മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്നു വേട്ടയിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ആര്യൻ ഖാന് 4,500 രൂപ മണി ഓർഡർ അയച്ചു കൊടുത്ത് കുടുംബം. ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യൻ ഖാന് ജയിൽ കന്റീനിൽനിന്ന് ഭക്ഷണം വാങ്ങാനാണ് പണം അയച്ചുനൽകിയത്.

മുംബൈയിലെ ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യന്റെ പേരിൽ ഒക്ടോബർ 11നാണ് 4,500 രൂപ എത്തിയതെന്ന് ജയിൽ സൂപ്രണ്ട് നിതിൻ വായ്ചൽ വ്യക്തമാക്കി. ജയിൽ കാന്റീനിൽ നിന്ന് ഭക്ഷണം വാങ്ങാനും മറ്റും ഈ പണം ചെലവഴിക്കാം. ജയിൽ നിയമമനുസരിച്ച് തടവുകാർക്ക് ജയിലിനുള്ളിലെ ചെലവുകൾക്കായി പരമാവധി 4,500 രൂപ പുറത്ത് നിന്ന് സ്വീകരിക്കാം.

കുടുംബവുമായി വിഡിയോ കോളിൽ അൽപ്പനേരം സംസാരിക്കാനും അവസരമൊരുക്കി. ജയിൽപുള്ളികളെ ആഴ്ചയിൽ രണ്ട് ദിവസം കുടുംബവുമായി സംസാരിക്കാൻ അനുവദിക്കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവുണ്ട്. എന്നാൽ, എന്നാണ് പണം അയച്ചതെന്നോ കുടുംബവുമായി സംസാരിച്ചതെന്നോ വെളിപ്പെടുത്താൻ ജയിൽ അധികൃതർ തയാറായില്ല. ആര്യൻ ഖാന് ജയിലിലെ ഭക്ഷണം മാത്രമേ അനുവദിക്കൂവെന്നും വീട്ടിൽനിന്നോ പുറത്തുനിന്നോ ഉള്ള ഭക്ഷണം അനുവദിക്കില്ലെന്നും ജയിൽ സൂപ്രണ്ട് പറഞ്ഞു.

വ്യാഴാഴ്ച നാലാം തവണയും ജാമ്യം നിഷേധിച്ചതോടെ ആര്യൻ ഖാനെ വീണ്ടും ജയിലിലേയ്ക്ക് അയയ്ക്കുകയായിരുന്നു. കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആയതിനാൽ സാധാരണ തടവുകാരെ പാർപ്പിക്കുന്ന സെല്ലിലേക്ക് മാറ്റി. നമ്പർ 956 ആണ് ആര്യന് ജയിലിൽ അനുവദിച്ചിരിക്കുന്നത്.

ആര്യൻ ഖാൻ രാജ്യാന്തര ലഹരിമരുന്നു മാഫിയയുടെ കണ്ണിയാണെന്ന് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) പ്രത്യേക കോടതിയിൽ വ്യക്തമാക്കിയിരുന്നു. സ്ഥിരമായി മയക്കുമരുന്ന ഉപയോഗിക്കുകയും കൈവശം സൂക്ഷിക്കുകയും ചെയ്യുന്നയാളാണ് ആര്യൻ ഖാനെന്നാണ് നാർക്കോട്ടികസ് കൺട്രോൾ ബ്യൂറോ അറിയിച്ചത്. അതേസമയം ആഡംബര കപ്പലിലെ റെയ്ഡിനിടെ ആര്യനിൽനിന്ന് മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ലെന്ന് ആര്യന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.

ഈ മാസം മൂന്നിനാണ് ആഡംബരക്കപ്പലിലെ ലഹരി വിരുന്നു കേസിൽ നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായത്. ആര്യൻ ഖാന്റെ ജാമ്യാപേക്ഷേയിൽ മുംബൈ സെഷൻസ് കോടതി ഈമാസം 20നാണ് വിധി പറയും.