ബംഗളൂരു: ഹിന്ദുത്വവാദം ഉയർത്തുന്ന ബിജെപിയെ നേരിടാൻ കർണാടകയിൽ കോൺഗ്രസ് പയറ്റുന്നത് കന്നഡ വാദമാണ്. കന്നഡക്കാരുടെ ആവശ്യങ്ങളിലേക്ക് വിരൽ ചൂണ്ടി കന്നഡ വികാരത്തെ ഉയർത്തി തെരഞ്ഞെടുപ്പ് തന്ത്രം മെനഞ്ഞ കോൺഗ്രസ്് തുടക്കത്തൽ തന്നെ സിദ്ധരാമയ്യ വെട്ടിലാക്കി. കർണാടകത്തിലെ പ്രമുഖ വിഭാഗമായ ലിംഗായത്തിന് മതപദവി നൽകണമെന്ന ആവശ്യം കേന്ദ്രത്തിന് മുന്നിൽ വെച്ചത് ബിജെപിയെ ശരിക്കും വെട്ടിലാക്കി.

ഉത്തര കർണാടകയിൽ ബിജെപിയുടെ വേരായ ലിംഗായത്ത് സമുദായത്തിന്റെ കാലാകാലങ്ങളായുള്ള ആവശ്യം പരിഗണിച്ച കോൺഗ്രസ് സർക്കാർ അന്തിമതീരുമാനം കേന്ദ്രത്തിന് വിട്ടതോടെ ബിജെപി കടുത്ത പ്രതിസന്ധിയിലായി. ബിജെപി മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ ദേശീയതക്കെതിരായ ലിംഗായത്ത് മത രൂപവത്കരണത്തിന് പാർട്ടി ഭരിക്കുന്ന കേന്ദ്രം അനുമതി നൽകാനിടയില്ല. ഇങ്ങനെ വന്നാൽ ലിംഗായത്ത് വിഭാഗക്കാർ ബിജെപിയെ കൈവിടും. മറിച്ചായാൽ ആർഎസ്എസ് എതിർക്കുകയും ചെയ്യും.

ലിംഗായത്തിനെ മതമായി പരിഗണിക്കുന്നതിന് ആർ.എസ്.എസും എതിരുനിൽക്കുന്നുണ്ട്. കേന്ദ്ര തീരുമാനം ലിംഗായത്തുകൾക്ക് അനുകൂലമായാലും പ്രതികൂലമായാലും അത് കർണാടകയിൽ കോൺഗ്രസിനാണ് ഗുണംചെയ്യുക. കർണാടകക്ക് സ്വന്തമായി പതാക രൂപപ്പെടുത്തിയും കന്നടഭാഷയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ സ്വീകരിച്ചും കന്നടികരെ പ്രീതിപ്പെടുത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മറ്റൊരു തന്ത്രമായിരുന്നു കന്നട മണ്ണിന്റെ സ്വന്തം മതമായി ലിംഗായത്തിനെ അവതരിപ്പിക്കുക എന്നത്.

ലിംഗായത്തുകൾക്ക് പ്രത്യേക മതപദവി ആവശ്യമില്ലെന്ന നിലപാടിലാണ് ബിജെപി. എന്നാൽ, ലിംഗായത്ത് നേതാക്കളും മഠാധിപതികളും കഴിഞ്ഞമാസങ്ങളിൽ ശക്തമായ സമരവുമായി രംഗത്തിറങ്ങിയതോടെ അവസരം മുതലെടുത്ത് കോൺഗ്രസ് കരുക്കൾ നീക്കുകയായിരുന്നു. ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിക്കുന്ന സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ ലിംഗായത്ത് സമുദായാംഗമാണ്. ലിംഗായത്തുകളുടെ ആവശ്യം അംഗീകരിക്കുന്നതോടെ ഒരുവിഭാഗത്തെ കൂടെ നിർത്താനാവുമെന്നും അതുവഴി ബിജെപിയുടെ പരമ്പരാഗത വോട്ടുബാങ്കിൽ വിള്ളൽവീഴ്‌ത്താനാവുമെന്നുമുള്ള കണക്കുകൂട്ടലിലാണ് കോൺഗ്രസ്.

ബസവതത്ത്വങ്ങൾ പിന്തുടരുന്ന ലിംഗായത്ത്, വീരശൈവ-ലിംഗായത്ത് എന്നിവയെ 'ലിംഗായത്ത് ധർമ' എന്ന പേരിൽ പ്രത്യേക മതമായി പരിഗണിക്കാമെന്നായിരുന്നു തിങ്കളാഴ്ച ചേർന്ന കർണാടക മന്ത്രിസഭ തീരുമാനം. എന്നാൽ, ആരാധനകളിലും ആചാരങ്ങളിലും ഹിന്ദുധർമങ്ങളെ പിന്തുടരുന്ന വീരശൈവ വിഭാഗം ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. വീരശൈവർക്ക് കീഴിലെ പഞ്ചപീഠ മഠങ്ങളിലെ സ്വാമിമാർ സർക്കാറിനെതിരെ സമാധാനയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.

