിരുന്നു. പഠാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ മറ്റൊരു എൻസിപി മന്ത്രിയുടെ മരുമകനും പങ്കെടുത്തിരുന്നെന്നും കാംബോജ് ആരോപിച്ചു.
സുനിൽ പാട്ടീലും ലഹരി മാഫിയയുമായുള്ള ബന്ധത്തെക്കുറിച്ച് എൻസിപിതന്നെ വ്യക്തത വരുത്തണം. നവാബ് മാലിക്കിന്റെ പേരെടുത്തു പറഞ്ഞ കാംബോജ്, ലളിത് ഹോട്ടലിൽ അദ്ദേഹം പാട്ടീലിനോപ്പം എന്തു ചെയ്യുകയായിരുന്നെന്നും ചോദിച്ചു. മാധ്യമ സമ്മേളനം നടത്തിയശേഷം തന്റെ ജീവനു ഭീഷണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമീർ വാങ്കഡെയുടെ സ്വകാര്യ സേനയിലെ അംഗമാണു കാംബോജെന്നും കേസ് അന്വേഷിക്കുന്ന പുതിയ സംഘം സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നും എൻസിപി നേതാവും മന്ത്രിയുമായ നവാബ് മാലിക് പ്രതികരിച്ചു.
എന്നാൽ കേസ് വഴിതിരിച്ചു വിടാനുള്ള പാഴ്ശ്രമങ്ങളാണ് ബിജെപി ഇപ്പോൾ നടത്തുന്നതെന്നും കേസുമായി ബന്ധപ്പെട്ട 'സത്യങ്ങൾ' താൻ നാളെ വെളിപ്പെടുത്തുമെന്നും നവാബ് മാലിക് പ്രതികരിച്ചു. മയക്കുമരുന്ന് കേസിൽ രാഷ്ട്രീയ ആരോപണങ്ങൾ നിലനിൽക്കെ ആരോപണ വിധേയനായ സമീർ വാങ്കഡെയ്ക്ക് പകരം ആര്യൻഖാൻ കേസ് ഏറ്റെടുത്ത എൻസിബിയുടെ പുതിയ അന്വേഷണ സംഘം മുംബൈയിൽ എത്തി. എന്നാൽ സമീറിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സഞ്ജയ് കുമാർ സിങ് ഐപിഎസ് പറഞ്ഞു.
പ്രതിയെ ഭീഷണിപ്പെടുത്തി പണം തട്ടൽ, കള്ള സാക്ഷികളെ ഉണ്ടാക്കൽ, വ്യാജ സർട്ടിഫിക്കറ്റിലൂടെ സംവരണ ആനുകൂല്യങ്ങൾ നേടിയെടുക്കൽ. അനധികൃത സ്വത്ത് സമ്പാദനം. സമീറിനെതിരായ ആരോപണങ്ങളുടെ കുത്തൊഴുക്കിൽ എൻസിബിയുടെ വിശ്വാസ്യത തന്നെ സംശയ നിഴലിലായതോടെയാണ് പുതിയ സംഘം എത്തുന്നത്. എൻസിബി ഡെപ്യൂട്ടി ഡിജി സഞ്ജയ് കുമാർ ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുംബൈയിലെത്തിയത്.
സിബിഐയിൽ നിന്ന് ഈ വർഷം എൻസിബിയിലേക്ക് ഡെപ്യൂട്ടേഷനിൽ എത്തിയ ഉദ്യോഗസ്ഥനാണ് സഞ്ജയ് സിങ്. കോമൺ വെൽത്ത് അഴിമതിയടക്കം വമ്പൻ കേസുകൾ അന്വേഷിച്ച പരിചയവുമുണ്ട്.




