മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസിലെ സാക്ഷി പ്രഭാകർ സെയിലിന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വൽസെ പാട്ടീൽ. ഹൃദയാഘാതം മൂലമാണ് ദൃക്സാക്ഷിയായ പ്രഭാകർ സെയിൽ മരണപ്പെട്ടതെന്നു കുടുംബാംഗങ്ങൾ വിശദീകരിച്ചു. എന്നാൽ മരണം സംസ്ഥാന ഡിജിപി അന്വേഷിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

'കരുത്തനും ആരോഗ്യവാനുമായ ഒരു വ്യക്തി എങ്ങനെ പെട്ടെന്ന് മരണപ്പെടും?'- മന്ത്രി ചോദിച്ചു. മുംബൈയിലെ ചെമ്പൂരിൽ വെള്ളിയാഴ്ച വൈകിട്ട് സ്വവസതിയിലാണ് 37കാരനായ സെയിൽ മരണമടഞ്ഞത്. ഹൃദയാഘാതം മൂലമാണ് സെയിൽ മരിച്ചതെന്ന് അഭിഭാഷകൻ സ്ഥിരീകരിച്ചു.

കേസിൽ, ദേശീയ ക്രൈം ബ്യൂറോ അന്വേഷിക്കുന്ന മറ്റൊരു ദൃക്സാക്ഷി കിരൺ ഗോസാവിയുടെ ബോഡിഗാർഡാണ് താനെന്ന് സലിൽ അവകാശപ്പെട്ടിരുന്നു. ഗോസാവിയും ആര്യനും 25 കോടിയുടെ കേസ് ഒത്തുതീർക്കൽ കരാർ സംസാരിക്കുന്നത് കേട്ടതായി സെയിൽ മൊഴി നൽകിയിരുന്നു. കേസിൽ അറസ്റ്റിലായ 20 പേരിൽ 2 പേർ ജുഡീഷ്യൽ കസ്റ്റഡിയിലും 18 പേർ ജാമ്യത്തിലുമാണ്.

ആര്യൻ ഖാൻ ഉൾപ്പെടെ പ്രതിയായ ആഡംബര കപ്പലിലെ ലഹരി വേട്ട കേസിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ സാക്ഷിയാണ് പ്രഭാകർ സെയിൽ. ആര്യൻ ഖാനോടൊപ്പമുള്ള സെൽഫിയിലൂടെ വൈറലായ സ്വകാര്യ കുറ്റാന്വേഷകൻ കെ പി ഗോസവിയുടെ അംഗരക്ഷകനാണ് താനെന്നാണ് പ്രഭാകർ സെയിൽ അവകാശപ്പെട്ടിരുന്നത്. ആര്യനെ വച്ച് ഷാറുഖുമായി വിലപേശുന്നതിനെ കുറിച്ച് സാം ഡിസൂസ എന്നയാളുമായി ഗോസവി സംസാരിക്കുന്നത് കേട്ടുവെന്ന് സെയിൽ പറഞ്ഞത് വിവാദമായിരുന്നു.

പിന്നീട് എൻസിബിക്കെതിരെ തിരിഞ്ഞ പ്രഭാകർ, കേസിലെ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സമീർ വാംഖഡെയ്ക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ആര്യൻഖാനെ അറസ്റ്റ് ചെയ്തത് ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ വേണ്ടിയായിരുന്നു എന്നായിരുന്നു ആരോപണം. ആര്യൻ ഖാൻ അറസ്റ്റിലായതിന് പിറ്റേന്ന് ഗോവാസിക്ക് 50 ലക്ഷം രൂപ കിട്ടിയെന്നും പ്രഭാകർ ആരോപിച്ചിരുന്നു.

വിവാദമായ ലഹരി മരുന്ന് കേസിൽ ആര്യൻഖാനെതിരെ തെളിവുകളൊന്നും ഇല്ലെന്നായിരുന്നു നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയുടെ
പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് കുമാർ ഐപിഎസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കും