ഒറ്റക്കെട്ടായാണ് മന്ത്രിസഭ തീരുമാനമെടുത്തതെന്നാണ് വിശദീകരണമെങ്കിലും കർണാടക കോൺഗ്രസിലെ ലിംഗായത്ത് അനുകൂല മന്ത്രിമാരും വീരശൈവ അനുകൂല മന്ത്രിമാരും ഇപ്പോഴും രണ്ടുതട്ടിൽത്തന്നെയാണ്. മന്ത്രിസഭ തീരുമാനത്തെ ആദ്യം സ്വാഗതംചെയ്ത മുതിർന്ന കോൺഗ്രസ് നേതാവും മുന്മന്ത്രിയുമായ ഷാമന്നൂർ ശിവശങ്കരപ്പ ചൊവ്വാഴ്ച നിലപാട് മാറ്റി. അഖിലേന്ത്യ വീരശൈവ മഹാസഭ പ്രസിഡന്റ് കൂടിയായ അദ്ദേഹം, സർക്കാർ വീരശൈവരെ വഞ്ചിച്ചതായും തുടർനടപടികൾ ആലോചിക്കുന്നതിന് 23ന് വീരശൈവ നേതാക്കൾ യോഗംചേരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ബി.എസ്. യെദിയൂരപ്പ ബിജെപിയിലെ ലിംഗായത്ത് നേതാക്കളുമായും ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി.

അതേസമയം വാട്ടുബാങ്ക് രാഷ്ട്രീയത്തിനായി സർക്കാർ തീകൊണ്ട് കളിക്കുകയാണെന്നാണഅ ബിജെപി വിഷയതത്തിൽ ആരോപിച്ചത്. ബിജെപി.യുടെ ശക്തനായ നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പ ഈ സമുദായത്തിൽപ്പെട്ടയാളാണ്. അതേസമയം സർക്കാർ തീരുമാനം കോൺഗ്രസിനും ചില പ്രശ്നങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞു. മന്ത്രിസഭായോഗത്തിൽ ചില മന്ത്രിമാർ എതിർപ്പുയർത്തി. മന്ത്രിമാരായ എസ്.എസ്. മല്ലികാർജുന, ഈശ്വർ ഖൻഡ്രെ എന്നിവരാണ് എതിർപ്പ് രേഖപ്പെടുത്തിയത്. അഖിലഭാരത വീരശൈവ മഹാസഭാപ്രസിഡന്റും കോൺഗ്രസിന്റെ മുതിർന്നനേതാവുമായ ഷാമന്നൂർ ശിവശങ്കരപ്പയും തീരുമാനത്തെിനെതിരേ രംഗതെത്തിയിട്ടുണ്ട്.

തീരുമാനത്തെ ലിംഗായത്ത് നേതാക്കൾ സ്വാഗതംചെയ്തപ്പോൾ, വീരശൈവ നേതാക്കൾ സർക്കാരിനെതിരേ തിരിഞ്ഞു. വീരശൈവ, ലിംഗായത്ത് വിഭാഗങ്ങളിൽ ഭിന്നിപ്പുണ്ടാക്കുന്ന തീരുമാനമെടുത്ത സർക്കാരിന് ജനങ്ങൾ തക്കതായ മറുപടി നൽകുമെന്ന് വീരശൈവ നേതാക്കൾ മുന്നറിയിപ്പ് നൽകി. വീരശൈവ സമാജത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധങ്ങളും നടന്നു. വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരേ പ്രചാരണത്തിനിറങ്ങുമെന്നും വീരശൈവ നേതാക്കൾ ഭീഷണി മുഴക്കിയിരുന്നു. ഈ ഭീഷണി മറികടക്കുന്നതിനുവേണ്ടി വീരശൈവരെ ലിംഗായത്ത് സമുദായത്തിൽ ഉൾപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

ശിവഭക്തരായ ലിംഗായത്ത് സമുദായം കർണാടകയിലെ പ്രബല രാഷ്ട്രീയവിഭാഗംകൂടിയാണ്. 12-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആത്മീയാചാര്യനും സാമൂഹികപരിഷ്‌കർത്താവുമായ ബസവണ്ണയുടെ സിദ്ധാന്തമാണ് അവർ പിന്തുടരുന്നത്. വേദങ്ങളുടെ പ്രാധാന്യത്തെയും മതാചാരപ്രകാരമുള്ള ചടങ്ങുകളെയും അദ്ദേഹം എതിർത്തിരുന്നു. സമുദായത്തിലെ വീരശൈവവിഭാഗം ശിവനെ ആരാധിക്കുകയും ഹൈന്ദവ ആചാരങ്ങൾ പിന്തുടരുകയും ചെയ്യുന്നുണ്ട്. വീരശൈവരെ ഹിന്ദു മതത്തിന്റെ ഭാഗമായാണ് ലിംഗായത്തുകൾ കാണുന്നത്. ശിവനും ബസവണ്ണയും സ്ഥാപിച്ച പ്രാചീനമതമാണ് തങ്ങളുടേതെന്നാണ് വീരശൈവർ കരുതുന്നത്.